സത്യത്തില്‍ ഒരുപാട് പെണ്ണുങ്ങളെ ഒന്നും ഞാന്‍ വളച്ചിട്ടില്ല, എന്‍റെ മുഖം കണ്ടാല്‍ അറിയാം, ഞാന്‍ പക്കാ ഡീസന്റ് പാര്‍ട്ടിയാണ്..!
ഞാന്‍ പറയുന്നത് സ്വന്തം പെണ്ണിനെ വളയ്ക്കുന്നതിനെ കുറിച്ചാണ് അങ്ങനെ പറഞ്ഞാലും ശരിയാകില്ല പെണ്ണിനെ കെട്ടിയ ഉടനെ എങ്ങനെ വളയ്ക്കാം എന്നതിനെക്കുറിച്ച് ആണ്, കാരണം അപ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും അവളെ വളയ്ക്കാന്‍ കഴിയൂ
അത് കഴിഞ്ഞാല്‍ പിന്നെ അവര്‍ പാറയില്‍ കൊത്തിയതാ നിങ്ങളല്ല നിങ്ങടെ അപ്പൂപ്പന്‍ വിചാരിച്ചാല്‍ വളയില്ല. വളയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് നമുക്കൊരു കഥയാവാം..
ഒരു പരമസാധുവായ ഭര്‍ത്താവ് തന്‍റെ ഭാര്യയുടെ ഭരണത്തില്‍ മനംനൊന്ത് ജീവിതം തള്ളിനീക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കഷ്ടപ്പാട് കണ്ടിട്ട് സഹിക്കാനാവാതെ ഒരു കൂട്ടുകാരന്‍ ആശാനെ ഒരു മാര്യേജ് കൌണ്‍സിലററെ കാണിക്കാന്‍ കൊണ്ട് പോയി. കഥയെല്ലാം കേട്ടു കഴിഞ്ഞ് കൌണ്‍സിലര്‍ പറഞ്ഞു ഇവിടെ പ്രധാന പ്രശ്നം നിങ്ങള്‍ തന്റേടം കാണിക്കുന്നില്ല എന്നതാണ്, തന്റേടം കാണിക്കുന്ന ഭര്‍ത്താക്കന്മാരെ മാത്രമേ ഭാര്യമാര്‍ അനുസരിക്കൂ ഇല്ലെങ്കില്‍ അവര്‍ നമ്മളെ ഭരിക്കും.
പേടിക്കേണ്ട ഇത് വെറും ചീള് കേസ് അല്ലെ ഇപ്പൊ ശരിയാക്കിത്തരാം എന്നും പറഞ്ഞ് കൌണ്‍സിലര്‍ നമ്മുടെ പരമസാധുവിനെ കൊണ്ട് കൌണ്‍സിലര്‍ എഴുതിയ തന്റേടം ഉണ്ടാക്കാന്‍ പത്തു വഴികള്‍ എന്ന ഇരുപത്തഞ്ചു പേജ് പുസ്തകം 800 രൂപയ്ക്ക് വാങ്ങിപ്പിച്ചു. നമ്മുടെ പരമസാധു ഒറ്റ ഇരുപ്പിന് ആ പുസ്തകം മുഴുവന്‍ വായിച്ച് കമ്പ്ലീറ്റ് ചാര്‍ജ് ആയി വീട്ടിലേക്ക് കുതിച്ചു.
ചെന്ന പാടെ ശബ്ദം കര്‍ക്കശമാക്കി ഭാര്യയുടെ നേരെ വിരല്‍ചൂണ്ടി പറഞ്ഞു 'ഇന്നു മുതല്‍ ഈ വീട്ടില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഭര്‍ത്താവായിരിക്കും എന്‍റെ തീരുമാനങ്ങള്‍ അന്തിമവുമായിരിക്കും..!'
പകച്ചു നില്‍ക്കുന്ന ഭാര്യയെ നോക്കി ആശാന്‍ തുടര്‍ന്നു 'ഇന്ന് ഉച്ചക്ക് രുചികരമായ ഒരു ഭക്ഷണം ഞാന്‍ പ്രതീക്ഷിക്കുന്നു, ഭക്ഷണത്തിന് ശേഷം എനിക്ക് മധുരവും വേണം, രാത്രി കിടക്കുന്നതിനു മുന്‍പ് എനിക്ക് കുളിക്കാന്‍ നീ വെള്ളം ചൂടാക്കണം, കുളി കഴിഞ്ഞ് വരുമ്പോള്‍ എനിക്കുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കി നില്‍ക്കുന്നത് ആരാവും എന്ന് ഞാന്‍ പറയണോ..'
ഇമവെട്ടാതെ ഭാര്യ മൊഴിഞ്ഞു 'മയ്യത്ത് കുളിപ്പിച്ചവര്‍ തന്നെ ആവും..!'
പത്തു കൊല്ലം മുന്‍പ് കല്യാണം കഴിഞ്ഞ പാര്‍ട്ടിയാണ് നിങ്ങള്‍ എങ്കില്‍ ഈ പോസ്റ്റില്‍ ഞാന്‍ എഴുതിയത് നിങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാവാന്‍ പോവുന്നത് ഇതാണ്. ആദ്യമേ പറയട്ടെ നിങ്ങളെ കുളിപ്പിച്ച് കിടത്തിയിട്ട് കുപ്പായം എടുത്ത് തരാന്‍ എന്നെ കിട്ടില്ല നിങ്ങള്‍ എന്‍റെ ബ്ലോഗ് വായിച്ചിട്ടും ഇല്ല.. ഞാന്‍ നിങ്ങളോട് ഇത് പറഞ്ഞിട്ടും ഇല്ല.. നിങ്ങളുടെ ഭാര്യയേ വിധവ ആക്കിയതിന് ഒരു ഉത്തരവാദിത്വവും എനിക്കില്ല..
ആദ്യം തന്നെ ഒരു വാണിംഗ്. പ്രാകൃത രീതിയില്‍ സ്ത്രീകളെ പീഡിപ്പിച്ച് അടിമകള്‍ ആക്കുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ വിവരിക്കാന്‍ പോവുന്നത്, ലോലമാനസ്സുകള്‍ക്കും, അയ്യോ പാവക്കാര്‍ക്കും, ചോര കണ്ടാല്‍ തല കറങ്ങുന്നവര്‍ക്കും ഇത് താങ്ങാന്‍ പറ്റിയെന്ന് വരില്ല അവര്‍ വല്ല കോമഡി പോസ്റ്റും വായിക്കുന്നതായിരിക്കും ഉത്തമം അല്ലെങ്കില്‍ ഇങ്ങനത്തെ വല്ല പോസ്റ്റിലും ചൊറിഞ്ഞു ഇരിക്കുന്നതും നല്ലതാണ്.
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. കഥയെല്ലാം വായിച്ച് ഒരു കോമഡി മൂഡില്‍ നിങ്ങള്‍ തുടങ്ങണ്ട, ഞാന്‍ വളരെ പ്രാധാന്യം നിറഞ്ഞ ഒരു ക്ലാസ്സ് ആണ് എടുക്കുന്നത്. യൂയെസ്സില്‍ എല്ലാം ഞാന്‍ ഫൈവ് ഹന്ദ്രേട് യൂയെസ്ഡി പെര്‍ ഹവറില്‍ ചാര്‍ജ്ജ് ചെയ്യുമായിരുന്നു, നിര്‍ഭാഗ്യവശാല്‍ ഇത് വരെ പോവാന്‍ ആയിട്ടില്ല, ഒരു കണക്കിന് നിങ്ങടെയൊക്കെ ഭാഗ്യം, ഫ്രീ ആയി ഇതെല്ലാം പഠിക്കാന്‍ ആയല്ലോ. വേണ്ട വേണ്ട ഗിഫ്റ്റ് ഒന്നും വേണ്ടാ, ഇതൊക്കെ വായിച്ച്, ഇത് പോലൊക്കെ ചെയ്ത് നിങ്ങളുടെ എല്ലാം ജീവിതം ഒരു വഴിക്കായാല്‍ എനിക്ക് സന്തോഷമായി, ഈ കല്യാണക്കുറിയില്‍ എല്ലാം കാണാറില്ലേ 'ഗിഫ്റ്റ്സ് ഇന്‍ ദി ഫോം ഓഫ് ബ്ലേസ്സിംഗ്സ് ഒണ്‍ലി' എന്ന് - ഇപ്പൊ അതുമതി, ഇനിയും സമയം ഉണ്ടല്ലോ..!
മൃദുലം - നമ്മള്‍ മലയാളികള്‍ പ്രവാസികള്‍ ആണ്, സ്ഥായിയായി നില്‍ക്കാന്‍ യോഗമില്ലത്തവര്‍, കണ്ണൂരാന്‍ പറഞ്ഞ പോലെ മീന്‍കൂട്ടാന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്ത ശീലങ്ങള്‍ ഉള്ള നമ്മള്‍ എല്ലാം എത്ര പെട്ടെന്നാണ് പുതിയൊരു നാട്ടില്‍ പുതിയ കാലാവസ്ഥകളുമായി ഇണങ്ങുന്നത്. എത്ര പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നിലും നമ്മള്‍ പിടിച്ചു നില്‍ക്കുന്നു, പഴയ ശീലങ്ങള്‍ നമ്മള്‍ മറക്കുന്നു, പുതിയ ശീലങ്ങള്‍ അവയെത്ര കഠിനമായാലും പരാതികള്‍ പറയാതെ നമ്മള്‍ അണിയുന്നു. നാട്ടില്‍ ഇരുപതിനായിരം സമ്പാദിച്ചവന്‍ മണല്‍നാട്ടില്‍ ആയിരം റിയാല്‍ ശമ്പളത്തിനു നില്‍ക്കുന്നു.
ഈ യാഥാര്‍ത്ഥ്യങ്ങളുമായി സാവധാനം പൊരുത്തപെട്ടുവരുമ്പോള്‍ നമുക്ക് മുന്നില്‍ അതാ പുതിയൊരു പ്രശ്നം, ആയിരം രൂപ ശമ്പളം തരാമെന്നേറ്റ കമ്പനി വാക്ക് മാറി തൊള്ളായിരം തരുമെന്ന് പറയുന്നു. തൊള്ളായിരം എന്‍റെ പട്ടിക്ക് വേണം, ഞാനേയ് നാട്ടില്‍ ഇരുപതിനായിരം രൂപക്ക് കച്ചവടം നടത്തിയിരുന്നവനാ എനിക്കിനിയും പറ്റും ആ പണി, അടിയെടാ എക്സിറ്റ്.
എന്താണ് ഇവിടെ സംഭവിച്ചത് നമ്മള്‍ പുതിയൊരു ചുറ്റുപാടുമായി ഇണങ്ങി വരികയായിരുന്നു അപ്പോഴാണ് ഒരു മാറ്റം, അത് എത്ര ചെറുതാണ് എന്നതല്ല പ്രശ്നം, അത് അംഗീകരിക്കാന്‍ നമുക്കാവില്ല. ഇനി ഈ ഉദാഹരണം തന്നെ തിരിച്ചായാലോ തൊള്ളായിരം റിയാലുകാരന് നൂറ് റിയാല്‍ കൂട്ടികിട്ടിയാലോ, അവന്‍റെ കണ്ണില്‍ ഇനി ഇതില്‍പരം ഒരു നല്ല കമ്പനി വേറെ കിട്ടാന്‍ ഇല്ല.
ഈ മനശാസ്ത്രം തന്നെയാണ് ഒരു പാട് സൌഭാഗ്യങ്ങളില്‍ കളിച്ചു വളര്‍ന്ന പെണ്ണിനും ഉള്ളത്. അവള്‍ കയറിവരുമ്പോള്‍ നമ്മള്‍ പുതുപെണ്ണിന് നമ്മുടെ വീട് സ്വര്‍ഗ്ഗമാക്കി കൊടുക്കും, പുതുക്കം മാറുമ്പോള്‍ നമ്മള്‍ നമ്മുടെ മുഖംമൂടി അഴിച്ചു വെക്കും, അത് പക്ഷെ അംഗീകരിക്കാന്‍ അവള്‍ക്കാവില്ല, ആ മാറ്റം എത്ര ചെറുതാണെങ്കിലും, അവിടെയാണ് താളപിഴകള്‍ തുടങ്ങുന്നത്. നമ്മള്‍ തിരിച്ചാണ് ചെയ്യേണ്ടത് ആദ്യം അവളുടെ ലോകം ഇറുക്കമുള്ളതാക്കണം, അവള്‍ മെഴുകാണ് എത്ര പരുക്കനായാലും നിങ്ങളുടെ വീടുമായി അവള്‍ ഇഴുകിചേരും.
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമല്ല അവളെയും കൂട്ടി സിങ്കപ്പൂരിലേക്ക് ഹണിമൂണിനായി തിരിക്കേണ്ടത്, മൂന്ന് മാസത്തിന് ശേഷമാണ്, അപ്പോള്‍ അവള്‍ക്ക് സിങ്കപ്പൂര്‍ ഒന്നും വേണ്ടി വരില്ല, ഊട്ടി തന്നെ അവളെ സന്തോഷവതിയാക്കും.
സ്നേഹം: ഇവളെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം, കണ്ടില്ലേ അവളുടെ സ്നേഹം എന്ന് ഈ ലോകത്തോട് വിളിച്ചു പറയാന്‍ ആദ്യ ദിനങ്ങളില്‍ നിങ്ങള്‍ കൊതിക്കും (ഇത് ട്രൈലെര്‍ അല്ലെ പടം തുടങ്ങാന്‍ ഇരിക്കുന്നതല്ലേ ഉള്ളൂ). മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നിങ്ങള്‍ അവളോട് സ്നേഹപ്രകടനം നടത്തരുത്. പ്രത്യേകിച്ച് നിങ്ങളുടെ അമ്മയുടെയോ, സഹോദരിയുടെയോ മുന്നില്‍ വെച്ച്. അത് ഇന്നലെ കേറി വന്ന ഇവളുടെ വാലിന്‍ തുമ്പിലാണ് നിങ്ങള്‍ എന്ന ചിന്ത അവര്‍ക്കുണ്ടാക്കും.
ഒരു വിവാഹശേഷം നിങ്ങള്‍ക്ക് പ്രകടമായ ഒരു മാറ്റവും ഇല്ല എന്ന് അവര്‍ക്ക് ബോധ്യമാവുന്നതാണ് നിങ്ങളുടെ ഭാര്യക്ക് നിങ്ങളുടെ വീട്ടില്‍ സ്വീകാര്യത നല്‍കുന്നത്, അതില്ലാത്തിടത്താണ് അമ്മായിയമ്മപോരും നാത്തൂന്‍പോരും സജീവമാവുന്നത്. ഭര്‍ത്താവിനെ പേര് വിളിക്കുന്നതും, എടാ പോടാ വിളികളും, തലോടലും, ചെര്‍ന്നിരിക്കലും (ആറ് മാസം ഒന്ന് കഴിഞ്ഞോട്ടേ, ഒരു റൂമില്‍ തന്നെ രണ്ടും കൂടി ഇരിക്കാന്‍ മടിക്കും), മടിയില്‍ കിടത്തവും, കളിയാക്കലും (പ്രത്യേകിച്ച് ഭാര്യ ഭര്‍ത്താവിനെ) ഒന്നും പഴയ ആളുകള്‍ക്ക് ഇഷ്ട്ടമായി എന്ന് വരില്ല അതെല്ലാം നാല് ചുവരുകള്‍ക്ക് ഉള്ളില്‍ നമ്മള്‍ നിര്‍ത്തണം.
സ്ഥാനം: എന്‍റെ മകന്‍റെ കൈ പിടിച്ച് കയറിവരുന്നവള്‍ എന്‍റെ മകളാണ്, മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാരും അങ്ങിനെ കരുതി തന്നെയാണ് പുതിയ അംഗത്തെ വരവേല്‍ക്കുന്നത്. ആദ്യമെല്ലാം മരുമകളും സ്വന്തം അമ്മയെക്കാള്‍ കാര്യമായി തന്നെയാണ് ഭര്‍ത്താവിന്റെ അമ്മയെ കാണാറുള്ളത്. വീട്ടിലുള്ളവരുടെ മത്സരിച്ചുള്ള സ്നേഹപ്രകടനങ്ങള്‍ കുറച്ചൊന്ന് തണുക്കുമ്പോള്‍ അമ്മയ്ക്ക് തോന്നും ഇവള്‍ കരുതിയ അത്ര ഉഷാര്‍ അല്ലെ എന്ന് മോന്‍റെ കാര്യങ്ങളില്‍ എന്‍റെ കൂടി ഒരു കണ്ണ് വേണോ എന്ന്. അപ്പൊ ഭാര്യക്ക് തോന്നും ഈ 'തള്ള' കാരണം ഞങ്ങള്‍ക്ക് ഒന്നിനും ഒരു പ്രൈവസി ഇല്ല ഉടനെ അമ്മയ്ക്കും തോന്നും ഇവള്‍ എന്‍റെ മോനെ എന്നില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നുണ്ടോ എന്ന്, അപ്പോഴാണ് ഇവള്‍ മകളല്ല എന്നും കൈവിഷക്കാരിയായ മരുമകള്‍ ആണെന്നും അവര്‍ തീരുമാനിക്കുക.
കുറ്റം ഇവരുടെ രണ്ടും അല്ല, അവള്‍ക്ക് നിങ്ങളുടെ വീട്ടില്‍ നിന്നും കിട്ടുന്ന സ്വാതന്ത്ര്യവും സ്നേഹവും തുടക്കത്തില്‍ മാത്രമേ കാണൂ എന്നും, എല്ലാരും അവളെ സ്വന്തം മോളെക്കാള്‍ സ്നേഹത്തില്‍ പെരുമാറുന്നത് കണ്ടു നീ ഇവിടെ ഒരു മകളുടെ സ്ഥാനം എടുക്കരുത് എന്നും പറഞ്ഞു കൊടുക്കാത്ത നിങ്ങളുടെയാണ്. നിങ്ങളുടെ സാമീപ്യം 'ഇവരുടെയെല്ലാം ശല്യം കൊണ്ട്' കിട്ടാതിരിക്കുന്ന അവളോട് നിങ്ങള്‍ എന്‍റെ മാതാപിതാക്കളുടെ നന്മയും അവര്‍ നിനക്ക് നല്‍കുന്ന ദാനവും മാത്രമാണ് ഞാന്‍ എന്ന് ഓതികൊടുത്താല്‍ അവരെ ബഹുമാനിക്കാന്‍ അവള്‍ക്കാവും. അത് മാത്രമല്ല നിങ്ങള്‍ക്ക് ജന്മം തന്നവരെക്കള്‍ സ്ഥാനം അവള്‍ക്കില്ല എന്ന് അവളെ ആദ്യമേ സ്നേഹത്തില്‍ അറിയിക്കണം.
ചിലവുകള്‍: എന്‍റെ ആദ്യത്തെ കല്യാണമാണ് അവള്‍ക്ക് ഒന്നിനും ഒരു കുറവും പാടില്ല എന്ന രീതി നന്നല്ല. മുത്തുകളും കല്ലുകളും പതിപ്പിച്ച വില കൂടിയ വസ്ത്രങ്ങള്‍ ഇല്ലെങ്കിലും അവള്‍ അത്യാവശ്യം സുന്ദരിയാണെന്നും, നിന്‍റെ മനസ്സിന്‍റെ ഭംഗിയാണ് എനിക്ക് അവശ്യം എന്ന് ആദ്യമേ നിങ്ങള്‍ ശഠിക്കണം അല്ലാതെ ആദ്യം തന്നെ അവളെ ഒരുക്കി രാജകുമാരിയാക്കി ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ കണ്ടാ കണ്ടാ എനിക്കടിച്ച കോള് കണ്ടാ എന്ന മട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ട് പിന്നെ അവള്‍ എന്നെ കുത്തുപാളയെടുപ്പിക്കും എന്ന് പറയരുത്. അവളുടെ പ്രതീക്ഷകള്‍ക്ക് തിളക്കം ആദ്യം മുതലേ കുറയ്ക്കുന്നത് നല്ലതാണ്.
പ്രവാസികള്‍ക്ക് പലപ്പോഴും പറ്റുന്ന ഒരു കുഴപ്പമുണ്ട് നമ്മുടെ വരുമാനം എത്രയാണ് എന്ന് നമ്മുടെ ഇണയും വീട്ടുകാരും ഒന്നും അറിയില്ല. അവര്‍ കരുതുന്നത് ഓരോ വരവിനും കൈ നിറയെ സമ്മാനങ്ങള്‍ നല്‍കുന്ന നിങ്ങളുടെ കൈകള്‍ നിറഞ്ഞിരിപ്പാണ് എന്ന് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ നിജസ്ഥിതി ആദ്യമേ അറിഞ്ഞാല്‍ അധിക പെണ്‍കുട്ടികളും അതിനൊത്ത് പ്രതീക്ഷകള്‍ ക്രമപ്പെടുതും.
അഭിപ്രായം: പുതുക്കത്തില്‍ എല്ലാവര്‍ക്കും അവളുടെ അഭിപ്രായം അറിയാന്‍ മത്സരമാവും. മോളെ എനിക്കിപ്പോ കുടിക്കാന്‍ ചായയാണോ കാപ്പിയാണോ നല്ലത്, മോള് പറ മോള് പറയാതെ ഞാന്‍ ഒരു തുള്ളി വെള്ളമിറക്കില്ല എന്ന് കുടുംബത്തില്‍ ആരെങ്കിലും പറയുന്നത് കേട്ടാല്‍ നിങ്ങളുടെ കണ്ണ് തള്ളണ്ട, അതും അതിലപ്പുറവും കാണും ആദ്യ കുറച്ച് ദിവസത്തേക്ക്. ഇതെല്ലാം കേട്ട് എല്ലാവരെയും മുന്നില്‍ അവള്‍ ആളാകുന്നതിന് മുന്‍പ് നിങ്ങള്‍ തന്നെ ആ കുഞ്ഞു മുഴ പൊട്ടിച്ചു കൊടുക്കണം.
നിന്‍റെ അഭിപ്രായം എന്‍റെ മുന്നില്‍ മാത്രം പറയാന്‍ ഉള്ളതാണ്, വീട്ടിലുള്ള ആരുടെ കാര്യത്തിലും നീ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അഭിപ്രായം പറയരുത് എന്ന് അവളെ പഠിപ്പിക്കണം. ആദ്യ ദിനങ്ങളില്‍ ഉള്ള അവളുടെ അഭിപ്രായങ്ങള്‍ അവളെ അളക്കാന്‍ ഉള്ള അളവ് കോലുകള്‍ മാത്രമാണ് എന്ന് തിരിച്ചറിഞ്ഞാല്‍ അവള്‍ക്ക് 'നാക്കിനു എല്ലില്ലാത്തവള്‍' ആവാതിരിക്കാന്‍ ആവും.
സ്വകാര്യത: ചിലരെങ്കിലുമുണ്ട് ജീവിതം ഒരു തുറന്ന പുസ്തകം ആവണം എന്ന് കരുതുന്നവര്‍, ദമ്പതികള്‍ക്കിടയില്‍ രഹസ്യം ഒന്നും ഉണ്ടാവരുത് എന്നവര്‍ പറയും, അതും കേട്ട് നിങ്ങള്‍ എല്ലാം തുറന്ന് പറഞ്ഞു പോയാല്‍ പിന്നെ ഇതുപോലുള്ള പോസ്റ്റ് വായിച്ച് നെടുവീര്‍പ്പിട്ടു നടക്കാം. സ്ത്രീകള്‍ നമ്മുടെ ചിന്തകള്‍ക്ക് വൈകാരികമായ നിറം നല്‍കി അവയ്ക്ക് പുതിയ ഭാവം നല്‍കുന്നു, പലപ്പോഴും നമ്മുടെ പ്രവര്‍ത്തികള്‍ക്ക് അവര്‍ പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്നത് അതുകൊണ്ടാണ്.
നമ്മള്‍ ആവശ്യമുള്ളത് മാത്രമേ അവരോട് പറയാവൂ ഇല്ലെങ്കില്‍ അത് പാറി പോണ അടിയേ ഏണി വെച്ച് കേറി കൊണ്ടത് പോലാവും, അത് പോലെ തന്നെ നിങ്ങള്‍ അവരുടെ സ്വകാര്യതകള്‍ ചികഞ്ഞ് പോവരുത് അത് കൊണ്ട് സന്തോഷം ഏതായാലും കിട്ടാന്‍ പോവുന്നില്ല. അവള്‍ അറിയേണ്ടതില്ലാത്ത വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അത് തുറന്നങ്ങ് പറയണം അതിനെ കുറിച്ചുള്ള ചര്‍ച്ച നമുക്കിനി വേണ്ടാ, ഞാന്‍ ഈ കാര്യത്തില്‍ ഇന്ന തീരുമാനം എടുത്തിരിക്കുന്നു എന്ന്.
അതിനര്‍ത്ഥം നമുക്ക് രഹസ്യം നിറഞ്ഞ, വികൃതമായ മറ്റൊരു മുഖം ഉണ്ടാവാം എന്നല്ല, മറിച്ചു അവളുടെ മുന്നില്‍ ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കിലും അവള്‍ 'എല്ലാ കാര്യവും അറിയേണ്ടതില്ല' എന്ന സമീപനം ആദ്യമേ എടുക്കുന്നത് ഭാവിയില്‍ ഒരുപാട് ഗുണം ചെയ്യും.
തുല്യര്‍: ഭാര്യ നിങ്ങള്‍ക്ക് ഇണയും തുണയുമാണ്. അതിനര്‍ത്ഥം അവള്‍ക്ക് തുല്യ അവകാശം ആണ്, അവരുടെ കൂടേ താത്പര്യം, അവരുടെ ഇഷ്ടം, അവരുടെ സമ്മതം ഇതെല്ലം നോക്കിയെ എന്തും ചെയ്യാവൂ. ഇതാണോ നിങ്ങള്‍ ചെയ്യുന്നത്‍ എങ്കില്‍ നിങ്ങളുടെ കാര്യം കട്ട പൊകയാ. ഇണയായി എന്നാല്‍ തുല്യയായി എന്നര്‍ത്ഥം ഇല്ല. നമ്മള്‍ നമ്മെ ഭരിക്കാന്‍ ഒരു പാട് രാഷ്ട്രീയ നേതാക്കളെ അനുവദിക്കുന്നില്ലേ, വിദ്യാഭ്യാസം തൊട്ടുതീണ്ടാത്തവനെ വിദ്യാഭ്യാസ മന്ത്രിയായി അംഗീകരിക്കുന്നില്ലേ, അത് അവര്‍ നമ്മെക്കാള്‍ കഴിവുള്ളവര്‍ ആയതുകൊണ്ട് അല്ലല്ലോ, അതൊരു സ്ഥാനമാണ്, ആ സ്ഥാനം അവര്‍ക്ക് നാം നല്‍കുന്നു.
ജീവിതത്തില്‍ ഭരിക്കാനുള്ള സ്ഥാനം പുരുഷനാണ്, അവള്‍ ഒരിക്കലും നിങ്ങള്‍ക്ക് തുല്യയല്ല. സത്യത്തില്‍ അവള്‍ നിങ്ങളേക്കാള്‍ ഒരുപാട് കേമിയാണ്, ആ തിരിച്ചറിവ് നിങ്ങള്‍ക്ക് വേണം, അവളെ കുറച്ച് കാണരുത് അവള്‍ക്ക് അര്‍ഹമായ ബഹുമാനവും, പരിഗണനയും വേണം പക്ഷെ അതിനര്‍ത്ഥം അവളെ തുല്യയായി കാണണം എന്നല്ല. ഒന്ന് പക്ഷെ നിങ്ങള്‍ ഓര്‍ക്കണം ജീവിതത്തെയാണ് നിങ്ങള്‍ ഭരിക്കേണ്ടത് അവളെയല്ല, അവള്‍ അതില്‍ ഒരു ഭാഗം മാത്രമാണ്.
ഇവളുമാരെ തുല്യമാക്കി അയയില്‍ ഇരിക്കുന്ന പാമ്പിനെ.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട..ഹും.!
സഹായം: ഭാര്യയും ഭര്‍ത്താവും പരസ്പരം സഹായിച്ചു മുന്നോട്ടു പോവണം, നിങ്ങള്‍ ദോശ ചുടുകയാണെങ്കില്‍, ഞാന്‍ സാംബാര്‍ ഉണ്ടാക്കാം, നിങ്ങള്‍ അലക്കണം ഞാന്‍ തേച്ചുതരാം, ശരിയല്ലേ, അല്ല. വീട് കൊണ്ട് നടക്കുന്നത് ഭാര്യയുടെ ജോലിയാണ്, നിങ്ങളുടെ ജോലി വീട്ടിന്‍റെയും, വീട്ടിലുള്ളവരുടെയും സംരക്ഷണമാണ്. അവരെ കഴിയുന്ന രീതിയില്‍ എല്ലാം സഹായിക്കണം അത് പക്ഷെ ഒരിക്കലും സ്ഥിരമായി ഒരു ജോലിയും ഏറ്റെടുത്തു കൊണ്ടാവരുത്. ഓരോ പ്രാവശ്യവും ആവശ്യപ്പെട്ടാല്‍ മാത്രം സഹായിക്കുക.
ചിലര്‍ അവള്‍ ചെയ്യുന്ന ജോലി അവളെക്കാള്‍ നന്നായി എനിക്ക് പറ്റും എന്ന് കാണിച്ചു കൊടുത്ത് 'എന്നാ പിന്നെ ഈ പണി ഇനി നിങ്ങള്‍ അങ്ങ് ചെയ്‌താല്‍ മതി..' എന്നത് ഒരു വെല്ലുവിളിയായി സ്വീകരിച്ചു കാണാറുണ്ട്, അവര്‍ക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട് എന്നെ ഞാന്‍ പറയൂ. നിങ്ങളുടെ ഭാര്യ ഒരിക്കലും നിങ്ങള്‍ക്ക് പകരമാവില്ല അവള്‍ക്ക് പകരമാവാന്‍ നിങ്ങള്‍ക്കും ആവില്ല, ആവും എന്ന് തോന്നുന്നവര്‍ കല്യാണം കഴിക്കരുത് എന്നാണ് എന്റെ അഭിപ്രായം.
പലപ്പോഴും നിങ്ങളുടെ സഹായത്തെക്കാള്‍ അവര്‍ക്ക് താത്പര്യം നിങ്ങളുടെ സ്നേഹം നിറഞ്ഞ സാമീപ്യമാണ്, സ്നേഹം നിറഞ്ഞ ഒരു വാക്ക് ഒരു സാന്ത്വനം ഇതെല്ലാമാണ് പലപ്പോഴും നിലം തുടച്ചു കൊടുക്കുന്നതിനെക്കള്‍ അഭികാമ്യം, എന്‍റെ കാഴ്ചപ്പാടില്‍ നമുക്ക് 'വലിയ കഷ്ടപ്പാടില്ലാതെ' ചെയ്തു കൊടുക്കാവുന്ന ഒരു കാര്യമാണത്.
പക്ഷേ നമുക്ക് പലപ്പോഴും ഒന്നും രണ്ടും പറഞ്ഞ് അവരുടെ കണ്ണും നിറയിച്ചു ഒരു കോംബ്രിമൈസ് ആയി തേപ്പും, തുടയും, മുല കൊടുക്കലും എല്ലാം ഇനി ഞാന്‍ ചെയ്യാം എന്ന് പറഞ്ഞ് സ്ത്രീ സമത്വത്തെ ന്യായീകരിച്ചു കാണുന്നത് കാണുമ്പോള്‍ രണ്ടക്ഷമാണ് പറയാന്‍ തോന്നുക 'കഷ്ടം' (കഷ്ടം' രണ്ടക്ഷരം ആണോ എന്ന കാര്യത്തില്‍ തര്‍ക്കമുള്ളത് മറക്കുന്നില്ല)
അംഗീകാരം: കൊച്ചാക്കാന്‍ ഏതു കൊച്ചിക്കാരനും പറ്റും എന്നാണല്ലോ.! നിങ്ങള്‍ അവളെ കൊച്ചാക്കുമ്പോള്‍ പുറത്തേക്ക് കാണിച്ചില്ലെങ്കില്‍ പോലും (അതൊക്കെ പണ്ട് ഇന്ന് അവള്‍ കൊച്ചാക്കിയിട്ടേ നമുക്ക് ചാന്‍സ് പോലും കിട്ടൂ) ഉള്ളില്‍ അവള്‍ നിങ്ങളെ കൊച്ചാക്കുന്നുണ്ട് എന്ന് മറക്കണ്ട. നിങ്ങള്‍ അവളെ പരിഹസിക്കുകയോ, കളിയാക്കുകയോ, കൊച്ചാക്കുകയോ ചെയ്യുന്നെങ്കില്‍ അതെല്ലാം നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം.
മറ്റുള്ളവരുടെ മുന്നില്‍ അവള്‍ക്ക്, അവള്‍ക്ക് നല്‍കേണ്ട അംഗീകാരം, നിങ്ങള്‍ നല്‍കണം, നിങ്ങള്‍ നല്‍കിയാല്‍ മാത്രേ മറ്റുള്ളവര്‍ അത് നല്‍കൂ. തീരേ ബോധമില്ലാത്തവന്‍ ആണ് ഭാര്യയെ മറ്റുള്ളവരുടെ മുന്നില്‍ കൊച്ചാക്കൂ കാരണം അവള്‍ ഈ വീട്ടില്‍ നില്‍ക്കുന്നത് നിങ്ങളുടെ അഡ്രസ്സില്‍ ആണെന്നും അവള്‍ മറ്റുള്ളവരുടെ മുന്നില്‍ കൊച്ചാവുന്നുണ്ടെങ്കില്‍ അതിന്നര്‍ത്ഥം നിങ്ങള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ഉള്ള അംഗീകാരം അത്രയേ ഉള്ളൂ എന്നും ഓര്‍ത്താല്‍ അവള്‍ നിങ്ങള്‍ക്ക് വില നല്‍കും.
ഇരട്ട ശമ്പളം: ഇത് പലര്‍ക്കും വൈകാരികമായ ഒരു വിഷയമാണ്. ഭാര്യയേ കഴിയുമെങ്കില്‍ ജോലിക്ക് അയക്കരുത് എന്ന് പറഞ്ഞാല്‍ പലരുടെയും മുഖം വാടും, പ്രത്യേകിച്ച് തൊഴില്‍ സാദ്ധ്യത ഉള്ള വിദ്യാഭ്യാസം ഉള്ള പെണ്‍കുട്ടിക്ക് കമ്പോളത്തില്‍ കൂടുതല്‍ മാര്‍ക്കറ്റ് ഉള്ള ഇക്കാലത്ത്. ഭാര്യയെ ജോലിക്കയക്കുകയാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അവളുടെ കാശ് വീട്ടുചിലവുകള്‍ക്ക് എടുക്കരുത്, അത് നിങ്ങളുടെ വരുമാനത്തില്‍ നിന്ന് തന്നെ പോവണം കാരണം വീടിന്‍റെ സംരക്ഷണം പുരുഷന്‍റെ മാത്രം ധര്‍മ്മമാണ് അവളുടെ വരുമാനം ഒരു സമ്പാദ്യമായി അവളുടെ പക്കലോ, വീട് നിര്‍മ്മിക്കാനോ ഒക്കേ ഉപയോഗിക്കാം.
ഇനി ഇതിന് മറ്റൊരു വശം കൂടിയുണ്ട് ഞാന്‍ ജോലിസ്ഥലത്ത് കണ്ടെത്തിയ അധിക പെണ്‍കുട്ടികളും ജോലിചെയ്യുന്നതില്‍ തൃപ്തരായിരുന്നില്ല, പ്രത്യേകിച്ച് അമ്മമാര്‍, അവരുടെ ഭര്‍ത്താവിന്‍റെ വരുമാനം കുടുംബം മുന്നോട്ട് കൊണ്ടുപോവാന്‍ മതിയാവാതെ വരുമ്പോള്‍ ഈ വഴി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായവര്‍ ആണവര്. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല അമേരിക്കയില്‍ പ്യൂ റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ 62% സ്ത്രീകളും പാര്‍ട്ട് ടൈം ജോലി ആയിരുന്നെങ്കില്‍ കുടുംബജീവിതത്തിനു നന്നായിരുന്നേനെ എന്ന അഭിപ്രായക്കാരാണ്.
ഇരട്ട ശമ്പളം കൊണ്ട് നമ്മുടെ ജീവിതത്തില്‍ നമുക്ക് പലതും നേടാന്‍ ആവും, പ്രത്യേകിച്ച് മോഹിക്കുന്നതെന്തും സ്വന്തമാക്കാന്‍ സഹായിക്കുന്ന വായ്പ്പാ പദ്ധതികളും, ഉയര്‍ന്ന ശമ്പളവും മറ്റും ഉള്ള ഇക്കാലത്ത്, പക്ഷെ കൂട്ടത്തില്‍ ജീവിതം പലപ്പോഴും വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി പോവുന്നത് കാണാറില്ല ഇല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കേണ്ടി വരാറുണ്ട്. എന്തുകൊണ്ടാണെന്നോ, നമ്മള്‍ ഒരു മോഹലോകത്താണ്, നാല്‍പതു ലക്ഷത്തിന്‍റെ ഫ്ലാറ്റും, സ്കോര്‍പിയോ കാറും, ഐപാഡും എല്ലാം കിട്ടിയാല്‍ സന്തോഷം ഉണ്ടാവുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ദാമ്പത്യസുഖം വേണോ അതോ സാമ്പത്യസുഖം വേണോ എന്ന് ആദ്യം തീരുമാനിക്കണം.
കഴിഞ്ഞ ദിവസം ഇരുപത്തിയാറുകാരനായ ഒരു ഐടിക്കാരനെ ഞാന്‍ കണ്ടുമുട്ടി അവന്‍റെ വാക്കുകള്‍ ഞാന്‍ കടം എടുക്കട്ടെ. അവന്‍ പറഞ്ഞു - എന്‍റെ ഭാര്യ കമ്പ്യൂട്ടര്‍ ഗ്രാജുവേറ്റ് ആണ് പക്ഷേ ഞാന്‍ അവളെ ജോലിക്കയക്കുന്നില്ല, എന്‍റെ സഹപാഠിയും ഭാര്യയും കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍സ് ആണ് രണ്ടു പേര്‍ക്കും നല്ല ജോലിയാണ് അവരുടെ വീട്ടില്‍ നാല്പ്പത്തിരണ്ട് ഇഞ്ച് ടിവി ഉണ്ട് പക്ഷേ അതില്‍ ഒരു സിനിമ പോലും കാണാന്‍ അവര്‍ക്കാവുന്നില്ല എന്‍റെ വീട്ടില്‍ ഇരുപത്തിരണ്ടു ഇഞ്ച് ടിവി ആണുള്ളത് പക്ഷേ ഞാനും ഭാര്യയും ഒന്നിച്ചിരുന്നാണ് ടിവി കാണാറുള്ളത്..!
സ്ത്രീധനം: കാശ് കൊടുത്ത് വാങ്ങിയിട്ടും ഉടമസ്ഥാവകാശം ഇല്ലാത്ത ഏക വസ്തു എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ.. ഭര്‍ത്താവാണത്. മറ്റെന്തും നമ്മള്‍ കാശുകൊടുത്ത് വാങ്ങിയാല്‍ അതിനെ നമുക്ക് നിയന്ത്രിക്കാന്‍, നമ്മുടെ വരുതിയില്‍ നിര്‍ത്താന്‍ നമുക്ക് വാശിയാണ്, അത് നമ്മുടെ അവകാശവും ആണ്.. പക്ഷെ ഭര്‍ത്താവ് എന്ന ഈ മുതലിന് മാത്രം എന്തോ ഇത് വരേ ഈ ബുദ്ധിഉദിച്ചിട്ടില്ല. അവന്‍റെ മനസ്സില്‍ മാത്രം അവനെ കാശ് കൊടുത്ത് വാങ്ങി വന്നവള്‍ 'അവന്' ചവിട്ടി അരയ്ക്കാന്‍ ഉള്ളവളാണ്.
നിങ്ങളുടെ ചിറകുകള്‍ക്ക് ബലമുന്ടെന്കില്‍ സ്ത്രീധനം വാങ്ങാതെ നോക്കണം, പലപ്പോഴും സോഷ്യല്‍ പ്രഷര്‍ കാരണം നമുക്ക് വാങ്ങാതിരിക്കുക പ്രയാസമാണ്, നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ കഴിയുമെങ്കില്‍ അത് അവളുടെ സമ്പാദ്യമായി അവള്‍ക്കു തന്നെ സൂക്ഷിക്കാന്‍ നല്‍കുക, അതായത് അത് നിങ്ങള്‍ എടുക്കാതിരിക്കുക, ഇനി അത് എടുക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല എങ്കില്‍ ഏറ്റവും ചുരുങ്ങിയത് നിങ്ങള്‍ അവളുടെ ഉടമയല്ല മറിച്ചാണ് സത്യം എന്ന യാഥാര്‍ത്ഥ്യം നിങ്ങളുടെ മനസ്സില്‍ എന്നും നിലനിര്‍ത്തി അവളോട് മാന്യമായി പെരുമാറാനെങ്കിലും ശ്രമിക്കുക, അതാണ് സത്യത്തില്‍ ആണത്തം.
എന്തോ ന്‍റെ പൊന്നൂ, ദാ വന്നൂ.. സോറി അവള്‍ വിളിക്കുന്നുണ്ട് മാവാട്ടാനാവും.. ഇവറ്റകള്‍ക്ക് നമ്മുടെ ഒരു വാരിയെല്ലിന്റെ ബലമേ ഉള്ളൂ പറഞ്ഞിട്ടെന്താ..
ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് 'തിരിയുന്നവന് തിരിയും തിരിയാത്തവന്‍ നട്ടംതിരിയും' നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വല്ലതും തിരിയുന്നുണ്ടോ ഉണ്ടെങ്കില്‍ ഇപ്പൊ നോക്കിയാല്‍ നിങ്ങള്‍ക്ക് അവളെ വളയ്ക്കാം ഇല്ലെങ്കില്‍ ഒരു യോഗാ ക്ലാസ്സിന് ചേര്‍ന്ന് ഞാന്‍ ഫോട്ടോയില്‍ ചെയ്യുന്ന ഈ കളത്രനിഷ്ഠാസനം എന്ന ആസനം ശീലിക്കുന്നത് ഇനി ഇവിടുന്നുള്ള ദാമ്പത്യത്തിനു വളരെ അത്യുത്തമമാണ്. ഞാന്‍ ഗാരണ്ടി..!
ന്നാ ഞാന്‍ ചെല്ലട്ടെ വിളിക്കുമ്പോള്‍ ആട്ടാന്‍ ചെന്നില്ലെങ്കില്‍ പിന്നെ അവളാട്ടും.. അപ്പൊ എല്ലാം പറഞ്ഞ പോലെ..ഹാപ്പി വളക്കിംഗ്..!
വാല്‍കഷ്ണം
ഇത്ര ഗാഢവും, ഗൂഡവുമായ കണ്ടെത്തലുകള്‍ നടത്താന്‍ എനിക്കുള്ള അനുഭവ പരിജ്ഞാനം എന്തായിരിക്കും എന്ന് താങ്കള്‍ക്ക് ജിജ്ഞാസ തോന്നുന്നത് സ്വാഭാവികമാണ്, ജിജ്ഞാസിച്ചോളൂ എനിക്ക് സന്തോഷമേയുള്ളൂ. ഞാനും അസിയും ജീവിതത്തില്‍ ഇരുപത് വര്‍ഷത്തോളം ആ..ന..ന്ത..ആനന്ത നടനം ആടിനാള്‍.. അതിന് ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. ഈ പോസ്റ്റ് അവള്‍ കണ്ടിട്ടില്ല കണ്ടാല്‍ അവള്‍ എന്താ പറയുക എന്ന് ഞാന്‍ തന്നെ പറഞ്ഞു തരാം 'ഞൊട്ടും, ഈ പരിപ്പേയ് ഇവിടത്തെ പ്രഷര്‍കുക്കറില്‍ വേവില്ല, പിന്നെല്ലേ, പാക്കിസ്ഥാനി തീവ്രവാദി ആന്നെന്നു മനസ്സില്‍ ഞാന്‍ കരുതി അങ്ങ് തട്ടി കളയും.. ഞാനേയ് ജവാന്‍റെ മോളാ,. ' എനിക്കല്ലേ മോനേ രാപ്പനി അറിയൂ..!
വവ്വാല്‍കഷ്ണം
ഈ പോസ്റ്റ് വായിച്ച ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി എന്‍റെ കണ്ടെത്തലുകള്‍ അവരുടെ ഇരുപത്തഞ്ച് വര്‍ഷത്തെ ഗവേഷണത്തിനു അടിവരയിടുന്ന തരത്തിലും, അതിനേക്കാള്‍ മികച്ചതും ആണെന്ന് അറിയിച്ചിട്ടുണ്ട്. മൊത്തം മലയാളികളുടെ അഭിമാനമായി മാറാന്‍ പോവുന്ന എന്നെ ആദരിക്കുവാന്‍ എനിക്ക് ഡെലിറ്റ് (DeLETe) ബിരുദം നല്‍കാന്‍ ഗൂഡമായി ആലോചന നടക്കുന്നതായി കേന്ദ്രവൈവിധ്യവിഭവശേഷ വകുപ്പും അറിയിച്ചിരുന്നു. എന്‍റെ പോസ്റ്റിന്റെ മികവിനു യാഹൂ ലോട്ടറി ഒരു മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് എന്ന് യാഹൂ കമ്പനിക്കാരുടെ ഇമെയില്‍ ഉണ്ടായിരുന്നു. ഓര്‍ക്കുമ്പോള്‍ തന്നെ കോള്‍മയിര്‍.. എനിക്ക് വയ്യ..!
വളരെ നന്നായിരിക്കുന്നു ..
ReplyDeleteതാങ്കളുടെ കാഴ്ച്ചപാടുകളോട് 95% സമാന്തരം പുലര്‍ത്തുന്നതാണ് എന്റെയും എന്ന് തോന്നിയപ്പോള്‍ ( ഈ വിഷയത്തില്‍ ) , വളരെ താല്പര്യത്തോടെ ഞാന്‍ രണ്ടു തവണ വായിച്ചു :))
ഇനിയും എഴുതുക .. അഭിനന്ദനങ്ങള്‍ !!!
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ തമാശ ആണ് എങ്കിലും കുറച്ചും കൂടി ഗൌരവത്തില്‍ കൈകാര്യം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം ..കാരണം ചില സംശയ രോഗികള്‍ ഇത് പോലെയുള്ളതു വായിച്ചു മനസ്സില്‍ വെക്കും ..പിന്നെ ഭാര്യമാര്‍ പറയുന്നതും ചെയ്യുന്നതും മുഴുവന്‍ ആ കണ്ണുകളിലൂടെ മാത്രമേ കാണൂ ......
ReplyDeleteപോസ്റ്റ് കലക്കി ..നര്‍മ്മം കൊള്ളാം
tutorialinu nandhi.. iniyum pratheekshikkunnu.. bharya vaayichathinu seshamulla prathikaranangalum pratheekshikkunnu ..
ReplyDeleteവെറുതെ അല്ല ഭര്‍ത്താവ്..
ReplyDeleteസംഗതി കലക്കി..... കല്യാണം കഴിച്ചിട്ടില്ല.... അതുകൊണ്ട് ആധികാരികമായി ഒന്നും പറയാന്‍ വയ്യ .....
ReplyDeleteഅഡ്രെസ്സ് തന്നാല്‍ കോഴ്സ് ഫീ അയച്ചു തരാം :P
ച്ഛായ്...നഷ്ടം നഷ്ടം
ReplyDelete25 വര്‍ഷം മുമ്പ് വായിക്കേണ്ടതായിരുന്നു ഞാന്‍ ഇത്
കലക്കി മാഷേ...
ReplyDeleteമുഴുവന്‍ വായിച്ചില്ല താഹിര്‍, എങ്കിലും പറഞ്ഞിടത്തോളം സംഗതി കുഴപ്പമില്ല. :)
ReplyDeleteവാര്‍ത്ത: ഫെമിനിസ്റ്റുകള്‍ ബ്ലോഗ്ഗറെ തല്ലിക്കൊന്നു..
ReplyDeleteഎന്‍റെ പോസ്റ്റിന്റെ മികവിനു യാഹൂ ലോട്ടറി ഒരു മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് എന്ന് യാഹൂ കമ്പനിക്കാരുടെ ഇമെയില്‍ ഉണ്ടായിരുന്നു. ഓര്‍ക്കുമ്പോള്‍ തന്നെ കോള്‍മയിര്‍.. എനിക്ക് വയ്യ..!
ReplyDeleteതളത്തില്‍ ചന്തുനായര്‍ക് ലോട്ടറി അടിച്ചെന്നു ദിനേശന്‍ പറഞ്ഞാരുന്നു ...
Deleteഭാര്യ കാണാതെ ഞാനും വായിചിട്ടുണ്ടേ
ReplyDeleteഹോ.. കല്യാണം കഴിഞ്ഞാലെങ്കിലും ഈ പഠിപ്പും പിടിപ്പുകേടുമൊക്കെ ഒന്ന് നിരുത്താമെന്നു വിചാരിച്ചിരുന്നു.. ഇതിപ്പോ അതിലും വല്യ കഷ്ടമാണല്ലോ പടച്ചോനെ.. കല്യാണം കഴിഞ്ഞിട്ട് ഇത്രക്കും വല്യ കോര്‍സ് ഒക്കെ ചെയ്യണോ ഒന്ന് ജീവിക്കാന്‍..! :)
ReplyDeleteഏതായാലു ഞാനിത് ഒന്ന് കോപ്പി - പേസ്റ്റ് ചെയ്തു വെക്കുവാ...
കല്യാണത്തിന്റെ തലേന്ന് ഒന്ന് റീവൈന്റ്റ് ചെയ്യാലോ..
ജീവിതമല്ലേ, ഈ ബൈബിളിലെങ്കിലും അതിനൊരു ഉത്തരമുന്ടെന്കിലോ...?!!
ഈശ്വരാ, എന്നെ പോലുള്ള ബാച്ചികളെ ഉമ്മാതിരി പോസ്റ്റിട്ട് നിങ്ങൾ പേടിപ്പിക്കുകയാണോ ബ്ലോഗരേ ചെയ്യുന്നത്,
ReplyDeleteഇതൊക്കെ ഇനി എങ്ങിനെ പഠിക്കും,
അല്ല ഞാൻ ഇനി ഒരു കാര്യം കൂടീ ചോദിക്കട്ടെ
ഞങ്ങൾ പെണ്ണ് കെട്ടണോ അതൊ വേണ്ടെ?
അല്ല അറിയാമേളാഞ്ഞിട്ട് ചോദിക്കാ,
താഹിര്‍ , നര്‍മ്മത്തില്‍ പൊതിഞ്ഞാണെങ്കിലും പറഞ്ഞിരിക്കുന്ന ജീവിതസത്യങ്ങള്‍ ചിന്തനീയം തന്നെ....
ReplyDeleteപറഞ്ഞതൊക്കെ പച്ച പരമാര്‍ത്ഥം തന്നെ !!
ReplyDelete...... ഇത് പോലെ പെണ്ണുങ്ങളെ വളക്കുന്ന വിദ്യ വേറെ ഉണ്ട് ...അത് കുറെ എളുപ്പമാണ് ..മയിലെണ്ണ ...പുറത്തു പുരട്ടി വെയിലത്ത് നിര്‍ത്തുക അപ്പോള്‍ കുറച്ചു കഴിയുമ്പോള്‍ മുകളിലെ ഫോട്ടോ പോലെ വളഞ്ഞു നില്കും... എന്നാണ് ജഗതി പറഞ്ഞിട്ടുള്ളത് ..എനിക്കറിയില്ല .
ReplyDelete