Sunday, April 27, 2014

അമീര്‍ഖാന്‍റെ അനിയന്‍

എന്തൊരു തിരക്കാ..ഒന്നിനും നേരം കിട്ടുന്നില്ല. ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയിട്ട് നടക്കാം എന്ന് കരുതുമെങ്കിലും പറ്റുന്നില്ല, ക്ഷീണം സമ്മതിക്കുന്നില്ല, പിന്നേ കാത്തിരിക്കുന്ന കുടുംബം.. അവരുടെ കൂടേ കുറച്ച്‌ സമയം ചിലവഴിക്കെണ്ടേ..

വയര്‍ ചാടിയിരിക്കുന്നു, ജോലി, ടെന്‍ഷന്‍, ഇരുത്തം, പിന്നേ തീറ്റിക്കു കുറവും ഇല്ലാട്ടോ.. അല്ലറ ചില്ലറ സമ്പാദ്യം ഒക്കേ ആയി കുറച്ച്‌ പ്രഷറും ചെറുതായി ഷുഗറും ഉണ്ടെന്നു കൂട്ടിക്കോളൂ..


എല്ലാം ഒന്ന് മാറ്റിയെടുക്കണം.. കുട്ടികള്‍ ഒക്കെ ഒരു കരയ്ക്ക്‌ എത്തിയിട്ട്, അപ്പോഴേക്കും നാടു പിടിക്കണം, നമ്മുടെ മണ്ണില്‍, സ്വന്തം വീട്ടില്‍ ചെന്നിട്ട് ഇത്രയുംകാലത്തെ അധ്വാനം ഇറക്കി വെയ്ക്കണം.. കാലത്ത് നടക്കാന്‍ പോവണം.. ചെറിയ രീതിയില്‍ കുറച്ച്‌ യോഗയും.. ഭക്ഷണമൊക്കെ ഒന്ന് ക്രമീകരിക്കണം.. ടെന്‍ഷന്‍ ഇല്ലാതെ ഉള്ളത് ഉണ്ട് മനസ്സമാധാനത്തോടെ ഉറങ്ങി ഒരു വിശ്രമ ജീവിതം.. ഇനിയുള്ള യാത്ര അത് മുന്നില്‍ കണ്ടിട്ടാണ്..

നിങ്ങള്‍ ഇങ്ങനെയെല്ലാം മോഹിക്കാറുണ്ടോ.. പ്ലാന്‍ ചെയ്യാറുണ്ടോ.. സ്വപ്നം കാണാറുണ്ടോ..

പക്ഷെ ഇതെല്ലാം പ്രവര്‍ത്തിയില്‍ വരുത്തുന്നവര്‍ വളരെ കുറച്ചേ കാണൂ.. കാരണം അവര്‍ മോഹിക്കാറില്ല, സ്വപ്നംകണ്ട് സമയം കളയാറില്ല.. അവര്‍ അതിനെല്ലാം മുന്‍പേ തുടങ്ങിയിരിക്കും.. കാരണം അവര്‍ക്കറിയാം ഇതൊന്നും കാത്തിരുന്നാല്‍ നടക്കാന്‍ പോവുന്ന കാര്യങ്ങള്‍ അല്ല എന്ന്.

ജീവിതത്തില്‍ തിളങ്ങി നമ്മുടെ മുന്നിലൂടെ കടന്നു പോവുന്നവര്‍ കഷ്ടപ്പാട്‌ വകവെക്കാതെ, ദാരിദ്ര്യം വിഷയമാക്കാതെ, സൗകര്യങ്ങളും ഇഷ്ടങ്ങളും ത്യജിച്ചു തന്നെയാണ് അവിടെയെത്തി നില്‍ക്കുന്നത്..

മുട്ടു വേദന വക വെയ്ക്കാതെയാണ് അവര്‍ നടക്കാന്‍ പോവുന്നത്.. വിശപ്പ് അവഗണിച്ചാണ് അവര്‍ രാത്രി ഭക്ഷണം വേണ്ടെന്ന്‌ വെയ്ക്കുന്നത്.. പ്രായത്തെ വെല്ലുവിളിച്ച് മുടന്തിയാണ് അവര്‍ ഓടാന്‍ പോവുന്നത്..

തണുപ്പില്‍ പുതപ്പിനുള്ളില്‍ ചുരുളാന്‍ അവനും ഇഷ്ടമായിരുന്നു.. അവന്‍റെ ആരോഗ്യം, അത് അവന് പ്രിയപ്പെട്ട എല്ലാവര്‍ക്കും ആവശ്യമാണ്, അതില്ലാതാവുന്നത് പക്ഷെ അവന്‍റെ മാത്രം നഷ്ടമാണ്.

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സേഫ്റ്റി ഡെമോ കാണാം. ഓക്സിജന്‍ മാസ്ക് വീഴുമ്പോള്‍ ആദ്യം നിങ്ങള്‍ ധരിക്കുക, എന്നിട്ട് മാത്രം നിങ്ങളുടെ കുഞ്ഞിനെ ധരിപ്പിക്കുക. ആലോചിച്ചാല്‍ തോന്നും ശരിയാണല്ലോ.. കുഞ്ഞിനു മാസ്ക് ഇടുന്നതിന് മുന്‍പ്‌ നമുക്ക്‌ ശ്വാസംമുട്ടിയാല്‍ കുഞ്ഞിനെ മാസ്ക് ധരിപ്പിച്ചു തീര്‍ക്കുന്നതിനു മുന്‍പ്‌ തന്നെ നമുക്ക് തലചുറ്റല്‍ വന്നിരിക്കും..

അതേ ആദ്യം സ്വന്തം ആരോഗ്യം നോക്കുക.. എന്നിട്ട് മാത്രം കുടുംബത്തിനെ കുറിച്ച് ചിന്തിക്കുക.. രോഗിയായി നാട്ടിലേക്ക് മടങ്ങിയാല്‍ രണ്ടു കയ്യും നീട്ടി നിങ്ങളുടെ ഭാര്യയും മക്കളും നോക്കിക്കോളും എന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. അവര്‍ക്ക്‌ വേണ്ടത് ആരോഗ്യമുള്ള നിങ്ങളെയാണ്..

രോഗി ഒരു ഭാരമാണ്.. ഒരു ഭാരവും കൂടുതല്‍ കാലം ചുമക്കാന്‍ ആര്‍ക്കും താത്പര്യം കാണില്ല.. ഭാര്യ എന്നാല്‍ ഭാരം ചുമക്കാന്‍ ഉള്ളവള്‍ ആണെന്ന് പ്രായമാവുമ്പോള്‍ പലര്‍ക്കും തോന്നും. സോറി ഫോക്സ് നിങ്ങള്‍ ആര്‍ റോങ്ങ്.

പ്രായമാവുമ്പോള്‍ ആണ് സ്വന്തം കാലില്‍ നില്‍ക്കുന്നതിന്റെ പ്രാധാന്യം നിങ്ങള്‍ അറിയാന്‍ പോവുന്നത് ഇല്ലെങ്കില്‍ നിങ്ങള്‍ വെറും ഒരു യൂസലെസ്സ് ഫര്‍ണിച്ചര്‍ മാത്രമാണ്.

കഴിഞ്ഞ ദിവസം ഞാന്‍ സ്ടാല്ലന്‍ന്‍റെ പുതിയ ചിത്രം കണ്ടു 'ഗ്രട്ജ് മാച്ച്'. അരുപതിനോടടുത്ത രണ്ടു പഴയ ബോക്സിങ്ങ് കിഴവന്മാര്‍ മുപത്തു വര്‍ഷത്തിനുശേഷം വീണ്ടും ഒരു ഏറ്റുമുട്ടലിനു പ്രാക്ടീസ് ചെയ്യുന്നതാണ് ഇതിവൃത്തം.

പ്രായം ഒരു കാരണമേ അല്ല എന്ന് എന്നേ ഓര്‍മ്മിപ്പിക്കാറുള്ളത് എന്‍റെ അസിയാണ്.. എന്‍റെ ചെക്കന്‍ അമീര്‍ഖാനേക്കാള്‍ എത്രയോ ചെറുപ്പമാണ് എന്ന ഒറ്റ വരിമതി എന്നേ എന്നും പത്ത് കിലോമീറ്റര്‍ എന്നേ നടത്തിക്കാന്‍ നൂറു പുഷപ്പ് പുല്ല് പോലെ എടുപ്പിക്കാന്‍..

അതേ അമീര്‍ഖാനും സല്‍മാന്‍ഖാനും എല്ലാം നെഞ്ചു വിരിച്ചു നടക്കുന്നിടത്തോളം കാലം നമുക്ക്‌ ചെറുപ്പം തന്നെയാണ്, അവര്‍ക്ക്‌ ചെയ്യാന്‍ ആവുന്ന എന്തും മനസ്സുവെച്ചാല്‍ അതിനേക്കാള്‍ നന്നായി നമുക്കാവും.. ബെറ്റുണ്ടോ!!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...