Wednesday, July 3, 2013

പണം

പണമില്ലാത്തവന്‍ പിണം..

പണത്തിനു മീതേ പരുന്തും പറക്കില്ല..

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..

വയോവൃദ്ധന്‍ , തപോവൃദ്ധന്‍, ജ്ഞാനവൃദ്ധനുമെന്നിവന്‍
മൂവരും ധന്യവൃദ്ധന്റെ വാതില്‍ക്കല്‍ കാത്തുനില്‍ക്കുവോന്‍ -വള്ളത്തോള്‍

എവിടെയും പണം തന്നെ രാജാവ്‌. ചരിത്രപരമായി ഉല്പന്നങ്ങളിലല്ലാതെ ആധാരങ്ങളെ ആശ്രയിച്ചു ഉയര്‍ന്നുവന്നൊരു വ്യവസായ പ്രതിഭാസമാണു് പണം.


ദരിദ്രനും, ധനികനും, ഇതിന്‍റെ നടുവില്‍ കിടന്ന് ചക്രശ്വാസം വിടുന്നവരും എല്ലാം ജീവിക്കുന്നത് ഒരര്‍ത്ഥത്തില്‍ പണത്തിനു വേണ്ടി തന്നെയാണ്. പറയാന്‍ ഒരുപാട് ആദര്‍ശങ്ങള്‍ കാണും എങ്കിലും ദാരിദ്ര്യത്തെക്കാള്‍ വലിയ സത്യങ്ങള്‍ അധികമില്ല..

അധ്വാനിച്ചും, കൊണ്ടും, കൊടുത്തും, കൊന്നും, കട്ടും, വഞ്ചിച്ചും എല്ലാം നേടിയെടുക്കുന്ന പണത്തിനു പക്ഷെ ഒരേ വിലയല്ല. പലര്‍ക്കും പണം പലതാണ്.
പണം ചിലവഴിക്കുന്ന ആളുകളെ പ്രധാനമായും നാലായി തരം തിരിക്കാം.

1) പണത്തെ വര്‍ജിക്കുന്നവര്‍ - ഇത്തരക്കാര്‍‍ക്ക് പണത്തെ ഭയമാണ്. അവര്‍ പണം തിന്മയെ വളര്‍ത്തും എന്ന് വിശ്വസിക്കുന്നു. പണത്തിനു സന്തോഷം വിലയ്ക്ക്‌ വാങ്ങാന്‍ ആവില്ല എന്ന് പറയുന്നത് പലപ്പോഴും ഇവരാണ്. സ്വതവേ ഇവര്‍ ചെറിയ വരുമാനക്കാരും, ചെറിയ സാമ്പത്തികസ്ഥിതിയില്‍ നിന്നും വന്നവരും, ചെറിയ പ്രായക്കാരുമാണ്. ഇവര്‍ പണം സമ്പാദിക്കാനുള്ള വഴികള്‍ ശ്രമിക്കാന്‍ ധൈര്യമില്ലാത്തവരും, ശ്രമിച്ചാല്‍ വേഗം തന്നെ പരാജയം സമ്മതിക്കുന്നവരുമാണ്. ജീവിതത്തില്‍ വളരെ ഒതുങ്ങിക്കൂടി ജീവിക്കുന്ന ഇവര്‍ പലപ്പോഴും സമ്പത്തുള്ളവര്‍ അസന്മാര്‍ഗ്ഗികമായാണ് ഇതെല്ലം സമ്പാദിക്കുന്നത് എന്ന് വിശ്വസിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ആണ്.

2) പണത്തെ ആരാധിക്കുന്നവര്‍ - ഇത്തരക്കാര്‍ ജീവിതത്തെ തന്നെ വിലയ്ക്ക് വാങ്ങാന്‍ ആവുമെന്ന് വിശ്വസിക്കുന്നവര്‍ ആണ്. ഇവര്‍ അധികവും ധനികനായി തുടങ്ങുകയോ, ധനികനായി തീരുകയോ ചെയ്യാറുണ്ട്. ഇവര്‍ സ്വയം ഉന്നതരും, ഇവരുടെ ആവശ്യങ്ങള്‍ നടത്തികൊടുക്കേണ്ടത് മറ്റുള്ളവരുടെ കടമയുമാണ് എന്ന് വിശ്വസിക്കുന്നു. ഇവര്‍ അധികവും പണക്കാരുമായി മാത്രം കൂട്ട് കൂടുകയും, ജീവിതത്തില്‍ നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ക്ക് മറ്റുള്ളവരെ കാരണക്കാരായി കാണുന്നവരും, ഒറ്റപ്പെട്ടു പോവുന്നതില്‍ അമിതമായി ഉത്കണ്ഠ ഉള്ളവരും ആയി കാണപ്പെടുന്നു. പണമെറിഞ്ഞ് പണം വാരുന്നവരും, കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം കിട്ടുന്നവരും എല്ലാം ഈ ഗണക്കാര്‍ ആണ്.

3) പണത്തെ പൊങ്ങച്ചത്തിന് ഉപയോഗിക്കുന്നവര്‍ - ഇത്തരക്കാര്‍ പൊതുവേ ആത്മവിശ്വാസം വളരെ കുറഞ്ഞവരും, മറ്റുള്ളവരുടെ മുന്നില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് ഏതറ്റംവരെ താഴാന്‍ മടിയില്ലാത്തവരും ആണ്. ഇത്തരക്കാര്‍ പൊതുവേ എളുപ്പത്തില്‍ പണം സമ്പാദിച്ചു അതിലും എളുപ്പത്തില്‍ അത് നശിപ്പിക്കുന്നത് കാണാം. ഇത്തരക്കാര്‍ അധികവും കമ്പിപൂത്തിരി പോലെ, കുറച്ച് കാലം നിറഞ്ഞുനിന്നു കൊടിയ ദാരിദ്ര്യത്തില്‍ അവസാനിക്കുന്നവരാണ്.

4) പണത്തില്‍ ജാഗരണമുള്ളവര്‍ - ഇത്തരക്കാര്‍ അവരുടെ വരുമാനത്തിന്‍റെ യദാര്‍ത്ഥ ചിത്രം തന്‍റെ ഇണയില്‍ നിന്നു പോലും കുറച്ച് കാണിക്കുന്നവര്‍ ആണ്. പണം ചിലവഴിക്കാന്‍ മടിയില്ലെങ്കിലും അവര്‍ ചിലവഴിക്കുന്ന പണത്തിന് തക്ക മൂല്യം ലഭിക്കുന്നുണ്ടോ എന്നവര്‍ എല്ലായിപ്പോഴും ആശങ്കരായിരിക്കും. ജീവിതത്തില്‍ ബന്ധങ്ങളില്‍ പോലും പലപ്പോഴും ഇവര്‍ കണക്കുപറയും. പണത്തിന്‍റെ കാര്യത്തില്‍ മറ്റു തരക്കാരെ അപേക്ഷിച്ച് കൂടുതല്‍ പിരിമുറുക്കം പ്രകടിപ്പിക്കുന്ന ഇവരുടെ മനസ്സിനെ പക്ഷെ ധനപരമായ വിജയ പരാജയങ്ങള്‍ വലിയ തോതില്‍ ബാധിക്കുന്നതായി കാണാറില്ല..

ഇവയില്‍ ഏതിനത്തില്‍ പെടുത്താം നമ്മെ ഓരോരുത്തരും എന്നത് ചിന്തിക്കാന്‍ വകയുള്ള ഒരു കാര്യമാണെന്ന് തോന്നുന്നു. നിങ്ങളുടെ സാമ്പത്തിക ആസ്തിയും നിങ്ങളുടെ മൂല്യങ്ങളും, ബന്ധങ്ങളും മുഖത്തോടുമുഖം നോക്കുമ്പോള്‍ നിങ്ങള്‍ കാണുന്നതെന്താണ്..

നിങ്ങളുടെ പണത്തിനെ കുറിച്ച് നിങ്ങള്‍ക്ക്‌ വേവലാതിയുണ്ടോ.. നിങ്ങളെ എല്ലാവരും സ്നേഹിക്കണം എന്നത് ഒരാവശ്യമായി നിങ്ങള്‍ക്ക് തോന്നാറുണ്ടോ..


1 comment:

  1. പാവപ്പെട്ടവന്റെ കാര്‍ ആയി വന്ന നാനോ തന്നെയാണ് ചിത്രത്തില്‍. പക്ഷെ ഇത് പാവപ്പെട്ട കോടീശ്വരന്‍മാര്‍ക്ക്‌ ഉള്ളതാണ്. 80kg സ്വര്‍ണ്ണവും, 15kg വെള്ളിയും കൊണ്ട് പൊതിഞ്ഞ ഈ കാറിന് 4.7 മില്യന്‍ ഡോളര്‍ ആണ് വില.

    ReplyDelete

Related Posts Plugin for WordPress, Blogger...