Saturday, November 3, 2012

ജിദ്ദയിലെ വിനോദങ്ങള്‍ – കേബിള്‍ കാര്‍

ഒന്‍പത് ദിവസമാണ് പെരുന്നാള്‍ക്ക് ലീവ്, നമുക്ക്‌ എവിടെക്കെങ്കിലും പോവണം..

ഇവളെ കൊണ്ട് ഞാന്‍ തോറ്റു, മനുഷ്യന്‍ ഒന്‍പത് ദിവസം മൂടിപ്പുതച്ച് കിടന്നുറങ്ങാം എന്ന് കരുതി ഇരിക്കുമ്പോള്‍ നശിപ്പിക്കാന്‍ വന്നിരിക്കുന്നു..

നാട്ടില്‍ എല്ലാം പെരുന്നാള്‍ നമസ്കാരം കഴിഞ്ഞാല്‍ കുട്ടികളുമായി ബന്ധു വീടുകളില്‍ ഞങ്ങള്‍ ഒന്ന് കറങ്ങിത്തിരിഞ്ഞ് വരും, അത് പോലെ ഞങ്ങള്‍ ഇവിടെയുള്ള ബന്ധുക്കളെ കാണാന്‍ ഞാന്‍ ജിദ്ദയില്‍ വന്ന ആദ്യവര്‍ഷം തിരിച്ചു, ചെന്നിടത്തെല്ലാം എല്ലാരും മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. പ്രാകികൊണ്ടാ എല്ലാരും വാതില്‍ തുറക്കുന്നത്, ഒരു മാന്യ ദേഹം പറഞ്ഞു, ഇവിടെ ആരും കാലത്ത് എവിടെയും പോവില്ല, അടുത്ത ദിവസമോ, അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് വൈകുന്നേരമോ മാത്രേ പുറത്തിറങ്ങൂ..അന്ന് നിര്‍ത്തിയതാ കറക്കം, അന്ന് തുടങ്ങിയതാ ഉറക്കം, ഇവള്‍ അതെല്ലാം നശിപ്പിക്കും..


ശരി പെരുന്നാള്‍ ഒന്ന് കഴിഞ്ഞോട്ടെ പിന്നെയും ഉണ്ടല്ലോ ഒരാഴ്ച്ച അത് പറയുമ്പോള്‍ ഞാന്‍ അതാ ഓര്‍ത്തത്.

നമുക്ക്‌ ഒരു ദിവസം സ്നോര്‍ക്കല്ലിംഗിന് പോവാം, ഒരു നാള്‍ കോര്നീഷില്‍ പോവാം, ഒരു ദിവസം സൂ..
അതൊക്കെ ഇവിടെ അടുത്ത് തന്നെ അല്ലെ, നമുക്ക്‌ ദൂരെ ഒരിടത്ത് പോവാം.. അവള്‍ വിടുന്ന ഭാവമില്ല.

ദൂരേ എന്ന് പറഞ്ഞാല്‍ എവിടെയാ.. എന്‍റെ ഉള്ളൊന്നു കാളി. വല്ല അഭഹയും ആണെങ്കില്‍ ഏഴെട്ടു മണിക്കൂര്‍ വണ്ടി ഓടിക്കേണ്ടതാ..
നമുക്ക്‌ തായിഫില്‍ പോവാം.

അത്രയേ ഉള്ളൂ.. തായിഫ് നമ്മുടെ തൊടിയുടെ രണ്ടാമത്തെ പറമ്പാണ്, വെറും രണ്ടര മണിക്കൂര്‍ വണ്ടി ഓടിക്കാനുള്ള ദൂരം മാത്രം. ഒറ്റ കുഴപ്പമേ ഉള്ളൂ മക്കള്‍ വരില്ല, അവര്‍ ഒരിക്കല്‍ വന്നതാ, കൂടുതല്‍ നേരം വണ്ടിയില്‍ ഇരിക്കുന്ന ഒരു പണിക്കും അവരില്ല.

ഓ അത് സാരമില്ല.. അവര്‍ വീട്ടില്‍ നിന്നോട്ടേ.. നമുക്ക് പോവണം..
ചുരുക്കി പറഞ്ഞാല്‍ എനിക്ക് ഒരുദിവസം അവിടെ തങ്ങി നടുവിന് ഒരു റസ്റ്റ്‌ എല്ലാം കൊടുക്കാന്‍ ആവില്ല, ദാ പോയി ദേ വരണം.!

മക്കളോട് അഭിപ്രായം ചോദിച്ചു, പ്രതീക്ഷ തെറ്റിക്കാതെ അവര്‍ കോറസ്സായി 'ഞങ്ങളില്ല, കുറേ നേരം വണ്ടിയില്‍ ഇരിക്കുക, പിന്നെ കുറേ നേരം ഹോട്ടലില്‍ ഇരിക്കുക, നിങ്ങള്‍ പോയാല്‍ മതി, ഞങ്ങള്‍ ഇവിടെ ഇരുന്ന് വല്ല പടവും കണ്ടു കൊള്ളാം.'. എത്ര നല്ല മക്കള്‍, എന്‍റെ ഭാര്യ എന്നാണാവോ ഇങ്ങനെയെല്ലാം പറയാന്‍ വളരുന്നത്.

മക്കള്‍ കൂടി ഇല്ലാതെ നാലഞ്ചു മണിക്കൂര്‍ വണ്ടി ഓടിക്കുക എന്ന് പറഞ്ഞാല്‍.. ഞാന്‍ അവര്‍ക്ക്‌ പുതിയ ഓഫര്‍ കൊടുത്തു.. എടാ നമുക്ക് തായിഫില്‍ റോപ്പ്‌വേയില്‍ പോവാം, നല്ല ഉഷാര്‍ ആണെന്നാ എല്ലാരും പറയുന്നത്..

പഷ്ട്ട്..! ആദ്യം കുറേ വണ്ടിയില്‍ ഇരിക്കുക, പിന്നെ കുറേ നേരം റോപ്പ്‌വേയുടെ കൂടിനകത്ത്‌ ഇരിക്കുക, ഉഷാര്‍ ആണെന്ന് പ്രത്യേകം പറയാനുണ്ടോ..അനങ്ങാന്‍ പറ്റാതെ ഒരേ സ്ഥലത്ത് ഇരുന്നിട്ടുള്ള എന്ജോയ്മെന്റ്റ്‌ നിങ്ങള്‍ക്കാ നല്ലത്, നിങ്ങള്‍ പോയിട്ട് വാ..

നമുക്ക് റോപ്പ്‌വേയില്‍ ഒന്നും പോവണ്ടെന്നെ, വെറുതെ കാറില്‍ അങ്ങോട്ടും ഇങ്ങോട്ടും പോയി വരാം, വാമഭാഗം മൊഴിഞ്ഞു.

അതെന്താ റോപ്പ്‌വേയില്‍ പോയാല്‍..
അത് പിന്നെ എനിക്കതില്‍ കയറാന്‍ പേടിയാ..

എന്തിനാ പേടിക്കുന്നത്, ഈ വീരശൂര പരാക്രമിയായ ഞാനില്ലേ കൂടേ..
അതാ പേടി നിങ്ങള്‍ ഒരിടത്തിരിക്കില്ല.. എന്നെ പേടിപ്പിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടികളിക്കും, അതെങ്ങാനും പൊട്ടി വീണാല്‍ പിന്നെ പൊടിപോലും കിട്ടില്ല കണ്ടുപിടിക്കാന്‍..

എടി അത് പൊട്ടിവീണ് മരിക്കുന്നെങ്കില്‍ ഞാനും നിന്‍റെ കൂടേ കാണില്ലേ.. പിന്നെന്താ പ്രശ്നം..
മരിക്കാണെങ്കില്‍ കുഴപ്പമില്ല.. അല്ലാതെ ഒരു മൂലയ്ക്ക് കിടന്നു പോയാല്‍ നോക്കോ ആരെങ്കിലും..

സാധ്യത കുറവാണ്.. നമ്മള്‍ ഒരു മൂലയ്ക്ക് കിടന്നാല്‍ മക്കള്‍ പാടും.. അപ്പഴും പറഞ്ഞില്ലേ പോവണ്ടാ പോവണ്ടാ ന്ന്..

മക്കള്‍ നോക്കുന്ന കാര്യമല്ല.. ഞാന്‍ ഒരു മൂലയ്ക്ക്‌ ആയാല്‍ നിങ്ങള്‍ നോക്കോ..

ഇതാ ഈ പെണ്ണുങ്ങളുടെ കുഴപ്പം, നമ്മള്‍ ഒരു മൂലയ്ക്ക്‌ കിടന്നാല്‍ അവരോട് നീ മറ്റൊരു ജീവിതം നോക്കിക്കോ എന്ന് പറഞ്ഞാല്‍ അവര്‍ പറയും, ഇതാണ് ഇനി എന്‍റെ ജീവിതം എന്ന്, എന്നാലോ അവര്‍ ഒരു മൂലയ്ക്ക്‌ കിടന്നാല്‍ നമ്മളോട് അവര്‍ നമ്മള്‍ ചോദിച്ച പോലെ മനോഹരമായ ചോദ്യങ്ങള്‍ ചോദിയ്ക്കോ ഉംഉം, ഇത്തരം കുരുട്ട് ചോദ്യം മാത്രേ ചോദിക്കൂ..

എന്താ ഞാന്‍ പറയാ.. ഇല്ല എന്ന് പറഞ്ഞാല്‍ എന്‍റെ കാര്യം പോക്കാ.. നോക്കാം എന്ന് പറഞ്ഞാല്‍ പിന്നെ ഹൂര്‍ലീന്‍ മാത്രമാണ് പിന്നെ ഉള്ള ഏക പ്രതീക്ഷ.. അതിന് ആദ്യം മേലെ പോവണം, അതും പോരാ പോവുമ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള എന്‍ട്രി കാര്‍ഡ്‌ വലത് കൈയ്യില്‍ കരുതുകയും വേണം..രണ്ടും ബേജാര്‍ തന്നെ..

ഏതായാലും നോക്കാം എന്ന് ഏറ്റത് കൊണ്ട് ഞങ്ങള്‍ റോപ്പ്‌വേ അഥവാ കേബിള്‍ കാറില്‍ ഒരു സവാരി ഗിരിഗിരി നടത്താം എന്ന് തീരുമാനിച്ചു. ചെറിയവരായ ജോയും, ബാച്ചുവും ഞങ്ങളുടെ കൂടേ കൂടി, കമ്പനിക്കായി അയല്‍വാസിയുടെ കുടുംബവും കൂടി അങ്ങനെ വൈകുന്നേരം ഏകദേശം ഒരു മൂന്നര മണിക്ക് ഞങ്ങള്‍ ജിദ്ദയില്‍ നിന്നും പുറപ്പെട്ടു. മക്കയുടെ ചെക്ക്‌പോസ്റ്റിന് മുന്നില്‍ നിന്നും വലത്തോട് തിരിഞ്ഞു പോവുന്ന റോഡ്‌ ചെന്നു ചേരുന്നത് തായിഫ് റോഡില്‍ ആണ്. ടൂവേ റോഡ്‌, നിറയെ ട്രക്ക്‌, മോശം റോഡ്‌ മറ്റൊരു നല്ല റോഡ്‌ ഉണ്ട് എന്ന് കേട്ടിരുന്നു എങ്കിലും എനിക്കത് അറിയില്ലായിരുന്നു. മടങ്ങി വന്നപ്പോള്‍ ആണ് അറിഞ്ഞത് മക്ക വരെ പോയി, കുധൈ പാര്‍ക്കിംഗ് റോഡ്‌ എടുത്ത് പോവുമ്പോള്‍ തായിഫിലേക്ക് ഒരു ഹൈവേ ഉണ്ട്, സൂപ്പര്‍ റോഡ്‌ ആണത്രേ. (അമുസ്ലിംകള്‍ക്ക് മക്കയിലേക്ക് കടക്കാന്‍ ആവാത്തതിനാല്‍ ഈ റോഡ്‌ എടുക്കാന്‍ ആവില്ല).

തായിഫിന്‍റെ താഴ്വാരത്തില്‍ ഉള്ള അല്‍കാര്‍ ടൂറിസ്റ്റ് വില്ലജില്‍ ഞങ്ങള്‍ അഞ്ചരയോടെ എത്തി.


അവിടെ നിന്നുമാണ് കേബിള്‍ കാര്‍ പുറപ്പെടുന്നത്. അവിടെ എത്തിയപ്പോഴാണ്‌ കേബിള്‍ കാര്‍ മാത്രമല്ല വാള്‍ ക്ലൈമ്ബിങ്ങും, പെയിന്റ് ബോളും, സിബ്‌ ലൈനും എല്ലാം ഉണ്ട് എന്ന വിവരം അറിയുന്നത്. മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഫാമിലിയുടെ കൂടെയല്ലാതെ കൂട്ടുകാരുമായി വരുമായിരുന്നു (മറ്റൊന്നും കൊണ്ടല്ല, ഫാമിലി ഇതില്‍ ഒന്നും പങ്കെടുക്കില്ല, ഒരുപാട് സമയം ഇതിനു വേണ്ടി ചിലവിടുമ്പോള്‍ പ്രത്യേകിച്ച് കുട്ടികള്‍ക്ക് ബോര്‍ അടിക്കും).

ഞങ്ങള്‍ കേബിള്‍ കാറിനു മാത്രം ടിക്കറ്റ്‌ എടുത്തു. വലിയവര്‍ക്ക് 75 റിയാല്‍ പത്തു വയസ്സിന്‌ താഴെ രണ്ടു വയസ്സ് വരെ 50 റിയാല്‍ അപ്പ്‌ ആന്‍ഡ്‌ ഡൌണ്‍.



ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും ടൂറിസ്റ്റ് വില്ലജിലേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ട്.



ട്രെയിന്‍ പുറപ്പെടുന്ന ഇടത്തു തന്നെ വാള്‍ ക്ലൈമ്ബിങ്ങ് കാണാം. ചില കുട്ടികള്‍ ഹാര്നെസ്സ് എല്ലാം ധരിച്ച് തയ്യാര്‍ ആവുന്നത് കണ്ടു



ഏകദേശം ആറു മണിയോടെ ഞങ്ങള്‍ കേബിള്‍ കാറില്‍ കയറി, എന്‍റെ ഫാമിലി ഒന്നിലും, എന്‍റെ അയല്‍വാസി വേറെ കാറിലും. നല്ല സമയത്താ ഞങള്‍ അവിടെ എത്തിയത്, ഇരുട്ട് പരക്കാന്‍ തുടങ്ങുന്നതിനാല്‍ സ്ട്രീറ്റ്‌ ലൈട്സ് ഓണ്‍ ആണ്, വണ്ടികള്‍ എല്ലാം ലൈറ്റ് ഇട്ടിട്ടുണ്ട്. കേബിള്‍ കാര്‍ സ്റ്റേഷന്‍റെ പുറത്ത് കടക്കുമ്പോള്‍ തന്നെ നമുക്ക് വാട്ടര്‍ തീം പാര്‍ക്ക്‌ കാണാം.



അസി എന്‍റെ കൂടേ ആദ്യം മലമ്പുഴയിലും, പിന്നീട് ദുബായിലും കേബിള്‍ കാറില്‍ കയറിയിട്ടുണ്ട്. പക്ഷെ അവയെല്ലാം വലിയ ഉയരത്തില്‍ അല്ലാതെ നിരപ്പായ ഒരു യാത്ര ആയിരുന്നു. ഇതങ്ങനെ അല്ല നാലര കിലോമീറ്റര്‍ ദൂരത്തില്‍ ആറായിരം അടി ഉയരത്തില്‍ കിടക്കുന്ന തായിഫിലേക്ക് ഇരുപത് മിനിറ്റ് അവളെ സംബന്ധിച്ച് ഒരു ഭീകര യാത്ര തന്നെ ആയിരുന്നു, അവള്‍ക്ക് പ്രചോദനം ഏകികൊണ്ട് ഏഴു വയസ്സുള്ള ബാച്ചു ഇടക്ക് ചോദിക്കും, ഉമ്മാ ഇത് പൊട്ടി വിഴോ, വീണാല്‍ നമ്മള്‍ മരിക്കോ..!

അപ്പോള്‍ അവളുടെ മുഖം ഒന്ന് കാണണം അത് മാത്രം മതി എന്‍റെ ട്രിപ്പ്‌ മുതലാവാന്‍..!



വളരെ മനോഹരമായ ഒരു അനുഭവമാണ് അടുത്ത ഇരുപത് മിനുട്ട് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഞാന്‍ മുന്‍പ് മലേഷ്യയിലെ ഗെന്തിംഗ് ഹൈലാന്‍ഡില്‍ ഉള്ള കേബിള്‍ കാറില്‍ യാത്ര ചെയ്തിട്ടുണ്ട് അതിനോട് താരതമ്യം ചെയ്യാവുന്ന ഒരു അനുഭവം തന്നെയാണ് ഇതും എന്ന് എനിക്ക് തോന്നുന്നു.



ഇത് വായിക്കുന്ന ആരെങ്കിലും തായിഫില്‍ പോവുന്നെങ്കില്‍ സുര്യാസ്തമനത്തിനു അരമണിക്കൂറെങ്കിലും മുന്‍പ്‌ നിങ്ങള്‍ കേബിള്‍ കാറില്‍ കയറണം, എന്നാല്‍ ഫോട്ടോസ് എല്ലാം എടുക്കാന്‍ പാകത്തില്‍ നല്ല ലൈറ്റിംഗ് കിട്ടി മുകളിലേക്ക് കയറാം, മടങ്ങുമ്പോള്‍ ഇരുട്ടി കാറുകളുടെ ലൈറ്റ് എല്ലാമായി നല്ല ഒരു വ്യൂ കിട്ടുകയും ചെയ്യും.



താഴെ നമുക്ക് നടവഴികള്‍ കാണാം. പ്രവാചകന്‍(സ) തായിഫില്‍ പോവാന്‍ ഉപയോഗിച്ച വഴി ഇതാണ് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അന്നത്തെ തലമുറ റോപ്പ് വേയും, ഹൈവേയും റെഡി ആവാത്തതിനാല്‍ കഴുതപ്പുറത്ത് സാധനങ്ങള്‍ വഹിച്ച്‌ ഈ ദൂരം നടന്ന് കയറുകയായിരുന്നു..



തായിഫില്‍ റോപ്പ്‌വേ അവസാനിക്കുന്നത് റമാഡ ഹോട്ടലിനു മുന്നില്‍ ആണ്. അവിടെ ചെറിയ കുട്ടികള്‍ക്ക് കളിക്കാനും മറ്റും ഉള്ള സൌകര്യങ്ങള്‍ ഉണ്ട്. അവിടെ നിന്നും എല്ലാവരും മഗ്രിബ് നമസ്കരിച്ചു. ജോയും ബാച്ചുവും കുറച്ച് നേരം ഓടിക്കളിച്ചു, ഞങ്ങള്‍ മടങ്ങി.




മടങ്ങുമ്പോള്‍ ഉള്ള കാഴ്ച വന്നതിനേക്കാള്‍ മനോഹരമായിരുന്നു. കാറുകളുടെ വെളിച്ചത്തില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന വീഥികള്‍, അങ്ങ് താഴെ പല വര്‍ണ്ണങ്ങള്‍ വിരിയിച്ചു കൊണ്ട് താഴ്വാരം.






ജിദ്ദയില്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് തായിഫ് കേബിള്‍കാര്‍ ഒരു നല്ല അനുഭവം തന്നെയാണ്.

ജിദ്ദയിലെ മറ്റു വിനോദങ്ങള്‍

1) സ്നോര്‍ക്കലിംഗ്
2) പാരാമോട്ടോറിംഗ്
3) ഫക്കീ അക്വാറിയം
4) വഹ്ബ കുജ്ജ്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...