Thursday, October 31, 2013

ജിദ്ദയിലെ വിനോദങ്ങള്‍ – വഹ്ബ കുജ്ജ്

ഇജ്ജ്‌ എന്ത് പിരാന്താ മാനോ ഈ പറീണത്, ഒരു കുജ്ജ് (കുഴി) കാണാന്‍ മാണ്ടി നാനൂറ്റൈമ്പത് കിലോമീറ്റര്‍ ബണ്ടി ഓടിച്ചേ, അനക്ക് മൂച്ചിപ്പിരാന്താ, ഞാല്യാ.. ഇന്ന കിട്ടൂലാ..

ബാപ്പോ ഇത് അയ്നു അങ്ങനത്തെ കുജ്ജല്ലേയ്‌, ഞമ്മള് ഞമ്മളെ ജീവിതത്തില് ഇങ്ങനത്തൊരു കുജ്ജ് കണ്ടിട്ടുണ്ടാവൂല

ഞമ്മളെത്ര കുജ്ജ് കണ്ടതാ, കുജ്ജ് എത്ര ഞമ്മളെ കണ്ടതാ.. അത് ബിട്..

ഇന്നാ പറയീ.. രണ്ടു കിലോമീറ്റര്‍ ബലിപ്പള്ള ഒരു കുജ്ജ് ഇങ്ങള് കണ്ടക്കിണാ..

പൊട്ടന്‍, എടാ രണ്ടു കിലോമീറ്റര്‍ നീളണ്ടായാല്‍ കുജ്ജ് ന്നല്ല അയ്നെ കിടങ്ങ്‌ ന്നാ പറയാ.. നിച്ചല്യാച്ചാ നിച്ചള്ളോരോട് ചോയ്ച്ചോ..


ബാപ്പോ കിടങ്ങല്ല കുജ്ജ്ന്നെ കുജ്ജ്.. ഇമ്മിണി ബല്ല്യൊരു കുജ്ജ്.. ഒരു ഒലക്ക മൂണ്‍ട്ട് ഇന്ടായതാ..

എടാ ഒലക്ക മൂണാ കുജ്ജ് ണ്ടാവോ.. ഇജ്ജ്‌ ന്താ ഒലക്ക കണ്ടിട്ടില്ലേ..

ഒലക്കാന്നാ ആ ഒലക്കല്ല ബാപ്പോ.. ഈ ബാല്‍നച്ചത്രത്തിന്‍റെ ബാല് ഇല്യെ അത് മൂണതാണെലോ..

മിറ്റിയോര്‍ ല്ലേ, അയിനെണോ ജ്ജ് ഒലക്ക ആക്കീത്

മീറ്റരല്ല ബാപ്പോ, കിലോമീറ്റര്‍.. രണ്ട് കിലോമീറ്റര്‍..

എടാ മിറ്റിയോര്‍ എന്ന് ഇന്ഗ്ലിഷില്‍ പറഞ്ഞാ ജ്ജ് പറഞ്ഞ ഉല്‍ക്ക അതായത് ബാല്‍നച്ചത്രം

ഞമ്മള്‍ ഇത്രേം കാലം ജിദ്ദീ കെടന്ന് നെരങ്ങീട്ട് ഇങ്ങനെ ഒരു കുജ്ജ് കേട്ടിട്ടേ ഇല്ലല്ലോ..ബാപ്പുവിന്‍റെ ആത്മഗതം

എന്താ ജ്ജ് പറഞ്ഞ സ്ഥലത്തിന്റെ പേര്
വഹ്ബ കുജ്ജ്


ബാപ്പു ഫോണില്‍ ഗൂഗിളില്‍ വഹ്ബ കുജ്ജ് തപ്പുന്നു..

ഫോണില്‍ നോക്കി ബാപ്പു..
വഹ്ബ കുജ്ജല്ല മാനോ, വഹ്ബ ക്രേറ്റര്‍.. ഇതില്‍ പറീണത് ഉല്‍ക്ക ബീണതാണോ, അതോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതാണോ, അല്ലെങ്കി അഗ്നിപര്‍വ്വതത്തുമ്മേ ഉല്‍ക്ക അടിച്ചതാണോ എന്നൊന്നും ഒറപ്പില്ല ന്നാ.. ഒരു രണ്ടായിരം കൊല്ലെങ്കിലും പയക്കം ന്ടാവോലോ ഈന്..




മ്മള് ഇച്ചിരി ബൈകി ആണ് അറിഞ്ഞത് ഇല്ലേ മാനോ..

യെല്ലത്തിനും അയിന്റെ സമയണ്ട് ബാപ്പോ, യെല്ലത്തിനും അയിന്റെ സമയണ്ട്.. ഇപ്പളാണ് കുജ്ജിന്‍റെ നേരം..



ഞ്ഞിപ്പോ ന്താ അന്‍റെ അയ്പ്രായം.. കുജ്ജ് കാണാന്‍ പോണോ മാണ്ടേ..

പിന്നെ പോണ്ടേ മാനോ.. വഹ്ബ ക്രേറ്റര്‍ മിഡില്‍ഈസ്റ്റില്‍ ഉള്ള ഏറ്റം ബല്യ ക്രേറ്റര്‍ ആണെലോ.. മാത്രല്ല അയിന്റെ അത്ര ചോറുക്കുള്ള ക്രേറ്റര്‍ ലോകത്തിലെന്നെ അധികല്യാന്നല്ലേ ഇതില്‍ കൊടുത്തക്കിണത്.


ഒരു കുജ്ജിന് എത്താപ്പോ ഇത്ര ചോറുക്കുണ്ടാവാന്‍

അതേയ് ക്രേറ്ററിന്റെ അടീലേയ് സോഡിയം ഫോസ്ഫേറ്റ് ഇങ്ങനെ ഒരു ബെള്ള പോതപ്പ്‌ പോലെ പരന്നുകിടക്കാണെലോ.. അയിന്റെ ചൊറുക്ക് പറഞ്ഞാപ്പോരാ കാണെന്നെ മാണംന്നാ ഇതില് എയ്തീക്കിണത്‌


അത്ന്താ സാധനം.. ഈ സോഡിയം കോള്ഗൈറ്റ്..

അതൊരു ബെളുത്ത സാധനാ.. അന്‍റെമായിരിള്ള അന്തംകമ്മികള്‍ക്ക് പറഞ്ഞാ തിരീലാ..



എപ്പളാ ന്നാ മ്മള് കുജ്ജ് കാണാന്‍ പോണൂ

പിന്നേയ് ഇജ്ജ്‌ ഈ ക്രെറ്ററിനെ ഇങ്ങനെ കുജ്ജ് കുജ്ജ് ന്ന് പറഞ്ഞ് ഇന്‍റെ മാനം കെടുത്തല്ലാ.. ഒന്ന് ക്രെറ്റര്‍ന്ന് പറഞ്ഞ് നോക്കാ..


ഇന്‍ക്ക് അന്റമായിരി ഇന്ഗ്ലീസ്‌ ഒന്നും നിച്ചല്യ..

അങ്ങനന്നെല്ലണ്ണി പഠിച്ചല്.. ഈ ഇന്ഗ്ലീസ്‌കാര്‍ക്കും ജനിച്ചപ്പോ ഒന്നും നിച്ചല്യല്ലോ.. ഓലും ഞമ്മളെ മായിരി കുജ്ജ്ന് ക്രേറ്റര്‍ എന്ന് പറഞ്ഞ് പറഞ്ഞന്നെല്ലേ ഇങ്ങനായത്..


ചോറ് തിന്ന് കയിഞീലെ.. ഇന്നാ പിന്നെ ഇപ്പത്തന്നെ ആണ്ട് പോയാലോ..

എടാ പള്ള നര്‍ച്ചും ബിരിയാണിം കേറ്റി മണ്ടി ചെല്ലാന്‍ പറ്റിയ സ്ഥലല്ല ഇത്.. ക്രേറ്റര്‍ക്ക് ഇറങ്ങാല്‍ ഒരു മണിക്കൂറും കേരാന്‍ രണ്ടു മണിക്കൂറും മാണം.. ഈ നട്ടുച്ച നേരത്ത് അയിന് എറങ്ങ്യാലേയ് പിന്നെ അന്നെന്നും ബലിച്ച് കേറ്റണ്ടി ബരൂല അവടതന്നെ അങ്ങട്ട് കുയിച്ചിടാവും നല്ലത്..ഇതില്‍ എയ്തീക്കിണത് അയിന്റെ ഉള്ളില് മൊബൈല്‍ കവറേജും കൂടി ഇല്ല്യെലോ



കൊറച്ച് അങ്ങട്ട് എത്യാപിന്നെ പോണബൈക്ക് പെട്രോള്‍പമ്പും ആളും മന്‍സനും ഒന്നും ഇല്ല്യെലോ.. ഞമ്മക്ക്‌ നല്ല തയ്യാറെടുപ്പോടെ മാണം പോവാന്‍.. രാവിലെ ഒരു മൂന്ന് നാല് മണിക്ക്‌ പോണം, യാത്രന്നെ ഒരു നാലു മണിക്കൂര്‍ എടുക്കോലോ.. രാവിലെ നേരത്തെ അവിടെത്യാ ബെയില്‍ ചൂടാവുമ്പോക്ക് ഞമ്മക്ക്‌ ബേം എറിങ്ങിക്കേരാം



ഞാന്‍ ന്നാ ചെന്ന് മൂസ്സാക്കാടെ കടീന്നു പൊറാട്ടീം ബീഫും പാര്‍സല്‍ റെഡിആക്കാന്‍ പറയാ..

അയിക്കോട്ടേ ജ്ജ് ന്നാ അയിന് ചെല്ല്, ഒരു നാലു കുപ്പി ഏയ്‌ന്‍റെ ബെള്ളും മാങ്ങിക്കോ, ബൈക്കന്ന് തിന്നാന്‍ കൊറച്ച് ചിസ്സും.

വാല്‍കഷ്ണം

പോവാന്‍ താത്പര്യപെടുന്നവര്‍ക്ക് വേണ്ടി..


1) മൂന്നില്‍ കുറയാത്ത ആളുകള്‍ വേണം യാത്ര ചെയ്യാന്‍. രണ്ടു വണ്ടിയില്‍ യാത്ര ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. പോകുന്ന വഴിയില്‍ മനുഷ്യവാസം കുറവാണ്. ഒരു സഹായത്തിന്‍റെ ആവശ്യം വന്നാല്‍ മറ്റൊരു വണ്ടി ഉണ്ടാവുന്നത് ഉപകാരപ്രദമാണ്

2) തലയില്‍ ഒരു തൊപ്പി കരുതുക. മുഖം മറയ്ക്കാന്‍ എന്തെങ്കിലും കരുതുന്നത് നന്ന്. കൂളിംഗ് ഗ്ലാസ്‌ നിര്‍ബന്ധമായും ധരിക്കുക.

3) അയവുള്ളതും ശരീരം മുഴുവന്‍ മറയുന്നതുമായ വസ്ത്രം ധരിച്ചാല്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയിട്ടല്ലാതെ മടങ്ങിവരാം

4) ധാരാളം വെള്ളം കരുതുക, ധാരാളം എന്നാല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി കരുതുക. ചുരുങ്ങിയത് ഒരാള്‍ക്ക് രണ്ടു ലിറ്റര്‍ എങ്കിലും കരുതുക. എല്ലാവരും അവനവന്റെ വെള്ളവും സണ്ട്വിച്ച് പോലുള്ള ചെറിയ ഒരു ഭക്ഷണവും പുറത്തിടുന്ന ഒരു ബാഗില്‍ കരുതുക.

5) നല്ല ആരോഗ്യവതികള്‍ (വതന്‍മാരും) അല്ലെങ്കില്‍ സ്ത്രീകള്‍ ക്രെറ്ററിനുള്ളില്‍ ഇറങ്ങുന്നത് സൂക്ഷിച്ച് വേണം

6) ഇറങ്ങിപ്പോവുമ്പോള്‍ വഴിയില്‍ ഓരോ കുപ്പി വെള്ളം വീതം നിക്ഷേപിച്ചാല്‍ കയറിവരുമ്പോള്‍ അത് വളരെ പ്രയോജനകരമായിരിക്കും

7) നല്ല ഗ്രിപ്പ് ഉള്ള ഷൂ ധരിച്ചിരിക്കണം, ചിലയിടങ്ങളില്‍ നന്നായി സ്ലിപ് ചെയ്യും

8) ഒരു ചെറിയ കയര്‍ കരുതുന്നത് പിടിച്ചു കയറാനും മറ്റും നന്നായിരിക്കും. ഒരു ചെറിയ വടി കുത്തിപിടിച്ചു കയറാന്‍ സഹായിക്കും, മറ്റുള്ളവര്‍ക്ക് പിടിച്ചു കയറാനും സഹായകരമാകും.

9) ക്ഷീണിച്ചു കയറിവന്ന് നേരേ അടുത്തുള്ള മൂസ്സാക്കാടെ കടയില്‍ നിന്ന് പുട്ടും കടലയും കിട്ടാനില്ല, തിന്നാനുള്ളത് ആദ്യമേ കരുതുക

10) കാണുന്ന കുഴിയില്‍ എല്ലാം വേസ്റ്റ്‌ തട്ടുന്ന മലയാളി മനോഭാവം കാണിക്കാതെ, ക്രെറ്ററും പരിസരവും വൃത്തിയായി സൂക്ഷിക്കുക

11) ഗൂഗിള്‍ മാപ്പില്‍ 22.9000° N, 41.1389° E അടിച്ചാല്‍ ശരിയായ സ്ഥലം ലഭിക്കും

12) പോയി വന്ന് എല്ലാവരും അമ്പത് റിയാല്‍ വീതം നിക്ക് ചൂണ്ടികാണിക്കല്‍ ഫീസ്‌ തരണം, മറക്കരുത്.. ഒടുക്കം കണകുണ ബര്‍ത്താനം പറഞ്ഞാണ്ടല്ലാ..

ഒരു നാലു വയസ്സുകാരിയുടെ വഹബ യാത്ര ഇവിടെ വായിക്കാം

ജിദ്ദയിലെ മറ്റു വിനോദങ്ങള്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...