Monday, July 1, 2013

ഡാ വയറാ

മലയാളികള്‍ പൊതുവേ 'ഡാ തടിയാ..' എന്ന് വിളിച്ച് അക്ഷേപിക്കപ്പെടെണ്ടവര്‍ അല്ല. വളരെ ചെറിയ ഒരു ശതമാനം മാത്രമേ തടിയന്മാരുടെ ഗണത്തില്‍പ്പെടുത്താന്‍ പറ്റുന്നവര്‍ ആയിട്ടുള്ളൂ. പക്ഷെ വയറിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല, അത് നമുക്ക്‌ ഒരു ദേശീയ സ്റ്റൈല്‍ തന്നെയാണ്. ഷാരൂഖിനും ഹൃതിക്കിനും എല്ലാം ഒരിച്ചിരി വയര്‍ കൂടി ഉണ്ടായിരുന്നു എങ്കില്‍, കാണാന്‍ ഒന്നുകൂടി ഗ്ഗുമ്മുണ്ടാവുമായിരുന്നു എന്ന് പറയാനുള്ള ആര്‍ജ്ജവം പോലും നമുക്കുണ്ട്..

അതുകൊണ്ട് തന്നെയാണ് സിക്‌സ്പാക്ക് ഒക്കെയായി മസിലും പെരുപ്പിച്ചു സൂര്യയെ ഇമിറ്റേറ്റ് ചെയ്തിട്ടും തെന്നിന്ത്യയിലേ ഏക ഇങ്ക്ലീഷ് സ്പീകിംഗ്‌ രായപ്പന് കാലുവഴുക്കുന്നിടത് ദിലീപും, ജയറാമും, സുരേഷ്ഗോപിയും, ലാലും, മമ്മുവുമെല്ലാം വയറും പെരുപ്പിച്ചു കൂള്‍കൂള്‍ ആയി കയ്യടി നേടി നടക്കുന്നത്.


സിക്സ്പാക്ക് നമുക്ക് അപ്രാപ്യമാണ് അതിനാല്‍ നാം അതുള്ളവരെ തമസ്കരിക്കുന്നു, സിംഗിള്‍പാക്ക് നേടാന്‍ എളുപ്പമാണ് അതിനാല്‍ നമ്മുടെ ഹീറോസ് വാക്കുകള്‍ കൊണ്ടും തോക്കുകള്‍ കൊണ്ടും കസര്‍ത്ത് കാണിക്കുമെങ്കിലും ശാരീരികമായി നമ്മില്‍ ഒരുവന്‍ ആണ്..

ചിത്രം ഇങ്ങനെ ഒക്കെ ആണെങ്കിലും, ചാടിയ വയര്‍ ഉള്ളിന്റെയുള്ളില്‍ ഒരു പരാജയത്തിന്റെ അടയാളം തന്നെയാണ്. ചാട്ടവും, ഓട്ടവും, ജിമ്മും, യോഗയും എല്ലാം നോക്കി ഒരു രക്ഷയും ഇല്ലാതെ ആവുമ്പോള്‍ ആണ് ഗത്യന്തരമില്ലാതെ വയറിനെ അഭിമാനമായി ഉഴിഞ്ഞു കാണിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നത്.

നിങ്ങളുടെ ജീവിതരീതിയില്‍ കാതലായ മാറ്റം വേണം എന്നാണ് തെറിച്ചുന്തിയ വയറിന്‍റെ രൂപത്തില്‍ നിങ്ങളോട്‌ നിങ്ങളുടെ ശരീരം പറയുന്നത്. സിക്സ്പാക്ക് സാധാരണക്കാരന് പ്രായോഗികമായ ഒരു കാര്യമല്ലെങ്കിലും വികൃതമായി ഉന്തിയ ഒരു വയര്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുക സാധ്യമായ ഒരു കാര്യം തന്നെയാണ്..

എക്സര്‍സൈസ് ചെയ്യുക എന്നത് പലര്‍ക്കും പ്രായോഗികമായ ഒരു വിഷയമല്ല. നിങ്ങളുടെ വയറിന്‍റെ വലിപ്പം ചുരുക്കാന്‍ അതില്ലാതെയും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.. പായ്ക്ക് സിംഗിള്‍ മാത്രമേ കാണൂ എങ്കിലും അത് അഞ്ചാം മാസം അറിയിക്കുന്നതാവില്ല, വലിയ ബോറില്ലാത്ത ഒരു ചിന്ന ഫാമിലി പായ്ക്ക്.. എന്താ ഒരു കൈ നോക്കുന്നോ..

വയര്‍ ഒഴിവാക്കുന്നതിന് മുന്‍പ്‌ നിങ്ങള്‍, ഈ ചാടിയ വയര്‍ എന്താണ് എന്നറിയാനുള്ള സെന്‍സ് കാണിക്കണം, സെന്‍സിറ്റി കാണിക്കണം, സെന്‍സിറ്റീവിറ്റി.. അടി അടി..

നമ്മുടെ ശരീരത്തില്‍ ഒരു പാട് കൊഴുപ്പിന്‍റെ കോശങ്ങളുണ്ട്. ശരീരത്തിന് ആവശ്യമായ കലോറി ഭക്ഷണത്തില്‍ നിന്നും ലഭിക്കാതെ വരുമ്പോള്‍ ഈ കോശങ്ങളില്‍ നിന്നുമാണ് പോരാതെ വരുന്നത് എടുക്കുന്നത്.

ഇവയ്ക്കുള്ള മറ്റൊരു പ്രധാനമായ കടമ, നമ്മുടെ ആന്തരാവയവങ്ങള്‍ക്ക് ഒരു സംരക്ഷണ ആവരണമായി നില്‍ക്കുകയും, ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുകയും ചെയ്യുകയാണ്. (അത് കൊണ്ടാണ് മെലിഞ്ഞ കൊഴുപ്പില്ലാത്ത ആളുകള്‍ക്ക് പെട്ടെന്ന് തണുപ്പ് അനുഭവപ്പെടുന്നത്..)

കൊഴുപ്പ് കൂടുമ്പോള്‍ അത് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അടിയുന്നു.. സ്ത്രീകള്‍ക്ക് അത് നിതംബത്തിലും, സ്തനങ്ങളിലും, തുടകളിലും, അരക്കെട്ടിലും മറ്റുമാവുമ്പോള്‍ പുരുഷന്‍മാരില്‍ അത് മാറിടത്തിലും, വയറിനു ചുറ്റുമാണ്. അതിനാലാണ് സ്ത്രീകള്‍ക്ക്‌ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ നിതംബം ഉണ്ടാവുന്നതും, പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ വയര്‍ ഉണ്ടാവുന്നതും.. ഈ കാരണം കൊണ്ടുതന്നെയാണ് പുരുഷന്മാര്‍ക്ക് വയര്‍ കളയാന്‍ ഇത്രയേറെ ബുദ്ധിമുട്ടേണ്ടി വരുന്നത്..

നമ്മള്‍ കൂടുതല്‍ കൂടുതല്‍ കൊഴുപ്പ് ശരീരത്തിന് കൊടുത്ത് കൊഴുപ്പ് സംഭരണി വീര്‍ക്കുന്നതാണ് വയര്‍.. അപ്പൊ അത് ചുരുക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി, ശരീരത്തിന് കൊഴുപ്പ് കൊടുക്കുന്നത് കുറച്ചു കൊണ്ട് വരിക എന്നതാണ്.. എന്നു വെച്ചാല്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ട പൊറാട്ടയും ബീഫ്‌ ഫ്രൈയും, കോയിബിരിയാണിയും എല്ലാം വേണ്ട എന്നു വെയ്ക്കണം എന്നല്ല, അതിന് വയര്‍ ചാടിക്കുന്നതിലുള്ള പങ്ക് മനസ്സിലാക്കി അതിനോടുള്ള താത്പര്യം ഒന്ന് കുറച്ചു കൊണ്ടുവരണം എന്നാണ്..

വയര്‍ കുറയ്ക്കാന്‍ ഉള്ള ഏറ്റവും നല്ല വഴി ഇനി പറയുന്നതാണ്. കാലത്ത് ഇളം ചുടുവെള്ളത്തില്‍ കലക്കിയ ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളത്തില്‍ തുടങ്ങുക. പ്രാതല്‍ പഴങ്ങളില്‍ മാത്രം ഒതുക്കുക. എല്ലാത്തരം പഴങ്ങളും കഴിക്കാം, എങ്കിലും നാരങ്ങ, മുസംബി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയവ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ഓഫീസില്‍ എല്ലാം പോവുന്നവര്‍ ഒരു പതിനൊന്ന് മണിയെല്ലാം ആവുമ്പോള്‍ കഴിക്കാന്‍ ഒരു ആപ്പിളോ, പേരക്കയോ മറ്റോ കരുതുക. ചുരുക്കി പറഞ്ഞാല്‍ ഊണിനു മുന്‍പ്‌ വിശക്കുമ്പോള്‍ പഴങ്ങള്‍ ഒഴിച്ച് മറ്റൊന്നും കഴിക്കാതിരിക്കുക. രണ്ടാഴ്ച്ച കൊണ്ട് നിങ്ങളുടെ വയര്‍ ചുരുങ്ങുന്നത് നിങ്ങള്‍ക്ക്‌ അനുഭവപ്പെടും..

പഴങ്ങള്‍ മാത്രമുള്ള പ്രാതല്‍ കൊണ്ട് വയര്‍ ചുരുങ്ങുക മാത്രമല്ല മറ്റു ഉപയോഗങ്ങള്‍ കൂടിയുണ്ട്. നമ്മുടെ ശരീരം വിസര്‍ജ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കാലത്ത് നാലുമണി മുതല്‍ എട്ടു മണിക്കൂറോളമാണ്. അതായത് ഏകദേശം ഉച്ച വരെ. (ഈ സമയത്ത് നമുക്ക് വയനാറ്റവും, നാവില്‍ കൊഴുപ്പും, ശോധനയും എല്ലാം അനുഭവപ്പെടും) ദഹിക്കാന്‍ എളുപ്പമായ ഭക്ഷണം കഴിക്കുമ്പോള്‍ വിസര്‍ജ്യപ്രവര്‍ത്തനങ്ങളില്‍ നിന്നും ശരീരത്തിനു പിന്മാറേണ്ടി വരുന്നില്ല, അല്ലാത്തപക്ഷം ശരീരം ദഹനത്തിന് മുന്‍തൂക്കം നല്‍കുകയും തത്ഫലമായി മുഴുവനാവാത്ത വിസര്‍ജ്യഅവശിഷ്ടങ്ങള്‍ രക്തത്തിലും, കൊഴുപ്പിലും കലരുകയും, നമ്മുടെ ശരീരത്തില്‍ അടിയുകയും അങ്ങനെ നമ്മുടെ ഭാരം വര്‍ധിപ്പിക്കുകയും രോഗികള്‍ ആക്കുകയും ചെയ്യും..

സിക്സ്പാക്ക് രായപ്പന്‍ ആവണ്ട നമ്മുടെ ഹീറോ, സിംഗിള്‍ പാക്കുകാര്‍ ഫഹദോ, ദുല്ഖറോ ആവട്ടെ.. എന്ത്യേ..


No comments:

Post a Comment

Related Posts Plugin for WordPress, Blogger...