Thursday, February 28, 2013

സമ്മാനത്തിന്റെ വില

എന്‍റെ മകന്‍ ബാച്ചുവിന്‍റെ ക്ലാസ്സ്‌ കഴിഞ്ഞു തുടങ്ങി. ഇന്നവന് ക്ലാസ്സില്‍ പാര്‍ട്ടിയാണ്..

കഴിഞ്ഞ ദിവസം അവന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ അവരോട് പറഞ്ഞു 'നിങ്ങള്‍ എല്ലാവരും കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ പുതിയ ഒരു ക്ലാസ്സില്‍ ആയിരിക്കും. നിങ്ങളെ കുറിച്ച് ആ ടീച്ചര്‍ മോശമായി ഒന്നും പറയുന്നത് ഞാന്‍ കേള്‍ക്കാന്‍ ഇടവരരുത്. നിങ്ങള്‍ എല്ലാം എന്‍റെ ഫ്രണ്ട്സ് ആണ്, എല്ലാവരെയും ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്യും..'

സ്കൂളിന്റെ നിയമം അതാണ്‌. ഓരോ ക്ലാസ്സിലും പുതിയ ടീച്ചര്‍, ഓരോ ക്ലാസ്സിലും പുതിയ കൂട്ടുകാര്‍, ഒരേ കൂട്ടു വേണ്ട, പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കട്ടെ..


കേള്‍ക്കുമ്പോള്‍ തരക്കേടില്ല എന്ന് തോന്നും, പക്ഷേ അതിന്‍റെ ഫലം ഭയങ്കരമാണ്. പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ മകള്‍ക്ക് ഒരൊറ്റ കൂട്ടുകാരി പോലും ഇല്ല. മൂന്ന് വയസ്സിനോടടുത്ത ജോ ആണ് അവളുടെ ഏറ്റവും നല്ല കൂട്ടുകാരി..

ഇന്നത്തെ ലോകത്ത് ബന്ധങ്ങള്‍ക്ക് ഒന്നും ഏതായാലും സ്ഥാനമില്ലല്ലോ..

ടീച്ചര്‍ ഇത് പറഞ്ഞപ്പോള്‍ നിനക്ക് വിഷമമായോ.. ഞാന്‍ ബാച്ചുവിനോട് ചോദിച്ചു.

എന്തിനാ വിഷമിക്കുന്നത്, ടീച്ചര്‍ നല്ല കാര്യമല്ലേ പറയുന്നത്.. അവന്‍റെ കുഞ്ഞു മനസ്സ് പുതിയ ക്ലാസ്സ്‌ കാണാന്‍ വെമ്പുകയാണ്.

പക്ഷേ അവനെ ഞങ്ങള്‍ക്ക് അറിയാം.. അവന്‍റെ ടീച്ചറേയും ഞങ്ങള്‍ക്ക് അറിയാം..

കഴിഞ്ഞ വര്‍ഷമാണ് അവന്‍ ഈ സ്കൂളില്‍ ചേരുന്നത്. യൂകേജിയില്‍ ഒരു വര്‍ഷം തന്നെ അവന്‍ രണ്ടു സ്കൂളുകള്‍ മാറി..

യൂകേജിയുടെ അവസാനത്തില്‍ അവന്‍ മൂന്നാമത്തെ സ്കൂളില്‍ ചേര്‍ന്നു, ആഴ്ചകള്‍ക്കകം കൊല്ലപരീക്ഷയും കഴിഞ്ഞു.

പുതിയ ക്ലാസ്സ്‌ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ ഞങ്ങള്‍ക്ക് പൊരുത്തക്കേട് തോന്നി. ടീച്ചറിനെ അവന് തീരെ പിടിക്കുന്നില്ല.

ടീച്ചര്‍ക്ക് ഹിന്ദി മാത്രേ അറിയൂ, പിന്നെ ഇംഗ്ലീഷും, എനിക്ക് ക്ലാസ്സില്‍ പറയുന്നത് ഒന്നും മനസ്സില്‍ ആവുന്നില്ല, ഞാന്‍ ഇനി പോവുന്നില്ല.. ഇതും പറഞ്ഞ് കരഞ്ഞാണ് എന്നും ക്ലാസ്സില്‍ പോവുന്നത്.

ഞാന്‍ ഹെഡ്മിസ്ട്രസ്സിനെ കാണാന്‍ ഇറങ്ങി. ഉദ്ദേശം രണ്ടിലൊന്ന് നടത്തണം. ഒന്നുകില്‍ എന്‍റെ മകനെ എന്‍റെ ഒരു ബന്ധുവിന്റെ മകന്‍ പഠിക്കുന്ന ക്ലാസിലേക്ക്‌ മാറ്റണം, ഇല്ലെങ്കില്‍ അവനെ ഒരു കാണാന്‍ കൊള്ളാവുന്ന മലയാളി ടീച്ചറുടെ ക്ലാസ്സിലേക്ക്‌ മാറ്റണം..

ബന്ധുവിന്‍റെ മകന്‍റെ ക്ലാസ്സിന് തന്നെയാണ് മുന്‍തൂക്കം, ടീച്ചര്‍ മലയാളിയാണ്, നന്നായി പഠിപ്പിക്കും, സുഭാഷിണിയാണ്, സുന്ദരിയും. ഫസ്റ്റ് ഹാന്‍ഡ്‌ എക്സ്പീരിയന്‍സ് ഒന്നും അല്ലാട്ടോ, എന്‍റെ ഭാര്യയും, ബന്ധുവിന്‍റെ ഭാര്യയും ഫോണില്‍ പറയുന്നത് പത്രം വായിക്കുന്ന ഭാവത്തില്‍ ഒളിഞ്ഞു കേട്ടതാണ്..

ഹെഡ്മിസ്ട്രസ്സ് എന്‍റെ മോഹം മുളയിലേ നുള്ളി. സുന്ദരി ടീച്ചറുടെ ക്ലാസ്സ്‌ ഫുള്‍ ആണത്രേ, നിങ്ങള്‍ രക്ഷിതാക്കള്‍ ഇങ്ങനെ വന്ന് ആ ടീച്ചറേ വേണം, ഈ ടീച്ചറേ വേണം എന്ന് പറഞ്ഞാല്‍ ഞാന്‍ എവിടുന്ന് എടുത്തു തരാനാ..

ഹെഡ്മിസ്ട്രസ്സ്മാര്‍ക്കെല്ലാം എന്തും ആവാല്ലോ..

ഒരു മലയാളി ടീച്ചറുടെ ക്ലാസ്സില്‍ നിങ്ങളുടെ മകന് ഇംഗ്ലീഷ് പഠിയില്ല, അവന് നല്ലത് ഇവരുടെ ക്ലാസ്സ്‌ ആണ്, നിങ്ങള്‍ അവര്‍ക്ക്‌ കുറച്ച് സമയം നല്‍കൂ, അവര്‍ പുതിയ ആളല്ലേ ഒന്നോ രണ്ടോ ആഴ്ചയില്‍ എല്ലാം ശരിയാകും..

അപ്പൊ വെറുതെയല്ല.. ടീച്ചര്‍ പുതിയതാണ്, സ്കൂളില്‍ അല്ല, ഈ പണിയിലെ പുതിയ ആളാണ്. അധ്യാപനത്തില്‍ മുന്‍ പരിചയം ഇല്ല എന്നത് വിട്ടാല്‍ തന്നെ, പടുകിളവി, അതും പഞ്ചാബി.. തീരേ ശരിയാവില്ല..

ശരിയാവില്ല എന്ന് പറഞ്ഞാല്‍.. വേറെ ക്ലാസ്സ്‌ ഒന്നും ഒഴിവില്ല, നിങ്ങള്‍ക്ക് അങ്ങനെ മാറ്റണം എന്ന് നിര്‍ബന്ധമാണെങ്കില്‍ ടീച്ചര്‍ക്ക് ഉള്ള പോരായ്‌മകള്‍ എഴുതി തന്നേക്കൂ, ഞാന്‍ അത് പ്രിന്‍സിക്ക് സബ്മിറ്റ് ചെയ്തു കുട്ടിയെ മറ്റൊരു ക്ലാസ്സിലേക്ക്‌ മാറ്റിത്തരാം. നിങ്ങളുടെ കുഞ്ഞ് സ്കൂളില്‍ ഹാപ്പി ആവണം എന്ന് ഞങ്ങള്‍ക്കും നിര്‍ബന്ധമുണ്ട്..

ദൂരേ വാതില്‍പ്പടിയില്‍ ഇരുന്ന് ഒരു ശോഷിച്ച വൃദ്ധ കഞ്ഞിയില്‍ നിന്നും പൊടികള്‍ എടുത്തു കളയുന്നത് ഞാന്‍ കണ്ടു..

ഞാന്‍ ഹെഡ്മിസ്ട്രസ്സിനോട് പറഞ്ഞു, നിങ്ങള്‍ പറഞ്ഞത് രണ്ട് ആഴ്ച എന്നാണ്, ഞാന്‍ നിങ്ങള്‍ക്ക് രണ്ട് ആഴ്ച കൂടുതല്‍ തന്നിരിക്കുന്നു, ഒരു മാസത്തിനകം എന്‍റെ കുഞ്ഞ് ക്ലാസ്സില്‍ അഡ്ജസ്റ്റ് ആയില്ലെങ്കില്‍ അവനെ വേറെ ക്ലാസ്സിലേക്ക്‌ മാറ്റണം, അന്ന് ഞാന്‍ വരുമ്പോള്‍ എന്നോട് വേറെ ക്ലാസ്സില്‍ ഒഴിവില്ല എന്ന് പറയരുത്..

പക്ഷേ ഇന്ന ടീച്ചറുടെ ക്ലാസ്സില്‍ വേണം എന്ന് അന്ന് നിങ്ങളും പറയരുത്.. എഗ്രീട്..
എഗ്രീട്..

ഹെഡ്മിസ്ട്രസ്സ് പറഞ്ഞത് സത്യമായിരുന്നു, രണ്ടാഴ്ചക്കുള്ളില്‍ തന്നെ ബാച്ചുവിന് അവന്‍റെ ടീച്ചറേ ഇഷ്ടമായി, വെറും ഇഷ്ടമല്ല, അവന്‍ ടീച്ചറുടെ പെറ്റ് ആയി..

കുട്ടികള്‍ ഹെല്‍ത്തി ഫുഡ്സ് കഴിക്കണം എന്ന് ക്ലാസ്സ്‌ എടുത്തതിനുശേഷം ആ വര്‍ഷം മുഴുവന്‍ അവന്‍ ലഞ്ച് ആയി ഫ്രൂട്ട്സ് മാത്രം കൊണ്ട് പോയി. ടീച്ചര്‍ പലപ്പോഴും നല്ല സ്വഭാവത്തിന്‍റെ ഉദാഹരണമായി മറ്റു കുട്ടികള്‍ക്ക് ബാച്ചുവിനെ കാണിച്ചു കൊടുത്തു..

ഓരോ പാരന്റ്സ് മീറ്റിംഗിലും അവര്‍ക്ക്‌ കുട്ടികളോടുള്ള ആത്മാര്‍ത്ഥത ഞങ്ങള്‍ കണ്ടു, എല്ലാ കുട്ടികളും അവര്‍ക്ക്‌ പ്രിയപ്പെട്ടവര്‍ ആയിരുന്നു, എല്ലാ രക്ഷിതാക്കളോടൊപ്പം അവര്‍ കുഞ്ഞുങ്ങളെ കുറിച്ച് സ്വന്തം കുഞ്ഞിനെ വര്‍ണിക്കുന്ന ആവേശത്തോടെ വര്‍ണിച്ചു.

വര്‍ഷാവസാനം അവര്‍ ഞങ്ങളോട് പറഞ്ഞു, ഇവരെ പിരിയാനാ എനിക്ക് വിഷമം, എല്ലാവരോടും വല്ലാതെ അടുത്തു പോയി, ബാച്ചുവിനെ ചൂണ്ടി അവര്‍ പറഞ്ഞു ഇവനാണ് എന്‍റെ ബെസ്റ്റ്‌ ഫ്രെണ്ട്, ഞങ്ങള്‍ എന്നും ലഞ്ച് ഷെയര്‍ ചെയ്യും, അവന്‍ കൊണ്ട് വരുന്ന ഫ്രൂട്ട്സ് എന്നും ഞാന്‍ ഒരു കഷ്ണം എടുക്കും. എന്‍റെ മോനും ഇവിടെ പഠിക്കുന്നുണ്ട്, വേറെ ക്ലാസ്സിലാ, ഇവന്‍റെ പ്രായാ..

സ്കൂള്‍ വര്‍ഷാവധിക്ക് ശേഷം പുതിയ ക്ലാസ്സിലേക്ക് മാറി ബാച്ചു, പുതിയ ടീച്ചര്‍, പുതിയ കൂട്ടുകാര്‍...

ദിവസങ്ങള്‍ക്കകം പഠനത്തില്‍ അവന് വിരക്തിയായി. ക്ലാസ്സില്‍ എന്താണ് നടക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സില്‍ ആവാതായി.

അപ്പോഴാണ്‌ അവനില്‍ നിന്നും ഞങ്ങള്‍ ആ സന്തോഷവാര്‍ത്ത‍ കേട്ടത്. അവന്‍റെ പഞ്ചാബി ടീച്ചറും രണ്ടാം ക്ലാസ്സിലേക്ക് മാറിയിരിക്കുന്നു, നാലഞ്ചു റൂമുകള്‍ക്ക് അപ്പുറത്ത് അവരുടെ ക്ലാസ്സ്‌ ഉണ്ട്. എന്നും അവന്‍റെ ക്ലാസ്സില്‍ വന്ന് അവനോടു ഗുഡ്മോര്‍ണിംഗ് പറയാറുണ്ട്..

ഞാന്‍ വീണ്ടും ഹെഡ്മിസ്ട്രസ്സിനെ കാണാന്‍ ഇറങ്ങി. ഇത്തവണ ഒരൊറ്റ ഉദ്ദേശം മാത്രം, എന്‍റെ മകനെ പഞ്ചാബി കിളവിയുടെ ക്ലാസ്സിലേക്ക് മാറ്റണം..

ഹെഡ്മിസ്ട്രസ്സിന് കോച്ചിലെ മോഹങ്ങള്‍ നുള്ളിക്കളയുന്ന ശീലം ഉള്ളത് കൊണ്ട് അവര്‍ സിംബ്ലി നുള്ളും.. നുള്ളി..

നടക്കൂല സാറേ, നിങ്ങള്‍ കഴിഞ്ഞ വര്‍ഷവും ഈ അവശ്യം പറഞ്ഞ് വന്നിരുന്നില്ലേ..
ഉവ്വ്.. ഞാന്‍ വിക്കി

അന്ന് ഞാന്‍ പറഞ്ഞില്ലേ, ഒരു രണ്ടാഴ്ച കാക്കാന്‍, അത് തന്നെ എനിക്ക് ഇപ്പഴും പറയാന്‍ ഉള്ളൂ..

അവര്‍ തുടര്‍ന്നു, ഈ പഞ്ചാബി ടീച്ചറുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന എല്ലാ കുട്ടികളുടെ രക്ഷിതാക്കളും ഇതേ ആവശ്യവുമായി ഇവിടെ വന്നു കഴിഞ്ഞു, ഞാന്‍ ആരുടെ അപേക്ഷയും പരിഗണിച്ചിട്ടില്ല. എനിക്കിത് പരിഗണിക്കാന്‍ ആവില്ല.

നിങ്ങളുടെ കുട്ടിയെ ഈ ക്ലാസ്സില്‍ നിന്നും മാറ്റി, മറ്റേ ടീച്ചറുടെ ക്ലാസ്സില്‍ ആക്കിയാല്‍.. നോക്കൂ ഒരു ടീച്ചര്‍ നല്ലത് മറ്റൊരാള്‍ മോശം എന്ന രീതി അവര്‍ക്കിടയില്‍ ഇഗോ ക്ലാഷ് ഉണ്ടാക്കും..

ഞാന്‍ വേറൊന്നു കൂടി പറയാം, നിങ്ങളുടെ കുട്ടി ഭാഗ്യവാനാ, അവന്‍റെ പുതിയ ടീച്ചറുടെ ക്ലാസ്സില്‍ ചേര്‍ക്കാന്‍ എല്ലാവരും ചോദിച്ചു വരാറുള്ളതാ, അവര്‍ ഇവിടെ ഉള്ള ഏറ്റവും നല്ല ടീച്ചറില്‍ പെട്ട ഒരാള്‍ ആണ്..

നിങ്ങള്‍ അവരേ ഒന്ന് പരിചയപ്പെടൂ..
ഞാന്‍ 'തിരക്കാണ്' എന്ന് പറഞ്ഞ് മുടക്കിയെങ്കിലും എച്ച്എം ടീച്ചറേ കൊണ്ടു വരാന്‍ ആളെ വിട്ടു..

ടീച്ചര്‍ വന്നു, വെളുത്ത ഉയരംകുറഞ്ഞ, ചുണ്ടുകള്‍ ലിപ്സ്റ്റിക് ഇട്ടു ചുമപ്പിച്ച, കവിളില്‍ റോസ് ചീക്‌ടിന്റ്റ്‌ ഇട്ട് മനോഹരമാക്കിയ നോര്‍ത്ത്‌ ഇന്ത്യന്‍ ചെറുപ്പക്കാരി, സുന്ദരി..

ഇഷ്ടായി വരുകയായിരുന്നു, അപ്പോഴേക്ക് ഹെഡ്മിസ്ട്രസ്സ് പാലം വലിച്ചു. ഞാന്‍ പൊത്തോന്ന് താഴെ വീണു..

ടീച്ചര്‍ ഇത് മിസ്റ്റര്‍ താഹിര്‍.. അവരുടെ മകന്‍റെ കാര്യം ടീച്ചര്‍ ഒന്ന് കാര്യമായി ശ്രദ്ധിക്കണം. കുട്ടി പഠിക്കാന്‍ ഇന്റെരെസ്റ്റ്‌ കാണിക്കുന്നില്ല എന്നാണ് പറയുന്നത്..

ഇവനാണ് അവന്‍റെ തന്തയല്ലേ എന്ന മട്ടില്‍ ടീച്ചര്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. കവിളിലെ റോസ് കളറിനെയും കവച്ചുവച്ചു ഉള്ളിലെ കറുപ്പ് മുഖത്ത് തെളിഞ്ഞു..

ഞാന്‍ 'ഓ ചുമ്മാതാ..' എന്ന ഭാവം മുഖത്ത് വരുത്താന്‍ വെറുതേ ഒരു ശ്രമം നടത്തി നോക്കി..

'ഞാന്‍ എച്ച്എം നെ കാണാന്‍ ഇരിക്കുകയായിരുന്നു, ഇത്രയും മോശമായ ഒരു ബാച്ച് ഞാന്‍ ഇതുവരെ ഹാന്‍ഡില്‍ ചെയ്തിട്ടില്ല, ഒറ്റ കുട്ടിക്ക്‌ ഡിസിപ്ലിന്‍ ഇല്ല, ടീച്ചറുടെ സഹായമില്ലാതെ ആരും ഒന്നും ചെയ്യുന്നില്ല. കുട്ടികള്‍ക്ക് ഒന്നിനും ഒരു കോണ്ഫിടന്‍സ് ഇല്ല..' തുടങ്ങി പരാതികളുടെ ഒരു പൊതി എന്‍റെ നേരേ തിരിഞ്ഞ് എച്ച്എം നോട് എന്ന ഭാവേന അവര്‍ വിളമ്പി..

ഞാന്‍ ക്ലാസ്സിലേ മറ്റുള്ള കുട്ടികള്‍ എന്തേ ഇങ്ങനെ മോശക്കാരായി എന്ന് അത്ഭുതം കൂറി.. കൂറാനല്ലേ എനിക്കാവൂ.. ഇതിപ്പോ പട പേടിച്ച് ചെന്നിട്ട്..

ഒരു രണ്ടാഴ്ച്ച കഴിയുമ്പോള്‍ എല്ലാം ശരിയാകും ടീച്ചറേ.. ഏതായാലും ടീച്ചര്‍ അവനെ ഒന്ന് ശ്രദ്ധിക്കണം, എച്ച്എം നെ കാണാന്‍ വന്നപ്പോള്‍ ടീച്ചറിനെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി, അതാ.. ഞാന്‍ ഡീസന്റ് അപ്പനായി.

അതിനെന്താ, കണ്ടതില്‍ സന്തോഷം, കുട്ടിയുടെ കാര്യമല്ലേ, ഞാന്‍ ശരിയാക്കിത്തരാം.. എന്നും പറഞ്ഞ് ടീച്ചര്‍ ക്ലാസ്സിലേക്ക്‌ മടങ്ങി..

അന്തരീക്ഷം ഒന്ന് അയഞ്ഞു, ഞാന്‍ എച്ച്എം നോട്‌ പറഞ്ഞു, മാഡം അവരേ വിളിപ്പിച്ചത് ശരിയായില്ല.. ഞങ്ങള്‍ ഈ അവസരത്തില്‍ നേരില്‍ കാണാതിരിക്കുകയായിരുന്നു നല്ലത്..
ശരിയാണ്, ഐ ആം സോറി.. എച്ച്എം വിളറിയിരുന്നു.

മാഡം രണ്ടാഴ്ച്ച ഞാന്‍ കാക്കും എന്‍റെ കുട്ടി ക്ലാസ്സില്‍ അഡ്ജസ്റ്റ് ആയില്ലെങ്കില്‍ അവനെ അവന്‍റെ പഴയ ടീച്ചറുടെ ക്ലാസ്സിലേക്ക് മാറ്റിതരണം.. ഞാന്‍ എഴുന്നേറ്റു

എന്‍റെ പ്രതീക്ഷ തെറ്റിച്ചില്ല, ക്ലാസ്സ്‌ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരാതിയുമായി എത്തിയ എന്‍റെ മകനോട്‌ ടീച്ചര്‍ പരുക്കനായി പെരുമാറാന്‍ തുടങ്ങി.

രണ്ടാഴ്ച്ച കഴിഞ്ഞു ഞാന്‍ ചെന്നപ്പോള്‍ കൂടുതല്‍ ഒന്നും സംസാരിക്കേണ്ടി വന്നില്ല..

പരാതി എഴുതി കൊടുക്കാന്‍ പറഞ്ഞു, എന്‍റെ മകന് ക്ലാസ്സില്‍ മറ്റുള്ള കുട്ടികള്‍ക്കൊപ്പം എത്താന്‍ ആവുന്നില്ല എന്നും, അവന്‍റെ നോട്സ് കമ്പ്ലീറ്റ്‌ അല്ല എന്നും മറ്റും, എവിടെയും തൊടാത്ത കുറച്ച് കാരണങ്ങള്‍ ഞാന്‍ നിരത്തി.

അങ്ങനെ, എന്‍റെ മകന്‍ വീണ്ടും അവന്‍റെ പ്രിയപ്പെട്ട ടീച്ചറുടെ ക്ലാസ്സിലേക്ക് കയറിക്കൂടി..

ഒരു വര്‍ഷം കൂടി ഇതാ കൊഴിഞ്ഞു പോവുന്നു..

വീണ്ടും ഒരു വര്‍ഷാന്ത്യ പരീക്ഷ വരുന്നു, പുതിയൊരു ക്ലാസിനും, പുതിയ കൂട്ടുകാര്‍ക്കും, പുതിയൊരു ടീച്ചര്‍ക്കും സമയമായി..

പിരിയുമ്പോള്‍ ടീച്ചര്‍ക്ക് അവനെ ഓര്‍ക്കാന്‍ ഞങ്ങള്‍ ഒരു നല്ല സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു..

പല അഭിപ്രായങ്ങള്‍ മാറിമറിഞ്ഞു ഞങ്ങള്‍ നല്ല ഒരു ഹാന്‍ഡ്‌ബാഗ് കൊടുക്കാം എന്ന തീരുമാനത്തില്‍ എത്തി. ഇന്നലെ രാത്രി സെന്റര്‍പൊയ്ന്റില്‍ പോയി നല്ലൊരു ഹാന്‍ഡ്‌ബാഗ് വാങ്ങി..

ബാഗിനകത്തു ഞാന്‍ ഒരു കത്ത് വെച്ചു..

പ്രിയ ടീച്ചര്‍ക്ക്

ഞങ്ങളുടെ സ്നേഹോപഹാരമായി ഈ ബാഗ് സ്വീകരിക്കണം, ഇതിനകത്ത്‌ എന്‍റെ മകന്‍റെ മനസ്സുണ്ട്. അവന് ലഭിച്ചതില്‍ ഏറ്റവും നല്ല ടീച്ചര്‍ നിങ്ങളായിരുന്നു, നിങ്ങള്‍ക്ക്‌ എല്ലാ മംഗളങ്ങളും ഭവിക്കട്ടെ..

നോട്ട്: ബാഗിനകത്ത്‌ അതിന്‍റെ ബില്ലും വെയ്ക്കുന്നു, സെന്റര്‍പൊയ്ന്റില്‍ നിന്നും രണ്ടാഴ്ച്ച വരെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വേണമെങ്കില്‍ മാറ്റിയെടുക്കാം..

സമ്മാനത്തിന്റെ കൂടെ അതിന്‍റെ വില കാണിക്കുന്ന ബില്‍ വെയ്ക്കുന്നത്, ഒരിക്കല്‍ എനിക്ക് ആലോചിക്കാന്‍ പോലും ആവില്ലായിരുന്നു. ഞാന്‍ അതിന്‍റെ വില കാണിക്കുന്ന സ്റ്റിക്കര്‍ എല്ലാം വലിച്ചു കീറി, നല്ല വില കൊടുത്തു വാങ്ങിയ ആ സമ്മാനം, 'എന്‍റെ എളിയ സമ്മാനം' എന്ന മട്ടില്‍ അവതരിപ്പിക്കും.

അതിന്‍റെ വിലയെ പറ്റി ഒരു ഗന്ധവും ഇല്ലാത്ത ആള്‍, അത് എനിക്ക് വെറുതേ കിട്ടിയ പോലെ, ഒരു വിലയും നല്‍കാതെ വാങ്ങി വെയ്ക്കും..

അതയാളുടെ കുറ്റമല്ല, അതിന്‍റെ വില ഞാന്‍ മറച്ചു വെച്ചതാണ്, മാത്രമല്ല അയാള്‍ക്ക് അതിനേക്കാള്‍ ആവശ്യമുള്ള മറ്റൊരു വസ്തു ഉണ്ടാവുമായിരിക്കും. ഒരു ചോയ്സ് ഉണ്ടായിരുന്നുവെങ്കില്‍ അയാള്‍ അത് ആവശ്യപ്പെടുമായിരുന്നു..

ജോ കുഞ്ഞായിരിക്കുമ്പോള്‍, അവളെ കാണാന്‍ വന്നപ്പോള്‍ അവള്‍ക്ക് സമ്മാനമായി, എന്‍റെ ഒരു ബന്ധു, കൊണ്ടു വന്ന കുഞ്ഞുടുപ്പിന്റെ കൂടെ അതിന്‍റെ ബില്‍ ഉണ്ടായിരുന്നു. അന്നാണ് ആദ്യമായി എനിക്ക് ഇങ്ങനെ ഒരു ബില്‍ കിട്ടിയത്, അതൊരു നല്ല ആശയമാണ് എന്നെനിക്ക് മനസ്സില്‍ ആയി.

അവര്‍ തന്ന ഉടുപ്പ് എനിക്കിഷ്ട്ടപെട്ടില്ല എങ്കില്‍ എനിക്ക് അത് പോയി മാറ്റാം. മാറ്റാം എന്നല്ല, ഞങ്ങള്‍ മാറ്റി, അവര്‍ തന്ന വില കൂടിയ ഉടുപ്പിന് പകരം, വില കുറഞ്ഞ എന്നാല്‍ ജോക്ക് വീട്ടില്‍ ധരിക്കാന്‍ സുഖമുള്ള മൂന്ന് കോട്ടന്‍ വസ്ത്രങ്ങള്‍ ഞങ്ങള്‍ അതില്‍ കുറച്ചുകൂടി കാശ് ചേര്‍ത്ത് വാങ്ങി.

ജോക്ക് സമ്മാനമായി ലഭിച്ച വിലകൂടിയ കട്ടിയുടുപ്പ് അല്ലായിരുന്നു അവള്‍ക്കാവശ്യം..

ടീച്ചറുടെ ബാഗ്, ഞാന്‍ ക്ലാസ്സിലേ മറ്റു കുഞ്ഞുങ്ങള്‍ക്ക് കാണാന്‍ ആവാത്ത വിധത്തില്‍ പൊതിഞ്ഞു, ബാച്ചു ഇന്ന് പാര്‍ട്ടിയില്‍ വെച്ച് ടീച്ചര്‍ക്ക് അത് സമ്മാനിക്കും. അവര്‍ക്കത് അവന്‍റെ സമ്മാനമായി സ്വീകരിക്കാം, ഇല്ലെങ്കില്‍ അതിനേക്കാള്‍ അവര്‍ക്കിഷ്ടമാവുന്ന മറ്റൊന്ന് പോയി മാറ്റാം..

******** ശുഭം ********

No comments:

Post a Comment

Related Posts Plugin for WordPress, Blogger...