Wednesday, February 20, 2013

കാരന്‍റെ മുഹമ്മദ്

കാരന്‍റെ മുഹമ്മദിനെ കുറിച്ച് പറയുന്നതിന് മുന്‍പ് നമുക്ക്‌ കാരനേ പരിചയപ്പെടാം..

കാരന്‍ ആംസ്ട്രോങ്ങ്, 69 വയസ്സ് പ്രായം, ലണ്ടനില്‍ വാസം, എഴുത്തുകാരി, പണ്ഡിത, അധ്യാപിക. കാരന്‍റെ പുസ്തകങ്ങള്‍ നാല്‍പ്പത്തി അഞ്ചോളം ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മൂന്ന് ടെലിവിഷന്‍ ഡോകുമെന്ററികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഏഴു വര്‍ഷത്തോളം റോമന്‍ കത്തോലിക്കാ കന്യാസ്ത്രീ ആയി ജീവിച്ചു, പിന്നീട് മതതാരതമ്യ പഠനത്തിലേക്ക് തിരിഞ്ഞു. ദൈവത്തിന്റെ ചരിത്രം എന്ന പുസ്തകത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന അവര്‍ എല്ലാ മതങ്ങളുടെയും അടിസ്ഥാനതന്തു ഒന്നാണെന്ന്‌ പ്രചരിപ്പിക്കുന്നു.

തൊലിപ്പുറമെയുള്ള വ്യത്യാസങ്ങള്‍ മാത്രമേ മതങ്ങള്‍ തമ്മിലുള്ളൂ എന്നവര്‍ സമര്‍ഥിക്കുന്നു.


കാരന്‍ 2006 ല്‍ എഴുതിയ Muhammad: A Prophet for Our Time എന്ന പുസ്തകം (256 പേജ്) എന്‍റെ കൈകളില്‍ ഈ അടുത്താണ് എത്തിയത്. സെപ്റ്റംബര്‍ 11, 2001 നു ശേഷം ലോകം ഇസ്ലാമിന് നേരേ തിരിഞ്ഞപ്പോള്‍, പ്രവാചകന്‍ മുഹമ്മദ്‌ (PBUH) നേ യുദ്ധക്കൊതിയനായി ചിത്രീകരിക്കാന്‍ പടിഞ്ഞാറന്‍ ലോകം ശ്രമിച്ചപ്പോള്‍, പ്രവാചകന്‍ ആരായിരുന്നു എന്ന് മനസ്സില്‍ ആക്കി കൊടുക്കാന്‍ എഴുതിയതാണ് ഈ പുസ്തകം എന്ന് കാരന്‍ അവകാശപ്പെടുന്നു.

കാരന്‍റെ മുഹമ്മദിനെ നമുക്ക്‌ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ആവില്ല. ഒരു മുസ്ലീമിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ കാരന്‍റെ ചിത്രത്തില്‍ ചെറിയ പിഴവുകള്‍ നമുക്ക്‌ കണ്ടെത്താന്‍ ആവും. ഉദാഹരണം കഅബയെ വലം വെയ്ക്കുന്നത് ഘടികാരസൂചിയുടെ ദിശയില്‍ ആണെന്ന് അവര്‍ എഴുതുന്നു, മറ്റൊരിടത്ത് പ്രവാചകന്‍ മക്ക പിടിച്ചടക്കിയപ്പോള്‍ കഅബയ്ക്കുള്ളിലെ ചിത്രങ്ങളും, ബിംബങ്ങളും എല്ലാം നീക്കം ചെയ്തു, മറിയമിന്റെ ചിത്രമൊഴിച്ച് എന്ന് കാണാം.

എഴുതിയത് ഒരു സാധാരണ എഴുത്തുകാരന്‍ അല്ല, സ്വന്തം ജീവിതം തന്നെ, ഭൂതക്കണ്ണാടിയിലൂടെ മതതാരതമ്യ പഠനത്തിന് ഉഴിഞ്ഞുവച്ച ഒരു മഹത് വ്യക്തിയാണ് എന്നത് തന്നെ ഈ പുസ്തകത്തെ അമൂല്യമാക്കുന്നു. ഇതിനിടെ ഉള്ള തെറ്റുകള്‍ നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാം, മറ്റൊരു മതവിശ്വാസി നമ്മുടെ പ്രിയ പ്രവാചകനേ കുറിച്ച് ഇങ്ങനെ ഒരു പുസ്ത്കം എഴുതിയതില്‍ നമുക്ക്‌ അഭിമാനിക്കാം.



അവര്‍ നന്നായി ഹോംവര്‍ക്ക്‌ ചെയ്തിട്ടുണ്ട് എന്ന് പുസ്തകം വായിച്ചാല്‍ അറിയാം. ലളിതമായ ശൈലിയില്‍ ഒറ്റ ഇരുപ്പിന് വയിച്ചു തീര്‍ക്കാന്‍ തോന്നുന്ന സുഖമുള്ള വായന സമ്മാനിച്ചു എനിക്കീ പുസ്തകം. എന്തായാലും ഒന്ന് ഉറപ്പിച്ച് പറയാം. പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് അവരോളം എന്തായാലും ഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കും അറിയില്ല.

പ്രവാചകന്‍ ഒരു മനുഷ്യന്‍ മാത്രമാണ് എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുണ്ട്(വി. ഖുര്‍ആന്‍ 18:110) എങ്കിലും പ്രവാചകനേ മുസ്ലിംകള്‍ പലപ്പോഴും അമാനുഷികമായാണ് കാണാറുള്ളത്. ആ ഇടുങ്ങിയ കാഴ്ചപ്പാട് തന്നെ പലപ്പോഴും പ്രവാചകന്‍ എന്ന മനുഷ്യനെ മനസ്സിലാക്കുന്നതില്‍ നിന്നും നമ്മെ പിറകോട്ടു വലിക്കുന്നു.

കാരന്‍ കാണിച്ചു തരുന്ന മുഹമ്മദ് അമാനുഷികത്വം ഇല്ലാത്ത ഒരു സാധാരണ മനുഷ്യനാണ്. ഭയവും, സന്തോഷവും വേദനയും എല്ലാം നിറഞ്ഞ ഒരു സാധാരണക്കാരനായ അസാധാരണക്കാരന്‍. അതു കൊണ്ടു തന്നെ കാരന്‍റെ ചിത്രം വളരെ ഹൃദയസ്പര്‍ശവും, ആകര്‍ഷകവുമാണ്.

'ഭരാണിധികാരിയും മതാധികാരിയും, അദ്ദേഹം, സീസറും പോപ്പും കൂടിച്ചേര്‍ന്ന വ്യക്തിത്വമായിരുന്നു. എന്നാല്‍ പോപ്പിന്റെ നാട്യമോ, സീസറിന്റെ സൈന്യ ബലമോ ഇല്ലാതെ, ഒരു അംഗരക്ഷകന്‍ ഇല്ലാതെ, പോലീസ് സേന ഇല്ലാതെ, സ്ഥായിയായ ഒരു വരുമാനം പോലും അദ്ദേഹത്തിന് ഇല്ലായിരുന്നു. 

ആര്‍ക്കെങ്കിലും നേരായ ദൈവമാര്‍ഗ്ഗത്തില്‍ ആണ് ഞാന്‍ ഭരിക്കുന്നത് എന്ന് പറയാന്‍ അവകാശം ഉണ്ടെങ്കില്‍ അത് പ്രവാചകന്‍ മുഹമ്മദിന് മാത്രമാണ്, കാരണം അദ്ദേഹം ശക്തനായിരുന്നു, അതിന് സ്വതവേ കാരണമാവാറുള്ള താങ്ങുകള്‍ ഒന്നും ഇല്ലാതെ തന്നെ. 

അധികാരത്തിന്റെ ശക്തി സ്തംഭങ്ങളില്‍ ഒന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഗാര്‍ഹിക ജീവിതത്തിലെ ലാളിത്യം സാമൂഹിക ജീവിതത്തിലും അദ്ദേഹം പാലിച്ചു..'

പ്രശസ്ത ക്രിസ്തവ സഭാധ്യക്ഷന്‍ റെവ്. ബോസ്വര്‍ത്ത് സ്മിത്ത്‌ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് അദ്ദേഹത്തിന്റെ 'മുഹമ്മദ്‌ ആന്‍ഡ്‌ മുഹമ്മദാനിസം' എന്ന പുസ്തകത്തില്‍ പറഞ്ഞ വാക്കുകള്‍ ആണിവ.

ബോസ്വര്‍ത്ത് സ്മിത്തിനെ പോലെ മറ്റൊരുപാട് പ്രസിദ്ധര്‍ പ്രവാചകനെ കുറിച്ച് പഠിക്കാന്‍ സമയം ചിലവഴിച്ച് അദ്ദേഹത്തെ കുറിച്ച് നല്ലത് എഴുതി എന്ന് പുളകം കൊള്ളുകയല്ലാതെ, പ്രവാചകന്‍ മുഹമ്മദ്‌ എന്ന മനുഷ്യനെ കുറിച്ച് പഠിക്കാന്‍ സാധാരണ മുസ്ലിം സമൂഹം എത്രത്തോളം താത്പര്യം എടുത്തു എന്ന് സംശയമാണ്.

മറ്റു മതസ്ഥര്‍ക്ക് മുഹമ്മദിനെ പ്രവാചകനായി കാണാന്‍ ആവില്ല, എങ്കില്‍ അവര്‍ എന്ത് കൊണ്ടു അദ്ദേഹത്തിനു ഒരു മഹാന്‍റെ പരിവേഷം നല്‍കുന്നു എന്ന് ഞാന്‍ എപ്പോഴും അദ്ഭുതം കൂറാറുണ്ടായിരുന്നു. എനിക്കും നിങ്ങള്‍ക്കും അതിനുള്ള മറുപടിയാണ് കാരന്‍ നല്‍കുന്നത്.

ഏറ്റവും കുറഞ്ഞ വാക്കുകളില്‍, ഏറ്റവും നന്നായി മുഹമ്മദ്‌ എന്ന പ്രവാചകനിലു പിന്നില്‍ ഉള്ള  മനുഷ്യനെ പരിചയപ്പെടുത്തുകയാണ് കാരന്‍ ആംസ്ട്രോങ്ങ്, അവര്‍ അതില്‍ അങ്ങേയറ്റം വിജയിച്ചു എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...