Tuesday, February 5, 2013

ഗോള്‍ഡ്‌ മെഡലിസ്റ്റ്

എന്നാല്‍ ഇറങ്ങാം..

നില്ല് നില്ല് ഒരുത്തന്‍ കൂടി വരാനുണ്ട്..
ഇനിയാരാ..

ഇപ്പൊ വരും, ഒന്ന് ക്ഷമി..
ദാ വരുന്നുണ്ട്..

അവന്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു

ഡാ നിന്‍റെ ഫോണ്‍നമ്പര്‍ എത്രയാ, ആവശ്യമുള്ളപ്പോള്‍ നിന്നെ കിട്ടില്ല..
അവന്‍ നമ്പര്‍ പറഞ്ഞു തന്നു, ഞാന്‍ അത് ഫോണില്‍ അടിച്ചു, ഇനിയാണ് പ്രശ്നം..

Sunday, December 16, 2012

തനിയാവര്‍ത്തനം

നഖം കടിക്കുന്നത് ഒരു ദുശ്ശീലമാണ്. പുകവലി മറ്റൊന്നാണ്. മദ്യപാനം ഇനിയൊന്ന്. ഫേസ്ബുക്ക് വേറൊന്ന്. അങ്ങനെ അങ്ങനെ നമുക്ക് ചുറ്റും ഒരുപാടൊരുപാട് ദുശ്ശീലങ്ങള്‍.

പലതും ഒരു രസത്തിനുവേണ്ടി വേണ്ടി തുടങ്ങുന്നതാണ്, പക്ഷെ പലര്‍ക്കും പിന്നീട് അതില്‍നിന്നും ഒരു മോചനമില്ല. മാറ്റണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടാവും പക്ഷെ കഴിയുന്നില്ല, ശീലമായിപ്പോയി, മാറ്റാന്‍ വയ്യ.

Saturday, December 15, 2012

പുഷ്അപ്പ്

കുറച്ച് മുന്‍പ്‌ ഞാന്‍ ഒരു ഹെല്‍ത്ത്‌ സൈറ്റില്‍ വായിച്ചു, ഒരു അമേരിക്കന്‍ കിളവന്‍, അയാള്‍ ഒരാഴ്ച അഞ്ഞൂറ് പുഷ്അപ്പ് എടുക്കും എന്ന്. അതായത് ഒരു ദിവസം എഴുപതോളം പുഷ്അപ്പ്.

ഈ പുഷ്അപ്പ് എന്ന് പറഞ്ഞാല്‍, കേള്‍ക്കുന്ന അത്ര രസമുള്ള പണിയൊന്നുമല്ല, ഞാനും കുറെ എടുത്തതാണ് കുറേ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്, അന്നെല്ലാം ഇരുപത് എണ്ണം എടുത്താല്‍ കൈ കഴയ്ക്കും, എങ്കിലും മുക്കിയും മൂളിയും ഒരഞ്ചു കൂടി തികയ്ക്കും. അപ്പോഴാണ്‌ ഇവിടെ ഒരു വയസ്സന്‍ എഴുപത് പുഷ്അപ്പ് എടുക്കുന്നത്.

Wednesday, December 5, 2012

നടക്കട്ടെ..


നടക്കാന്‍ എനിക്ക് ഇഷ്ടമാണ്, പ്രത്യേകിച്ച് എല്ലാവരും കൂടുതുറന്നു വെളിയില്‍ ചാടുന്നതിനു മുന്‍പ്‌, പുല്ലുകളില്‍ എല്ലാം മഞ്ഞുതുള്ളികള്‍ നിറഞ്ഞിരിക്കുമ്പോള്‍, വണ്ടികളുടെ പുകയടിച്ചു മലിനമാവാത്ത വായുവും ശ്വസിച്ചു.. അതൊരു രസമുള്ള നടത്തമാണ്. തുടര്‍ന്ന് കൊണ്ട് പോവാന്‍ പക്ഷെ ഇച്ചിരി ബുദ്ധിമുട്ടാണ്, മുടങ്ങാന്‍ കാരണങ്ങള്‍ക്കാണോ പഞ്ഞം..

ആരെയെങ്കിലും കൂട്ടുപിടിക്കാം എന്ന് വെച്ചാല്‍ ഒന്നാമതായി നമ്മുടെ സമയത്തിന് മാച്ച് ആവുന്ന നല്ലൊരു കമ്പനി കിട്ടാന്‍ പ്രയാസമാണ്, ഇനി കിട്ടിയാല്‍ തന്നെ എനിക്ക് എന്‍റെ സ്വപ്നലോകത്തു നടക്കാനാ കൂടുതല്‍ ഇഷ്ടം, ഒരു പാട് വര്‍ത്തമാനം പറഞ്ഞ് നടക്കുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ എന്നോട് തന്നെ മിണ്ടി, സ്വപ്നംകണ്ട്, തര്‍ക്കിച്ച് അങ്ങനങ്ങനെ.. അതും പോരാഞ്ഞ്, ഒരു നിശ്ചിത സമയത്ത് നടക്കാം എന്ന് പറഞ്ഞാല്‍ എനിക്ക് മടിയുമാണ്.

Tuesday, November 27, 2012

തൂക്കിഫിക്കേഷന്‍

അവന്‍: അറിഞ്ഞില്ലേ ലവനെ തൂക്കി.
മറ്റവന്‍: ഇതുപോലെയുള്ള പര നാറികളെ ഒരു നാലു വട്ടമെങ്കിലും തൂക്കണം.. ഒരു തെറ്റും ചെയ്യാത്ത പാവം ജനങ്ങളെ കൊല്ലുന്ന അവന്റെ മറ്റെലെ ഒരു ജിഹാദ്..
ശ്രീമാന്‍: പക്ഷെ രാജ്യത്തെ പ്രധാനമന്ത്രിയോ അങ്ങേരെ മുതലാളിച്ചിയോ അറിയാതെ ഇത്ര വലിയ ഒരു സംഭവം നടന്നതില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ?


ഇവള്‍: പറ്റിക്കാന്നെയ്‌.. ലവന്‍ ശരിക്കും മരിച്ചത് പനിപിടിച്ചിട്ടാ.. കൊല്ലാന്‍ വച്ചത് ചത്തു എന്ന് നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടല്ലേ..അതുകൊണ്ട് ആരും കാണാതെ ബോഡി ഒന്നൂടെ തൂക്കി.....അവരും ഹാപ്പി....നമ്മളും ഹാപ്പി..എല്ലാരും ഹാപ്പീ

Saturday, November 24, 2012

സുനാമി


മുഹറം ഒന്‍പത്, 16 നവംബര്‍ 2012.

വൈകീട്ട് നാലുമണിയോടെയാണ് ചെറുതായി മഴ തുടങ്ങിയത്‌. നാട്ടില്‍ റോഡ്‌ നനയാന്‍ ഉള്ള മഴ പെയ്തുകാണും, പക്ഷെ ഇവിടെ ജിദ്ദയില്‍ അത് തന്നെ ധാരാളം, റോഡില്‍ എങ്ങും വെള്ളംകയറി, ട്രാഫിക്‌ പലയിടത്തും ബ്ലോക്ക്‌ ആയി.

അടുപ്പിച്ച് മൂന്ന് മണിക്കൂര്‍ മഴപെയ്താല്‍ മൂന്ന് ദിവസം ലീവ് കിട്ടും, ഒരു മണിക്കൂറിനു ഒരു ദിവസം എന്ന കണക്കിലാ ലീവ്‌. തമാശയല്ല, വെള്ളപ്പൊക്കം ആവും ഒരുമണിക്കൂര്‍ മഴപെയ്താല്‍, നിറയെ മരണങ്ങള്‍, അപകടങ്ങള്‍. പക്ഷെ അത്രയൊന്നും പെയ്തില്ല, ഏതാനും മിനുട്ടുകള്‍ മാത്രം.

Monday, November 12, 2012

സംതൃപ്തി

എന്‍റെ ഏറ്റവും വലിയ ആഗ്രഹം നൈക്കിയുടെ ഈ സ്പൈക്ക് ഷൂ വാങ്ങുന്നതാ.. എന്‍റെ മകന്‍ അക്കി നെറ്റില്‍ അവന്‍റെ പ്രിയപ്പെട്ട ഷൂ അവന്‍റെ ഉമ്മാക്ക് കാണിച്ചു പറഞ്ഞു.

എന്നോട് ഇത്തരം കാര്യങ്ങള്‍ അധികവും അവന്‍ പറയാറില്ല. പറഞ്ഞാല്‍ ഞാന്‍ ചോദിക്കും ഇതിനെ നമുക്ക്‌ അത്യാവശ്യമോ, ആവശ്യമോ, അനാവശ്യമോ ഇതില്‍ ഏതു ഗണത്തില്‍ പെടുത്താം.?

അതിന്‍റെ ഉത്തരം അറിയുന്നതിനാല്‍ അവന്‍ അവന്‍റെ ഉമ്മയുടെ നേരെയാണ് അധികവും ഉന്നം വെയ്ക്കുക. ട്രൈ ആന്‍ഡ്‌ ട്രൈ അണ്ടില്‍ യു മേക്‌ ദം ക്രൈ എന്ന ലൈന്‍ ആണ് അവന്‍ പിടിച്ചിരിക്കുന്നത്.

Sunday, November 11, 2012

വേദനിപ്പിക്കുന്ന മാന്ത്രികന്‍

ഞാന്‍ എന്‍റെ ലാപ്ടോപ്പ് വളരെ പണിപ്പെട്ടു പുറത്തെടുത്തു, വേദന കൊണ്ട് ഞാന്‍ പുളയുകയായിരുന്നു. അദ്ദേഹം കുറച്ച് സമയം എന്നെ നോക്കി നിന്നു, എന്നിട്ട് അക്ഷമനായി ചോദിച്ചു..

ഇയാള്‍ എന്താ ഈ ചെയ്യുന്നത്..
എന്‍റെ MRI സ്കാന്‍ റിപ്പോര്‍ട്ട്‌ ഒരു സീഡിയില്‍ ആക്കിയിട്ടുണ്ട്, അതൊന്ന് താങ്കള്‍ക്ക് കാണിച്ചു തരാനാണ്..
അതിന്‍റെ ഒന്നും ആവശ്യമില്ല, എനിക്ക് അറിയേണ്ടത് ഇത് എന്‍റെ ചികിത്സ കൊണ്ട് മാറുന്നതാണോ അല്ലെ എന്നതാണ്..

Saturday, November 3, 2012

ജിദ്ദയിലെ വിനോദങ്ങള്‍ – കേബിള്‍ കാര്‍

ഒന്‍പത് ദിവസമാണ് പെരുന്നാള്‍ക്ക് ലീവ്, നമുക്ക്‌ എവിടെക്കെങ്കിലും പോവണം..

ഇവളെ കൊണ്ട് ഞാന്‍ തോറ്റു, മനുഷ്യന്‍ ഒന്‍പത് ദിവസം മൂടിപ്പുതച്ച് കിടന്നുറങ്ങാം എന്ന് കരുതി ഇരിക്കുമ്പോള്‍ നശിപ്പിക്കാന്‍ വന്നിരിക്കുന്നു..

നാട്ടില്‍ എല്ലാം പെരുന്നാള്‍ നമസ്കാരം കഴിഞ്ഞാല്‍ കുട്ടികളുമായി ബന്ധു വീടുകളില്‍ ഞങ്ങള്‍ ഒന്ന് കറങ്ങിത്തിരിഞ്ഞ് വരും, അത് പോലെ ഞങ്ങള്‍ ഇവിടെയുള്ള ബന്ധുക്കളെ കാണാന്‍ ഞാന്‍ ജിദ്ദയില്‍ വന്ന ആദ്യവര്‍ഷം തിരിച്ചു, ചെന്നിടത്തെല്ലാം എല്ലാരും മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. പ്രാകികൊണ്ടാ എല്ലാരും വാതില്‍ തുറക്കുന്നത്, ഒരു മാന്യ ദേഹം പറഞ്ഞു, ഇവിടെ ആരും കാലത്ത് എവിടെയും പോവില്ല, അടുത്ത ദിവസമോ, അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് വൈകുന്നേരമോ മാത്രേ പുറത്തിറങ്ങൂ..അന്ന് നിര്‍ത്തിയതാ കറക്കം, അന്ന് തുടങ്ങിയതാ ഉറക്കം, ഇവള്‍ അതെല്ലാം നശിപ്പിക്കും..

Monday, October 15, 2012

ഐക്യമത്യം മഹാ ചൊറ

ഈ പെണ്‍വര്‍ഗ്ഗങ്ങളെ കൊണ്ട് ഞാന്‍ വശംകെട്ടു കഴിയുകയാണ്. ഒരു ഭാഗത്ത് അവളും രണ്ടു പെണ്‍മക്കളും മറുഭാഗത്ത് ഞാനും എന്‍റെ രണ്ടു ആണ്‍മക്കളും, ഒറ്റ നോട്ടത്തില്‍ സമാസമം ആണെന്ന് തോന്നും പക്ഷെ കാര്യങ്ങളുടെ കിടപ്പ് അങ്ങനല്ല.

എന്‍റെ മൂത്ത മകന്‍ ചേരിചേരാ നയം ആണ്, രണ്ടാമത്തവന് അവന്‍റെ ഉപ്പ കഴിഞ്ഞേ എന്തും ഉള്ളൂ എങ്കിലും അസിയോട് അവനൊരു പൊക്കിള്‍ക്കൊടി കടപ്പാടുണ്ടോ എന്നൊരു സംശയം എനിക്കില്ലാതില്ല. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു പെണ്ണുങ്ങളുടെ ഇടയില്‍ ഞാന്‍ സഹനത്തിന്റെ ഉത്തമ ഉദാഹരണമായി കഴിഞ്ഞു പോവുകയാണ്.!

Sunday, October 7, 2012

അഞ്ചു പന്തുകള്‍

ഒരേ കമ്പനിയില്‍ നാല്‍പതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുവിനെ, തോമസിനെ, കരുണനെ നിങ്ങള്‍ അറിയുമോ. വാര്‍ത്തയുടെ കൂടെ പ്രായമായ അവരുടെ ചിത്രവും ഉണ്ടായിരുന്നു.

ജീവിതത്തിന്‍റെ നല്ലൊരു പങ്കല്ല, ജീവിതംതന്നെ പ്രവാസത്തില്‍ ഹോമിച്ച ജീവിതത്തിന്‍റെ വിലയറിയാത്ത പാവങ്ങള്‍. അവര്‍ ജീവിച്ചത് തന്നെ ജോലി ചെയ്യാന്‍ വേണ്ടി ആയിരുന്നു.

എന്തെങ്കിലും ജോലിയല്ല സ്വന്തം കമ്പനി പോലെ കരുതി, ആത്മാര്‍ഥമായി, എല്ലുമുറിയെ പണിയെടുത്ത് അവര്‍ വളര്‍ത്തി വലുതാക്കിയ കമ്പനി, തികഞ്ഞ നന്ദിയോടെ സന്തോഷത്തോടെ അവര്‍ മടങ്ങുകയാണ് ഇനിയുള്ള കാലം സ്വന്തം കുടുംബത്തിന്റെ കൂടെ ജീവിതം ആസ്വദിക്കാന്‍. പോവുമ്പോള്‍ നല്ലൊരു തുക നല്‍കി, ഗംഭീരന്‍ പാര്‍ട്ടിയും കൂട്ടത്തില്‍ വിലകൂടിയ ഒരു ഗിഫ്റ്റും നല്‍കി, എത്ര നല്ല കമ്പനി.! തോമസ്സ് ഭാഗ്യവാനാ, അവന്‍റെ മകന് കമ്പനി ഒരു വിസ കൊടുത്തു, ഇനി മകന്‍ നോക്കികൊള്ളും..!

Saturday, October 6, 2012

പിതാവിന്‍റെ ഒമര്‍

ഒമര്‍ - എന്നേക്കാള്‍ പത്ത് വയസ്സെങ്കിലും പ്രായം കുറഞ്ഞവന്‍, എന്നേക്കാള്‍ പത്ത് വയസ്സിന്റെ എങ്കിലും ലോകപരിചയം കൂടുതല്‍ കൈമുതലായുള്ളവന്‍. ഒമറിനെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

സൗദി, സൗഭാഗ്യങ്ങളുടെ മടിത്തട്ടില്‍ വളര്‍ന്നവന്‍, ഒരു നിയമസഭാ മെമ്പറുടെ പുത്രന്‍ - എങ്കിലും പെരുമാറ്റം തനിത്തങ്കം, ആരോടും ബ്രദര്‍ എന്ന് പറഞ്ഞേ എന്തും അവശ്യപ്പെടൂ. ആര്‍ക്കും അവനാല്‍ കഴിയുന്ന എല്ലാ സഹായവും ഓടി നടന്ന്‌ ചെയ്തുകൊടുക്കും. ആരോടും വലിപ്പചെറുപ്പമില്ല എല്ലാവരോടും ചിരിച്ച് സ്നേഹത്തില്‍..

സൗദിക്കും അല്ലാത്തവനും എല്ലാം അവന്‍ പ്രിയപ്പെട്ടവന്‍ തന്നെ. ജോലിയിലും വളരെ ഉഷാര്‍. ഞങ്ങളുടെ കൂടെ ഒന്നും ജോലി ചെയ്യേണ്ട കക്ഷി അല്ല, പക്ഷെ അവന്‍റെ പിതാവ് അദ്ദേഹത്തിന്റെ പിടിപാട് ഉപയോഗിക്കാന്‍ അനുവദിക്കില്ലായിരുന്നു, ഇപ്പോള്‍ അതില്ലാതെ വളരാം എന്ന് അവനും ഉറപ്പാണ്‌.

Wednesday, October 3, 2012

ജോ

മൂക്കിന്‍തുമ്പത്താ അവള്‍ക്ക് ദേഷ്യം. രണ്ടു വയസ്സേ ഉള്ളൂ പറഞ്ഞിട്ടെന്താ വിത്ത് ഗുണം എന്ന് പറയാന്‍ ഇടം കൊടുക്കാതെ ഞാന്‍ പറയും, തള്ളന്റെ പഠിപ്പാ അതിന് എന്നാലും ഇങ്ങനെ സ്വഭാവം പകര്‍ന്ന് കിട്ടോലോ അതിശയം തന്നെ.!

അസി ട്യൂബ് ലൈറ്റാ വേഗം സമ്മതിച്ചു തരും, ഇനിപ്പോ എന്താ ചെയ്യാ എന്ന് ദയനീയഭാവത്തില്‍ നോക്കും.

നാല് മക്കളാ എനിക്ക് ഒരു കാര്യം ഞങ്ങള്‍ക്ക് മനസ്സില്‍ ആയി, ഈ മക്കളെ വളര്‍ത്തുക എന്നത് കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിംഗ് പോലെയാണ്, ആ എക്സ്പീരിയന്‍സ് കൊണ്ട് ഒരു കാര്യവും ഇല്ല ആറു മാസം കൊണ്ട് പുതിയ ലാംഗ്വേജ്‌ ഇറങ്ങും, അപ്പൊ പഴയത് അറിയുമെന്ന് പറഞ്ഞിട്ട് ഒരു വിശേഷവുമില്ല.

ഓരോ കുഞ്ഞിനെ വളര്‍ത്തുമ്പോഴും നമ്മള്‍ പഠിക്കുന്ന വില കൂടിയ പാഠങ്ങള്‍ കൊണ്ട് അടുത്ത കുട്ടിക്ക് ഒരു ഉപയോഗവും ഇല്ല.

Monday, October 1, 2012

അവള്‍

അവള് സുന്ദരിയാണോ എന്ന് ചോദിച്ചാല്‍.. അറിയില്ല. എനിക്കവളെ കണ്ടൂടാ, അസിക്ക് തീരെ പിടിക്കില്ല, പറഞ്ഞിട്ടെന്താ കാര്യം അവള്‍ക്കെന്നോട് ഇഷ്ടാണ്, എന്ത് പറഞ്ഞാലും അവള്‍ വിട്ടു പോവില്ല.

ഞാന്‍ പല പണിയും നോക്കി, നുള്ളി വേദനിപ്പിച്ച് നോക്കി, വളച്ച് ഒടിച്ചു നോക്കി, സൂചി കൊണ്ട് കുത്തി നോക്കി, കരഞ്ഞ് കാലു പിടിച്ചു നോക്കി, ഞാന്‍ വല്ലാതെ സീരിയസ് ആവുന്നു എന്ന് കണ്ടാല്‍ അവള്‍ ഒന്ന് പിന്‍വാങ്ങും, ദൂരെ ഒന്നും പോവില്ല, അടുത്ത് തന്നെ ഉണ്ടാവും, കണ്ണില്‍ പെടാതെ ഒളിക്കാന്‍ അവള്‍ക്ക് നല്ല കഴിവാണ്.

എപ്പോഴെങ്കിലും സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ എന്‍റെ ചെവിയില്‍ അവള്‍ കൊഞ്ചലോടെ മന്ത്രിക്കും 'മരിക്കോളം ഞാനും കൂടെണ്ടാവും..'. അത് കേള്‍ക്കുമ്പോള്‍ ദേഷ്യവും സങ്കടവും വന്ന് ഞാന്‍ മൌനിയാവും എന്‍റെ മൌനം ഞാന്‍ അറിയുന്നതിന് മുന്‍പ് തന്നെ അസി അറിയും, 'പിന്നേം വന്നൂല്ലേ..' കൂടുതല്‍ ഒന്നും അവള്‍ പറയില്ല. ഞങ്ങള്‍ക്കറിയാം എന്നേം കൊണ്ടേ ഇവള്‍ പോവൂ..

Wednesday, August 22, 2012

മുഖങ്ങള്‍ അസ്തമിക്കുമ്പോള്‍

കുലുങ്ങിയപ്പോഴാണോ ഉണര്‍ന്നത്‌..  ബസ്സ് ഓടി കൊണ്ടിരിക്കുകയാണ്.. വല്ലാത്ത ഒരു ഏകാന്തത, ആളുകളും വാഹനങ്ങളും കടകളും മറ്റും പിറകോട്ട് ഓടുന്നത് നോക്കി വെറുതെ ഇരുന്നു.

ഇപ്പോള്‍ ഞാന്‍ ഓടി ഓടി മുന്നില്‍ എത്തിയിരിക്കുന്നു.. മുന്നില്‍ ഞാന്‍ ഒറ്റയ്ക്കാണ്.. ഇനി ഞാന്‍ അങ്ങനെ ഒറ്റയ്ക്ക് ഓടികൊണ്ടിരിക്കും.. എന്തെല്ലാമാണ് ഞാന്‍ ചിന്തിക്കുന്നത്,, വല്ലാത്ത ദാഹം കുറച്ച്‌ വെള്ളം കിട്ടിയിരുന്നെങ്കില്‍.

'ടിക്കറ്റ്‌ ടിക്കറ്റ്‌,.' ഞാന്‍ തലതിരിച്ചു നോക്കി. അയാള്‍ എന്തിനാണ് എന്‍റെ നേരെ കൈ നീട്ടുന്നത്

'എന്തേ..' ഞാന്‍ ചോദിച്ചു.

Tuesday, August 21, 2012

പെമ്പിള്ളേരെ വളയ്ക്കാന്‍ പതിനൊന്ന് വഴികള്‍


സത്യത്തില്‍ ഒരുപാട് പെണ്ണുങ്ങളെ ഒന്നും ഞാന്‍ വളച്ചിട്ടില്ല, എന്‍റെ മുഖം കണ്ടാല്‍ അറിയാം, ഞാന്‍ പക്കാ ഡീസന്റ്‌ പാര്‍ട്ടിയാണ്..! 

ഞാന്‍ പറയുന്നത് സ്വന്തം പെണ്ണിനെ വളയ്ക്കുന്നതിനെ കുറിച്ചാണ് അങ്ങനെ പറഞ്ഞാലും ശരിയാകില്ല പെണ്ണിനെ കെട്ടിയ ഉടനെ എങ്ങനെ വളയ്ക്കാം എന്നതിനെക്കുറിച്ച് ആണ്, കാരണം അപ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും അവളെ വളയ്ക്കാന്‍ കഴിയൂ 

അത് കഴിഞ്ഞാല്‍ പിന്നെ അവര്‍ പാറയില്‍ കൊത്തിയതാ നിങ്ങളല്ല നിങ്ങടെ അപ്പൂപ്പന്‍ വിചാരിച്ചാല്‍ വളയില്ല. വളയ്ക്കാന്‍ തുടങ്ങുന്നതിനു  മുന്‍പ്‌ നമുക്കൊരു കഥയാവാം..

Monday, July 23, 2012

അപ്പൊ അതാണ്‌ ഡൈനിംഗ്..

സമയം ഏകദേശം വൈകീട്ട് എട്ടു മണിയെങ്കിലും ആയി കാണും. സൂര്യന്‍ ഇപ്പോഴും നാട്ടിലെ മൂന്നുകാരന്‍റെ യൌവ്വനത്തിന്റെ തുടിപ്പുമായി തിളങ്ങി നില്‍ക്കുന്നു. നെതെര്‍ലാന്‍ഡില്‍ അങ്ങനെയാണ് വൈകീട്ട് ഒന്‍പത് മണിക്കെല്ലാം ആണ് സൂര്യന്‍ ചന്ദ്രന് വഴിമാറിക്കൊടുക്കുക. പകലിന് ഒരുപാട് നീളം കൂടുതല്‍ ആണ്. ഞങ്ങള്‍ മൂന്ന് പേര്‍ ഞാനും, ഒമറും, അലാ മറിയും അന്നത്തെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. 

'ഇന്ന് നമുക്കൊരു ഫ്രഞ്ച് ഡിന്നര്‍ ആയാലോ..' അഭിപ്രായം ഒമറിന്റെതാണ്, വേണ്ടാ നമുക്ക് പിസ്സ മതി അലാ പറഞ്ഞു. അവന് പിസ്സയെക്കാള്‍ അത് സെര്‍വ് ചെയ്യന്ന സുന്ദരിയേ കാണാന്‍ ആണ്, അവളെ നോക്കിയിരുന്നാല്‍ താനേ പിസ്സക്ക് രുചി കൂടും.

Monday, July 16, 2012

വെറുതെ ഒരു എസ്റ്റൂ

ലേഖകന്‍ ഒരു ഗ്യാലക്സി എസ്റ്റൂ വാങ്ങാന്‍ ദാഹിച്ചു മോഹിച്ചു നടന്ന കഥയുടേ ഒന്നാം ഭാഗം ഇവിടെ വായിക്കാം. കയ്യെത്തുന്ന ദൂരത്തില്‍ നിന്നും എസ്റ്റൂ വഴുതിപ്പോയ കദനകഥ രണ്ടാം ഭാഗം ഇവിടെ വായിക്കാം.

'നീ വിശേഷം അറിഞ്ഞില്ലേ..' അഭി ഫോണില്‍ നല്ല ഫോമിലാ.
'ഇല്ല.. എന്താടാ പ്രശ്നം..' ഞാന്‍ ചോദിച്ചു.
'നിനക്ക് ഞങ്ങള്‍ ഒരു എസ്റ്റൂ തരാന്‍ തീരുമാനിച്ചു..'

പാവങ്ങള്‍ എന്‍റെ ബ്ലോഗ്‌ വായിച്ച് പാട്ട പിരിവ് എടുത്ത് കാണും, അസി അറിയണ്ട അവള്‍ മാനക്കേട് കൊണ്ട് ഇപ്പോള്‍ തന്നെ എന്‍റെ ബ്ലോഗ്‌ വായിക്കുന്ന ഒരുത്തനുമായും  മിണ്ടാറില്ല.

അഭി നല്ലോനാ, സ്നേഹമുള്ളോനാ - പിരിവ് നടത്തിയിട്ടാണ്, എങ്കില്‍ പോലും..അവനു മാത്രമല്ലേ എനിക്കിത് വാങ്ങിത്തരാന്‍ തോന്നിയത്..

Sunday, July 15, 2012

മുല്ലപ്പൂവിന്‍റെ മണമുള്ളവന്‍

കുളിച്ചിട്ടും അങ്ങ് ഫ്രഷ്‌ ആവാത്ത പോലെ, വല്ല മണവും ഉണ്ടോയെന്ന് നോക്യേ.

അവള്‍ ചോദിച്ച് ഇതെന്താ ഇന്നൊരു പ്രത്യേകത, കുളിക്കുന്ന പുതിയ വല്ല മോഡലും ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയോ.

ചൂട് കാലമല്ലേ കുളിച്ച് പുറത്തിറങ്ങുമ്പോള്‍ തന്നെ വിയര്‍ക്കുന്നത് കൊണ്ട് തോന്നുന്നതാവും ഞാന്‍ പറഞ്ഞു.

മണത്തു നോക്കി അവള്‍ സര്‍ട്ടിഫൈ ചെയ്തു - ഒരു നാറ്റവും ഇല്ലാട്ടോ, അല്ലെങ്കില്‍ തന്നെ എന്‍റെ ചെക്കന് മുല്ലപ്പൂവിന്‍റെ മണമല്ലേ.!

Tuesday, July 3, 2012

പെണ്ണൊരുമ്പെട്ടാല്‍

പെണ്ണ് അവള്‍ സഹോദരിയാണ്, അമ്മയാണ്, മകളാണ്, ഭാര്യയാണ്, കുക്കാണ്, അങ്ങാടിയില്‍ തോറ്റാല്‍ ദേഷ്യം തീര്‍ക്കാന്‍ ഉള്ള ചവിട്ടിയാണ്  നിങ്ങള്‍ വല്ല കവിയോടോ എഴുത്തുകാരനോടോ ചോദിച്ചാല്‍ പിന്നെ അവള്‍ ദേവിയും, ലക്ഷ്മിയും, പ്രപഞ്ച ലയവും, കവിതയും, കാമിനിയും ശില്‍പ്പവും ഒക്കെ ആയി ഒരു സംഭവമായിക്കളയും.

ശ്ശെടാ ലവള്‍ ഇത്രക്ക്‌ ഒക്കെ ഉഷാറായിട്ടാണോ ഞാന്‍ ഇങ്ങനെ എല്ലാം അവളോട്.. ഛെ മോശമായി ഇനിയെങ്കിലും അവളെ കാര്യമായി ഒന്ന് ബഹുമാനിച്ചു കളയാം, എന്തായാലും ഇവരോട് തന്നെ ചോദിച്ചു നോക്കാം ഇവരെല്ലാം എങ്ങനെയാ പെണ്ണുങ്ങളോട് പെരുമാറുന്നത് എന്ന്..

Monday, March 26, 2012

ജിദ്ദയിലെ വിനോദങ്ങള്‍ – പാരാമോട്ടോറിംഗ്

പറക്കാന്‍ ഇഷ്ടമല്ലാത്തവര്‍ കാണോ, സംശയമാണ്. വിമാനത്തില്‍ പറക്കുമ്പോള്‍ നമ്മള്‍ സത്യത്തില്‍ ഒന്നും അറിയുന്നില്ല.

ശരിക്കും പക്ഷികളെ പോലെ ആകാശത്തില്‍ വട്ടമിട്ട് പറക്കാനായാല്‍ മുഖത്തെല്ലാം കാറ്റ് തഴുകുമ്പോള്‍ എന്തൊരു രസമായിരിക്കും.

താഴെക്ക് നോക്കുമ്പോള്‍ നടന്നു പോവുന്ന ആളുകളെ  എറുമ്പുകള്‍ പോലെ കാണാം, കടലിനു മുകളിലൂടെ ആകാശങ്ങളെ കീഴടക്കാന്‍ മനിതന്‍ ഒരുക്കുന്ന ഗോപുരങ്ങള്‍ക്ക് മുകളിലൂടെ ഒരു പറക്കും പരവതാനിയിലെ യാത്ര പോലൊന്ന് വേണോ നിങ്ങള്‍ക്കും, അതിനുള്ള അവസരം ഇവിടെ ജിദ്ദയില്‍ ഉണ്ട്.!

പാരാമോട്ടോറിംഗ് എന്നും പവേര്‍ഡ് പാരഷൂട്ട്‌ (PPC) എന്നും അറിയപ്പെടുന്ന ഈ വിനോദം ജിദ്ദയില്‍ ഒരുക്കിയിരിക്കുന്നത് സൗദി ഏവിയെഷന്‍ ക്ലബ്‌ ആണ്.!

Tuesday, March 20, 2012

ആദ്യഹത്യ

ക്രൂരനാണ് നീ, നിനക്കെങ്ങനെ കഴിഞ്ഞു, സ്വന്തം മോളെപ്പോലെ അല്ലെ ഞാന്‍ അവളെ വളര്‍ത്തിയത്‌, നീയും അങ്ങനെ അല്ലെ കണ്ടത്.., നമ്മുടെ മോനെ ഓര്‍ത്തോ നീ.., അവന്‍റെ ഒരേ ഒരു കൂട്ടല്ലേ നീ നശിപ്പിച്ചത്..

അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് അവന്‍റെ മാറത്തടിച്ചു പുലമ്പിക്കൊണ്ടിരുന്നു.

ഒന്നും മിണ്ടാതെ കുറ്റവാളിയായി അവന്‍ നിന്നു.. അവളെ ആശ്വസിപ്പിക്കാന്‍ അവന്‍റെ കൈകള്‍ നീണ്ടു..


Saturday, March 17, 2012

മരണത്തിന്‍റെ നിറം

'എല്ലാവരും ഒന്ന് പുറത്തേക്ക് നിന്നെ.. പ്ലീസ്' സിസ്റ്റര്‍ ഞങ്ങളോട്‌ ആവശ്യപ്പെട്ടു.

മടിച്ചു മടിച്ച് എന്‍റെ സഹോദരി ഐസിയു വില്‍നിന്നും പുറത്തിറങ്ങി.

'ദയവു ചെയ്തു പുറത്തു നില്‍ക്കൂ, ഞങ്ങള്‍ക്ക്‌ കുറച്ച് പ്രൊസീജര്‍ ഉണ്ട്' അവര്‍ എന്നോട് വീണ്ടും നിര്‍ബന്ധിച്ചു.

'ക്ഷമിക്കണം എനിക്കിറങ്ങാന്‍ ആവില്ല, നിങ്ങളുടെ പ്രൊസീജര്‍ എന്‍റെ മുന്നില്‍ വെച്ചു ചെയ്യാം, സഹായം വേണമെങ്കില്‍ എന്നോട് പറയാം..' എനിക്കേറ്റവും പ്രിയപ്പെട്ട ആ ശരീരം ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

Sunday, March 11, 2012

എസ്റ്റൂന്‍റെ ഒരു പുളി


വേണം എനിക്കും ഒരു എസ്ടു എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്‌. ആ പോസ്റ്റ്‌ വായിക്കാത്തവര്‍ ആദ്യം അതിവിടെ വായിക്കുക..



2011 ലെ ഏറ്റവും നല്ല ഫോണ്‍ ആയി GSMA ഗാലക്സി എസ്റ്റൂവിനെ തിരഞ്ഞെടുത്തു. വെറുതെയല്ല ഇത്രയും കാലം എസ്റ്റൂ എന്നെ കൊതിപ്പിച്ചത്.

ഇനി വാങ്ങിക്കാന്‍ വൈകണ്ട.. എന്താ മാര്‍ക്കറ്റ്‌ പ്രൈസ് എന്ന് ജരീറിന്റെ സൈറ്റില്‍ പോയി നോക്കിയപ്പോള്‍ അവിടെ അതാ മറ്റൊരു നല്ല ഓഫര്‍. ഒരു i5 (ഐഫൈവ്) ലാപ്ടോപിന്റെ കൂടെ ഒരു ഗാലക്സി വൈ ഫോണും മറ്റ് ആറു സമ്മാനങ്ങളും 2700 റിയാലിന്.

ഈ കോണ്‍ഫിഗറേഷന്‍ ഉള്ള ഒരു മാതിരി എല്ലാ ലാപ്ടോപ്പിനും ഏകദേശം ഈ വില വരുന്നുണ്ട്. അതായത് സമ്മാനങ്ങള്‍ മുക്കാലും ശരിക്കും ഫ്രീ ആണെന്ന് ചുരുക്കം.

Wednesday, March 7, 2012

സുന്ന്യോ ഞാനോ ഇന്‍റെ ബദരീങ്ങളെ

ഇസ്ലാമിന്‍റെ വെത്യസ്ഥ വിഭാഗങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു സാധാരണ മലബാറുകാരനെ ആക്ഷേപ ഹാസ്യത്തില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. മറ്റു മതസ്ഥര്‍ ക്ഷമിക്കുമല്ലോ..വക്കാര്‍ത്ഥങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പോസ്റ്റിനു താഴെ അവ നല്‍കിയിട്ടുണ്ട്.

പിന്നിന്ന് ഒരു കൂട്ടച്ചിരി കേട്ടോ ന്ന് ഒരു സംസയം, സംസയല്ല കേട്ടക്ക്ണു, ഇന്ക്ക് തിരിഞ്ഞ് നോക്കാന്‍ ദൈര്യം ണ്ടായീല. ന്‍റെ മക്കളെ, ഇട്ത്തീ തൂറ്യമായിരി ഞാന്‍ ബഷളായി നിന്നു. ഇത്രീം കാലായിട്ടും, അന്നങ്ങനെ പറയാന്‍ തോന്നീല് ന്‍റെ തൊലിങ്ങനെ പൊളിഞ്ഞു ബരാണ്. 

എട്ടു കൊല്ലം മുന്‍പ് ദമ്മാമില്‍ ഉള്ള ആ മദ്രസകുട്യേളെ വാപ്പാരെ കാണാന്‍ ബുള്‍ച്ച മീറ്റിങ്ങില് കണ്ടമാനം ആള്‍ക്കാരെടീന്നു, ആ കുരുത്തം കെട്ട മോലിയാര്‍ ഇണിച്ച് നിക്കിണ ‍ഇന്നോട് ചോയ്ച്ചു 'അപ്പൊ ഇങ്ങള് ഏതു ഗ്രൂപ്പാ.?'
Related Posts Plugin for WordPress, Blogger...