Monday, May 18, 2015

പിടിവള്ളികള്‍

എത്ര പെട്ടെന്നാണ് എല്ലാം തകര്‍ന്നടിഞ്ഞത്. ഒരൊറ്റ നിമിഷം കൊണ്ട് എന്‍റെ ലോകം ഒരു ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി..

വിശ്വസിക്കാന്‍ കഴിയുന്ന ഒരു വാര്‍ത്ത‍ ആയിരുന്നില്ല അത്.. കുതിക്കുകയായിരുന്നു പിന്നെ.. പോകുന്ന വഴി തിട്ടമില്ലാതെ നിറഞ്ഞ കണ്ണുകളുമായി മുന്നില്‍ കാണുന്നതെല്ലാം തട്ടിത്തെറിപ്പിച്ചു.. മുന്നോട്ട്..

എന്നെ തന്നെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.. ആണോ.. മുഖങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇടുങ്ങിയ വഴിയിലൂടെ ഇരുളിലേക്ക് നീങ്ങുമ്പോള്‍ ഒന്നേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. തനിയെ.. ആരും കൂടെയില്ലാതെ.. ഞാന്‍ ഞാന്‍ മാത്രം..


സമയം കടന്നുപോയത് അറിഞ്ഞില്ല.. ഇരുട്ട് നിറഞ്ഞിരിക്കുന്നു ഒന്നും കാണുന്നില്ല.. അമര്‍ത്തിപ്പിടിച്ച് ചില തേങ്ങലുകള്‍ ഉണ്ടോ.. അതോ അതെന്റെ ഉള്ളില്‍ നിന്നും തന്നെയാണോ.. തല പെരുത്ത പോലെ.. ഒന്നും കാണാന്‍ വയ്യ..

മുന്നില്‍ ഒരു മതില്‍ അതാ. ഇനി മുന്നോട്ട് വയ്യ.. ഇതെവിടെയാണ്.. പുറത്തു കടക്കണം, എന്‍റെ ലോകം ഇതല്ല.. വശങ്ങളിലേക്ക് നടക്കാം ഒരു വാതില്‍ കാണാതിരിക്കില്ല.. എത്ര നേരം നടന്നിട്ടും മുന്നില്‍ അന്തമില്ലാത്ത മതില്‍.. ആരോ വിളിക്കുന്നുണ്ട്.. ഉണ്ടോ.. വയ്യ ഇനി എനിക്ക് വയ്യ..

തളരാന്‍ പാടില്ല.. പക്ഷെ എങ്ങനെ.. മുന്നില്‍ ഒരു വഴിയും ഇല്ലാതെ.. ഇതെന്‍റെ ജീവിതമല്ല.. ഇതൊന്നും എനിക്ക് പരിചയമുള്ളതല്ല.. ഇനി ഒരു തിരിച്ചു പോക്കില്ല എന്നുണ്ടോ.. എന്‍റെ ജീവിതം.. ദൈവമേ ഈ ഇരുട്ടില്‍ നീ ഒരു പിടിവള്ളി.. ഒരു വാതില്‍..

എല്ലാവരുടെയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കടന്നു പോവേണ്ട ഒരു വഴിയാണ് ഇത്.. എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലെന്ന തോന്നല്‍ ഉണ്ടാക്കുന്ന.. സ്വന്തത്തെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ മടിക്കുന്ന ഒരു അവസ്ഥ..

പഴയ ജീവിതം തിരിച്ചു പിടിക്കാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് സഹായകമായി വരുമെന്ന്‍ തോന്നുന്നു..

#1 എന്‍റെ ജീവന്‍ അപകടത്തില്‍ ആണോ..

ഈ നിമിഷം എന്താണ് സത്യത്തില്‍ എന്‍റെ പ്രശ്നം. എന്‍റെ ജീവന്‍ ഇതിനാല്‍ അപകടത്തില്‍ ആണോ.. അല്ല.

ഈ വേദനയെല്ലാം എന്‍റെ ചിന്തകളില്‍ മാത്രമാണ്. വീണ്ടുംവീണ്ടും ഇതിനെക്കുറിച്ച് മാത്രം ചിന്തിച്ചു ഞാന്‍ തന്നെയാണ് ഈ മെന്റല്‍ ടോര്‍ച്ചര്‍ ഉണ്ടാക്കുന്നത്.

എന്നെ ഭയപ്പെടുത്തുന്ന പരിണിതഫലങ്ങള്‍ ആയ കാര്യങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല, ഞാന്‍ ഇതിനാല്‍ ഒറ്റപെട്ടത്‌ എന്‍റെ ചിന്തകളില്‍ മാത്രമാണ്.

എന്‍റെ ചുറ്റുപാടുകള്‍ പഴയ പോലെ തന്നെയാണ്.. നല്ല ദിവസം, നല്ല സ്ഥലം, നല്ല ഭക്ഷണം, നല്ല ജോലി, നല്ല കൂട്ടുകാര്‍, നല്ല വീട്ടുകാര്‍..

എന്‍റെ വേദന, ഒരശാന്തി ആയി അതെന്‍റെ ഉള്ളില്‍ തന്നെയുണ്ട്.. പക്ഷെ അതെന്‍റെ തലയ്ക്കുള്ളില്‍ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് വളരെ ആശ്വാസകരമാണ്.

#2 നിരീക്ഷണം മാത്രം, തീരുമാനങ്ങള്‍ പിന്നീട്..

വ്യക്തതയില്ലാത്ത ചിന്തകളില്‍ നിന്നും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വ്യക്തത ഉണ്ടാവില്ല.. മനോവിചാരങ്ങള്‍ മഴവെള്ളപാച്ചില്‍ നടത്തി ഒഴിഞ്ഞു പൊയ്ക്കോട്ടേ..

തീരുമാനങ്ങള്‍ക്ക് സമയമായില്ല എന്ന് നിശ്ചയിച്ചുറപ്പിക്കുക. വൈകി എടുക്കുന്ന തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം ആയിരിക്കും.

ഇത് നിരീക്ഷണത്തിനു മാത്രമുള്ള സമയമാണ്.. നമ്മള്‍ മുന്‍പ് അറിയാത്ത കാണാത്ത പലതും അറിയാനും കാണാനും ഉള്ള അവസരം മാത്രമാണ് ഇത്.

#3 നല്ലതല്ലാത്തവയെ മാറ്റിനിര്‍ത്തുക

മനസ്സിന് ഉണര്‍വ് നല്‍കാത്ത എല്ലാത്തിനോടും നോ പറയുക. മനസ്സിന് ആശുഭ ചിന്ത സമ്മാനിക്കുന്നവരെ അകറ്റി നിര്‍ത്തുക. മര്യാദയുടെ പേരില്‍ പോലും കൊച്ചുവര്‍ത്തമാനത്തിനു നില്‍ക്കാതെ അത്തരക്കാര്‍ക്കു നിങ്ങളുടെ ഒരു നിമിഷം പോലും പാഴാക്കാതിരിക്കുക.

നല്ലത് എന്ന് കരുതാന്‍ പറ്റാത്ത എല്ലാം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുക, ശരീരത്തിന് ദോഷകരമായ എല്ലാ ഭക്ഷണങ്ങളില്‍ നിന്നും പാനീയങ്ങളില്‍ നിന്നും പുകവലി തുടങ്ങിയവയില്‍ നിന്നും അകന്നു നില്‍ക്കുക.

ഇവയെല്ലാം നമുക്ക് ഒരുപാട് ഫ്രീ ടൈം നല്‍കും. വായനയില്‍ മുഴുകാനോ, പുതിയ ഒരു ഹോബി തുടങ്ങാനോ, വേദഗ്രന്ഥ പഠനത്തിനോ തുടങ്ങി മനസ്സിന്റെ ദിശ മാറ്റാന്‍ പറ്റാവുന്ന എന്തെങ്കിലും ഉപയോഗപ്രദമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പറ്റിയ സമയം ഇതാണ്.

#4 ലക്ഷ്യങ്ങള്‍ പൊടിതട്ടി എടുക്കുക

വര്‍ഷങ്ങള്‍ ആയി മാറ്റിവെച്ചിരുന്നു ലക്ഷ്യങ്ങള്‍ ശ്രമിക്കാന്‍ തുടങ്ങുക. ഡിഗ്രി കമ്പ്ലീറ്റ്‌ ചെയ്യണം, പിജി ചെയ്യണം, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യണം, ഇന്ത്യയില്‍ എല്ലാം ഒന്ന് കറങ്ങണം തുടങ്ങി പലര്‍ക്കും പലതാവാം അവ.

മുന്‍പ് സമയമില്ലാത്തത്തിന്‍റെ പേരില്‍ മാറ്റി വെച്ച ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ പറ്റും. നമ്മുടെ ജീവിതം നമ്മുടെ സ്വന്തം ആവുന്ന അപൂര്‍വ്വം സമയങ്ങളില്‍ ഒന്നാണിത്.

#5 ജീവിതത്തെ തള്ളി മുന്നോട്ട് നീക്കുക

മനസ്സ് മരവിക്കുമ്പോള്‍ നമ്മുടേ ശരീരവും മരവിക്കും, ഒന്നും ചെയ്യാന്‍ ഇല്ലാതെ മൂടിപ്പുതച്ചു കിടക്കാന്‍ ആണ് പലര്‍ക്കും ഇഷ്ടം. അതിനു പകരം ദൈന്യംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.

ഒരു വിഷമം വരുമ്പോള്‍ ഞാന്‍ കത്തികള്‍ മൂര്‍ച്ച കൂട്ടാനും, വീട്ടില്‍ ഉള്ള വസ്ത്രങ്ങള്‍ എല്ലാം ഇസ്തിരി ഇടാനും, വര്‍ക്ക്‌ ചെയ്യാത്ത ഉപകരണങ്ങള്‍ നന്നാക്കാനും, ചിതറിക്കിടക്കുന്ന ബില്ലുകളും മറ്റു പ്രധാനപ്പെട്ട പേപ്പറുകളും ഫയല്‍ ചെയ്തും മറ്റും സമയം കളയും. നിങ്ങള്‍ ചെയ്യുന്നത് മറ്റുപലതും ആവാം.

വളരെ ഫലപ്രദമാണ് അത്. തിരിഞ്ഞു നോക്കുമ്പോള്‍ വൃത്തിയിലും വെടിപ്പിലും നമ്മള്‍ ചെയ്ത കാര്യങ്ങള്‍ കാണുംബോള്‍ നമ്മുടെ ജീവിത്തില്‍ അല്ല തലയ്ക്കുള്ളില്‍ ആണ് പ്രശ്നങ്ങള്‍ എന്ന് മുന്‍പ് പറഞ്ഞ പോയിന്റ്‌ അടിവരയിടുന്നു.

ആര്‍ക്കും വേണ്ടാത്തവന്‍ ആണ് എന്ന നെഗറ്റീവ് തോന്നലിനു പകരം മനസ്സ് കുറെ ലൈറ്റ് ആവുന്നു. നമുക്ക് നമ്മോടു തന്നെ ഇഷ്ടം തോന്നുന്നു.

ഇതിലേക്ക് ചേര്‍ക്കാന്‍ മറ്റു പല പോയിന്റ്‌കല്‍ കാണും. പ്രധാനപ്പെട്ട ചിലതാണ് ഇവ എന്ന് തോന്നി. ആര്‍ക്കെങ്കിലും ഉപയോഗപ്രദമായാല്‍ നന്നായിരുന്നു.

കടപ്പാട് : ടെറക് സിവര്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...