Saturday, February 9, 2013

തനിയെ

എന്‍റെ നേരേ മുന്നില്‍ ആണ് അവള്‍ കിടന്നിരുന്നത്. ഏകദേശം രണ്ടു വയസ്സു കാണും.. എന്‍റെ ജോയുടെ പ്രായം..!

എന്‍റെ വീടിനു മുന്നില്‍ ഒരു വലിയ പള്ളിയാണ്. ദിനം രണ്ടോ മൂന്നോ തവണ പള്ളി എന്നെ, ഞാന്‍ എന്‍റെ അന്ത്യത്തിലേക്ക് നടന്നടുക്കുകയാണ് എന്ന് ഓര്‍മ്മിപ്പിക്കും.

ചില ദിനങ്ങളില്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ ഉണ്ടാവും നമസ്കരിക്കാന്‍. പള്ളിയിലേക്ക്‌ മൃതദേഹങ്ങള്‍ പുറകുവശത്തെ വാതിലിലൂടെ കൊണ്ടു വന്നു കിടത്തും. നമസ്കരിക്കുന്നതിനു മുന്‍പ് മുന്‍വാതില്‍ തുറക്കുമ്പോള്‍ മാത്രമാണ് മൃതദേഹം നമ്മള്‍ കാണുന്നത്.


മയ്യത്ത് (മൃതദേഹം) നമസ്കാരം കഴിഞ്ഞ ഉടനെ ആളുകള്‍ പിരിയും, അടുത്ത ബന്ധുക്കള്‍ കുറച്ചു നേരം കൂടി നിന്ന് മൃതദേഹം ഒരു ആംബുലന്‍സില്‍ കയറ്റി മറവു ചെയ്യാന്‍ ഖബറിടത്തിലേക്ക് കൊണ്ടു പോവും, കൂടെ അവരുടെ കൂട്ടത്തില്‍ ഉള്ളവര്‍ അവരവരുടെ വാഹനങ്ങളില്‍ പിന്തുടരും. അഞ്ചു മിനിറ്റിനുള്ളില്‍ എല്ലാവരും പിരിയും.

അന്ന് ഞാന്‍ നമസ്കാരത്തിന് നിന്നത് ആദ്യ വരിയില്‍ വാതിലിന് തൊട്ടു മുന്‍പില്‍ ആണ്. നമസ്കാരം തീര്‍ന്ന് മയ്യത്ത് നമസ്കാരത്തിനു വേണ്ടി എന്‍റെ മുന്നില്‍ ഉള്ള വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ഒരു കുഞ്ഞു പൈതല്‍ കിടക്കുന്നുണ്ടായിരുന്നു. ആ മൂടികെട്ടിയ കുഞ്ഞു ശരീരത്തിനെ നോക്കിയാണ് ഞാന്‍ നമസ്ക്കരിച്ചത്. എന്ത് കൊണ്ടോ എനിക്കപ്പോള്‍ ആ കിടക്കുന്നത് ജോ ആണെന്ന് തോന്നി, ആ ചിന്ത എന്നെ വല്ലാതെ ആലോസാരപ്പെടുത്താന്‍ തുടങ്ങി.

നമസ്കാരം കഴിഞ്ഞതും ഒരു ഇരുപത്തഞ്ച് വയസ്സോടടുത്ത ഒരു കറുത്ത ചെറുപ്പക്കാരനായ അറബി വന്ന് കുഞ്ഞിനെ എടുത്തു. അയാളുടെ കൂടെ ആരും ഇല്ലായിരുന്നു.

ഞാന്‍ അയാളെയും അയാള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച കുഞ്ഞിനെയും നോക്കി അവിടെത്തന്നെ നിന്നു. നിസ്സഹായനായി നിന്ന ആ മനുഷ്യനില്‍ ഞാന്‍ എന്നെ കണ്ടു, കൈകളില്‍ എന്‍റെ ജോയേ കണ്ടു. ആ തോന്നല്‍ അയാളുടെ വേദനയില്‍ അയാള്‍ അറിയാതെ എന്നെയും പങ്കുകാരനാക്കി. ഒരു വല്ലാത്ത വീര്‍പ്പുമുട്ടല്‍ എന്നില്‍ വന്ന് നിറഞ്ഞു.

ഏതോ ഒരു സഹൃദയന്‍ വന്ന് അയാളോട് വണ്ടി ഇല്ലേ എന്ന് ചോദിച്ചു. ചെറിയ കുഞ്ഞുങ്ങളെ ആളുകള്‍ പലപ്പോഴും കാറില്‍ തന്നെ മറവു ചെയ്യാന്‍ കൊണ്ടു പോവും, വണ്ടി ഇല്ലാത്തവര്‍ക്ക് പള്ളിയുടെ വക ഫ്രീ ആംബുലന്‍സ് സര്‍വീസ് ഉണ്ട്. വണ്ടി ഇല്ലാ എന്ന് പറഞ്ഞപ്പോള്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ അയാള്‍ പോയി.

പള്ളി ഇപ്പോള്‍ ഏറെക്കുറെ കാലിയായി. അയാള്‍ കുഞ്ഞിനെ മാറോടടുക്കി എന്‍റെ മുന്നില്‍ നിന്നു. അവരില്‍ നിന്നും കണ്ണെടുക്കാന്‍ ആവാതെ, മാറി നില്‍ക്കാന്‍ പോലുമാകാതെ ഉറച്ചു പോയതുപോലെ ഞാനും നിന്നു.

മിനിട്ടുകള്‍ക്കകം ആംബുലന്‍സ് വന്നു, 'കയറിക്കോളൂ..' ആരോ അയാളോട് പറഞ്ഞു. 'എന്‍റെ ചെരിപ്പ്‌..' അയാള്‍ പള്ളിയുടെ മറ്റൊരു മൂലയിലേക്ക് വിരല്‍ ചൂണ്ടി. കുഞ്ഞിനെ ഞാന്‍ പിടിക്കാം, ചെരിപ്പ്‌ എടുത്ത് വരൂ, ആരോ അയാളില്‍ നിന്നും കുഞ്ഞിനെ വാങ്ങി.

അയാള്‍ ചെരിപ്പ്‌ എടുക്കാന്‍ എന്‍റെ നേരേ നടന്നു വന്നു, കലങ്ങിയ അയാളുടെ കണ്ണുകള്‍ തുളുമ്പി നില്‍ക്കുന്നത് ഞാന്‍ കണ്ടു. അയാളെ ചേര്‍ത്ത് പിടിച്ച്, വേദനിക്കല്ലേ എന്ന് പറയാന്‍ ഞാന്‍ മോഹിച്ചു. അയാള്‍ എന്‍റെ നെഞ്ചില്‍ കരഞ്ഞ് ഒരു പുഴ ഒഴുക്കണം എന്നും അത് അയാള്‍ക്ക് ഒരുപാട് ആശ്വാസം നല്‍കും എന്നും ഞാന്‍ വ്യാമോഹിച്ചു.

എന്നെ കടന്നു പോവുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ ഉടക്കി, ഞാന്‍ എന്‍റെ കണ്ണുകള്‍ പിന്‍വലിച്ചു. ഒന്നും പറയാന്‍ ഇല്ലാതെ, അനങ്ങാതെ ഞാന്‍ അവിടെ തന്നെ നിന്നു.

അയാള്‍ ചെരിപ്പ്‌ എടുത്ത് വന്ന്, കുഞ്ഞിനെ വാങ്ങി, ആംബുലന്‍സില്‍ മുന്‍ സീറ്റില്‍ കയറി, കുട്ടിയെ മടിയില്‍ വെച്ച്, ആംബുലന്‍സ് മുന്നോട്ടെടുത്തു എന്‍റെ കണ്ണില്‍ നിന്നും മറയുവോളം ഞാന്‍ അവിടെ തന്നെ നിന്നു.

അപ്പോള്‍ ഞാന്‍ കരയുകയായിരുന്നു..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...