Tuesday, August 2, 2016

കെകെപിപി

ജാഗ്രതൈ ഈ പോസ്റ്റും വായിച്ച് കയ്യില്‍ ഉള്ള കാശ് ഇതില്‍ കൊണ്ടിട്ടാല്‍, ഇതെങ്ങാനും പൊട്ടിപ്പോയാല്‍ നഷ്ടം സഹിക്കാതെ തൂങ്ങാന്‍ വല്ല മരത്തിന്‍റെ ഉച്ചിയിലും കയറി കയറു പൊട്ടി കാലൊടിഞ്ഞു കിടപ്പിലായാല്‍, അമ്മച്ചിയാണേ നിങ്ങടെ പെണ്ണുമ്പിള്ളക്ക് ചിലവിനു തരാന്‍ ഞാന്‍ വിചാരിച്ചാലും കാര്യല്ല്യ, നടക്കൂല.. ന്‍റെ കെട്ടിയോള് സമ്മയ്ക്കൂല..

ഒടുക്കം എന്‍റെ നേരെ വരണ്ട, മുന്നേ പറഞ്ഞേക്കാം, ഞാന്‍ എനിക്ക് അറിയുന്ന കാര്യങ്ങള്‍ നാലാള്‍ക്ക് ഉപയോഗമായാലോ എന്ന് കരുതി ഒരു പോസ്റ്റ്‌ ഇടുന്നു.. എന്‍റെ ഇത്രേം കാലത്തെ അനുഭവം വെച്ച് ഞാന്‍ ഒരു വാട്ടി കൈ വെച്ചാ.. അത് എപ്പോ നാല്പതു നിലയില്‍ പൊട്ടി എന്ന് ചോദിച്ചാ മതി.. കിട്ട്യാ കിട്ടി പൊട്ട്യാ പൊട്ടി..


ബിറ്റ്കോയിൻ എന്താ ഏതാ എന്നൊക്കെ വളരെ മനോഹരമായി ബെഞ്ചാലി ഇവിടേ വിവരിച്ചിട്ടുണ്ട്.. ഞാന്‍ പറയുന്നത് അത് വെച്ച് മ്മക്ക് നാല് കാശുണ്ടാക്കാന്‍ ഉള്ള വഴികളാണ്..

2009 ല്‍ ഒരു ഡോളറിനോ അല്ലെങ്കില്‍ അതിന്‍റെ പകുതിക്കോ ഒക്കെ ആളുകള്‍ക്ക് ഒരു ബിറ്റ്കോയിൻ വാങ്ങാമായിരുന്നു. 2013 ല്‍ ഒരൊറ്റ ബിറ്റ്കോയിനിന് ആയിരത്തി ഒരുനൂറ് ഡോളറിനാണ് വിറ്റത്..

പെണ്ണും കെട്ടി നാലു കുട്ടികളുമായി അടിയും പിടിയും ആയി നടന്ന സമയം അന്ന് ഉള്ള കാശെല്ലാം കൂട്ടി കെട്ടിയോളെ നൈസായി സോപ്പിട്ട്, അവളുടെ വളേം മാലേം പണയംവച്ചു  ബിറ്റ്കോയിൻ വാങ്ങികൂട്ടിയിരുന്നെങ്കില്‍ ഞാന്‍ ഇന്നാരാ.. അല്ല ആരാ.. പോയീലെ.. ഗോ ബ്രെയിന്‍ ഗിവ് എലിഫെന്റ് ആള്‍സോ നോ കം ബാക്ക് എന്നത് ണ്ടല്ലോ അച്ചിട്ടതാ..

ചിത്രത്തില്‍ കാണുന്ന നല്ല തിളക്കമുള്ള ബിറ്റ്കോയിൻ പേരിലെ ഉള്ളൂ ട്ടോ,  കോയിന്‍ ഒന്നുമല്ല, സത്യത്തില്‍ ഇതൊരു പ്രോഗ്രാം ആണ്.. 2008-ൽ സതോഷി നകമോട്ടോ  നടത്തിയ ഒരു പരീക്ഷണമാണ് ബിറ്റ്കോയിൻ എന്ന പേരില്‍ ഇന്ന് ലോകത്തില്‍ കാട്ടുതീ ആയി പടര്‍ന്നു പിടിക്കുന്നത്..

സതോഷി നകമോട്ടോ എന്നത് ഒരു വ്യക്തിയാണോ, സംഘടനയാണോ, അതോ വല്ലവന്റേം ഫേക്ക് ഐഡി ആണോ എന്ന് ലോകത്തിന് ഇന്നും അറിയില്ല..

ലോകചരിത്രത്തില്‍ എല്ലാ കറന്‍സികളും അവ നിയന്ത്രിക്കുന്ന കേന്ദ്രീകൃത സംവിധാനത്തിന്‍റെ ചൂഷണത്തിനുള്ള ഒരു മറയാണ്..

ബിറ്റ്‌കോയിന്‍റെ പ്രസക്തി ഇവിടെയാണ്‌.. തുറന്ന പുസ്തകമായ ബിറ്റ്‌കോയിന്‍ പ്രൊടോകാള്‍ കാരണം  ഒരു വ്യക്തിക്കും  ഈ സംവിധാനത്തെ ദോഷകരമാം വിധം ചൂഷണം ചെയ്യാനാകില്ല..

ഇടനിലക്കാരോ, കേന്ദ്രബാങ്കുകളോ, സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്.

ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് പരമാവധി പ്രോഗ്രാം ചെയ്തിരിക്കുന്നത്.. ഇരുപത് വർഷം കൊണ്ടു അവ മൈനിംഗ് ചെയ്തു എടുക്കണം, അതേ സ്വര്‍ണം കുഴിച്ചെടുക്കുന്ന പോലെന്നെ.. പണ്ടൊക്കെ ഫ്രീ ആയി ബിറ്റ്കോയിൻ നമുക്ക് മൈനിംഗ് ചെയ്തു ഉണ്ടാക്കാമായിരുന്നു.. ഇന്നത്‌ നടക്കില്ല.. കോടികള്‍ മുടക്കി ഫാം തന്നെ നടത്തുന്ന വെന്ദ്രന്‍മാര്‍ ചൈനയിലും മറ്റും ഉണ്ട്..

2.10 കോടിക്ക് ശേഷം പുതിയവ കിട്ടുകയുമില്ലെന്നാണ് പറയപ്പെടുന്നത്.. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നേ നടക്കൂ.. ഡോളറും, റുപീയുടെയും ഒക്കെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ പ്രശ്നമില്ല.. കാരണം അവയുടെ എണ്ണം കൂടുന്നില്ലല്ലോ.. ഭൂമിയില്‍ ഉള്ള സ്വര്‍ണ്ണത്തിന്‍റെ അളവു പോലെ..

നിങ്ങള്‍ കുറച്ചു ബിറ്റ്കോയിൻ വാങ്ങി എന്ന് വെയ്ക്കുക, ഇതൊരു പ്രോഗ്രാം ആണെന്ന് ആദ്യമേ പറഞ്ഞല്ലോ, അപ്പോ നിങ്ങള്‍ അത് ഭദ്രമായി സൂക്ഷിക്കാന്‍ എന്നെ ഏല്‍പ്പിച്ചു എന്ന് വെയ്ക്കുക.. വെയ്ക്കുക എന്നേ പറഞ്ഞുള്ളൂ.. ഹൌ, നോട്ടം കണ്ടാല്‍ അപ്പോഴേക്ക് ഞാന്‍ അതങ്ങ് മുണ്‌ങ്ങിയ പോലാ..

ബിറ്റ്കോയിൻ ഇട്ടു വെയ്ക്കാന്‍ നമുക്ക് ഒരു വാലെറ്റ് അഥവാ പണസഞ്ചി വേണം.. അതും മറ്റൊരു പ്രോഗ്രാം ആണെന്ന് പ്രത്യേകം പറയണ്ടല്ലോ.. ഈ വാലറ്റ് രണ്ടു തരം ഉണ്ട്,  ഒന്ന്  നമ്മള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത്, മറ്റത് നമ്മള്‍ ഓണ്‍ലൈന്‍ ആയി സൂക്ഷിക്കുന്നത്..

വലിയ വലിയ തുകകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മ്മടെ ഉള്ളില്‍ ഒരു സാധനം ഇങ്ങനേ വളര്‍ന്നു വരില്ലേ.. അതെന്നെ ആര്‍ത്തി.. അതായിരുന്നു ഓണ്‍ലൈന്‍ വാലറ്റുകളുടെ പ്രശ്നം.. കുറെ കാശ് ഒന്നിച്ചു കാണുംബോള്‍ പലരും സൈറ്റും പൂട്ടി ഒരൊറ്റ മുങ്ങാ മുങ്ങും, അല്ലെങ്കില്‍ പറയും സോറി ട്ടോ സൈറ്റ് ഹാക്ക് ആയി.. രണ്ടായാലും നമ്മുടെ കായേയ്, അങ്ങട്ട് ഗോപ്യേ..

എന്നാ പിന്നേ മ്മടെ കമ്പ്യൂട്ടറില്‍ തന്നെ സേഫ് ആയി കിടന്നോട്ടെ എന്ന് വെച്ചാലോ, അപ്പഴും ഉണ്ട് പ്രശ്നം.. ഉദാഹരണം ഒരുത്തന്‍ ഒരു ബിറ്റ്കോയിനിന് 11 ഡോളര്‍ വിലയുണ്ടായിരുന്ന സമയത്ത് 150 കോയിന്‍ വാങ്ങി.. കമ്പ്യൂട്ടര്‍ സ്ലോ ആയപ്പോള്‍ ഹാര്‍ഡ്ഡിസ്ക് ഒന്ന് അപ്പ്‌ഗ്രേഡ് ചെയ്തു.. പഴയത് ഭദ്രമായി എടുത്തു വെച്ചതായിരുന്നു.. വീടൊന്നു മാറിയപ്പോള്‍ ഹാര്‍ഡ് ഡിസ്കാ മാറി..  67000 ഡോളറാ ആവിയായത്..

അപ്പോ നിങ്ങള്‍ പറയും അതിന് ബാക്കപ്പ് ഉണ്ടായാല്‍ പോരേ എന്ന്.. ബാക്കപ്പ് എന്ന ഒരു സാധനം നിങ്ങള്‍ കണ്ടിട്ടുണ്ടോ, ആവശ്യം വരുമ്പോ എടുക്കാന്‍.. ഇനി നിങ്ങള്‍ ബാക്കപ്പ് എടുത്തു എന്നു തന്നെ വെച്ചോ, പോണി പോലുള്ള ബോട്ട്നെറ്റ് വെച്ച് ആമ്പിള്ളേര്‍ അടിയോടെ അങ്ങ് കൊണ്ടു പോവും..

ചുരുക്കിപ്പറഞ്ഞാല്‍ സൂച്ചിച്ചണം, വളരെ സൂച്ചിച്ചണം, ഇല്ലെങ്കി ദുക്കിച്ചും..

ബിറ്റ്കോയിൻ വെച്ച് മാലോകര്‍ പണം കൊയ്യുന്നത് കണ്ടു ബാങ്കളൂരില്‍ ഉള്ള ചില വിദ്വാന്മാര്‍ യുനോകോയിന്‍ എന്ന ഒരു സൈറ്റ് തുടങ്ങി ബിറ്റ്കോയിൻ കച്ചോടോം തൊടങ്ങി..

RBI അപ്പോ തന്നെ ചെന്ന് പൂട്ടി താക്കോലും എടുത്തിങ്ങു പോന്നു.. അവര് പിന്നേ ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് ജനുവരിയില്‍ വീണ്ടും തുറന്നു.. ഇന്നത്‌ ഇന്ത്യയില്‍ പ്രാമുഖ്യമുള്ള ഒരു ബിറ്റ്കോയിൻ സൈറ്റ് ആണ്..

BTCXIndia എന്ന പേരില്‍ ഒരു ബിറ്റ്കോയിൻ എക്സ്ചേഞ്ച്‌ 2014 മെയില്‍ ഹൈദരാബാദില്‍ തുടങ്ങി.. ഇപ്പൊ ഇന്ത്യയില്‍ തന്നെ മൂന്നാല് പാര്‍ട്ടി ബിറ്റ്കോയിൻ കച്ചവടം ചെയ്യുന്നുണ്ട്..

ഇവരെയെല്ലാം നമ്മക്ക് നമ്പാന്‍ പറ്റോ.. അവിടാ പ്രശ്നം, ബിറ്റ്കോയിൻ ഇന്ത്യ അടക്കം ഒരുമാതിരി സ്ഥലത്തൊന്നും നിയമവിധേയമായി എന്നു പറയാന്‍ വയ്യ.. എല്ലാ നാട്ടുകാരും കാര്യായി ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കാണ്.. ആര് നമ്മളെ പറ്റിച്ചു മുങ്ങിയാലും നമുക്ക് ആരോടും പരാതി പറയാന്‍ പറ്റില്ല..

ഇങ്ങനേ ഒക്കെ ആണെങ്കിലും ഇന്ത്യ ആവേശപൂര്‍വ്വം ബിറ്റ്കോയിനെ വരവേല്‍ക്കുകയാണ്.. ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, മൊബൈല്‍ റീചാര്‍ജ് ചെയ്യാനും എന്തിന് സ്കൂള്‍ ഫീ അടയ്ക്കാന്‍ മുതല്‍ ബസ്സ്‌ ടിക്കറ്റ് എടുക്കാന്‍ വരെ ഇന്ത്യയില്‍  ഇന്ന് ഉപയോഗിക്കുന്നുണ്ട്..

എന്നാപ്പിന്നെ നിയമ വിധേയമാവുന്ന വരെ കാത്തിരിക്കാം എന്ന് വെച്ചാല്‍, ഓരോ രാജ്യവും ഇതിനെ കുറിച്ച് സീരിയസ്സായി വരുന്ന വാര്‍ത്ത‍ വരുന്ന മുറയ്ക്ക് കുരുപ്പിന്റെ വില ഇങ്ങനേ കത്തി കേറാണ്.. ആരെങ്കിലും കുറ്റം പറഞ്ഞാല്‍ കേറുന്ന സ്പീഡില്‍ തന്നെ ഇറങ്ങുന്നും ഉണ്ട് ട്ടോ.. ഞാന്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയ അന്ന് 45000 രൂപയായിരുന്നു.. ഇപ്പൊ 42000 രൂപയാണ് ഏകദേശം..

ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി കച്ചവടം നടക്കുന്നതിനാല്‍ നോക്കി നില്‍ക്കെയാണ് വില കേറിമറിയുന്നത്.. പറഞ്ഞു വന്നത് നിയമവിധേയമാവാന്‍ കാത്തു നില്‍ക്കുമ്പോള്‍ പിന്നേ വാങ്ങാന്‍ മ്മടെ ഒന്നും കയ്യില്‍ ഉള്ളത് മതിയാവില്ല.. ഇങ്ങേരെ പോലുള്ളവര്‍ക്ക് ഒന്നോ രണ്ടോ കോയിന്‍ കിട്യാ കിട്ടി എന്ന് പറയാം..

സമയം നല്ലതാണെങ്കില്‍ ഇന്ന് നിങ്ങള്‍ വാങ്ങി വെയ്ക്കുന്ന കുറച്ചു ബിറ്റ്കോയിൻ മതിയാവും നാളെ ഒരു ജില്ല തന്നെ അങ്ങ് വാങ്ങിയേക്കാം എന്ന് കരുതാന്‍..

ഹലോ നിങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പോവാണോ.. ഓ അത് ശരി ബിറ്റ്കോയിൻ വാങ്ങാന്‍ ബാങ്ക് ലോണ്‍ എടുക്കാന്‍ ഓടാണോ.. മുഴുവന്‍ കേട്ടിട്ട് പോ.. ഈ പറഞ്ഞത് ഹണിമൂണിനെ പറ്റി.. ഇനി പറയുന്നത് ഒന്ന് പെറ്റിട്ടുള്ള വിശേഷം..

ബിറ്റ്കോയിൻ എഴുതിയപ്പോള്‍ അന്നവര്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചു കാണില്ല.. അതുകൊണ്ട് തന്നെ അതിന് ചില പോരായ്മകള്‍ ഇന്ന് പല വമ്പന്മാരും കാണുന്നു.. അത് തിരുത്തി പുതിയ കോയിന്‍ ഇതാ എന്നും പറഞ്ഞു ഓരോ ദിവസവും ഓരോരുത്തരായി ഇറങ്ങുന്നുണ്ട്.. അവയേ ആള്‍ട്ട്കോയിന്‍ എന്ന് പൊതുവേ വിളിക്കുന്നു..

ഇന്ന് അതില്‍ ഏറ്റവും പ്രമുഖന്‍ എതേറിയം ആണ്.. ആശാന്‍റെ കച്ചവടം നടത്താനും ഇന്ത്യയില്‍ വകുപ്പുണ്ട്.. ആര്‍ക്കും പക്ഷെ ഇതുവരെ ബിറ്റ്കോയിനിനു കിട്ടിയ വിശ്വാസ്യത കിട്ടിയിട്ടില്ല.. പക്ഷെ നാളെ അത് മാറിക്കൂടായ്കയില്ല.. അന്ന് എല്ലാരും ബിറ്റ്കോയിൻ വിട്ട് പുതിയതിന്റെ പിന്നില്‍ കൂടിയാല്‍ നമ്മള്‍ തക്ക സമയത്ത് കപ്പല്‍ മാറി കേറിയില്ലെങ്കില്‍ ഉറങ്ങി എണീറ്റു വരുമ്പോള്‍ കെട്ടിയോള്‍ വീട്ടീ കാണില്ല, പറഞ്ഞേക്കാം..

സൂച്ചിച്ചാ.. ?

ആ അതന്നെ.. ദുക്കിച്ചണ്ട..!

-- ശുഭം --

4 comments:

  1. പണ്ട് ബെഞ്ചാലി ആ പോസ്റ്റ് ഇട്ടപ്പോൾ അഞ്ചാറ് ബിറ്റ്‌കോയിൻ വാങ്ങ്യാലോന്ന് ചിന്തിച്ചാരുന്നു. ഹൗ... എങ്കി ഇപ്പം ഞാനാരാ!!!

    ReplyDelete
    Replies
    1. ഗോ ബ്രെയിന്‍ ഗിവ് എലിഫെന്റ് ആള്‍സോ നോ കം ബാക്ക് എന്നത് അച്ചിട്ടതാ എന്ന് ഇപ്പൊ തിരിഞ്ഞാ.. അദ്ദാ

      Delete
  2. അപ്പോ അതാണ് ബിറ്റ്കോയിൻ അല്ലേ

    ReplyDelete
  3. അപ്പോ അതാണ് ബിറ്റ്കോയിൻ അല്ലേ

    ReplyDelete

Related Posts Plugin for WordPress, Blogger...