നടക്കാന്‍ എനിക്ക് ഇഷ്ടമാണ്, പ്രത്യേകിച്ച് എല്ലാവരും കൂടുതുറന്നു വെളിയില്‍ ചാടുന്നതിനു മുന്‍പ്, പുല്ലുകളില്‍ എല്ലാം മഞ്ഞുതുള്ളികള്‍ നിറഞ്ഞിരിക്കുമ്പോള്‍, വണ്ടികളുടെ പുകയടിച്ചു മലിനമാവാത്ത വായുവും ശ്വസിച്ചു.. അതൊരു രസമുള്ള നടത്തമാണ്. തുടര്‍ന്ന് കൊണ്ട് പോവാന്‍ പക്ഷെ ഇച്ചിരി ബുദ്ധിമുട്ടാണ്, മുടങ്ങാന്‍ കാരണങ്ങള്‍ക്കാണോ പഞ്ഞം..
ആരെയെങ്കിലും കൂട്ടുപിടിക്കാം എന്ന് വെച്ചാല്‍ ഒന്നാമതായി നമ്മുടെ സമയത്തിന് മാച്ച് ആവുന്ന നല്ലൊരു കമ്പനി കിട്ടാന്‍ പ്രയാസമാണ്, ഇനി കിട്ടിയാല്‍ തന്നെ എനിക്ക് എന്‍റെ സ്വപ്നലോകത്തു നടക്കാനാ കൂടുതല്‍ ഇഷ്ടം, ഒരു പാട് വര്‍ത്തമാനം പറഞ്ഞ് നടക്കുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ എന്നോട് തന്നെ മിണ്ടി, സ്വപ്നംകണ്ട്, തര്‍ക്കിച്ച് അങ്ങനങ്ങനെ.. അതും പോരാഞ്ഞ്, ഒരു നിശ്ചിത സമയത്ത് നടക്കാം എന്ന് പറഞ്ഞാല്‍ എനിക്ക് മടിയുമാണ്.
കഴിഞ്ഞ ദിവസം എനിക്കൊരു കൂട്ട് കിട്ടി. ഒരു കൊച്ചു സുന്ദരി. കമാന്നൊരു അക്ഷരം മിണ്ടാതെ ഒപ്പം നടക്കും. നടത്തം മാത്രമല്ല കിടത്തവും കൂടെയാണ്, അപ്പോഴും ഒരക്ഷരം മിണ്ടില്ല. എന്ന് വെച്ച് ഊമയൊന്നുമല്ല. ചോദിച്ചാല്‍ എല്ലാത്തിനും മറുപടി പറയും, പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആണ് ഇവള്‍ ആള്‍ അത്ര ചില്ലറക്കാരിയല്ല എന്ന് നിങ്ങള്‍ക്ക് അറിയുക.
എത്ര ദൂരം നടന്നു, എത്ര കാലടികള്‍ വെച്ചു, എത്ര കലോറി കത്തിച്ചു, എത്ര ഗോവണികള്‍ കയറി, തുടങ്ങി ഒരുപാട് കാര്യങ്ങള്‍.
നമ്മള്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുമ്പോള്‍ അവള്‍ ഉണര്‍ന്നിരിക്കും.. നമ്മള്‍ ഉണരുമ്പോള്‍ പറഞ്ഞു തരും, എത്ര മിനുട്ടിനുള്ളില്‍ ഉറങ്ങി, എത്ര പ്രാവശ്യം ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു, എത്ര നന്നായി ഉറങ്ങി തുടങ്ങി പലതും.. കൂര്‍ക്കം വലിച്ചു എന്നും പറഞ്ഞ് നമ്മളെ മാനം കെടുത്തുകയുമില്ല..!
പേര് ഫിറ്റ്‌ബിറ്റ് വണ്‍, വില നൂറു ഡോളര്‍, ഫിറ്റ്‌ബിറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ അംഗം. ഇവളെ പറ്റി പറഞ്ഞ് തന്നത് കൂടെ ജോലി ചെയ്യുന്ന മഹ്മൂദ് ആണ്. അവന്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസത്തോളം ആയി. ഞാന്‍ വാങ്ങിയിട്ട് ഒരാഴ്ച്ചയേ ആയിട്ടുള്ളൂ. (അവരുടെ സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്തു വരുത്തണം). ഈ ഒരാഴ്ച്ച കൊണ്ട് ഈ സുന്ദരി എനിക്ക് പ്രിയപ്പെട്ടവളായി..!
വാങ്ങുന്നതിന് മുന്‍പ് മഹ്മൂദ് എന്നോട് പറയുമായിരുന്നു, ഞാന്‍ ഇന്ന് എട്ടു കിലോമീറ്റര്‍ നടന്നു, പതിനൊന്നായിരം കാലടികള്‍ വെച്ചു, പതിനഞ്ചു തവണ ഗോവണി കയറി എന്നെല്ലാം. ഞാന്‍ വാ പൊളിച്ച് അങ്ങനെ ഇരിക്കും, ഒരാഴ്ച്ച കൊണ്ട് അവന് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എന്താ കാര്യം, പിന്നെ എന്നും ഞാന്‍ അവനെ പൊട്ടിക്കും.. ഞാന്‍ പതിനയ്യായിരം കാലടികള്‍ വെയ്ക്കും, ഇരുപത്തിനാലു കോവണി കയറും, പത്തു കിലോമീറ്റര്‍ നടക്കും. ഹും മ്മളോടാ കളി..
ഒരാള്‍ ഒരുദിവസം 10,000 കാലടികള്‍ (സ്റെപ്പ്) വെയ്ക്കണം എന്നാണ് ആരോഗ്യവാനായി തുടരാന്‍ ജപ്പാന്‍കാരന്‍ പറഞ്ഞു നടക്കുന്നത്. ഇപ്പോള്‍ ലോകം അതേറ്റു പറയുന്നു. ഒരു സാധാരണ ഓഫീസ് ജോലിക്കാരന്‍ ഏകദേശം എത്ര സ്റെപ്പ് വയ്ക്കുന്നുണ്ട് എന്ന് താങ്കള്‍ക്ക് അറിയാമോ, 3000 ത്തിനും 4000 ത്തിനും ഇടയില്‍..
ഫിറ്റ്‌ബിറ്റുമായി കൂട്ടുകൂടിയ ശേഷം ഞാന്‍ ഓഫീസില്‍ കാര്‍ കുറച്ച് ദൂരെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഫോണില്‍ തീര്‍ക്കാവുന്ന കാര്യങ്ങള്‍ക്ക് പലപ്പോഴും ആളുകളെ നേരിട്ട് പോയി കാണും. അവരുമായി ഊഷ്മളമായ ഒരു ബന്ധവും ആവും, ഗോവണിയും കയറാം, സ്റെപ്പ് കൌണ്ട് കൂട്ടുകയും ചെയ്യാം.
ഇപ്പോള്‍ ഏകദേശം 5000 സ്റെപ്പ് ഓഫീസില്‍ തന്നെ തീര്‍ക്കാന്‍ എനിക്കാവും. വൈകീട്ട് വീട്ടില്‍ വന്നാല്‍ ചുമ്മാ ഒന്ന് നടക്കാന്‍ പോയാല്‍ തന്നെ സുഖമായി ഒന്നോ രണ്ടോ ആയിരം സ്റെപ്പ് കൂട്ടാം. എക്സര്‍സൈസ് എന്ന ഗണത്തില്‍ പെടുത്താതെ തന്നെ. ഡ്രസ്സ് മാറ്റി, ഷൂ ധരിച്ച് ഇറങ്ങിയാലോ പത്തു കിലോമീറ്റര്‍ തികച്ചേ ഞാന്‍ മടങ്ങൂ.
കാരണം രണ്ടാണ്, ഒന്നാമതായി ഇടയില്‍ ഫിറ്റ്‌ബിറ്റ് എടുത്ത് നോക്കുമ്പോള്‍ എനിക്കറിയാം പത്തു കിലോമീറ്റര്‍ തികയാന്‍ എത്ര നേരം കൂടി നടക്കണം എന്ന്. അതെന്നെ ഉത്സാഹഭരിതനാക്കുന്നു. രണ്ടാമതായി മറ്റൊരിടത്ത് എന്‍റെ ഒരു കൂട്ടുകാരന്‍ എന്നേ പൊട്ടിക്കാന്‍ നടക്കുകയാണ് എന്ന തോന്നല്‍ എനിക്ക് ഊര്‍ജ്ജവും വാശിയും പകരുന്നു..
അളക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ നമുക്ക് മാനേജ് ചെയ്യാന്‍ ആവില്ല എന്ന മാനേജ്മെന്റ് മന്ത്രം വളരെ ആപ്തമാണ്. ഫിറ്റ്‌ബിറ്റ് എന്‍റെ ചലനങ്ങള്‍ മുഴുവനായും അളക്കുന്നു, അതിനകത്ത് ഉള്ള 3D ആക്സിലറോമീറ്റര്‍ വേഗതയും, അല്‍ട്ടിമീറ്റര്‍ നമ്മള്‍ കയറുന്ന കോവണികളുടെ എണ്ണവും മറ്റും..
ഇതാണ് ഒരു ചെറുവിരല്‍പോലും വലിപ്പമില്ലാത്ത ഈ കൊച്ചു സുന്ദരിയേ എനിക്കിത്ര ഇഷ്ടപ്പെടാന്‍ കാര്യം. ഒരാഴ്ച്ച വരെ ഒരിക്കല്‍ ചാര്‍ജ് ചെയ്‌താല്‍ ഇവള്‍ എന്‍റെ കൂടെ നടക്കും. നമ്മുടെ കമ്പ്യൂട്ടറിന്റെ അടുത്ത് വെച്ചാല്‍ മതി, നമ്മുടെ ചലനങ്ങള്‍ വയര്‍ലസ്സ് ആയി സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും.
എന്‍റെ കൊച്ചു സുന്ദരിയെ കണ്ടു ഓഫീസില്‍ ഒരുപാട് പേര്‍ മോഹിച്ചു നടക്കുന്നുണ്ട്. ചിലരെല്ലാം ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു. അങ്ങനെ അടുത്തു തന്നെ എന്‍റെ കൂടെ 'തനിയെ' നടക്കാന്‍ എനിക്ക് കുറച്ച് പേരെ കൂടി കൂട്ടു കിട്ടും.
ഈ കൊച്ചു സുന്ദരിയിലൂടെ ഞാന്‍ പ്രവാസികള്‍ സ്വതവേ മറന്നു പോവുന്ന ഒരിത്തിരി വ്യായാമവും നേടും, കൂട്ടത്തില്‍ കുറച്ചു കൂട്ടുകാരെയും..!
വരുന്നോ എന്‍റെ കൂടെ 'തനിയെ' നടക്കാന്‍.?
No comments:
Post a Comment