Wednesday, April 9, 2014

കൃതജ്ഞത

എന്‍റെ കുട്ടിക്കാലത്ത് എന്‍റെ സങ്കല്‍പത്തിലേ ഏറ്റവും വലിയ തുക നൂറ് രൂപയായിരുന്നു.

സ്വന്തമായി ഒരു 100 രൂപ ഉണ്ടാവുന്നതില്‍ ഉള്ള ഒരു സന്തോഷം.. അതിനേക്കാള്‍ വലിയൊരു സന്തോഷം വേറെ ഉണ്ടോ..


ഒരിക്കല്‍ ഞാന്‍ എന്‍റെ ഒരു ബന്ധുവീട്ടില്‍ വിരുന്നിനു പോയി, ബന്ധു, ഒരു ദുബായിക്കാരന്‍ എനിക്ക് എന്തെല്ലാമോ സമ്മാനങ്ങള്‍ നല്‍കി (കളര്‍ പെന്‍സില്‍, റബ്ബര്‍, സ്കേല്‍ തുടങ്ങി കുട്ടി മനസ്സിലെ വലിയ സമ്മാനങ്ങള്‍). ഞാന്‍ അവയെല്ലാം നിരസിച്ചു. എന്‍റെ ഉന്നം കുറേക്കൂടി വലുതായിരുന്നു..

ഞാന്‍ സ്വകാര്യമായി അങ്ങേരോട് എന്‍റെ ആവശ്യം പറഞ്ഞു. എനിക്ക് ഒരു നൂറ് രൂപ വേണം. അതെന്തിനാ എന്ന് അങ്ങേര്‍ക്ക് അറിയണം, ഞാന്‍ സത്യം സത്യമായി തന്നെ പറഞ്ഞു, എന്‍റെ ഏറ്റവും വലിയ മോഹമാണ് സ്വന്തമായി ഒരു നൂറു രൂപ ഉണ്ടാവുക എന്നത്.. വലിയ ആളുകള്‍ക്ക് ഈ കുഞ്ഞു മനസ്സുകളുടെ മോഹങ്ങള്‍ അറിയില്ലല്ലോ.. പോവുമ്പോള്‍ ആരും കാണാതെ തരുമെന്ന ഉറപ്പില്‍ ഞാന്‍ വഞ്ചിതനായി. മടങ്ങുമ്പോള്‍ ആശാന്‍ എനിക്ക് പിടിതരാതെ വഴുതി.. ഇന്നും എനിക്ക് ഉറപ്പില്ലാത്തത് കൂടെ ഉണ്ടായിരുന്നു ഉമ്മയോട് അങ്ങേര്‍ ഇത് പറഞ്ഞിരുന്നോ എന്നതാണ്.. കാലങ്ങള്‍ക്ക് ശേഷം സ്വന്തമായി ഒരു നൂറു രൂപയുടെ ഉടമസ്ഥന്‍ ആയപ്പോള്‍ എന്‍റെ മനസ്സ് സന്തോഷിച്ചോ.. ഓര്‍മയില്ല..

കാലി പോക്കറ്റുമായി, കുടുംബത്തിന്‍റെ പത്രാസ് മാത്രം കൈമുതലായി ആണ് ഞാന്‍ വിവാഹിതനായത്. പെണ്ണുകാണുമ്പോള്‍ ഞാന്‍ എന്‍റെ ഭാര്യയാവാന്‍ തയ്യാറായ പെണ്‍കുട്ടിയോട് പറഞ്ഞു 'എന്‍റെ കയ്യില്‍ എന്റേത്‌ എന്ന് പറയാന്‍ ഒന്നും തന്നെയില്ല, ഞാന്‍ ഉടുത്തിരിക്കുന്ന വസ്ത്രങ്ങള്‍ പോലും എന്‍റെ വീട്ടുകാര്‍ എനിക്ക് വാങ്ങി നല്‍കിയതാണ്, എന്‍റെ കൂടെയുള്ള ജീവിതത്തില്‍ പ്രതീക്ഷകള്‍ വളരെ കുറച്ചേ ആകാവൂ..'.

അങ്ങനെ ഒരു ആമുഖം നല്‍കിയതിനാല്‍ അവളെ വഞ്ചിച്ചു എന്നൊരു കുറ്റബോധം അന്നെനിക്കുണ്ടായില്ല. തുടക്കത്തില്‍ വളരെ പരിതാപകരമായിരുന്നു എന്‍റെ, അഥവാ ഞങ്ങളുടെ, സാമ്പത്തിക അവസ്ഥ. ദുരഭിമാനം, സത്യത്തെ, എന്‍റെ ഉള്ളില്‍ വെച്ച് ഞെരിച്ച് കൊന്നു. പരാതികള്‍ കാണിക്കാതെ കുറേക്കാലം ഒരു വെള്ള ചുരിദാര്‍ മാത്രമായി അസി കുറേ വിരുന്നുകള്‍ പങ്കെടുത്തു. ഇന്ന് ഞാന്‍ ഓര്‍ക്കുന്നു എന്നെങ്കിലും ഒരു ലക്ഷംരൂപ രൂപ എന്റേത്‌ എന്ന് പറയാന്‍ സ്വന്തമായി ഉണ്ടായാല്‍ അതില്‍ പരം ഒരു സംതൃപ്തി മറ്റൊന്നും ഉണ്ടാവാനില്ല എന്നായിരുന്നു അക്കാലത്തെ എന്‍റെ അപ്രാപ്യമായ മോഹം.

കാലങ്ങള്‍ കൊഴിഞ്ഞുനീങ്ങി, ഒന്നും രണ്ടുമായി ഒരുക്കൂട്ടി ലക്ഷം ഞാന്‍ തികച്ചു. ഒന്നല്ല ഒന്നിലധികം. പക്ഷെ ആദ്യത്തെ ലക്ഷത്തിനു മാത്രമേ മധുരമുണ്ടായുള്ളൂ പിന്നെ അതൊന്നും വലിയ കാര്യമല്ലാതായി. ഉയരങ്ങളാണ് നമ്മുടെയെല്ലാം ലക്‌ഷ്യം, താഴേക്ക്‌ നോക്കാന്‍ നമുക്ക്‌ മടിയാണ്. ലക്ഷം കടന്നാല്‍ അടുത്ത സന്തോഷം നില്‍ക്കുന്നത് കോടിയിലാണ്. കുറച്ചു കാലം മുന്‍പ്‌ ചേര്‍ത്തു വെച്ച ഇരുപതു ലക്ഷങ്ങള്‍ വെച്ച് ഞാന്‍ ഒരേക്കര്‍ ഭൂമി വാങ്ങിച്ചു. ഇന്ന് നാട്ടിലെ മതിപ്പ് വിലവെച്ച് ഒരു കോടിക്ക്‌ മേലെ അതിന് വിലവരും. ഒരു കോടിയുടെ മധുരവും അങ്ങനെ അറിഞ്ഞു, ചെറിയൊരു സന്തോഷം, കഴിഞ്ഞു, അത്രേ ഉള്ളൂ.. പുതിയ ഉയരങ്ങള്‍..

ഇന്ഗ്ലീഷില്‍ ഇതിനെ ഹിഡോനിക്ക് അടാപ്ട്ടെഷന്‍ എന്ന് പറയുന്നു. അതായത് നമ്മുടെ ഓരോ മോഹങ്ങള്‍ സഫലമാവുമ്പോഴും, അവ എത്ര കാലത്തേ കാത്തിരിപ്പിന് ശേഷമാണെങ്കിലും നമുക്കുള്ള സന്തോഷം പെട്ടെന്ന് തന്നെ പഴയ നിലവാരത്തിലേക്ക്‌ മടങ്ങുന്നു.

സന്തോഷം മാത്രമല്ല സന്താപവും അങ്ങിനെ തന്നെ. പഴമക്കാരുടെ ഭാഷയില്‍ സന്തോഷം ആണെങ്കില്‍ അവന്‍ വന്ന വഴി മറന്നുപോയി എന്നവര്‍ കുറ്റപ്പെടുത്തും, സന്താപമാണെങ്കില്‍ മറവി എത്ര അനുഗ്രഹമാണ് എന്ന് പറയും.

നമ്മുടെ മോഹങ്ങള്‍ സഫലാമാവുമ്പോള്‍ ഉള്ള സന്തോഷമുണ്ടല്ലോ അവ നമ്മുടെ ജീവിതത്തില്‍ ഫ്രെയിം ചെയ്തു വെയ്ക്കാവുന്ന ചിത്രങ്ങള്‍ ആണ്. അത്തരം അവസരങ്ങളില്‍ നമ്മള്‍ വളരെ കൃതജ്ഞത ഉള്ളവര്‍ ആവാറുണ്ട്.

വിശ്വാസികള്‍ ദൈവത്തിനു ഒന്നോ രണ്ടോ ദിവസം കൂടുതല്‍ നന്ദി പറയും. വ്യക്തികള്‍ ചെയ്ത സഹായങ്ങള്‍ ആണെങ്കില്‍ നമ്മള്‍ തിരിച്ചും, നമുക്കു പോലും പരിജയമില്ലാത്തത്ര ഉന്നതമായ നിലവാരമുള്ളവര്‍ ആയി മാറും.

കൂടുതല്‍ സമയം അങ്ങിനെ പിടിച്ചു നില്‍ക്കാന്‍ പാടാണ്, നമുക്ക് നാം ആയല്ലേ മതിയാവൂ.. പഴയ മാനസിക അവസ്ഥയിലേക്ക് തന്നെ നാം മടങ്ങുന്നു. കൂടുതല്‍ വലിയ മോഹങ്ങള്‍ കൂടുതല്‍ വലിയ ആഗ്രഹങ്ങള്‍, ലഭിച്ചതോ - മോഹിച്ച വിവാഹമോ, ജോലിയോ, സമ്പത്തോ, രോഗ ശമനമോ, എന്തിന് ജീവന്‍ തിരിച്ച് കിട്ടിയാല്‍ പോലും നമ്മള്‍ അത് മറന്നു.. ഇപ്പോള്‍ എന്‍റെ മോഹം, ഇതും കൂടി സാധിച്ചാല്‍..



നാട്ടില്‍ പഠിക്കുന്ന എന്‍റെ മകന്‍ എന്‍റെ സഹോദരിയോടു പറഞ്ഞു എന്‍റെ ഉപ്പാക്ക് നല്ല വസ്ത്രങ്ങള്‍ കുറവാണ് ഒരു നല്ല കുപ്പായം വാങ്ങണം. കഴിഞ്ഞ ദിവസം അസി എന്നോടു പറഞ്ഞു നിങ്ങള്‍ക്ക് ഈ ബനിയന്‍ ഒന്ന് മാറ്റിക്കൂടേ നരച്ചു തുടങ്ങിയിരിക്കുന്നു ഇതിന്‍റെ കോളര്‍. വാങ്ങാന്‍ ഇല്ലാഞ്ഞിട്ടല്ല, പിശുക്കിയിട്ടുമല്ല, പഴയ വസ്ത്രങ്ങള്‍ എന്നേ ഓര്‍മിപ്പിക്കാറുണ്ട് രണ്ടാമതൊരു ചുരിദാര്‍ വാങ്ങിക്കൊടുക്കാന്‍ ഒരിക്കല്‍ എനിക്കായിരുന്നില്ല എന്ന്. എവിടുന്ന് തുടങ്ങിയിട്ടാണ് ഇവിടെ വന്നു നില്‍ക്കുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്കൊരുപാട് സമാധാനം തോന്നും. മനസ്സിന് ഇഷ്ടമുള്ള സാധനങ്ങള്‍ അവ എത്ര പഴതായാലും അതിനാല്‍ എനിക്ക് കളയാന്‍ മടിയാണ്.

എല്ലാം പുതുമ വേണമെന്ന് ശഠിക്കുന്ന പുതു തലമുറയ്ക്ക് ഉള്‍കൊള്ളാന്‍ ആവുമെന്ന് തോന്നുന്നില്ല എങ്കിലും ഇടയ്ക്കെല്ലാം തിരിഞ്ഞു നോക്കി ദൈവത്തിനു സ്തുതി ഇവിടെവരെ എത്താന്‍ ആയല്ലോ എന്ന് കൃതജ്ഞതയോടെ ഓര്‍ക്കാന്‍ ആയാല്‍ നാം ഒരുപാട് സന്തുഷ്ടരായിരിക്കും.

മറവി ഒരു അനുഗ്രഹം മാത്രമല്ല നന്ദികേട് കൂടിയാണ്..!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...