Monday, February 18, 2013

പങ്കു കല്യാണം

കല്യാണങ്ങള്‍ പണ്ടു കാലം മുതലേ ഒരു ചിലവേറിയ പരിപാടി ആയിരുന്നു, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ പിതാക്കന്‍മാര്‍ക്ക്. ഇന്നത്തെ സ്ഥിതി ആണെങ്കില്‍ പറയുകയും വേണ്ട. കല്യാണ മാമാങ്കങ്ങള്‍ അല്ലേ..

കാശ് ഉള്ളവന് അന്നും ഇന്നും ഇതൊരു വിഷയമല്ല, കാശ് ഇല്ലാത്തവന് പക്ഷേ മാറിനില്‍ക്കാന്‍ ആവുന്നില്ല, എല്ലാവരും ചെയ്യമ്പോള്‍ നമ്മള്‍ മാത്രം..

സ്വര്‍ണ്ണത്തിന്റെ വിലയേക്കുറിച്ച് നമുക്ക്‌ സംസാരിക്കാന്‍ നാവു പൊന്തില്ല. എന്നാലും കൊടുക്കുന്നവര്‍ കൈ നിറച്ചും കൊടുക്കുന്നു, വാങ്ങുന്നവര്‍ കൈ നിറയെ വാങ്ങുന്നു.


സ്ത്രീധനം ചോദിച്ചുവാങ്ങിയെന്ന് തെളിഞ്ഞാല്‍ ഏഴു വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാന്‍ നിയമം ഭേദഗതി ചെയ്യുന്നു. അതോടെ തീരും സ്ത്രീധനം വാങ്ങുന്ന പ്രശ്നം.!  ഉവ്വോ.. നിയമം നേരത്തെയും ഉണ്ടായിരുന്നു അഞ്ചു വര്‍ഷത്തിനു തടവ്‌. എങ്ങാനും കേട്ടിരുന്നോ ആരെങ്കിലും ജയിലില്‍ പോയതായിട്ട്..

ഭക്ഷണം എത്ര തരം ഉണ്ട് എന്നത് മാത്രമാണ് ചോദ്യം, അറേബ്യനും കോണ്ടിനെന്റലും എല്ലാം നമുക്കിന്ന് പരിചിതം, കൂടുതല്‍ വൈകാതെ സ്പാനിഷ്‌ ഡിഷുകളും, ഇറ്റാലിയന്‍ മെനുവും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടെയ്ക്കാം..

ഒന്നിനും ഒരു കുറവും വരുത്താതെ, എന്‍റെ ആദ്യത്തെ കല്യാണമാന്നേയ്, എല്ലാം ഉണ്ടെങ്കിലും കാര്യമില്ല, സോറി.. ഓഡിട്ടോറിയം അടുത്ത ഒരു മാസത്തേക്ക്‌ ഒഴിവില്ല..

ഇതിനൊരു മാറ്റം വേണം എന്ന് മുറവിളി കേള്‍ക്കുന്നിടതെക്ക് നോക്കിയാല്‍ നാം കാണുക പെണ്മക്കള്‍ ഉള്ള സാധാരണക്കാരായ പിതാക്കന്മാരെ ആണ്. അവരെ വിടൂ, അവര്‍ ഇരകള്‍ മാത്രമാണ്, അവര്‍ക്ക്‌ മാറ്റങ്ങള്‍ക്ക് ആവില്ല.

മാറ്റാന്‍ ആവുന്നത് ഇന്നത്തെ യുവതയ്ക്കാണ്, തെളിച്ചു പറഞ്ഞാല്‍ വിവാഹം കഴിക്കാന്‍ ബാക്കിയുള്ള യുവതീയുവാക്കള്‍ക്ക്. അവരോടാണ് എനിക്ക് പറയാന്‍ ഉള്ളത്.. വേണ്ടേ നമുക്ക്‌ ഒരു മാറ്റം, ഈ ജീര്‍ണ്ണതയ്ക്ക്, ഈ പാഴ്ച്ചിലവുകള്‍ക്ക്, ഈ അര്‍ത്ഥശൂന്യമായ ബുദ്ധിയില്ലായ്മക്ക്.?

ഒരിച്ചിരി ഒരുമ നിങ്ങളുടെ വിവാഹ വേളയില്‍ നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ ഈ സ്ത്രീധനവും, പൊങ്ങച്ചവും എല്ലാം നിലനിര്‍ത്തി കൊണ്ടു തന്നെ, നമുക്ക് ഇവിടെ ഒരു വിപ്ലവം സാധ്യമാവും, ഒരു വിവാഹ വിപ്ലവം..!

നമ്മുടെ നാടുകളില്‍ നടക്കുന്ന എല്ലാ കല്യാണങ്ങളിലും പങ്കെടുക്കുന്ന എണ്പതു ശതമാനമെങ്കിലും അതിഥികള്‍ അവിടുത്തെ നാടുകാര്‍ തന്നെ ആയിരിക്കും. അതായത് അബുവിന്‍റെ കല്യാണത്തിനും, രാമന്‍റെ കല്യാണത്തിനും പങ്കെടുക്കുന്ന ബഹുപൂരിപക്ഷവും ഒരേ ആളുകള്‍ ആണ്. കല്യാണങ്ങളുടെ ബാഹുല്യം കാരണം ആളുകള്‍ക്ക്‌ ജോലിക്ക് പോവാന്‍ പോലും നേരം കിട്ടുന്നില്ല. എന്നും കല്യാണം തന്നെ..

നമുക്ക് ഒന്നിലധികം കല്യാണങ്ങള്‍ ഒരേ മണ്ഡപത്തില്‍ ഒരേ ദിവസം നടത്തിയാല്‍, ഭക്ഷണത്തിന്റെ ചിലവ് ഓരോരുത്തര്‍ക്കും പകുതിയോളം കുറയ്ക്കാം, ഭക്ഷണത്തിന്റെ വൈവിദ്യം ഇനിയും വേണമെങ്കില്‍ വര്‍ദ്ധിപ്പിക്കാം, ചിലവ് കൂട്ടാതെ തന്നെ, അത് മാത്രമോ ഓഡിട്ടോറിയത്തിന്റെ ലഭ്യത ഉറപ്പു വരുത്താം, കല്യാണവുമായി ബന്ധപെട്ട എല്ലാ ചിലവുകളും പപ്പാതിയാക്കാം.

പണ്ടായിരുന്നെങ്കില്‍ രാമനും അബ്ദുവും ഒരു കുടക്കീഴില്‍ നടന്നേനെ, ഇന്ന് അവര്‍ നടക്കാന്‍ തീരുമാനിച്ചാലും നാട്ടുകാര്‍ അവരെ നടക്കാന്‍ വിടില്ല. എങ്കിലും രാമനും, അച്ചുതനും ഒരു കൂട്ടു കല്യാണം നടത്താലോ, അബ്ദുവും കരീമും ചേര്‍ന്ന് മറ്റൊന്ന്, തോമസിനും ജോസിനും വേറൊന്ന്..

ഓര്‍ത്തു നോക്കൂ, ധനികനായ മമ്മത് ഹാജി, അയല്‍വാസിയായ സാധാരണക്കാരനായ ഹമീദിനോട് പറയുന്നത്, ഹമീദെ എന്‍റെ മോളെ കല്യാണം അടുത്ത മാസം നടത്താം എന്നാ ഞാന്‍ കരുതുന്നത്, നിന്‍റെ മോന്‍റെ കല്യാണം എന്തായി, നമുക്ക്‌ അത് ഒറ്റ ദിവസം നടത്താന്‍ നോക്കാം, നമുക്ക്‌ രണ്ടു പേര്‍ക്കും വിളിക്കാന്‍ ഉള്ളത് ഒരേ ആള്‍ക്കാരെ തന്നെയല്ലേ, എന്താ നിന്‍റെ അഭിപ്രായം..

പെണ്‍കുട്ടികള്‍ കുറച്ച് കൂടി നേരത്തേ വിവാഹിതരാവും. സാമ്പത്തികമായി കഴിവുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ അവരുടെ ജീവിതം തുടങ്ങുന്ന ഈ വേളയില്‍ നല്ലൊരു കാര്യത്തില്‍ നിന്നും തുടങ്ങാം. അവരുടെ പിതാവ് അവര്‍ക്ക്‌ നല്‍കുന്ന കിലോകണക്കിന് സ്വര്‍ണ്ണത്തില്‍ നിന്നും ഒരഞ്ചു പവന്‍ നിര്‍ധനരായ ബന്ധുക്കള്‍ക്ക്‌, ഇല്ലെങ്കില്‍ അയല്‍വാസികള്‍ക്ക്, മറ്റൊരു പെണ്‍കുട്ടിക്ക്‌ നല്‍കി അവളുടെയും കല്യാണം തന്‍റെ പന്തലില്‍ വെച്ച് നടത്താന്‍ ആവശ്യപ്പെടാം.

കൂടെപഠിക്കുന്നവര്‍, ഒന്നിച്ച് ജൊലി ചെയ്യുന്നവര്‍, ബാല്യകാലസുഹൃത്തുക്കള്‍ അങ്ങനെ പലര്‍ക്കും തീരുമാനിക്കാമല്ലോ നമ്മുടെ കല്യാണം നമുക്ക്‌ ഒരേ ദിവസം ഒരേ മണ്ഡപത്തില്‍ വെച്ചു നടത്താം എന്ന്..

ഇത് വ്യക്തികളുടെ കൂട്ടായ്മ, അതിന് സാധ്യമല്ലെങ്കില്‍ നമുക്ക്‌ ഈ ചിന്ത ഒരിച്ചിരി ബിസിനെസ്സ്‌ പരമായി മൂന്നോട്ട് നീക്കാം.

മെട്രോ നഗരങ്ങളില്‍ കണ്ടിട്ടില്ലേ മള്‍ടിപ്ലെക്സ് സിനിമാ തീയറ്ററുകള്‍. കുറച്ച് സീറ്റ്‌ മാത്രം ഉള്ള അഞ്ചും ആറും സിനിമാ തീയറ്ററുകള്‍ ഒരേ ബില്‍ഡിങ്ങില്‍, അത് പോലെ രണ്ടോ മൂന്നോ ചെറിയ സ്റ്റേജ് ഉള്ള വലിയൊരു ഡൈനിങ്ങ്‌ റൂം ഉള്ള ഓഡിട്ടോറിയങ്ങള്‍.

ഇന്നുള്ള ഓഡിട്ടോറിയങ്ങളില്‍ വളരെ വലിയൊരു ഹാള്‍ ഉണ്ടാവും, അതില്‍ വധൂവരന്മാര്‍ ഇരിക്കും കുറച്ച് ബന്ധുക്കള്‍ ചടങ്ങുകള്‍ കാണാനും, ഫോട്ടോ എടുക്കാനും കാണും, കല്യാണത്തിന് പങ്കെടുക്കുന്ന ഭൂരിപക്ഷത്തിനും അവരെ കാണാന്‍ പോലും നേരമില്ല, അവര്‍ക്ക്‌ ഇത് കഴിഞ്ഞ് അടുത്ത കല്യാണത്തിന് പങ്കെടുക്കാന്‍ ഉള്ളതാ. ചിലര്‍ കട അടച്ച് വന്നതാ. നിങ്ങള്‍ക്ക്‌ വിഷമം ആവരുത് എന്ന് കരുതി അവര്‍ കൈകഴുകി ഭക്ഷണം കഴിച്ചു എന്ന് വരുത്തുന്നു, ഷേക്ക്‌ഹാന്‍ഡ്‌ നല്‍കി, വന്നതായി രേഖപ്പെടുത്തി പോവും, അവര്‍ക്ക്‌ വേണ്ടി ഇത്ര വലിയ ഹാള്‍ എടുക്കുന്നത് ബുദ്ധിയല്ല എന്നാണ് എന്‍റെ അഭിപ്രായം.

ഓഡിട്ടോറിയം നടത്തുന്നവര്‍ ഓരോ ദിവസവും രണ്ടോ മൂന്നോ കല്യാണങ്ങള്‍ ഒരേ സമയം നടത്താന്‍ ഉള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുത്താല്‍ നമുക്ക് അവരെ സമീപിച്ച് ഇന്ന ദിവസം നമ്മുടെ കല്യാണം നടത്താന്‍ ഒഴിവുണ്ടോ എന്നന്യേഷിക്കാന്‍ ആയാല്‍ അവര്‍ക്കും നമുക്കും സാമ്പത്തികമായി അത് വളരെ ഗുണം ചെയ്യും. പൊങ്ങച്ചത്തിനു വേണ്ടി ഒരുപാട് കൂട്ടം ഭക്ഷണം ഒരുക്കണ്ട, സ്റ്റാന്‍ഡേര്‍ഡ് ആയി ഓഡിട്ടോറിയം നടത്തുന്നവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചു പിരിയാം, അവര്‍ക്കും ലാഭം നമുക്കും ലാഭം.

ഇന്ന് പല കല്യാണങ്ങള്‍ക്കും കൈകാര്യം ചെയ്യുന്നത് ഇവന്‍റ് മാനേജ്മെന്റ് ടീം ആണ്. രക്ഷിതാക്കള്‍ അവരെ സമീപിച്ച് അവര്‍ നമുക്ക്‌ വേണ്ട രീതിയില്‍ നടത്തി തരികയാണ്. അതിന് പകരമായി അവര്‍ സ്ഥിരമായി രണ്ടും മൂന്നും കല്യാണങ്ങള്‍ ഒരേ ദിവസം ഒരേ ഹാളില്‍ അറേഞ്ച് ചെയ്യുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. നമുക്ക്‌ അവരോട് പേര് രജിസ്റ്റര്‍ചെയ്യാം, ഇന്ന ദിവസം, ഇത്ര അഥിതികള്‍ എന്ന്. അവര്‍ക്ക്‌ അത് വളരെ ലാഭകരമായി ചെയ്യാന്‍ പറ്റും, അത് കൊണ്ടു തന്നെ അവര്‍ക്ക്‌ നമുക്ക്‌ ചിലവുകുറച്ച് നല്‍കാനും ആവും..

ഇതിന് മുന്നിട്ട് ഇറങ്ങേണ്ടത് ദരിദ്രനാരായണന്‍മാര്‍ അല്ല, സാമ്പത്തികമായി ഉള്ള വീടുകളിലേ ആണ്‍കുട്ടികള്‍ കൂടിയാണ്, അപ്പോള്‍ മാത്രമേ ഇത് ജനകീയമായി വിജയിപ്പിക്കാന്‍ ആവൂ. അവര്‍ക്കത് ചെയ്യാമെന്കില്‍ നമുക്കും അതാവാമല്ലോ എന്ന് മറ്റുള്ള ധനികര്‍ ചിന്തിക്കുമ്പോള്‍ മാത്രമേ സാധാരണക്കാരന് തലയുയര്‍ത്തി തന്നെ ഈ പാത പിന്തുടരാന്‍ ആവൂ.

ഇതിന് സഹകരിക്കാന്‍ ചെറുപ്പക്കാര്‍ ഉണ്ടെങ്കില്‍ രണ്ടാമതൊന്ന് കൂടി വിവാഹം കഴിക്കാന്‍ (തെറ്റിദ്ധരിക്കണ്ട എന്‍റെ ഫാര്യയെ തന്നെ..) എനിക്ക് താല്‍പര്യമുണ്ട്..!

(രണ്ടാം വിവാഹത്തിന്‍റെ മനോഹരമായ ഒരു പോസ്റ്റ്‌ ഊര്‍ക്കടവ് ബ്ലോഗില്‍ വായിക്കാം)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...