Wednesday, August 22, 2012

മുഖങ്ങള്‍ അസ്തമിക്കുമ്പോള്‍

കുലുങ്ങിയപ്പോഴാണോ ഉണര്‍ന്നത്‌..  ബസ്സ് ഓടി കൊണ്ടിരിക്കുകയാണ്.. വല്ലാത്ത ഒരു ഏകാന്തത, ആളുകളും വാഹനങ്ങളും കടകളും മറ്റും പിറകോട്ട് ഓടുന്നത് നോക്കി വെറുതെ ഇരുന്നു.

ഇപ്പോള്‍ ഞാന്‍ ഓടി ഓടി മുന്നില്‍ എത്തിയിരിക്കുന്നു.. മുന്നില്‍ ഞാന്‍ ഒറ്റയ്ക്കാണ്.. ഇനി ഞാന്‍ അങ്ങനെ ഒറ്റയ്ക്ക് ഓടികൊണ്ടിരിക്കും.. എന്തെല്ലാമാണ് ഞാന്‍ ചിന്തിക്കുന്നത്,, വല്ലാത്ത ദാഹം കുറച്ച്‌ വെള്ളം കിട്ടിയിരുന്നെങ്കില്‍.

'ടിക്കറ്റ്‌ ടിക്കറ്റ്‌,.' ഞാന്‍ തലതിരിച്ചു നോക്കി. അയാള്‍ എന്തിനാണ് എന്‍റെ നേരെ കൈ നീട്ടുന്നത്

'എന്തേ..' ഞാന്‍ ചോദിച്ചു.


'വല്ലിപ്പ എങ്ങോട്ടാ..' കാക്കി കുപ്പായക്കാരന്‍ തിരക്കിലാണ്. എന്തിനാ തിരക്കുന്നെ നമ്മള്‍ എല്ലാം ഒന്നിച്ചല്ലേ പോവുന്നത്. അല്ലെങ്കിലും ഇന്ന് എല്ലാര്‍ക്കും തിരക്കാ..

'വല്ലിപ്പാ സ്വപ്നം കാണാണോ, എങ്ങോട്ടാ..?' അയാളുടെ സ്വരം കടുത്തിരിക്കുന്നു. എന്താ ഞാന്‍ പറയാ.. ഞാന്‍ എപ്പോഴാ ഈ ബസ്സില്‍ കയറിയത്.. ഓര്‍മ്മ കിട്ടുന്നില്ല. ആരോ കൈ പിടിച്ച് സ്നേഹത്തില്‍ ഇരുത്തിയത് ഓര്‍മയുണ്ട്..

'ദാ വരുന്നു..' അതാരാ പറഞ്ഞത്.. അസിയാണോ.. അവളുടെ മുഖത്തിനു എന്തൊരു വെളുപ്പാ..നിറഞ്ഞ ചിരിയോടെ അടുത്ത് വന്ന് അവള്‍ ചോദിച്ചു 'എന്തേ..'

അല്ല അത് അസിയുടെ ശബ്ദമല്ല, ഒരു ചെറുപ്പക്കാരന്റെതല്ലേ..
'എന്തേ..' വീണ്ടും അതെ ചോദ്യം.. അയാള്‍ എന്നോടല്ല കാക്കി കുപ്പായക്കാരനോടാണ്..

ശബ്ദം താഴ്ത്തി കാക്കി കുപ്പായക്കാരന്‍ എന്തൊക്കെയോ പറയുന്നു..'കിളവന്‍.., എന്താ എവിടെക്കാ..' ഇല്ല ഒന്നും തെളിച്ച് കേള്‍ക്കുന്നില്ല. അല്ലെങ്കിലും കേള്‍വി വല്ലാതെ കുറഞ്ഞിരിക്കുന്നു..

അസീ.. നീട്ടി വിളിച്ചു ശബ്ദം പൊന്തുന്നില്ല വായെല്ലാം വല്ലാതെ വരണ്ടിരിക്കുന്നു.. അസി വന്നാല്‍ ഒന്നു പറയുക പോലും വേണ്ട, അവള്‍ക്കറിയാം എന്താണ് എന്‍റെ മനസ്സില്‍ ഉള്ളത് എന്ന്. നിനക്ക് എങ്ങനെയാ എന്‍റെ മനസ്സ് ഇങ്ങനെ വായിക്കാന്‍ ആവുന്നത്.. ചോദിച്ചാല്‍ അവള്‍ പുഞ്ചിരിക്കും എന്തൊരു തിളക്കമാണാ ചിരി. അവള്‍ ഒന്ന് വന്നാല്‍ കുറച്ച്‌ വെള്ളം..

ഉപ്പാപ്പാ എങ്ങോട്ടാ.. ഞാന്‍ തല തിരിച്ചു നോക്കി, നേരത്തെ കണ്ട ചെറുപ്പക്കാരനാണ്, അയാള്‍ ഇപ്പൊ എന്‍റെ അടുത്ത് ഇരിക്കുകയായാണ്..അയാള്‍ക്ക് എന്‍റെ മോന്‍റെ മുഖച്ഛായ ഉണ്ടോ..അറിയില്ല അസി വന്നാല്‍ ചോദിക്കാമായിരുന്നു..

ഞാന്‍ ഒന്നും പറഞ്ഞില്ല, എങ്ങോട്ടാണെന്ന് ആരും പറഞ്ഞിരുന്നതായി ഓര്‍മ്മ കിട്ടുന്നില്ല.. സത്യത്തില്‍ ആ ബസ്സില്‍ എന്നെ കയറ്റിയത് എപ്പോള്‍ ആയിരുന്നെന്നോ ആരായിരുന്നെന്നോ തന്നേ എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല.

'വല്ലിപ്പാക്ക് മക്കളുണ്ടോ' ശബ്ദം കേട്ടപ്പോള്‍ തന്നേ മനസ്സില്‍ ആയി കാക്കി കുപ്പായക്കാരന്‍ തന്നേ.. തല ഉയര്‍ത്താതെ ഉണ്ടെന്നു തലകുലുക്കി.

അവരുടെ മൊബൈല്‍ നമ്പര്‍ അറിയോ.. മറ്റാരോ ആണ്..അറിയില്ല എന്ന് പറഞ്ഞാല്‍ ഇവര്‍ക്ക്‌ ഇഷ്ടമാവില്ല..മിണ്ടാതിരിക്കാം..
മൊബൈല്‍ നമ്പര്‍ ഓര്‍മയില്ല..വയസ്സായി വരല്ലേ..അസിക്ക് അറിയുമായിരിക്കും..അല്ലെങ്കില്‍ തന്നേ ഞാന്‍ ആരെയും ഫോണില്‍ വിളിക്കാറില്ലല്ലോ..

തലയ്ക്കെല്ലാം വല്ലാത്ത ഒരു മരവിപ്പ് ഈ ചോദ്യം ചെയ്യല്‍ ഒന്ന് നിര്‍ത്തി അറിയുന്ന ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍..

പുറത്ത് തടവി കൊണ്ട് ചെറുപ്പക്കാരന്‍ ചോദിച്ചു 'ഉപ്പാപ്പാന്റെ മോന്‍റെ പേരെന്താ, ആള്‍ക്കെന്താ ജോലി..' അവന്‍റെ ശബ്ദത്തില്‍ എന്തൊരു സൌമ്യതയാണ്..അടുത്തൊന്നും ഇത്ര സൗമ്യമായി ആരും എന്നോട് സംസാരിച്ചിട്ടില്ല..അസിയൊഴിച്ച്..

എന്താ പ്പോ അവന്‍റെ ജോലി, കുപ്പായം മാറ്റി പോവുന്നതും കാണാം വരുന്നതും കാണാം, അവന്‍റെ പേര്..നാവിന്‍ തുമ്പത്ത് ഉണ്ടായിരുന്നു..ഈ പരിഭ്രമത്തില്‍ കിട്ടുന്നില്ല..ഒന്നും മിണ്ടാതെ ഞാന്‍ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി.. എന്തിനാ പ്പോ എന്‍റെ കണ്ണ് നിറഞ്ഞ് വരുന്നത്..

എന്തൊരു ചൂടാ, പുറത്തേക്ക് നോക്കി.. വെറുതെയല്ല.. വണ്ടി നിര്‍ത്തിയിരിക്കുന്നു..വണ്ടി ഓടുമ്പോള്‍ മുഖത്തെക്ക് കാറ്റടിക്കുമ്പോള്‍ ഒരു കുളിര്‍മ്മയാണ്..തല ഉയര്‍ത്തിയപ്പോള്‍ കണ്ടു എല്ലാരും കൂടി എനിക്ക് ചുറ്റും കൂടിനില്‍ക്കാണ്,,എന്താപ്പോ എല്ലാരും.. എല്ലാരും ഇങ്ങനെ കൂടിനിന്നിട്ടാ എനിക്ക് ഇത്ര പരവേശം..

സ്റ്റേഷനിലെക്ക് വിടാം..വേണ്ട..തോല്ലയാ.. പരസ്പര ബന്ധമില്ലാതെ ആരെല്ലാമോ എന്തെല്ലാമോ പറയുന്നു.. ശബ്ദം താഴ്ത്തിയാണ് പറയുന്നത് എന്ന് തോന്നുന്നു ഒന്നും വ്യക്തമാവുന്നില്ല.

കാക്കി കുപ്പായക്കാരന്‍ ഉറക്കെ പറയുന്നത് കേട്ടു 'ശല്യം നമ്മക്ക്‌ പണിയായി..' മോനെ എന്‍റെ മോന്‍റെ പ്രായം പോലും നിനക്കില്ല.. ഈ വയസ്സന്‍ ആര്‍ക്കും ഒരു ശല്യവും ആവാന്‍ നില്‍ക്കാറില്ല എന്നും മറ്റുള്ളവര്‍ക്ക്‌ എന്തെങ്കിലും ഉപകാരം ചെയ്തിട്ടേ ഉള്ളൂ എന്നവനോട് പറയണം എന്നുണ്ടായിരുന്നു, കഴിയുന്നില്ല തൊണ്ട വരണ്ടിരിക്കുന്നു കുറച്ച്‌ വെള്ളം കിട്ടിയിരുന്നെങ്കില്‍.. ഈ അസിയൊന്നു..

തലയുയര്‍ത്തിയപ്പോള്‍ കണ്ടു ചെറുപ്പക്കാരന്‍ എന്‍റെ കണ്ണുകളിലേക്ക് തന്നേ നോക്കി നില്‍ക്കാണ്..എനിക്ക് ലജ്ജ തോന്നി അയാള്‍ കരുതുന്നുണ്ടാവും ഞാന്‍ കരയുകയാണെന്ന്, മോശമായി..

'പേരെന്താ' സങ്കോചം തെല്ലുമില്ലാതെ അവള്‍ പറഞ്ഞു 'അസി' അവളുടെ തന്റേടം കണ്ടപ്പോള്‍ ഇഷ്ടവും ഒപ്പം ഭയവും തോന്നി..എന്നേക്കാള്‍ തന്റേടം ഉണ്ടോ ഞാന്‍ കാണാന്‍ വന്ന ഈ പെണ്ണിന്..

'പേര് ഓര്‍മ്മയില്ലേ..' ചെറുപ്പക്കാരന്‍റെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു, സ്വന്തം പേര് ആര്‍ക്കെങ്കിലും ഓര്‍മ്മയില്ലാതാവോ..

എന്‍റെ പേര്.. എന്‍റെ പേര്.. എന്താ പ്പോ എന്‍റെ പേര്.. എല്ലാരുടെയും കൂടിയുള്ള ചോദ്യം ചെയ്യലില്‍ എനിക്കെന്‍റെ പേര് കിട്ടുന്നില്ല.. എന്നെ അറിയുന്ന ആരും ഇവിടില്ലേ..എന്‍റെ മോനെപ്പോലെ എന്നെ പരിചരിക്കുന്ന മോന് എന്‍റെ പേരറിയോ..ചോദ്യം പാതി തൊണ്ടയില്‍ തങ്ങി ബാക്കി ദൈന്യമായ ഒരു നോട്ടമായി അവന്‍റെ കണ്ണുകളിലേക്ക്‌ ഞാന്‍ നല്‍കി..

കവല കടത്തിയതാവും..അമ്നീഷിയയാ..സ്വന്തം പേര് പോലും അറിയാതായാല്‍ അവറ്റകള്‍ എന്താ ചെയ്യാ..

എന്തിനെ പറ്റിയാണ് ഇവരെല്ലാം പറയുന്നത്.. ഈ ബസ്സ്‌ എന്താ നിര്‍ത്തിയിട്ടിരിക്കുന്നത്.. ഓടാന്‍ തുടങ്ങിയാല്‍ കുറച്ച്‌ കുളിര്‍ക്കാറ്റു കിട്ടുമായിരുന്നു.. വയ്യ എന്നോടിനി ഒന്നും ചോദിക്കരുതേ എനിക്കൊന്ന്‍ കിടക്കണം വല്ലാത്ത ക്ഷീണം..

കണ്ണടച്ചപ്പോള്‍ ഞാന്‍ ഒഴുകുകയാണ് എന്ന് തോന്നി.. ശബ്ദങ്ങള്‍ കുറഞ്ഞിരിക്കുന്നു,. കാറ്റ് മുഖത്ത് തട്ടിയപ്പോള്‍ നല്ല സുഖം..
'ഉപ്പാപ്പ ഇവിടെ ഇരുന്നോളൂ ഞങ്ങള്‍ പിന്നെ വരാം.,' പാതിഅടഞ്ഞ കണ്ണുകളിലൂടെ കണ്ടു ആരെല്ലാമോ നടന്നകലുന്നത് ഒരു ബസ്സ്‌ സാവധാനം എന്‍റെ കണ്ണുകളില്‍ നിന്നും മറഞ്ഞു..

അസീ..നീട്ടി വിളിച്ചു..'എന്തേ..' ഭാഗ്യം വരുന്നുണ്ട് ഞാന്‍ പറഞ്ഞില്ലേ പറയാതെ തന്നേ അവള്‍ക്കറിയാം കൈയ്യില്‍ ഒരു ഗ്ലാസ്സ് ഉണ്ട്.. എന്താ പ്പോ അവളുടെ മുഖത്തിനൊരു മാറ്റം, അവളുടെ പുഞ്ചിരിയുടെ തിളക്കം ഒന്ന് കൂടി കൂടിയിരിക്കുന്നോ കണ്ണും മൂക്കുമെല്ലാം ആ ചിരിയുടെ പ്രഭയില്‍ അപ്രത്യക്ഷമായ പോലെ.

അവള്‍ നീട്ടിയ വെള്ളം വാങ്ങി കുടിച്ചിട്ട് ഞാന്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നപ്പോള്‍ എന്‍റെ കൈകള്‍ ഒരു സഞ്ചിയില്‍ തടഞ്ഞു. നല്ല മാര്‍ദവം.. വസ്ത്രങ്ങള്‍ ആണെന്ന് തോന്നുന്നു..തലയിണ ആയി വെയ്ക്കാം..

ഉറങ്ങാന്‍ തുടങ്ങുന്നതിന് മുന്‍പ്‌ ഒരിക്കല്‍ കൂടി നോക്കി അവള്‍ ഗ്ലാസ്‌ എടുത്ത് ഇരുട്ടിലേക്ക് നടന്ന് മറയുകയായിരുന്നു..അവളെന്നെ തിരിഞ്ഞു നോക്കി.. അവളുടെ മുഖമെന്താ ഇങ്ങനെ..വെളുവെളുത്ത്.. കണ്ണും മൂക്കും ഒന്നും ഇല്ലാതെ.. ഒരു കടലാസു കഷ്ണം പോലെ..

അവളുടെ പേര്..അവളുടെ പേര്..എന്താപ്പോ അവളുടെ പേര്.. എന്‍റെ പാതിയാണവള്‍.. എനിക്കറിയാം അവളുടെ പേര്.. എന്‍റെ നാവിന്‍ തുമ്പില്‍ ഉണ്ടത്.. ക്ഷീണം കൊണ്ടാ എനിക്കോര്‍മ്മ കിട്ടാത്തത്.. ഒന്നുറങ്ങിയാല്‍ എല്ലാം ശരിയാവും..ഇപ്പോള്‍ ഞാന്‍ ഒന്ന് ഉറങ്ങട്ടെ..!

21 comments:

  1. വാര്‍ധക്യം അതൊരു പേടി സ്വപ്നമാണ്.ഇങ്ങനെ ഒരു അവസ്ഥ കൂടി ആയാല്‍ !!!!!

    ഇഷ്ടപ്പെട്ടു ഈ എഴുത്ത്.നല്ല കഥ

    ReplyDelete
  2. ഓര്‍മ്മകള്‍ ഇല്ലാതായാല്‍ മനുഷ്യന്‍ എന്താണ്......??
    വിഹ്വലമാക്കുന്ന കഥ
    ചിന്തിപ്പിക്കുന്നതും

    ReplyDelete
  3. നല്ല കഥ.
    വാര്‍ദ്ധക്യത്തില്‍ എല്ലാവരാലും തിരസകരിക്കപ്പെട്ട ഒരു പടു വൃദ്ധന്റെ മനോവിചാരങ്ങള്‍ സുന്ദരമായി പകര്‍ത്തി.

    ReplyDelete
  4. Alzheimer's ബാധിച്ച ഒരാളുടെ മനോ തലത്തിലേക്ക് ഇറങ്ങി വന്നുള്ള ഈ രചന അത്യന്തം സൂക്ഷ്മമായ നിരീക്ഷണ പാടവത്തോടെ അവതരിപ്പിച്ചു.

    അത്തരം അസുഖത്തെ അഭിമുഘീകരിക്കേണ്ടി വരിക എത്ര സങ്കീര്‍ണമായ ഒരവസ്ഥയാണ്. അത് ബോധ്യപ്പെടുത്താന്‍ ഈ കഥയ്ക്ക് കഴിഞ്ഞു.

    ReplyDelete
  5. രചനക്ക് നൂറു മാര്‍ക്ക് ,,വായിച്ചു തീര്‍ക്കാന്‍ വല്ലാത്ത ഒരു ആര്‍ത്തി തോന്നി..ആശംസകള്‍ ,താഹിര്‍

    ReplyDelete
  6. പലപ്പോളും ഒറ്റപെട്ടുപോകുന്ന വാര്‍ദ്ധക്യങ്ങള്‍ ...അയാളുടെ മനസ്സിന്റെ വിഹ്വലതകള്‍ വളരെ ഭംഗിയായി അവതരിപിച്ചു.വളരെ ഇഷ്ടമായി....താഹിറിന്റെ കഥ ആദ്യമായാണ് വായിക്കുന്നത്.ലേഖനത്തിന് പുറമേ കഥകളും വഴങ്ങും എന്ന് തെളിയിച്ചിരിക്കുന്നു..ആശംസകള്‍....

    ReplyDelete
  7. മറവി രോഗം എത്ര ഭീകരമാണെന്ന് ഈ കഥ മനസ്സിലാക്കി തന്നു.

    നല്ല ആഖ്യാനം. കഥ ഇഷ്ടമായി.

    ReplyDelete
  8. തിരിക്കിട്ടു ഓടി പ്പോവുന്നത് വാര്‍ധക്യത്തിലേക്ക്. അവിടെ എത്തുമ്പോള്‍ ഓര്‍മ്മകള്‍ പോലും ഓര്‍മ്മകള്‍ പോലും ബാക്കി യുണ്ടാവുന്നില്ല.
    നല്ല കഥ.

    ReplyDelete
  9. ബ്ലോഗില്‍ വീണ്ടും കഥയുടെ വസന്ത കാലം.. മികച്ച കഥകള്‍ അടുത്തിടെ വായിക്കാന്‍ ലഭിക്കുന്നു.. നല്ല ആഖ്യാനം.. നല്ല കഥ

    ReplyDelete
  10. ഇഷ്ടമായി നല്ല അവതരണം ,ആശംസകള്‍

    ReplyDelete
  11. ഇപ്പോള്‍ ഞാന്‍ ഒന്ന് ഉറങ്ങട്ടെ.

    ReplyDelete
  12. എന്‍റെ ഓര്‍മ്മകള്‍ നഷ്ടപെട്ടുപോഴി ഞാന്‍ വാഴിക്കുകയായിരുന്നില്ല കാണുകയായിരുന്നു......!!നല്ല അവതരണം,ആശംസകള്‍

    ReplyDelete
  13. 'വല്ലിപ്പ എങ്ങോട്ടാ..' കാക്കി കുപ്പായക്കാരന്‍ തിരക്കിലാണ്. എന്തിനാ തിരക്കുന്നെ നമ്മള്‍ എല്ലാം ഒന്നിച്ചല്ലേ പോവുന്നത്. അല്ലെങ്കിലും ഇന്ന് എല്ലാര്‍ക്കും തിരക്കാ..

    ഞാനിതിലീ നർമ്മ രസം കണ്ടപ്പോൾ വിചാരിച്ചു, ഇനിയുമൊരു നർമ്മം അവസാനമുണ്ടാകും ന്ന്. പക്ഷെ ആകെ കുഴച്ചു മറിച്ചു ചിന്താധീനനാക്കിക്കളഞ്ഞു,എന്റെ മനസ്സിനെ. അപാരമായ എഴുത്ത്,നല്ലകയ്യടക്കം. ആശംസകൾ.

    ReplyDelete
  14. നല്ല അവതരണം....കാലഘട്ടത്തിന്റെ ആവശ്യം!!

    ReplyDelete
  15. ഇതൊരു നല്ല ഭാവനയായി. ആശംസകള്‍

    ReplyDelete
  16. മറവി രോഗം ബാധിച്ച ഒരു വൃദ്ധന്‍റെ ചിന്താധാരയില്‍ നിന്ന് കൊണ്ട് കഥാന്തരീക്ഷവും വിചാര വികാരങ്ങളും കയ്യടക്കത്തോടുകൂടി വരച്ചു കാട്ടിയ കഥാകാരന് എളിയ പ്രണാമം. ഉബൈദ്‌ ഭായ് പറഞ്ഞത് പോലെ തിരക്കിട്ട് ഓടുന്നത് വാര്‍ദ്ധക്യത്തിലേക്ക്...ഇല്ലായ്മയിലേക്ക്.....!

    ReplyDelete
  17. നല്ല അവതരണം....അഭിനന്ദങ്ങള്‍ താഹിര്‍..........,

    ReplyDelete
  18. ഭയങ്കരം.... ഭാവനക്ക് നൂറില്‍ നൂറ്..... നന്നായി എഴുതി...... ഹോ.....

    ReplyDelete
  19. സ്വന്തമായതെല്ലാം ....
    എല്ലാം അന്ന്യമാകുന്ന വാര്‍ധക്യം
    അവിടെ ഓര്‍മ്മകള്‍ പോലും അന്ന്യമായാല്‍.....??
    ഹോ പേടി തോന്നുന്നു ...... ശക്തമായ ആഖ്യാനമാണ് ..
    ആശംസകള്‍....

    ReplyDelete
  20. നന്നായി അവതരിപ്പിച്ചു. നല്ല ആഖ്യാനം.

    ReplyDelete
Related Posts Plugin for WordPress, Blogger...