Tuesday, February 5, 2013

ഗോള്‍ഡ്‌ മെഡലിസ്റ്റ്

എന്നാല്‍ ഇറങ്ങാം..

നില്ല് നില്ല് ഒരുത്തന്‍ കൂടി വരാനുണ്ട്..
ഇനിയാരാ..

ഇപ്പൊ വരും, ഒന്ന് ക്ഷമി..
ദാ വരുന്നുണ്ട്..

അവന്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു

ഡാ നിന്‍റെ ഫോണ്‍നമ്പര്‍ എത്രയാ, ആവശ്യമുള്ളപ്പോള്‍ നിന്നെ കിട്ടില്ല..
അവന്‍ നമ്പര്‍ പറഞ്ഞു തന്നു, ഞാന്‍ അത് ഫോണില്‍ അടിച്ചു, ഇനിയാണ് പ്രശ്നം..



ഡാ നിന്‍റെ പേര് നീ എങ്ങനെയാ സ്പെല്‍ ചെയ്യുന്നത്..ഞാന്‍ കഴിയുന്നത്ര സ്വാഭാവികത വരുത്തി ചോദിച്ചു..ഏറ്റില്ല പക്ഷേ..

നിനക്കെന്‍റെ പേരറിയില്ല ഇതുവരെ, അവന്‍റെ അടവേയ്‌ സ്പെല്ലിംഗ് അറിയില്ല പോലും. മോനി എന്നടിക്കാന്‍ ഏതു സ്പെല്ലിംഗ് ആണ് നിനക്കറിയാത്തത്..

രക്ഷപെട്ടു പേര് പിടികിട്ടി, ഇനി ഒന്ന് വീണിടത്ത് കിടന്നു ഉരുണ്ടു നോക്കാം..

മോനി അല്ലേടാ കഴുതേ, നിന്‍റെ ശരിക്കുള്ള പേര്, അതാണ്‌ എനിക്ക് ഫോണില്‍ ചേര്‍ക്കേണ്ടത്, മോനി എന്ന് ബ്രാക്കെറ്റില്‍ മതിയല്ലോ..

മണികണ്ടന്‍ എന്നാ എന്‍റെ മുഴുവന്‍ പേര്, പക്ഷേ അത് എന്നെ ആരും വിളിക്കാറില്ല, മോനി എന്ന് പറഞ്ഞാലേ ആരും അറിയൂ, സത്യം പറ നിനക്ക് എന്‍റെ പേര് ശരിക്കും അറിയുമായിരുന്നോ..?

പിന്നെ..ഒന്ന് പോടാ.. പിടി കൊടുക്കാതെ ഞാന്‍ വഴുതി..

അവനെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കൊല്ലം രണ്ടു മൂന്നായി എന്നോര്‍ക്കണം. അവന്‍റെ ഭാവത്തില്‍നിന്ന് എനിക്കറിയാം അവന്‌ ഉറപ്പാണ് അവന്‍റെ പേര് എനിക്കറിയില്ലായിരുന്നു എന്ന്.

ഇതാപ്പോ, ഇതെല്ലാവര്‍ക്കും പറ്റുന്നതല്ലേ എന്ന് വിധിയെഴുതാന്‍ വരട്ടെ. എന്നെ നിങ്ങള്‍ക്ക് ശരിക്കറിയില്ല. നാന്‍ താന്‍ അന്ത ഉലകപുകള്‍ മറവിക്കാരന്‍..

എന്‍റെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് എന്നല്ല നിങ്ങളുടെ ഫാമിലിയിലെ അഞ്ചു തലമുറയിലെ ഒരു ശിങ്കത്തിനും ആവില്ല. വേണോ തെളിവുകള്‍.. തരാം, എത്ര വേണമെങ്കിലും തരാം..

* എന്‍റെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവ് അവന്‍റെ പേര് മുജീബ്‌ ആണോ നജീബ് ആണോ എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല.. ഓരോ പ്രാവശ്യവും എന്‍റെ ഫാര്യ എനിക്ക് തിരുത്തി തരും..  അവരുടെ കല്യാണം കഴിഞ്ഞിട്ട് വെറും പതിമൂന്ന് കൊല്ലത്തോളമേ ആയിട്ടുള്ളൂ.. ഇപ്പോഴും അവളെ കാണുമ്പോള്‍ ഞാന്‍ ഒരു ഒഴുക്കന്‍ ചോദ്യമങ്ങ് എയ്യും "ജീബ്‌ വിളിക്കാറില്ലേ, എന്നാ അവന്‍ വരുന്നത് എന്ന്.."

* ഒരിക്കല്‍ ഒരാളെ പരിചയപ്പെട്ടു, സംസാരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ ഭാഗം എല്ലാം നല്ല പരിചയമുള്ള ആളാണ്‌. കല്യാണം കഴിച്ചത് എവിടുന്നാ അദ്ദേഹം ചോദിച്ചു..
വീടിന്‍റെ അടുത്ത് നിന്നാ ഒരു മൂന്ന് കിലോമീറ്റര്‍ ദൂരേ..
മൂന്ന് കിലോമീറ്റര്‍ എന്നാല്‍ അതേതാ സ്ഥലം..

അദേഹം അത് ചോദിക്കുമ്പോള്‍ ഞാനും അതു തന്നെയാണ് ഓര്‍ത്തു നോക്കിക്കൊണ്ടിരുന്നത്, എന്താപ്പോ അവളുടെ വീട് നില്‍ക്കുന്ന ഭാഗത്തിന് പറയുന്ന പേര്..മറുപടി പറയാതെ ഞാന്‍ വിഷയം അങ്ങ് മാറ്റിപ്പിടിച്ചു..

* നേരില്‍ കാണാം എന്ന് ഉറപ്പും കൊടുത്തു ഞാന്‍ ഫോണ്‍ വെച്ചിട്ട് അവളോട്  പറഞ്ഞു, എടീ മൂത്തമ്മയും ജാഫര്‍ക്കയും ഉമ്രയ്ക്ക് വന്നിട്ടുണ്ട്, നമുക്ക് അവരെ മക്കത്തു പോയി കാണണം..

ശാന്തയായി അസി പ്രതികരിച്ചു, നിങ്ങളുടെ മൂത്തമ്മമാര്‍ എല്ലാം മരിച്ചു പോയിരിക്കുന്നു, അത് നിങ്ങളുടെ അമ്മായിയാണ്, കഴിഞ്ഞ തവണ അമ്മായിയും ജാഫര്‍ക്കയും ഉമ്രയ്ക്ക് വന്നതാണ്, അത് കൊണ്ട് ജാഫര്‍ക്ക ആവില്ല അവരുടെ അനിയന്‍ ജബ്ബാര്‍ക്ക ആവും നിങ്ങളെ വിളിച്ചത് എന്ന്.

ഫോണില്‍ സംസാരിച്ച എന്നേക്കാള്‍ വിവരാ, കേട്ടിരിക്കുന്ന അവള്‍ക്ക് എന്നാ വിചാരം..! എന്ന് വെച്ച് തര്‍ക്കിക്കാന്‍ ഒന്നും ഞാന്‍ ഇല്ലാട്ടോ.. ഞാന്‍ സമ്മതിച്ചു കൊടുത്തു, എനിക്കറിയാം അവസാനം വരുമ്പോള്‍ അവളു പറയുന്ന പോലെയേ പടച്ചോന്‍ കാര്യങ്ങള്‍ നടത്തൂ, എന്താ ല്ലേ.!

* എന്‍റെ മൂത്ത മകള്‍ കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ അവള്‍ക്ക്‌ വാക്സിന്‍ കൊടുക്കാന്‍ കൊണ്ടു പോയി. ഞങ്ങളുടെ നാട്ടില്‍ ബസ്സ്‌സ്റ്റാന്‍ഡില്‍ വെച്ചാണ് മരുന്ന് വിതരണം. എന്‍റെ ഉമ്മ മരിച്ചു മൂന്ന് മാസം കഴിഞ്ഞാണ് എന്‍റെ മകള്‍ പിറക്കുന്നത്, അതു കൊണ്ടു തന്നെ അവള്‍ക്ക്‌ എന്‍റെ ഉമ്മയുടെ പേരാണ് ഞാന്‍ തിരഞ്ഞെടുത്തത്.

മരുന്ന് കൊടുക്കാന്‍ അവളുടെ ഊഴമായി. കുഞ്ഞിന്‍റെ പേരെന്താ..സിസ്റ്റര്‍ ചോദിച്ചു.

ഞാന്‍ എന്‍റെ മകളുടെ പേര് മറന്നിരുന്നു, ചുരുക്കിപ്പറഞ്ഞാല്‍ എന്‍റെ ഉമ്മയുടെ പേരുപോലും അന്നേരം ഓര്‍ക്കാന്‍ എനിക്കായില്ല.. ഞാന്‍ നിന്ന് വിയര്‍ത്തു..

അവസാനം അവളുടെ വിളിപ്പേരായ നിമ്മി എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു. എന്‍റെ പരിഭ്രമം കണ്ടു സിസ്റ്റര്‍ ചോദിച്ചു, നിങ്ങളുടെ കുഞ്ഞല്ല അല്ലെ എന്ന്, അസിയുടെ കൈചൂട് ഓര്‍ത്ത് ഞാന്‍ മുക്കിയും മൂളിയും തടിയൂരി.!

* ഞങ്ങള്‍ ബന്ധു വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരു വീടിന്‍റെ മുന്നില്‍ കാര്‍ നിര്‍ത്തിയാല്‍ ഇറങ്ങുന്നതിന് മുന്‍പ്‌ അസിയുടെ ഒരു ക്ലാസ്സ്‌ ഉണ്ട്. ഇത് ഇന്ന ആളുടെ വീടാണ്, അവര്‍ നിങ്ങളുടെ ഉപ്പാടെ ഭാര്യയുടെ മൂത്ത മകളുടെ ഭര്‍ത്താവിന്‍റെ രണ്ടാമത്തെ മകളുടെ അമ്മായിയപ്പന്‍ ആണ്. ഈ വീട്ടുടമസ്ഥന്‍ രോഗിയാണ്, അവരുടെ ഭാര്യ മരിച്ചിരിക്കുന്നു തുടങ്ങി, ഒരു രണ്ടു മിനിട്ടില്‍ ഞാന്‍ ആ വീട്ടുകാരനേ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കണോ, വിങ്ങിപ്പൊട്ടണോ, അതോ ഷേക്ക്‌ഹാന്‍ഡ്‌ മാത്രം മതിയോ എന്നവള്‍ പഠിപ്പിച്ചു തരും.

ഇനി എന്തെങ്കിലും കാരണവശാല്‍ ആ ക്ലാസ്സ്‌ മുടങ്ങിയാല്‍, ഇല്ലെങ്കില്‍ അവള്‍ എന്‍റെ കൂടെ ഇല്ലെങ്കില്‍, ഞാന്‍ ആ വീട്ടുടമയെ കൊന്ന്, മരിച്ച അവരുടെ ഭാര്യയേ രോഗിയായി ജീവന്‍ വെപ്പിക്കും. അസി കൂടെയില്ലെങ്കില്‍ മമ്മൂട്ടി കൂളിംഗ് ഗ്ലാസ്‌ വെക്കുന്ന പോലെ മരണവീട്ടില്‍ പോയാല്‍ ഞാന്‍ അവിടം ചിരിച്ചു കളിച്ച് ജോളിവീടാക്കും..

* എന്‍റെ സഹോദരന്‍മാരുടെ ഭാര്യവീടുകളുടെ സ്ഥലപ്പേര്, അവരുടെ കുടുംബപ്പേര് ഒന്നും എനിക്കറിയില്ല. എന്‍റെ സഹോദരങ്ങളുടെ മക്കളുടെ മുഴുവന്‍ പേരുകളും എനിക്കറിയില്ല. അവരെ വിവാഹം കഴിച്ചയക്കുന്ന വീട്ടുകാരുടെ പേരുകള്‍ എനിക്കറിയില്ല, എന്‍റെ മക്കള്‍ പഠിക്കുന്ന ക്ലാസ്സുകള്‍ എത്രയാണ് എന്ന് എനിക്കറിയില്ല. മൂത്ത മോനെ എട്ടാംക്ലാസ്കാരനായും, രണ്ടാമത്തെവനെ ഒന്നാം ക്ലാസ്സുകാരനായും ഞാന്‍ പരിചയപ്പെടുത്തും. അടുത്ത മാസം മൂത്തവന്‍ പത്തിലും, ഇളയവന്‍ മൂന്നിലും എത്തേണ്ടവര്‍ ആണ്..!

* ഇന്നും പലപ്പോഴും ഞാന്‍ പത്രവും, കലണ്ടറും, ഫോണും നോക്കാറുള്ളത് തീയതി ഉറപ്പുവരുത്താന്‍ അല്ല, വര്‍ഷം ഉറപ്പു വരുത്താനാണ് എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്രപേര്‍ അത് വിശ്വസിക്കും..!

വൈവാഹിക ജീവിതത്തിന്റെ കഷ്ടപ്പാട് കാരണം മറവിക്കാരനായി പോയതൊന്നും അല്ല ഞാന്‍, കോച്ചിലേ ഐ ആം ലൈക്‌ ദാറ്റ്‌.. യൂ നോ..!

ഓര്‍മ്മ കൂട്ടാന്‍ ഇരട്ടിമധുരവും, വേറെ ഒരു പാട് മരുന്നും ഞാന്‍ കഴിച്ചിരുന്നു (അവയുടെ പേരെല്ലാം മറന്നു പോയി). എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം ഉണ്ട്, മറവിക്കുള്ള മരുന്ന് വെച്ച ഇടം ഓര്‍മ്മയില്ലാതെ ഒരു മുറി വീണ്ടും വീണ്ടും തിരഞ്ഞു മറിക്കുന്നത്..

ഇനിയും തെളിവുകള്‍ വേണോ, ഒറ്റ മിനിട്ട് അവളേ ഒന്ന് വിളിച്ചു ചോദിക്കട്ടെ.. ശെടാ എന്താപ്പോ അവളുടെ പേര്.. പേരു കിട്ടിയാല്‍ ഈ ഫോണില്‍  അവളുടെ നമ്പര്‍ ഉണ്ട്..

എന്താ ല്ലേ..!

3 comments:

  1. പഴയ ബ്ലോഗില്‍ നിന്നും ഉള്ള കമ്മന്റുകള്‍ ഇവിടേക്ക് മാറ്റിയിരിക്കുന്നു

    ReplyDelete
  2. കുറച്ചു നാള്‍ കാണാതായപ്പോള്‍ ഞാന്‍ കരുതി ബ്ലോഗിങ്ങ് നിര്‍ത്തി നന്നായിപ്പോയെന്നു:) ഇപ്പഴല്ലേ കാരണം പിടി കിട്ടീത് , ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടെന്നു മറന്നു പോയല്ലേ . അത് പറഞ്ഞപ്പോഴാ ,എന്നെ ഓര്‍മ്മയുണ്ടോ:) നിങ്ങടെ ബ്ലോഗ്‌ എല്ലാം വായിച്ചു ചിലപ്പോള്‍ ഒക്കെ ശ്വാസമില്ലാതെ ചിരിക്കുകയും ,കാരണമില്ലാതെ കരയുകയും ,കൂലങ്കഷമായി ചിന്തിക്കുകയും ചെയ്യുന്ന അതെ ആമീ:) .പതിവ് പോലെ രസകരം താഹിര്‍ പോസ്റ്റ്‌ . ഈ വക കാര്യങ്ങളില്‍ എനിക്ക് അപാര ഓര്‍മയാ:) പേരുകള്‍ സ്ഥലങ്ങള്‍ എല്ലാം കൃത്യമായി ഓര്‍ക്കാന്‍ ആവും . ആളുകളുടെ പേരുകള്‍ ,അവരുടെ സ്വഭാവരീതികള്‍ ഉള്‍പടെ:) പക്ഷേ പഠന കാര്യത്തില്‍ മാത്രം ഓര്മ നഹി നഹി:) സ്ഥിരമായി മറക്കുന്ന ഒരേ ഒരു വസ്തു മൊബൈല്‍ ആണ് … യാതൊരു രക്ഷേം ഇല്ല ആ കാര്യത്തില്‍:) അത് പറഞ്ഞപ്പോഴാ മറന്നു പോകും മുന്നേ സൈന്‍ ഔട്ട്‌ ചെയ്യട്ടെ …:)

    ReplyDelete
  3. മറവിയുടെ കാര്യം പറയണ്ട…. താക്കോല്‍ ആണ് ഞാന്‍ മറന്നു പോകുന്നത്. എന്തായാലും മറവിയില്‍ താഹിര്‍ തന്നെ താരം

    ReplyDelete

Related Posts Plugin for WordPress, Blogger...