Thursday, November 12, 2015

യൂറിക്ക്‌ ആസിഡും, ആപ്പിൾ സിഡെറും അവളും

ഇന്നലത്തെ പാര്‍ട്ടിയുടെ ഭക്ഷണം നന്നായിരുന്നു ല്ലേ..

ഉവ്വോ എനിക്കങ്ങനെ തോന്നിയില്ല..

രുചിയല്ല ഞാന്‍ ഉദ്ദേശിച്ചത്.. ഈ പാര്‍ട്ടി ഭക്ഷണം എല്ലാം കാണുമ്പോള്‍ നമ്മള്‍ വയര്‍ മുട്ടേ തിന്നും.. പിന്നെ ഒരു എതക്കെടാണ്.. രാത്രി ഉറക്കവും ശരിയാകില്ല.. രാവിലെ എഴുന്നേറ്റാലും വയറിനൊരു സ്തംഭനമാ.. ഇന്നലത്തെ ഭക്ഷണത്തിനു അങ്ങനത്തെ ഒരു പ്രശ്നം കണ്ടില്ല.. നിനക്ക് തോന്നിയോ..


അതേയ് ഫ്രീ കിട്ടിയാല്‍ മണ്ണെണ്ണയും കുടിക്കുന്നവരാ.. ചാടിവീഴുമ്പോ ഓര്‍ക്കണം ഭക്ഷണമേ ഫ്രീ ഉളളൂ, വയര്‍ നമ്മുടെയാണ് എന്ന്.. ഇന്നലെ നിങ്ങളുടെ വയര്‍ കേടുവരുത്താത്തതിന്‍റെ ക്രെഡിറ്റ്‌ അവര്‍ക്ക് കൊടുക്കണ്ട അതെനിക്കുള്ളതാണ്..

അയ്യോടാ.. നീ എന്ത് ചെയ്തിട്ടാണാവോ അവരുടെ ഭക്ഷണം നന്നായത്..

ഞാന്‍ അവരുടെ ഭക്ഷണം നന്നാക്കിയ കാര്യമല്ല പറഞ്ഞത്.. നിങ്ങളുടെ വയര്‍ കേടാക്കാത്തതിന്റെ കാര്യമാ പറഞ്ഞത്.. പാര്‍ട്ടിക്ക് പോവുന്നതിന് മുന്‍പ് ഞാന്‍ ഒരു ജ്യൂസ്‌ തന്നില്ലേ..

ആ കാടിവെള്ളോ, അതാ ജ്യൂസ്‌..

ശരി ജ്യൂസ്‌ അല്ല.. ആ കാടിവെള്ളമാണ് നിങ്ങളുടെ വയര്‍ കേടാവാതെ നോക്കിയത്.. ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ ആപ്പിൾ സിഡെർ വിനാഗിരിയും ഒരു ഗ്ലാസ് ഇളംചുടുവെള്ളത്തില്‍ ഭക്ഷണത്തിന് മുന്‍പ് കുടിച്ചാല്‍ ദഹനക്കേട് ഒഴിവാക്കാം.. അതാ ഇന്നലെ നിങ്ങള്‍ കുടിച്ചത്..

കൊള്ളാല്ലോ.. എടീ വിനാഗിരി കുടിച്ചാല്‍ എനിക്ക് അള്‍സര്‍ വരൂല്ലേ..

ഏതെങ്കിലും വിനാഗിരിയല്ല, ആപ്പിൾ സിഡെർ വിനാഗിരി ചെറിയ തോതില്‍ കുടിച്ചാല്‍ അത് ആരോഗ്യത്തിന് നല്ലതാണ്.. അള്‍സര്‍ ഉള്ളവര്‍ കുടിക്കരുത് ഇല്ലാത്തവര്‍ക്ക് നല്ലതാണ്..

ഇതൊക്കെ നിനക്കെങ്ങനെ അറിയാം..

എനിക്കങ്ങനെ പലതും അറിയാം.. ഞാന്‍ ശരിക്കും നല്ല ഇന്റലിജന്ടാണ്.. നിങ്ങള്‍ക്ക് മാത്രേ അത് മനസ്സിലാവാത്തതുള്ളൂ..

തന്നെ.. ശരി എന്നാല്‍ പറ വേറെ എന്തരം കാര്യങ്ങളാ നിന്‍റെ ആപ്പിൾ സിഡെർ വിനാഗിരി കുടിച്ചാല്‍ നടക്കാ..

ആപ്പിൾ സിഡെർ വിനാഗിരി ഉണ്ടാക്കുന്നത് ആപ്പിളില്‍ നിന്നുമാണ്.. വയര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് അത്യുത്തമമാണ്.. നിങ്ങളുടെ വയറുവേദനയുടെ അല്ലെങ്കില്‍ വയറിളക്കത്തിന്‍റെ അടിസ്ഥാനം ബാക്ടീരിയ അണുബാധ ആണെങ്കില്‍ ആപ്പിൾ സിഡെർ വിനാഗിരി ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ മിക്സ്‌ ചെയ്തു കുടിച്ചാല്‍ മാറും..

നിങ്ങള്‍ക്ക് എക്കെട്ട് ഉണ്ടായാല്‍..

എന്ത് കെട്ട്..

ഹൌ കെട്ട് എന്ന് കേട്ടാല്‍ കെട്ടും പൊട്ടിച്ച് ഇറങ്ങിക്കോളും.. ഒരു കെട്ടുമല്ല, എക്കിള്‍ എക്കിള്‍ എന്ന് കേട്ടിട്ടുണ്ടോ അതിന് മലബാറില്‍ എക്കെട്ട് എന്നും പറയും.. ഒരു ടീസ്പൂണ്‍ ആപ്പിൾ സിഡെർ വിനാഗിരി തുള്ളിതുള്ളിയായി രുചിച്ചിറക്കിയാല്‍ എക്കിള്‍ പമ്പകടക്കും..

ശരിക്കും..

അങ്ങനെ ചോദിച്ചാല്‍ പമ്പ കടക്കോ എന്നൊന്നും അറിയില്ല, എക്കിള്‍ മാറിക്കിട്ടും അത് പോരെ..

വേറെ എന്തിനൊക്കെ പറ്റും ഈ ആപ്പിൾ സിഡെർ വിനാഗിരി..

തൊണ്ടവേദനക്ക് ബെസ്റ്റ് ആണ്.. കാല്‍ കപ്പ് ആപ്പിൾ സിഡെർ വിനാഗിരിയും കാല്‍ കപ്പ്‌ ഇളം ചുടുവെള്ളവും ചേര്‍ത്ത് ഓരോ മണിക്കൂര്‍ ഇടവിട്ട്‌ കവിള്‍ കൊള്ളിയാല്‍ (കൊപ്ലിച്ചാല്‍) തൊണ്ടവേദന കീഞ്ഞ് പാഞാളീം..

മാത്രമല്ല മൂക്കടപ്പിനും ഉഷാര്‍ ആണ്.. ആപ്പിൾ സിഡെർ വിനാഗിരിയില്‍ പൊട്ടാസിയം ഉണ്ട് അത് മൂക്കള ഇളക്കി കളയും, അങ്ങനെ മൂക്കടപ്പ് മാറിക്കിട്ടും.. ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മിക്സ്‌ ചെയ്തു കുടിച്ചാല്‍ മതി..

കൊളസ്ട്രോൾ കൂടുമോ നിന്‍റെ ആപ്പിൾ സിഡെർ വിനാഗിരി ഉപയോഗിച്ചാല്‍..

കൂടേ.. ഒരു ജാപ്പനീസ് പഠനറിപ്പോര്‍ട്ട് പ്രകാരം ആപ്പിൾ സിഡെർ വിനാഗിരി പകുതി ഔൺസ് ഒരു ദിവസം ഉപയോഗിക്കുന്ന ആളുകളുടെ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞുവന്നു എന്നാണ് കണ്ടെത്തിയത്..

കഴിഞ്ഞോ പുരാണം..

ഇല്ലല്ലോ ഇനിയല്ലേ കേള്‍ക്കാന്‍ ഇരിക്കുന്നത്..

വണ്ണം കുറയ്ക്കാന്‍ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ആപ്പിൾ സിഡെർ വിനാഗിരി മിക്സ്‌ ചെയ്തു പലപ്പോഴായി കുടിച്ചാല്‍ മതി.. അതില്‍ ഉള്ള അസറ്റിക് ആസിഡ് വിശപ്പ് ഇല്ലാതാക്കും.. ശാസ്ത്രജ്ഞര്‍ പറയുന്നത് ദഹനം കണ്ട്രോള്‍ ചെയ്ത് രക്തത്തിലെത്തുന്ന കലോറി കുറയ്ക്കും എന്നാ..

എന്നിട്ട് എന്താ നിന്‍റെ കൂട്ടക്കാര് ഇങ്ങനെ ചീര്‍ത്തിരിക്കുന്നത്.. നിനക്ക് അവരേ ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കൂടെ..

അവരുടെ കാര്യം അവരു നോക്കിക്കോളും, വേണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ബാക്കിയുള്ളോരുടെ തടി കുറയ്ക്കാന്‍ പറഞ്ഞു നോക്കിക്കോളീ..

എടീ എന്‍റെ ബാക്കിയെല്ലാം വളരെ ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്, തടി കൂടിയ ഒറ്റ ഒരുത്തനേ നിനക്ക് കാണാന്‍ കിട്ടില്ല..

നാണമില്ലല്ലോ.. എന്തിനാ ഒന്നാക്കുന്നത് ജയലളിതയുടെ അമ്മായിമാരും, അനിയത്തിമാരും, അമ്മച്ചിമാരുമായി എത്രയെണ്ണമാ, പെണ്ണുങ്ങളില്‍ തന്നെ, കണ്ട ഷാര്‍ജയിലും, ഗള്‍ഫിലും, നാട്ടിലും.. സിക്സ് പാക്ക് ഒന്നും വേണ്ട, പാതി ഒരു ത്രീ പാക്ക്, പോട്ടേ ഒരു ടൂപാക്ക് എങ്കിലും ഉണ്ടോ ആണൊരുത്തന്‍ നിങ്ങളുടെ കൂട്ടത്തില്‍, എല്ലാത്തിനും സിംഗിള്‍ പാക്ക്, അതും ഫാമിലി പാക്കാക്കി വീര്‍പ്പിച്ചങ്ങനെ നടക്കും.. ഹെല്‍ത്ത് കോണ്‍ഷ്യസ്.. ഹും..

നീ പറഞ്ഞു പറഞ്ഞ് എന്‍റെ കൂട്ടക്കാരേ പറയും ല്ലേ, എന്‍റെ കൂട്ടക്കാരേ പറഞ്ഞാല്‍ ഞാന്‍ സഹിക്കും, എന്നേ പറഞ്ഞാല്‍ നീ വിവരമറിയും.. ശരി കള, നീ ആപ്പിൾ സിഡെർ വിനാഗിരിയേ പറ്റി പറ, കേള്‍ക്കാന്‍ രസമുണ്ട്..

നിങ്ങള്‍ യൂറിക് ആസിഡ് എന്ന് കേട്ടിട്ടില്ലേ..

ഉണ്ടുണ്ട്.. നീ ഈ കേക്കില്‍ ഒക്കേ ഇടുന്ന എന്തോ പൊടിയല്ലേ..

ഉണ്ട, നിങ്ങക്ക് തീറ്റ മാത്രേ ചിന്തയുള്ളൂ.. അതൊരു രോഗാ മനുഷ്യാ.. മത്തി, ലിവര്‍, കടല, ബീന്‍സ്‌ തുടങ്ങി 'പ്യൂരൈന്‍സ്' എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു ഭക്ഷണം കഴിച്ചാല്‍ ശരീരം നിര്‍മ്മിക്കുന്ന ഒരു കെമിക്കല്‍ ആണ് യൂറിക് ആസിഡ്. അത് രക്തത്തില്‍ അലിഞ്ഞ് കിഡ്നിയില്‍ എത്തും, അവിടുന്ന് മൂത്രത്തിലൂടെ പുറത്തു പോവും.

പുറത്തു പോവുന്നതില്‍ കൂടുതല്‍ യൂറിക് ആസിഡ് ശരീരം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ പിന്നേ രോഗിയായി.. വലിയ ക്ഷീണം തോന്നും, സന്ധികളില്‍ എല്ലാം നല്ല വേദന തോന്നും, ഡോക്ടറുടെ അടുത്ത് ചെന്നാല്‍ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യും, ചെയ്‌താല്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ ഗുളിക തരും..

ഒരു സംശയം, ഇതെല്ലം ഇപ്പോ ഇവിടെ എന്തിനാ പറയുന്നത്..

അതോ.. നേരെ ഡോക്ടറുടെ അടുത്തേക്ക് പായുന്നതിനു മുന്‍പ് ദിവസവും ആപ്പിൾ സിഡെർ വിനാഗിരി ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ മിക്സ്‌ ചെയ്തു പലപ്പോഴായി കുടിച്ചാല്‍ യൂറിക് ആസിഡ് കുറയും..

ആപ്പിൾ സിഡെർ വിനാഗിരി ഒരു സംഭവാ ല്ലേ..

പറയാനുണ്ടോ.. തീര്‍ന്നില്ല.. താരന്‍ കളയാന്‍, മുഖക്കുരു കളയാന്‍, ക്ഷീണം തോന്നുമ്പോള്‍ ഊര്‍ജം പകരാന്‍, രാത്രിയില്‍ ഉള്ള മസിലു പിടുത്തം കളയാന്‍, വായനാറ്റം ഇല്ലാതാക്കാന്‍, പല്ലു വെളുപ്പിക്കാന്‍, മുറിവുകളുടെ പാട് മായ്ക്കാന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ എന്നു വേണ്ടാ എല്ലാ തരം രോഗങ്ങള്‍ക്കും ഉള്ള ഒരു ഔഷധകൂട്ടാണ് ആപ്പിൾ സിഡെർ വിനാഗിരി..

അല്ല സത്യത്തില്‍ ഞാന്‍ അറിയാതെ നിനക്ക് ഇതിന്‍റെ കച്ചവടമോ മറ്റോ ഉണ്ടോ.. നിന്‍റെ വാക്ക് കേട്ടാല്‍ ഇനി ഒന്നിനും മരുന്നൊന്നും വേണ്ട നിന്‍റെ ആപ്പിൾ സിഡെർ വിനാഗിരി കുടിച്ചാല്‍ ഇനിയാര്‍ക്കും ഒരു അസുഖവും വരില്ല എന്ന് തോന്നുമല്ലോ..

അസുഖം വരില്ല എന്നല്ല വരുന്ന പല അസുഖങ്ങളും നിയന്ത്രിക്കാന്‍ കഴിയും എന്നാ പറഞ്ഞത്.. പിന്നെ എല്ലാ അസുഖത്തിനും ഇത് കുടിക്കുകയല്ല.. ഉദാഹരണത്തിന് താരന്‍ കളയാന്‍ തുല്യ അളവില്‍ ആപ്പിൾ സിഡെർ വിനാഗിരിയും വെള്ളവും ചേര്‍ത്ത് തലയോടില്‍ പൂശുക, പതിനഞ്ച് മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.. ആഴ്ചയില്‍ രണ്ടു തവണ ചെയ്‌താല്‍ മതി..

വായനാറ്റം മാറാന്‍ മൂന്നിലൊന്നു ആപ്പിൾ സിഡെർ വിനാഗിരിയും വെള്ളവും കിടക്കുന്നതിനു മുന്‍പ് കൊപ്ലിക്കണം.. കൊപ്ലിച്ചു കഴിഞ്ഞ് പല്ലു തേച്ചാല്‍ പല്ലുകള്‍ വെളുക്കും.. ഇത് കഴിഞ്ഞ് വെള്ളം കൊണ്ട് വീണ്ടും നന്നായി കൊപ്ലിക്കണം ട്ടോ, ഇല്ലെങ്കില്‍ പല്ലിന്‍റെ ഇനാമല്‍ പോയി കിട്ടും..

ഇത്രേം വിവരമുള്ള നീ ഒന്നും എന്‍റെ അടുക്കളയില്‍ കിടന്ന് നിരങ്ങേണ്ടവള്‍ ആയിരുന്നില്ല ട്ടോ..

വേല കയ്യില്‍ വെച്ചാല്‍ മതി.. തല്‍ക്കാലം ഞാന്‍ തന്നെ നിരങ്ങിക്കോളം.. നിങ്ങള്‍ എന്തിനാ വിഷമിക്കുന്നത് സ്വര്‍ഗത്തില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് മുത്തുമുത്തായ എണ്‍പതിനായിരം എണ്ണത്തിനെ കിട്ടൂലേ..

കിട്ടോ..

ഉറപ്പല്ലേ..

സ്വര്‍ഗത്തില്‍ ചെന്നാല്‍ നമുക്ക് വേണ്ടത് എല്ലാം കിട്ടും എന്നല്ലേ.. അപ്പൊ ഈ എണ്‍പതിനായിരം എണ്ണത്തിനെ ഒന്ന് ഒഴിവാക്കി കിട്ടാന്‍ പറയാന്‍ പറ്റോ..

അതെന്താ..

അല്ലാ ഇവിടുന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്രയ്ക്ക് സുഖങ്ങള്‍ ആണെന്നല്ലേ അവിടെ.. എന്തിനാ പിന്നേ 'ഈ സുഖം' എണ്‍പതിനായിരം ഇരട്ടിയായി അവിടെയും..

ആ ഡയലോഗ് പൊളിച്ചു ട്ടാ..

-- ശുഭം --

No comments:

Post a Comment

Related Posts Plugin for WordPress, Blogger...