Saturday, February 14, 2015

24 ജീവിതങ്ങള്‍

റഈദും അമ്രും യാസറും ഞാനും.

ഒന്നിച്ച് ജോലിചെയ്യുന്നവര്‍ എന്ന് മാത്രമല്ല സമാനമായ ഫ്രീക്വന്‍സിയില്‍ ചിന്തിക്കുന്നവര്‍. കൂട്ടത്തില്‍ ഒരാളുടെ ടേബിളില്‍ ഞങ്ങള്‍ എപ്പോഴെങ്കിലും ഒന്ന് കൂടും, കൂടിയാല്‍ അരമണിക്കൂര്‍ അതിലധികം ആവില്ല അതിനുള്ളില്‍ തന്നെ ഒരു ഇരുപത് മെയില്‍ എങ്കിലും എന്‍റെ മറുപടി പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ടാകും.

അവരും നല്ല തിരക്കുള്ളവര്‍ തന്നെ. അഞ്ചു മണിക്ക് ഓഫീസ് സമയം കഴിഞ്ഞാലും ഞങ്ങള്‍ കുറച്ച് പേര്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഓഫീസില്‍ വളരെ ബിസിയായി ജോലി ചെയ്യുന്നത് സ്ഥിരം കാഴ്ച ആയിതുടങ്ങിയിട്ടുണ്ട്.


അന്ന് ഞങ്ങള്‍ കൂടിയപ്പോള്‍ ജീവിതത്തില്‍ വന്ന തിരക്കായിരുന്നു വിഷയം.

റഈദു പറഞ്ഞു ഈ ജോലിയില്‍ ചേരുന്നതിന് മുന്‍പ്‌ ഞാന്‍ കുറച്ചു കാലം ജോലിയില്ലാതെ നടന്നു.. അന്ന് ഞാന്‍ രണ്ടായിരത്തിനും മൂവായിരത്തിനുമെല്ലാം ഓരോ പ്രോജെക്റ്റ് എടുത്തു ചെയ്യുമായിരുന്നു.. ഉപ്പയും ഉമ്മയും ഞാനും ഭാര്യയും എന്‍റെ രണ്ടു കുട്ടികളും.. ഹോസ്പിറ്റല്‍ ബില്ലും, ഫോണും, സ്കൂളും എല്ലാം കൂടി എനിക്ക് ശ്വാസംമുട്ടിയിരുന്നു.. അന്നാണ് പക്ഷേ എന്‍റെ കുടുംബം ഏറ്റവും സന്തോഷിച്ചത്. വീട്ടില്‍ ഇരുന്ന്‍ പ്രൊജക്റ്റ്‌ ചെയ്തു കൊടുക്കുന്നതിനാല്‍ അവള്‍ക്ക് എപ്പഴും ഞാന്‍ കൂടെയുണ്ട്, ഉമ്മാക്ക് എപ്പോ ആശുപത്രിയില്‍ പോവാനും ഞാന്‍ റെഡി. കുട്ടികള്‍ സ്കൂള്‍ വിട്ട് വരുന്നത് തന്നെ എന്‍റെ കൂടേ കളിക്കാന്‍ ആണ്. അധിക ദിവസവും ഞങ്ങള്‍ പുറത്ത് പോവും..

എനിക്ക് ഈ ജോലി കിട്ടിയ ഉടനെയെല്ലാം എന്‍റെ തിരക്ക്‌ കൊണ്ട് ഉമ്മാന്റെ ഹോസ്പിറ്റല്‍ പോക്ക് വാരാന്ത്യത്തിലേക്ക്‌ മാറ്റിയിരുന്നു. ഇപ്പോ എന്നോട് പറയാറില്ല പാവം ഉപ്പ തന്നെ എങ്ങിനെ എങ്കിലും കൊണ്ട് പോവാണ്. രോഗത്തിനു എന്‍റെ സൗകര്യം നോക്കി ഇരിക്കാന്‍ പറ്റില്ലല്ലോ. അവര്‍ക്കറിയാം എനിക്കിപ്പോ നല്ല തിരക്കാണ് എന്ന്. ഉമ്മാനോട് അസുഖത്തെ കുറിച്ച് ചോദിയ്ക്കാന്‍ പേടിയാണ് എന്നോട് അവര്‍ ഒന്നും പറയാറും ഇല്ല.

യാസര്‍ പറഞ്ഞു അല്ലാഹു എല്ലാവര്‍ക്കും ഓരോ ദിവസവും ജീവിതത്തിന്‍റെ കഷ്ണങ്ങളില്‍ നിന്നും ഇരുപത്തിനാലു കഷണം എടുക്കാന്‍ അവസരം തരും. നമ്മള്‍ എന്ത് എടുക്കുന്നു എന്നത്‌ നമ്മള്‍ ആണ് തീരുമാനിക്കേണ്ടത്‌.

ഞാന്‍ തിരുത്തി. ഓരോരുത്തര്‍ക്കും ഇരുപത്തിനാലു മണിക്കൂര്‍ തന്നിരിക്കുന്നു എന്ന് അല്ലേ..

അവന്‍ തുടര്‍ന്നു.. മണിക്കൂറു‍കള്‍ ഈ കൊച്ചു ജീവിതങ്ങളുടെ അളവു കോലുകള്‍ മാത്രമാണ്.. നമുക്ക് അല്ലാഹു നല്‍കുന്നത് ജീവിതമാണ്. ഏതു വേണം എന്നത്‌ നമ്മള്‍ തീരുമാനിക്കും. സമ്പത്തോ, കുടുമ്പസുഖമോ, രക്ഷിതാക്കളുടെ പരിചരണമോ, കൂട്ടുകാരുമായുള്ള കറക്കമോ, ഓഫീസില്‍ ഉള്ള തിരക്കോ അങ്ങിനങ്ങിനെ ഓരോ ചെറു ജീവിതങ്ങള്‍. എനിക്കും കിട്ടും ഇരുപത്തിനാലു കഷ്ണങ്ങള്‍ നിങ്ങള്‍ക്കും അത് തന്നെ കിട്ടും. അതില്‍ എത്ര കഷ്ണം ഓഫീസിനു വേണം എന്നും എത്ര കഷ്ണം കുടുംബത്തിനു വേണം എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.

എനിക്കാ കാഴ്ചപ്പാട് ഇഷ്ടമായി. ശരിയാണ് എന്‍റെ ജീവിതത്തിന്‍റെ കൊച്ചു കഷ്ണങ്ങള്‍ ഞാന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ആകെ ഇരുപത്തിനാലെണ്ണമേ കിട്ടൂ. ഒരു ഐറ്റം കൂടുതല്‍ എടുത്താല്‍ വേറൊന്ന്‌ കുറച്ചേ കിട്ടൂ. സമ്പത്തിന്‍റെ കൂടുതല്‍ കഷ്ണങ്ങള്‍ എടുക്കുന്നവന് ഉറക്കത്തിന്റെ കഷ്ണങ്ങള്‍ കുറയുന്നു ഇല്ലെങ്കില്‍ കുടുംബത്തിന്‍റെ കഷ്ണങ്ങള്‍ കുറവാവുന്നു.

കുടുംബത്തിന്‍റെ കഷ്ണങ്ങള്‍ കുറച്ചെടുത്ത നിങ്ങള്‍ക്ക് ഒരു കുട്ടി അവന്‍റെ അച്ഛന്‍റെ സമയത്തിന് വില പറഞ്ഞ കഥ ഞാന്‍ കേള്‍പ്പിക്കട്ടെ.. നിങ്ങള്‍ കേട്ടിട്ടുണ്ടോ.

ഇല്ല പറ, കേള്‍ക്കട്ടെ.. എല്ലാവരും എന്‍റെ കഥ കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരുന്നു.

ഒരു പിതാവ്, നമ്മുടെ എല്ലാം പോലെ വളരെ തിരക്കുള്ള ഒരു പിതാവ്‌, വൈകി വീട്ടില്‍ വന്നാലും വീട്ടില്‍ ഇരുന്നും ഓഫീസ് ജോലികള്‍ തീര്‍ക്കുന്ന ഒരു പാവം. ഇയാള്‍ക്ക്‌ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകന്‍ ഉണ്ടായിരുന്നു. മകന്‍ എന്നും ഉപ്പ ജോലി ചെയ്യുമ്പോള്‍ അടുത്ത് ശല്യപ്പെടുത്താതേ കറങ്ങി നടക്കും. ക്ഷീണിക്കുമ്പോള്‍ അയാള്‍ക്ക് പിന്നില്‍ അവന്‍ സോഫയില്‍ കിടന്നുറങ്ങും. രാത്രി ഉപ്പ കിടക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ മകനെ എടുത്ത് കിടക്കയില്‍ കിടത്താറാണ് പതിവ്.

ഒരു ദിവസം ജോലിയില്‍ മുഴുകി നില്‍ക്കുന്ന അയാളുടെ കസേരയില്‍ ചാരി മകന്‍ ചോദിച്ചു.. ഉപ്പാ ഉപ്പാക്ക് ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ എത്ര കാശ് കിട്ടും..

അയാള്‍ക്ക് ആ ചോദ്യം തീരേ ഇഷ്ടമായില്ല. എങ്കിലും മടുപ്പ് പുറത്ത് കാണിക്കാതെ ജോലി നിര്‍ത്തി ഒരു നിമിഷം കണക്ക്‌ കൂട്ടിയിട്ട് അയാള്‍ പറഞ്ഞു ഏകദേശം ഇരുന്നൂറോളം രൂപ കാണും, എന്താ മോനേ..

'അത്രേം ഉണ്ട് ല്ലേ' തലയും താഴ്ത്തി കുട്ടി പറഞ്ഞു..
പിന്നെ ചോദ്യങ്ങള്‍ ഒന്നും കേള്‍ക്കാത്തതിനാല്‍ അയാള്‍ വീണ്ടും ജോലിയിലേക്ക് മുഴുകി

കുറച്ച് കഴിഞ്ഞപ്പോള്‍ കുട്ടി വിളിച്ചു.. ഉപ്പാ.. ഉപ്പാ..
ഉം.. തലയുയര്‍ത്താതെ അയാള്‍ മൂളി..
കുട്ടി പതിയേ ചോദിച്ചു.. ഉപ്പ എനിക്കൊരു അന്‍പത് രൂപ തരോ..

ജോലി നിര്‍ത്തി അയാള്‍ കുട്ടിയേ നോക്കി. ആകാംക്ഷ മെല്ലെ കോപമായി മാറി. കാശ് കിട്ടാന്‍ വേണ്ടിയുള്ള അടവായിരുന്നു ല്ലേ.. എന്താ പ്പോ പുതുതായി നിനക്ക് വേണ്ടത്‌ അയാളുടെ ശബ്ദം ഉയര്‍ന്നു..

പോയ്ക്കോണം എന്‍റെ മുന്നില്‍ നിന്ന്.. ഒന്നും പഠിക്കും ഇല്ല.. കാശു വേണം പോലും..ഞാന്‍ അത് എങ്ങിനാ ഉണ്ടാക്കുന്നത് എന്ന് ഇവിടാര്‍ക്കും അറിയണ്ട..

കുട്ടി തലയും കുനിച്ച് നടന്നു നീങ്ങി.. അവന്‍റെ മുറിയുടെ വാതില്‍ പതിയേ അടയുന്ന ശബ്ദം അയാള്‍ വ്യക്തമായും കേട്ടു.
അയാള്‍ തിരിച്ച് ജോലിയിലേക്ക് മുഴുകാന്‍ ശ്രമിച്ചു. പക്ഷെ അയാളുടെ മനസ്സ്‌ വളരെ അസ്വസ്ഥമായിരുന്നു..

അയാളുടെ മകന്‍ കാശ് അനാവശ്യമായി ചിലവാക്കുന്ന പ്രകൃതമായിരുന്നില്ല.. വല്ലപ്പോഴുമേ അവന്‍ കാശ് ചോദിക്കാറുള്ളൂ അവന്‍റെ ആവശ്യം എന്തായിരുന്നു എന്ന് പോലും ചോദിക്കുന്നതിനു മുന്‍പേ പൊട്ടിത്തെറിച്ചു. വല്ലപ്പോഴുമേ അവനേ വഴക്ക് പറയേണ്ടി വന്നിട്ടുള്ളൂ..

അയാള്‍ക്ക് വല്ലാതെ കുറ്റബോധം തോന്നി... അയാള്‍ എഴുന്നേറ്റ് പേഴ്സില്‍ നിന്നും അന്‍പതു രൂപയുടെ നോട്ടും എടുത്തു അവന്‍റെ മുറിയിലേക്ക്‌ ചെന്നു.

മേലേക്ക്‌ നോക്കി കിടക്കുകയായിരുന്നു അവന്‍.. അയാള്‍ അവന്‌ അരികില്‍ ഇരുന്നു പതിയേ ചോദിച്ചു.. മോന്‍ ഉറങ്ങിയോ.
ഇല്ലുപ്പാ എഴുന്നേറ്റിരുന്ന് അവന്‍ പറഞ്ഞു.

അയാള്‍ അന്‍പതു രൂപ അവന്‌ നേരേ നീട്ടിയിട്ടു പറഞ്ഞു.. ഉപ്പ പറഞ്ഞത് മോന് സങ്കടായോ.. ഉപ്പാക്ക് ഓഫീസില്‍ വല്ലാതെ തിരക്കാണ് വീട്ടില്‍ വന്നിട്ടും ജോലി ചെയ്തിട്ടു തീരുന്നില്ല.. ആ ദേഷ്യമെല്ലാം അറിയാതെ മോന്‍റെ നേരേ തൂവിയതാണ്.. സാരല്ല്യ ട്ടോ..

താങ്ക്യൂ ഉപ്പാ.. അവന്‍ ചാടി എഴുന്നേറ്റ്‌ സന്തോഷത്തോടെ പിതാവിന്‍റെ കൈയ്യില്‍ നിന്നും കാശു വാങ്ങി അവന്‍റെ മേശക്കരികിലെക്ക് ഓടി.

ഉപ്പ നോക്കിയിരിക്കെ മേശവലിപ്പില്‍ നിന്നും അവന്‍ കുറേ ചുരുട്ടിയ നോട്ടുകള്‍ എടുത്തു നിവര്‍ത്തി ഉപ്പയുടെ മുന്നില്‍ വിടര്‍ന്ന മുഖത്തോടെ ഉപ്പാക്കത് നീട്ടിയിട്ടു പറഞ്ഞു
ഇരുനൂറ് രൂപയായി ഉപ്പാ, നാളെ ഉപ്പ നേരത്തേ വരണം എന്നിട്ട് എന്‍റെ കൂടേ ഒരു മണിക്കൂര്‍ കളിക്കണം, കളിക്കോ..

അന്തരീക്ഷം പെട്ടെന്ന് മൂകമായി കുറച്ചു നേരം ആരും ഒന്നും പറഞ്ഞില്ല. സാവധാനം ഓരോരുത്തരായി ഒന്നും പറയാതെ പിരിഞ്ഞു പോയി. എനിക്ക് തന്നെ വല്ലാതായി. ഏതു നേരത്തിലാണാവോ എനിക്കീ കഥ തോന്നിയത്..

അല്ലെങ്കിലും ഈയിടെയായി എന്‍റെ പല കഥകളും അനവസരത്തിലാണ് കയറി വരുന്നത് എന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. അന്ന് എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് ഊളിയിട്ടു..

രണ്ടു ദിവസം കഴിഞ്ഞു ഒരു മീറ്റിംഗ് കഴിഞ്ഞ് വരുമ്പോള്‍ അമ്ര് എന്‍റെ ടേബിളില്‍ കാത്തു നില്‍പ്പുണ്ട്. അവന്‍ പറഞ്ഞു. നിന്‍റെ ആ കഥയുണ്ടല്ലോ എന്‍റെ മുഖത്താണ് അന്നത് കൊണ്ടത്‌. ഇന്നലേ ഞാന്‍ അഞ്ചു മണിക്ക് ഷാര്‍പ്പ് ഇവിടുന്ന് ഇറങ്ങി.. എന്‍റെ മോളുണ്ടല്ലോ അവള്‍ അടുത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല. ഞാന്‍ വീട്ടില്‍ എത്തിയപ്പം തുടങ്ങിയതാ സംസാരം എന്ത്‌മാത്രാ അവള്‍ പറഞ്ഞു കൂട്ടിയതെന്നോ.. മൂളി മൂളി ഞാന്‍ ഒരു വഴിക്കായി.. ഞാന്‍ ഇനി നേരത്തേ ഇറങ്ങും, എന്‍റെ കുടുംബം കഴിഞ്ഞുള്ള ജോലി മതി എനിക്ക്.. നിന്‍റെ കഥയാണ് എന്നെ അത് പഠിപ്പിച്ചത് നിനക്ക് നന്ദിയുണ്ട്..

അവന്‍ പോയപ്പോള്‍ ഞാന്‍ മെയിലിന്റെ സ്റ്റാറ്റസ് ഒന്ന് നോക്കി. പുതുതായി അറുപത് മെയില്‍ എന്നെ പ്രതീക്ഷിച്ച്‌ ഇരിപ്പുണ്ട്. ഇന്നത്തെ ദിവസം പോക്കാ. ഉച്ചക്ക്‌ ശേഷം ഒരു മീറ്റിങ്ങ്, അതിന് പോയതിനുള്ള ശിക്ഷയാണ്. ഇനി ഇതെല്ലം വായിച്ച് ഇതിനെല്ലാം മറുപടി എഴുതി വരുമ്പോള്‍ എപ്പഴാണാവോ. സമയം ഇപ്പഴേ നാലരയായി.

അഞ്ചു മണിക്ക് അവള്‍ വിളിച്ചു.. ഇന്ന് ഒന്ന് നേരത്തേ ഇറങ്ങണം.. ജോക്ക് നല്ല പനിയുണ്ട്.. വല്ലാതെ കുറുമ്പും.. ഒന്നും പറഞ്ഞിട്ട് കേള്‍ക്കുന്നില്ല.. ആരെയെങ്കിലും ഒന്ന് കാണിക്കാം.. ഇല്ലെങ്കില്‍ ഇനി കുറേ ക്ലാസ്സ്‌ മിസ്സ്‌ ആവും..

നേരത്തേ ഇറങ്ങല്‍ നടക്കും എന്ന് തോന്നുന്നില്ല നീ അവള്‍ക്ക് എന്തെങ്കിലും മരുന്ന് കൊടുത്ത് കിടത്താന്‍ നോക്ക്. പനി മാറിക്കോളും.. ഇല്ലെങ്കില്‍ നാളെ ആരെയെങ്കിലും കാണിക്കാം.. ഞാന്‍ എത്തിക്കോളാം, നീ വെച്ചോ.. ഞാന്‍ അവളേ ഒഴിവാക്കി ജോലിയിലേക്ക് ഊളിയിട്ടു. ഓഫിസ് കാലിയായിരിക്കുന്നു. ഒന്നോ രണ്ടോ പേര്‍ എന്നേപ്പോലെ തലയും കുനിച്ച് അവിടിവിടെ ഇരിപ്പുണ്ട്..

ജോക്ക് നല്‍കുന്ന സമയം കുറഞ്ഞുവരുന്നത് എന്നെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. മഗ്രിബ് ബാങ്ക് കൊടുക്കുന്നതിനു മുന്‍പ്‌ ഞാന്‍ വീട്ടില്‍ എത്താറുണ്ടായിരുന്നു മുന്‍പൊക്കെ. റോഡിന് അപ്പുറം ഉള്ള പള്ളി അവിടെ വരെ എന്‍റെ കൂടേ വരും അവള്‍. നല്ല കുട്ടിയായി പള്ളിയില്‍ ഇരിക്കും, ചിലപ്പോള്‍ എന്‍റെ കൂടേ നമസ്ക്കരിക്കും. കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കുറച്ചു നേരം പള്ളിമുറ്റത്ത് പുല്ലില്‍ ഓടി കളിക്കും.

തിരിച്ച് വീട്ടില്‍ വന്നാല്‍ പിന്നേ വിശേഷങ്ങളുടെ പെരുമഴയാണ്.. പൊട്ട ക്ലാസ്സ്‌ ടീച്ചറിനോട്‌ 'കട്ടി'യായത്. ഇന്നലേ കട്ടിയായ കുട്ടിയുമായി ഇന്ന് ദോസ്തി ആയത്. അവളുടെ ഉമ്മയോട് കട്ടിയായത്. ഉമ്മയുടെ ഭാഗം ഞാന്‍ പറഞ്ഞാല്‍ രണ്ടു പേരോടും കട്ടിയായി പടച്ചവനോട് പതംപറഞ്ഞു കരഞ്ഞ് നാട്ടില്‍ പഠിക്കുന്ന അക്കിക്കയെയും നിമ്മിത്തയെയും വിളിച്ച് കരയലും എല്ലാമായി ഇഷാ ബാങ്ക് വരെ ഒരു ഉത്സവമാണ് ഞങ്ങള്‍ക്ക്.

സ്കൂള്‍ ബസ്‌ നേരത്തേ വരും. ഇഷാ ബാങ്ക് കൊടുത്താല്‍ അവളെ ഉറക്കാന്‍ വിടും. ഒറ്റക്കല്ല, പല്ല്തേച്ചു കൊടുത്ത് ഞാന്‍ ഉറക്കി കൊടുക്കണം. ബാങ്ക് കൊടുത്ത് പള്ളിയില്‍ നമസ്കാരം തുടങ്ങാന്‍ ഉള്ള ഇരുപത് മിനിറ്റ്‌ ഇടവേളയില്‍ ഞാന്‍ അവളേ ചേര്‍ത്ത് പിടിച്ച് കിടക്കും.

അവളുടെ കുഞ്ഞു കൈകള്‍ ആയാസപ്പെട്ട് എന്‍റെ കഴുത്തില്‍ ഇട്ട് അവള്‍ എന്നെ മൃതുവായ്‌ തട്ടിത്തരും. എന്‍റെ എല്ലാ വിഷമങ്ങളും അവള്‍ ചോദിച്ചറിയും. അതിനെല്ലാം പരിഹാരങ്ങള്‍ അവള്‍ പടച്ചവനോട് തേടും.. പടച്ചവന്‍ നടത്തിതരാത്ത കാര്യങ്ങള്‍ക്ക്‌ പടച്ചവനോട് പിണക്കം കാണിക്കും.. ആ കുഞ്ഞു മാലാഖയുടെ സംരക്ഷണത്തില്‍ ഞാന്‍ എല്ലാം മറന്ന് ഉറങ്ങിപ്പോവും. . അതിന് ശേഷമേ അവള്‍ ഉറങ്ങൂ.. ആ ഉറക്കം ഇപ്പോള്‍ ഒഴിവു ദിനങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു..

ഫോണ്‍ അടിച്ചപ്പോള്‍ ആണ് ഞാന്‍ ജോലിയില്‍ നിന്നും ഉണര്‍ന്നത്. എട്ടുമണി ആയിരിക്കുന്നു..അവള്‍ ആണ്.. ജോക്ക് സംസാരിക്കണം കൊടുക്കാം മറ്റൊന്നും പറയാതെ അവള്‍ ഫോണ്‍ കൈമാറി. കരഞ്ഞുകൊണ്ടാണ് ജോ തുടങ്ങിയത് ഉപ്പ എന്താ വരാത്തെ ജോനേ കെട്ടിപ്പിടിച്ച് ഉറക്കാഞ്ഞിട്ട് ജോക്ക് ഉറക്കം വരുന്നില്ലല്ലോ.. ജോക്ക് സുഖല്ല്യാന്നു ഉപ്പാക്ക് അറീല്ലാ.. കരച്ചിലിനിടയില്‍ അവള്‍ ചോദിച്ചത്‌ അത് മാത്രമാണ്‌.

അറിയും ഡാ.. ഉപ്പാ ഇപ്പോ വരുംട്ടോ.. ജോ കിടന്നോ.. ഉപ്പ നിനക്ക് പറഞ്ഞു തരാറുള്ള ഒരു കഥ നീ ഒന്ന് പറഞ്ഞു നോക്ക് അത് പറഞ്ഞു തീരുമ്പോഴേക്കും ഉപ്പ വരും മോള് കണ്ണും പൂട്ടി കിടന്നോ ഉപ്പാ ഇപ്പോ വരുംട്ടോ.. ഫോണ്‍ വെച്ച് ഞാന്‍ വണ്ടിയുടെ ചാവിയെടുത്തു.

മതി ഇന്ന് ഇത്ര മതി ബാക്കി നാളെ ചെയ്യാം.. ഒന്ന് കൂടി മെയില്‍ സ്റ്റാറ്റസ് നോക്കി.. ഇല്ല ഏഴെണ്ണം കൂടിയേ ഉള്ളൂ ഒരു പതിനഞ്ച്‌ മിനിറ്റ് കൂടി ഇരുന്നാല്‍ തീരും.. അതും കഴിഞ്ഞ് ഞാന്‍ ഇറങ്ങായി ജോ.. ദാ ഇപ്പോ എത്തും..

-- ശുഭം --


ഇത് താങ്കള്‍ക്ക് ഇഷ്ടമായെങ്കില്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു പോസ്റ്റ്‌ ആണ് ഇത്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...