Saturday, November 24, 2012

സുനാമി


മുഹറം ഒന്‍പത്, 16 നവംബര്‍ 2012.

വൈകീട്ട് നാലുമണിയോടെയാണ് ചെറുതായി മഴ തുടങ്ങിയത്‌. നാട്ടില്‍ റോഡ്‌ നനയാന്‍ ഉള്ള മഴ പെയ്തുകാണും, പക്ഷെ ഇവിടെ ജിദ്ദയില്‍ അത് തന്നെ ധാരാളം, റോഡില്‍ എങ്ങും വെള്ളംകയറി, ട്രാഫിക്‌ പലയിടത്തും ബ്ലോക്ക്‌ ആയി.

അടുപ്പിച്ച് മൂന്ന് മണിക്കൂര്‍ മഴപെയ്താല്‍ മൂന്ന് ദിവസം ലീവ് കിട്ടും, ഒരു മണിക്കൂറിനു ഒരു ദിവസം എന്ന കണക്കിലാ ലീവ്‌. തമാശയല്ല, വെള്ളപ്പൊക്കം ആവും ഒരുമണിക്കൂര്‍ മഴപെയ്താല്‍, നിറയെ മരണങ്ങള്‍, അപകടങ്ങള്‍. പക്ഷെ അത്രയൊന്നും പെയ്തില്ല, ഏതാനും മിനുട്ടുകള്‍ മാത്രം.


വെള്ളിയാഴ്ചയുടെ വൈകുന്നേരത്തെ ആലസ്യം, മഴ ഒന്നുകൂടി കനത്താല്‍ നാളെ ലീവ് ഉറപ്പ്..

നാളെ ബിരിയാണി വെച്ചോ..നല്ല കാറ്‌ കാണുന്നുണ്ട് ഓഫീസ് ഉണ്ടാവില്ല, സ്കൂളും.. ഞാന്‍ അസിക്ക് നല്ല നാല് പണികൊടുത്തു അവളെ ഒന്ന് സന്തോഷിപ്പിക്കാം എന്ന് വെച്ചു..

എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പോകുന്നത് കണ്ടു, ബിരിയാണിക്കുള്ള ലിസ്റ്റ് ഉരുവിട്ട് പഠിച്ചതാവും..
എന്നാ നിങ്ങള്‍ പോയി കോഴിയും, തൈരും, അരിയും എല്ലാം വാങ്ങീട്ട് വാ..അവള്‍ അവളുടെ അരിശം അങ്ങനെ തീര്‍ത്തു.

ഞാന്‍ പാവാ, മറുത്തൊന്നും പറയാതെ ആ പെരും മഴയത്ത് ഇറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു എന്നൊന്നും പറയാന്‍ വയ്യല്ലോ, ഇത് ജിദ്ദയല്ലേ സ്ഥലം പെരുമഴ പെയ്താല്‍ പിന്നെ നടക്കാന്‍ പോയിട്ട് നീന്താന്‍ പോലും പറ്റില്ല.

ഏതായാലും നനഞ്ഞ റോട്ടില്‍ നടന്നപ്പോള്‍ ഞാന്‍ നൊസ്റ്റാള്‍ജിയെ കണ്ടു. പിന്നെ കുറച്ചു നേരം ഞങ്ങള്‍ ഒന്നിച്ചു നടന്നു.

കടയില്‍ നിന്ന് ഞാന്‍ ബിരിയാണിക്ക് ഉള്ള സാധനങ്ങള്‍ക്ക് പുറമേ കുറച്ച് ചോക്ലേറ്റ്കളും വാങ്ങി, നാളെ മക്കളുമൊത്ത് തല്ലുകൂടിയിരിക്കുമ്പോള്‍ തിന്നാല്ലോ..

വൈകുന്നേരം വലിയ വിശേഷങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയി. ഷറഫിയ ഭാഗത്ത് അത്യാവശ്യം നല്ല രീതിയില്‍ മഴ പെയ്തു എന്ന് ഒരാള്‍ വിളിച്ചറിയിച്ചു.

ഏകദേശം എട്ടു മണിക്കാണ് ഷാനു എന്ന കൂട്ടുകാരന്‍ വിളിച്ച് 'നിനക്ക് സുനാമി അലെര്‍ട്ട് കിട്ടിയോ' എന്ന് ചോദിച്ചത്.

കളി ആയിട്ടാവും എന്നാ ഞാന്‍ കരുതിയത്‌, പക്ഷെ പുള്ളി കാര്യമായിട്ടായിരുന്നു.

ജിദ്ദയില്‍ സുനാമി സാധ്യത ഉണ്ടെന്നും, ആളുകളോട് ജിദ്ദയില്‍ നിന്നും തൊണ്ണൂറു കിലോമീറ്റര്‍ എങ്കിലും മാറാനും എസ്സംമെസ്സ് അറബില്‍ വരുന്നുണ്ട് എന്നും എനിക്ക് കിട്ടിയോ എന്നും അറിയാനാ അവന്‍ വിളിച്ചത്.
അവന്‍ ഒരു കമ്പനിയില്‍ എച്ച്ആറില്‍ ജോലിയാണ്, അവിടെയുള്ള അറബികള്‍ ആണ് അവനോടിത് പറഞ്ഞത്.

ഞാന്‍ ഉടനെ നെറ്റില്‍ നോക്കി, എവിടെയും സുനാമി ഒന്നും കണ്ടില്ല, പക്ഷെ അറബ് ന്യൂസില്‍ സിവില്‍ ഡിഫന്‍സ് ആളുകളോട് ശക്തിയായ ചുഴലികാറ്റിനു സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്, എല്ലാവരോടും സൂക്ഷിക്കണം എന്ന് മുന്നറിയിപ്പുണ്ട്.

ഞാന്‍ ഉടനെ ഒമറിനെ വിളിച്ചു. അവന്‍ സൗദിയാണ് അവനു വിവരം കാണും.

ശരിയാണ് താഹിര്‍ ഞാനും അങ്ങനെ കേട്ടു, പലര്‍ക്കും മെസ്സേജ് കിട്ടി എന്നാ പറയുന്നത്, എനിക്കിത് വരെ കിട്ടിയിട്ടില്ല, കടലില്‍ ഭൂമികുലുക്കത്തിനു സാധ്യത ഉണ്ടത്രേ ആളുകളോട്‌ തൊണ്ണൂറു കിലോമീറ്റര്‍ എങ്കിലും ജിദ്ദയില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആണ് പറയുന്നതത്രേ.

എന്നിട്ട് നീ എന്ത് ചെയ്യുന്നു..ഞാന്‍ ചോദിച്ചു

ഓ, ഇവിടെ ഇപ്പൊ നല്ല സുഖമുള്ള നല്ല സ്റ്റൈലന്‍ കാലാവസ്ഥയാ, ഞാന്‍ അത് എന്‍ജോയ് ചെയ്തു നടക്കുകയാ.

എന്‍റെ മനസ്സില്‍ പല ചിന്തകള്‍ ഉയര്‍ന്നു, ലോകാവസാനവും, മായന്‍ കലണ്ടറും, ഇനി ഇപ്പൊ എല്ലാം തുടങ്ങുന്നത് ജിദ്ദയില്‍ നിന്നാവുമോ..?

അവനെ നടക്കാന്‍ വിട്ടിട്ട് ഞാന്‍ വിവരം അസിയോടും മക്കളോടും അറിയിക്കാന്‍ ഓടി.

മക്കളെ ഇവിടെ ജിദ്ദയില്‍ സുനാമി ഉണ്ടാവാന്‍ സാധ്യത ഉണ്ടത്രേ, എല്ലാവരോടും ഒഴിയണം എന്ന് പറഞ്ഞു മെസ്സേജ് അറബിയില്‍ വരുന്നുണ്ട് എന്നാ കേട്ടത്..
ഉപ്പാക്ക് കിട്ടിയോ, നിമ്മി ചോദിച്ചു
ഇല്ല..
അതെന്താ..
അറിയില്ല, അവര്‍ ചിലപ്പോള്‍ അറബികള്‍ക്ക്‌ മാത്രമേ വിടുന്നുണ്ടാവൂ.. എല്ലാവരും കൂടി രക്ഷപ്പെടാന്‍ നോക്കിയാല്‍ റോഡ്‌ എല്ലാം ബ്ലോക്ക്‌ ആവുമെന്ന് ഭയന്നു കാണും..

കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല

നമ്മള്‍ എവിടേക്ക്‌ പോവും, തായിഫ് നല്ല ഉയരത്തില്‍ അല്ലെ, അവിടേക്ക് പോയാലോ.. അക്കി ചോദിച്ചു
ഞാന്‍ ഒന്നും പറഞ്ഞില്ല, എന്‍റെ മനസ്സില്‍ അപ്പോള്‍ പലായനം തുടങ്ങി റോട്ടില്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള പാവം അറബികള്‍ ആയിരുന്നു.

നമ്മള്‍ എവിടേക്കും പോവുന്നില്ല..അസി ശബ്ദം താഴ്ത്തി, എങ്കിലും ഉറച്ച സ്വരത്തില്‍ പറഞ്ഞു.
മരിക്കുകയാണെങ്കില്‍ നമ്മള്‍ എവിടെ പോയാലും മരിക്കും, ഇവിടെ നമ്മള്‍ എല്ലാവരും ഒന്നിച്ചുണ്ട്, എല്ലാരും ഒന്നിച്ചു മരിക്കുന്നതാ നല്ലത്.
അത് ശരിയാ, മരിക്കുന്നതിനു മുന്‍പ് അത്രദൂരം വണ്ടിയോടിച്ചു മരിക്കണോ, ഞാനും സമ്മതിച്ചു.

ചോക്ലേറ്റ്.. ഇന്ന് തന്നെ തിന്നാം ല്ലേ.. നാളെ ഇനി പറ്റിയില്ലെങ്കിലോ.. അസി പറഞ്ഞത് മുഴുവനാക്കാന്‍ നില്‍ക്കാതെ നിമ്മി അതും തിരഞ്ഞ് ഓടി.
എല്ലാവരും എന്‍ജോയ് ചെയ്തു തിന്നാം എന്നെല്ലാം പറഞ്ഞെങ്കിലും ആരും ഒന്നും മിണ്ടാതെയാണ് തിന്നത്. ജോ മാത്രം മിട്ടായി കിട്ടിയ സന്തോഷം കൊണ്ട് ചാടി നടന്നു.

നാളെ എനിക്ക് പരീക്ഷയാണ്, അപ്പൊ അത്, അക്കിക്ക് സംശയം..
ഇന്ന് ലോകാവസാനം ആണെങ്കില്‍ നാളെ പരീക്ഷ കാണില്ല.. ആ ഉറപ്പ്‌ ഞാന്‍ അവന് കൊടുത്തു.

വിഷയത്തിന്റെ ഗൌരവം ഒന്നും അറിയാത്ത രണ്ടു വയസ്സുകാരി ജോ ചാടിചാടി വന്നു ചോദിച്ചു 'എന്താപ്പാ..'
ഞാന്‍ അവളുടെ ഓമന മുഖം കൈകളില്‍ എടുത്ത് അവളോടെ പറഞ്ഞു 'ജോ നമ്മള്‍ എല്ലാം ചിലപ്പോ ഇന്നു മരിക്കും..'
എല്ലാവരുംകൂടി എവിടേക്കോ യാത്ര പോവുകയാണ് എന്ന സന്തോഷത്തോടെ അവള്‍ 'ഓക്കേ ഓക്കേ' എന്നും പറഞ്ഞ് സന്തോഷത്തോടെ ചാടി നടന്നു.

മക്കള്‍ എല്ലാം കൂടി അറുപത്തിമൂന്ന് വട്ടം കണ്ടു കഴിഞ്ഞ കാര്‍സ്‌ എന്ന കാര്‍ട്ടൂണ്‍ സിനിമ ഒരിക്കല്‍ക്കൂടി കാണാന്‍ ഇരുന്നു. സ്വതവേ ഒന്‍പതു കഴിഞ്ഞാല്‍ ഉറക്കാന്‍ ഓടിക്കാന്‍ തുടങ്ങുന്നതാണ് എങ്കിലേ പതിനൊന്ന് മണിയെങ്കിലും ആവുമ്പോള്‍ കിടക്കയില്‍ എത്തൂ.
ഇന്ന് ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. അവര്‍ക്ക്‌ ഇനി ഒരവസരം ഇല്ലെങ്കിലോ.

ഞാന്‍ ഇരുന്ന് അതിജീവനത്തിന്റെ വഴികള്‍ ചിന്തിച്ചു.

നമുക്ക്‌ ഈ വെള്ളബോട്ടിലുകള്‍ മുക്കാല്‍ വെള്ളം കളഞ്ഞ് കുട്ടികളുടെ കൈകളില്‍ കെട്ടാം. അത് നല്ല സ്ട്രോങ്ങ്‌ ആണ് അവര്‍ക്കതില്‍ പൊങ്ങിക്കിടക്കാന്‍ ആവും. മൂന്നെണ്ണം മൂടിയുള്ളത് ഉണ്ട്. മക്കള്‍ക്ക് മൂന്നാള്‍ക്കും നീന്താന്‍ അറിയാം, അവര്‍ക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ ആവും. പിന്നെ നീയും ഞാനും ജോയും അല്ലെ, നമുക്ക്‌ വരുന്ന പോലെ നോക്കാം.


നമ്മള്‍ ഒരുമിച്ചു മരിക്കാം എന്ന് പറഞ്ഞിട്ട്..നമ്മള്‍ ഇല്ലാതെ അവര്‍ എത്ര കഷ്ടപ്പെടും ജീവിക്കാന്‍..അതുകൊണ്ട് ഒന്നും കെട്ടേണ്ട. വരുന്നത് പോലെ വന്നോട്ടെ..

എന്‍റെ പെണ്ണുമ്പിള്ള മരിക്കാന്‍ റെഡിയായി നടക്കാണ്..!

എടീ അതിന് പടച്ചവന്‍ തീരുമാനിക്കേണ്ടെ ആരെല്ലാം മരിക്കും എന്ന്. അവര്‍ നമ്മളില്ലാതെ ജീവിക്കാന്‍ ആണ് അവന്‍റെ തീരുമാനം എങ്കില്‍ അവര്‍ രക്ഷപെട്ടെല്ലേ മതിയാവൂ.

എന്തിനാ പ്പോ മുക്കാല്‍ വെള്ളം കളയുന്നത് മുഴുവന്‍ അങ്ങ് കളഞ്ഞൂടെ.

എന്‍റെ ബുദ്ധിയില്ലാത്ത കെട്ട്യോളെ.. വെള്ളപൊക്കം ഉണ്ടായാല്‍ അവര്‍ കിടക്കുന്നത് വെള്ളത്തില്‍ ആണെങ്കില്‍ കൂടി അവര്‍ക്കത് കുടിക്കാന്‍ ആവോ..ഇല്ല..ഇത് എവിടെയെങ്കിലും ഒന്ന് പാര്‍ക്ക്‌ ചെയ്യാന്‍ പറ്റിയാല്‍ അവര്‍ക്ക്‌ തുറന്ന് കുറച്ച് വെള്ളം കുടിക്കാലോ.

ഒരു വലിയ ബുദ്ധിക്കാരന്‍ വന്നിരിക്കുന്നു എന്ന ഭാവത്തില്‍ അവള്‍ മുഖം വെട്ടിച്ച് താടിക്ക് കൈയ്യും കൊടുത്ത് ഇരുന്ന്.

അല്ല നമുക്ക് പൊരുത്തപെടീക്കണ്ടേ..

ന്യായം, മരിക്കുന്നതിന് മുന്‍പ് എല്ലാവരോടും ചെയ്ത തെറ്റുകള്‍ക്ക് പൊറുക്കാന്‍ പറയണം.

മക്കളെ നിങ്ങളെ എല്ലാം കാര്യം ഉള്ളതിനും ഇല്ലാത്തതിനും ഞാന്‍ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട് തല്ലിയിട്ടുണ്ട് നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അവയെല്ലാം എനിക്ക് പൊറുത്തു നല്‍കണം. നിങ്ങള്‍ ആരെങ്കിലും എന്തെങ്കിലും വിധത്തില്‍ ഉപ്പാനേ വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ ഞാന്‍ അതെല്ലാം പൊറുത്തു തന്നിരിക്കുന്നു.

മക്കള്‍ 'വേറെ വിശേഷം ഒന്നുമില്ലല്ലോ..' എന്ന മട്ടില്‍ എന്നെ ഒന്ന് നോക്കി കാര്‍ട്ടൂണ്‍ കാഴ്ച്ചയില്‍ മുഴുകി.

ഞാന്‍ അവളോട്‌ പറഞ്ഞു, എന്‍റെ ഭാര്യ ആയത് മുതല്‍ ഞാന്‍ നിന്നെ ഒരുപാട് ദ്രോഹിച്ചിരിക്കുന്നു, നീ എല്ലാം എനിക്ക് പൊറുത്തു തരണം..നീ കാരണം എനിക്ക് സ്വര്‍ഗ്ഗത്തില്‍ കേറാന്‍ പറ്റിയില്ലെങ്കില്‍..ഒന്ന് നിര്‍ത്തി ഞാന്‍ പറഞ്ഞു..അറിയാല്ലോ എന്നേ..

അവള്‍ പറഞ്ഞു..ഞാന്‍ നമ്മുടെ രക്ഷിതാക്കളെ വിളിച്ച് പൊരുത്തപെടീക്കുന്ന കാര്യാ പറഞ്ഞത്‌.

ബെസ്റ്റ്‌..ഇപ്പൊ നാട്ടില്‍ രാത്രി പന്ത്രണ്ടര..ഇന്നേരം നീ അവരെ വിളിച്ച് ഉണര്‍ത്തിയിട്ടു പറയും, ജിദ്ദയില്‍ ഒരു വെള്ളപൊക്കം ഉണ്ടാവാന്‍ സാധ്യത ഉണ്ട്..ഉണ്ടായാല്‍ അതില്‍ ഞങ്ങള്‍ എല്ലാവരും മരിക്കും..അതുകൊണ്ട് നിങ്ങള്‍ എല്ലാം പൊരുത്തപ്പെടണം എന്ന്.
അവര്‍, മോളെ പൊരുത്തപെട്ടിരിക്കുന്നു എന്ന് പറഞ്ഞ് കിടന്നുറങ്ങിക്കോളും..ല്ലേ

വേണ്ട ല്ലേ..
വേണ്ട..മാത്രമല്ല നമ്മുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടല്ലോ..നമുക്കത് നല്ല പ്ലാസ്റ്റിക്‌ കവറില്‍ നനയാതെ പൊതിയാം.. എന്നിട്ട് മരിക്കുന്നതിനു തൊട്ടു മുന്‍പ്‌ വിളിച്ച് പറഞ്ഞു പൊരുത്തപെടീക്കാം..എന്തേയ്.?

അങ്ങനെ തീരുമാനിച്ച് ഞങ്ങള്‍ എല്ലാം ഉറങ്ങാന്‍ കിടക്കാന്‍ തീരുമാനിച്ചു.

മക്കളോടെല്ലാം ഉറങ്ങുന്നതിനു മുന്‍പ്‌ പടച്ചവനോട് എല്ലാം പൊറുത്തു തരാന്‍ പ്രാര്‍ത്ഥിക്കാന്‍ അവള്‍ ശട്ടം കെട്ടി.

എല്ലാ കാര്യത്തിലും ഒരു തീരുമാനത്തില്‍ എത്തി, ഇനി കുഴപ്പമില്ലാതെ മരിക്കാം എന്ന സമാധാനത്തോടെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

ഉറക്കം കിട്ടാതെ മേലോട്ട് നോക്കി കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു.
നന്ദി ഇല്ലാത്തവര്‍ ആണത്രേ സ്ത്രീകള്‍, അത് വരെ അവര്‍ക്ക്‌ കിട്ടിയ സൗഭാഗ്യങ്ങള്‍ അവര്‍ മറന്ന് അവര്‍ ഭര്‍ത്താവിനെ നിന്ദിച്ചു സംസാരിക്കും എന്നും നരകാവകാശികളില്‍ ഞാന്‍ സ്ത്രീകളെ കൂടുതല്‍ കണ്ടു എന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ടത്രേ..ഞാന്‍ വല്ലതും പറഞ്ഞതും, ചെയ്തതും നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ഉണ്ടെങ്കില്‍ നിങ്ങള്‍ എന്നോട് പൊറുക്കില്ലേ..

അതിന് എന്‍റെ ഇഷ്ടത്തിന് വിപരീതമായി എന്തെങ്കിലും ഉണ്ടെങ്കിലല്ലേ..
ഉണ്ടാവും, എന്തായാലും ഉണ്ടാവും, നിങ്ങള്‍ പൊറുക്കില്ലേ, എല്ലാം പൊറുത്തു തരണം..
ഇല്ലെടീ ഒന്നും ഇല്ല..ഇനി ഉണ്ടെങ്കില്‍ തന്നെ എനിക്ക് ഭയങ്കര മറവിയാ..ഞാന്‍ അതെല്ലാം എന്നോ മറന്നിരിക്കുന്നു..
മറന്നാലും ഇല്ലെങ്കിലും നിങ്ങള്‍ പൊറുത്തു തരോ..

ഞാന്‍ ഓര്‍ത്തു നോക്കി, ഇവളെ ഞാന്‍ കഷ്ടപെടുത്തുക ആയിരുന്നല്ലോ എന്നും..ഇനി ഇപ്പൊ അങ്ങനെ അല്ലെന്നുണ്ടോ..ഞാന്‍ ഒന്നും മിണ്ടിയില്ല

പൊറുത്തു എന്ന് പറയാന്‍ നിങ്ങള്‍ക്ക്‌ വയ്യല്ലേ..നിങ്ങള് പൊറുക്കുന്നോ അതോ..

ഞാന്‍ ജിദ്ദയില്‍ ഉള്ള അവളുടെ തടിമാടനായ ഇക്കായെ ഓര്‍ത്തു.. ഇവളെങ്ങനും വിളിച്ചാല്‍ അവന്‍ വെള്ളപൊക്കത്തില്‍ ആണെങ്കിലും വരും.. വേണ്ട അങ്ങ് പൊറുത്തെക്കാം..!

പൊറുത്താല്‍ നീ നാളെ ബിരിയാണി ഉണ്ടാക്കി തരോ..
തരാം.. അവള്‍ ഉറപ്പ് തന്നു..

അങ്ങനെ അതിനും തീരുമാനമായി, ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ലോകാന്ത്യവും കാത്ത്, സുനാമിയെ കാത്ത്..

വാല്‍ക്കഷണം
നേരം പുലര്‍ന്നപ്പോള്‍ ആകെ മൂടികെട്ടിയ കാര്‍ ഒക്കെ ബസ്സ് ആയിപ്പോയി, സൂര്യേട്ടന്‍ കൂടുതല്‍ തേജോമയനായി തിളങ്ങി. ഉറക്കപിച്ചോടെ ഞാന്‍ ഓഫീസിലേക്കും, മക്കള്‍ സ്കൂളിലും പോയി.




അറബ്ന്യൂസ്‌ അവരുടെ 'ശക്തിയായ ചുഴലികാറ്റിനു സാധ്യതയുള്ളതായ' റിപ്പോര്‍ട്ട്‌ മുക്കി, ആളുകള്‍ സ്വന്തം താത്പര്യത്തിന് നാടുവിട്ടു എന്ന് മാറ്റിയെഴുതി.

അവള്‍ വാക്ക്‌ മാറി, ബിരിയാണി ഉണ്ടാക്കിയില്ല (നോമ്പ് നോറ്റത് കൊണ്ട് ആണെന്ന് തോന്നുന്നു). ഞാന്‍ വീണ്ടും മക്കളെ വഴക്ക് പറയാനും അടിക്കാനും തുടങ്ങി..

ജീവിതം വലിയ അല്ലലില്ലാതെ പഴയ പോലെ അങ്ങനെ പോവുന്നു. സുഖം, സന്തോഷം, ശുഭം, താങ്കള്‍ക്കും നേരുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...