Monday, March 26, 2012

ജിദ്ദയിലെ വിനോദങ്ങള്‍ – പാരാമോട്ടോറിംഗ്

പറക്കാന്‍ ഇഷ്ടമല്ലാത്തവര്‍ കാണോ, സംശയമാണ്. വിമാനത്തില്‍ പറക്കുമ്പോള്‍ നമ്മള്‍ സത്യത്തില്‍ ഒന്നും അറിയുന്നില്ല.

ശരിക്കും പക്ഷികളെ പോലെ ആകാശത്തില്‍ വട്ടമിട്ട് പറക്കാനായാല്‍ മുഖത്തെല്ലാം കാറ്റ് തഴുകുമ്പോള്‍ എന്തൊരു രസമായിരിക്കും.

താഴെക്ക് നോക്കുമ്പോള്‍ നടന്നു പോവുന്ന ആളുകളെ  എറുമ്പുകള്‍ പോലെ കാണാം, കടലിനു മുകളിലൂടെ ആകാശങ്ങളെ കീഴടക്കാന്‍ മനിതന്‍ ഒരുക്കുന്ന ഗോപുരങ്ങള്‍ക്ക് മുകളിലൂടെ ഒരു പറക്കും പരവതാനിയിലെ യാത്ര പോലൊന്ന് വേണോ നിങ്ങള്‍ക്കും, അതിനുള്ള അവസരം ഇവിടെ ജിദ്ദയില്‍ ഉണ്ട്.!

പാരാമോട്ടോറിംഗ് എന്നും പവേര്‍ഡ് പാരഷൂട്ട്‌ (PPC) എന്നും അറിയപ്പെടുന്ന ഈ വിനോദം ജിദ്ദയില്‍ ഒരുക്കിയിരിക്കുന്നത് സൗദി ഏവിയെഷന്‍ ക്ലബ്‌ ആണ്.!


പാരാമോട്ടോറിംഗ് എന്നാല്‍ സത്യത്തില്‍ ഒരു മോട്ടോര്‍ പിന്നില്‍ വെച്ച് പിടിപ്പിച്ച് ഒരു പാരഷൂട്ടില്‍ പറന്നു നടക്കുന്ന പണിയാണ്. നമ്മള്‍ തനിച്ച് അങ്ങ് മേലെ, പക്ഷികള്‍ക്ക് പോലും മേലെ, മത്സരവും, പകയും, അഹങ്കാരവും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് - അതൊരു അനുഭവം തന്നെ ആയിരിക്കണം.



 




അതിനുള്ള സൗകര്യം അവിടെയുണ്ട് അതിന് പക്ഷെ നമ്മള്‍ ട്രെയിനിംഗ് എല്ലാം ചെയ്തു ലൈസെന്‍സ് നേടി ഒന്നൊരുങ്ങാന്‍ ഉണ്ട്. അവര്‍ അതിന് ക്ലാസ്സുകള്‍ നടത്തുന്നുണ്ട്, ആറായിരം റിയാലോ മറ്റോ ആണ് ഫീ. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ട്രെയിനിംഗ് ആണെന്നാണ് പറഞ്ഞതായി എന്‍റെ ഓര്‍മ്മ. ഞാന്‍ ഏകദേശം ഒന്നര വര്‍ഷം മുന്‍പാണ് അവിടെ വിസിറ്റ് ചെയ്തത്.


നിങ്ങള്‍ക്ക്‌ ഓടിക്കാന്‍ അറിയുമെങ്കില്‍ സിംഗിള്‍ സീറ്റര്‍ പവേര്‍ഡ് പാരഷൂട്ടും ഇല്ലെങ്കില്‍ നിങ്ങളെ പറത്താന്‍ ലൈസെന്‍സ് ഉള്ള ഒരു പൈലറ്റിനു പിറകില്‍ ഇരിക്കുന്ന ഡബിള്‍ സീറ്റര്‍ പവേര്‍ഡ് പാരഷൂട്ടും അവിടെ ഉണ്ട്. പതിനഞ്ചു മിനുട്ടാണ് പറക്കുന്ന സമയം, ഒരു നിശ്ചിത ഫീ ഉണ്ടോയെന്ന് അറിയില്ല ഞങ്ങളോട് അവര്‍ വാങ്ങിച്ചത് ഓരോരുത്തര്‍ക്കും ഇരുനൂറ് റിയാല്‍ ആണ്. മുന്നൂറു റിയാല്‍ വേണമെന്ന് പറഞ്ഞ് ഇരുനൂറിനു സമ്മതിക്കുകയായിരുന്നു.

എന്‍റെ മകളുടെ ഭാഷയില്‍ പറഞ്ഞാല്‍ ആ കാശ് കൊണ്ട് ഇരുനൂറ് കിറ്റ്‌കാറ്റ്‌ വാങ്ങിക്കാം എന്നാലും ഇരുനൂറ് കിറ്റ്‌കാറ്റിന് തരാന്‍ പറ്റാത്ത ഒരു അനുഭവം തന്നെയാണ് പാരാമോട്ടോറിംഗ്.

പാരാമോട്ടോറിംഗ് എന്നും നടത്തുന്നില്ല വ്യാഴാഴ്ച്ചകളില്‍ മാത്രമേ ഉള്ളൂ, ചില വെള്ളികളിലും ഉണ്ട്. സമയ പരിധിയും ഉണ്ട്. സൂര്യന്‍ ഉദിച്ചുയരുന്ന സമയത്ത് തുടങ്ങി ഏകദേശം പകല്‍ ഒരു ഒന്‍പത് മണിയോടെ അവര്‍ നിര്‍ത്തും, അതിന് മേലെ ചെയ്യാന്‍ ആവില്ല എന്ന് തോന്നുന്നു. 

അപ്പോഴേക്കും അന്തരീക്ഷം ചൂട്ടായി എയര്‍പോക്കറ്റ്‌സ് എല്ലാം രൂപപ്പെടാന്‍ തുടങ്ങും അപ്പോള്‍ പറക്കല്‍ വല്ലാതെ കുലുക്കമുള്ളതായി നമുക്ക്‌ അനുഭവപ്പെടും. അതായത് ഒരു ദിവസം അഞ്ചോ ആറോ പേര്‍ക്ക് മാത്രേ പറക്കാന്‍ അവസരം കിട്ടൂ എന്ന് സാരം.



പാരാമോട്ടോറിംഗ് നടത്തുമ്പോള്‍ നമ്മള്‍ ഏകദേശം അഞ്ഞൂറ് മീറ്ററോളം ഉയരത്തില്‍ ഒരു നാല്‍പ്പതോ അന്‍പതോ കിലോമീറ്റര്‍/മണിക്കൂര്‍ വേഗത്തില്‍ ഒരു കൊച്ചു യാത്ര ചെയ്യും.

വളരെ അപകടകരമായ ഒരു വിനോദം ഒന്നുമല്ല പാരാമോട്ടോറിംഗ്  അതിനെ താരതമ്യപ്പെടുത്തിയാല്‍ അത് ഒരു കാര്‍ ഓടിക്കുന്നതിലും ബൈക്ക് ഓടിക്കുന്നതിലും ഇടയില്‍ നില്‍ക്കും. 

അതായത് കാറിന്‍റെ അത്ര സേഫ് അല്ല എന്നാല്‍ ബൈക്കിന്‍റെ അത്ര അപകടകരവും അല്ല.



സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാരാമോട്ടോറിംഗ് ചെയ്യാന്‍ ഉള്ള സൗകര്യം ഉണ്ട് തലയെണ്ണി കാശ് കൊടുക്കണം എന്ന് മാത്രം.

പെണ്‍കുട്ടികള്‍ക്ക് ഒന്നിനും സ്വാതന്ത്ര്യം ഇല്ലാത്ത ഈ നാട്ടില്‍ ഇത്തരം ഒരു നല്ല ഒരു അനുഭവം എന്‍റെ മകള്‍ക്ക് സമ്മാനിക്കാന്‍ എനിക്കായി.

എനിക്ക് പെട്ടിക്കണക്കിനു കിറ്റ്‌കാറ്റ്‌ വാങ്ങിക്കാനുള്ള കാശ് ചിലവായി എങ്കിലും നിറഞ്ഞ മനസ്സോടെയാണ് എന്‍റെ കുടുംബം മടങ്ങിയത്.



കിംഗ്‌ അബ്ദുല്‍അസീസ്‌ റോഡില്‍ റെഡ്‌സീ മാളിന് ഏകദേശം മുന്‍വശത്ത് ആയാണ് സൗദി ഏവിയെഷന്‍ ക്ലബ്‌, ഗൂഗിള്‍ മാപ്പില്‍ 21.632049,39.113005 തേടിയാല്‍ നിങ്ങള്‍ക്ക് ശരിയായ സ്ഥലത്ത് എത്തിപ്പെടാം.


കുടുംബസമേതമോ അല്ലാതെയോ ഒരിക്കല്‍ പോവേണ്ട ഒരു വിനോദം തന്നെയാണ് പാരാമോട്ടോറിംഗ്.

ജിദ്ദയിലെ മറ്റു വിനോദങ്ങള്‍

1 comment:

  1. വായിച്ചു ഇഷ്ടായി ..ഭാഗ്യം ഉണ്ടേല്‍ പോകാന്‍ സാധിക്കും ...:)

    ReplyDelete

Related Posts Plugin for WordPress, Blogger...