Sunday, May 5, 2013

ജോഗ്ഗിംഗ്

ഇന്നലേ ആണ് ജോഗ്ഗിംഗിന് പറ്റിയ പ്രായം നാല്പത്തിരണ്ട് ആണ് എന്ന് ഞാന്‍ മനസ്സില്‍ ആക്കിയത്.

ഞാനാണെങ്കില്‍ ജോഗ്ഗിംഗിന്റെ പ്രായപൂര്‍ത്തിയും കടന്ന് കെട്ടുപൊട്ടിച്ചു നില്‍ക്കുന്ന സമയം. പിന്നെ ആലോചിച്ചു നില്‍ക്കാന്‍ നേരമില്ലല്ലോ..

ആയിരത്തിഅഞ്ഞൂറോളം കിലോമീറ്റര്‍ ഫിറ്റ്‌ബിറ്റിന്റെ കൂട്ടോടെ നടന്ന്, ഓഫീസില്‍ പതിനഞ്ചോളം പാവങ്ങളെ കൊണ്ട് ഫിറ്റ്‌ബിറ്റ്‌ വാങ്ങിപ്പിച്ചു, അവര്‍ക്ക്‌ പൊട്ടിക്കാന്‍ പറ്റാത്ത ഓരോ റെകോര്‍ഡും മുന്നില്‍ വെച്ച് 'പുവര്‍ ഫെല്ലോസ്‌..' എന്നും പറഞ്ഞ് ഞെളിഞ്ഞ് നടക്കുമ്പോള്‍ (നടത്തം നാല്പത്തഞ്ചു കിലോമീറ്റര്‍, നൂറ്റിഅമ്പത്താറു നിലകള്‍ ഗോവണി കയറി - ഈ ലിങ്കില്‍ അച്ചീവ്മെന്റില്‍ ബെസ്റ്റ്‌ സെക്ഷന്‍ നോക്കിയാല്‍ കാണാം), തോന്നി ഇനി ഒരു കൈ ജോഗ്ഗിങ്ങിനു നേരെ ആയിക്കളയാം എന്ന്..



നാല്പത്തിരണ്ട് വയസ്സില്‍ ചെയ്യാവുന്ന ജോഗ്ഗിംഗിനേ കുറിച്ച് രണ്ടു വാക്ക്‌ സംസാരിക്കാന്‍ എന്നെ ഈ വേദിയിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ്.

പ്രിയപ്പെട്ടവരെ.. ജോഗ്ഗിംഗ് എങ്ങനെ ചെയ്യണം എന്ന് വിശദീകരിക്കുന്നതിന് മുന്‍പ്‌ അതിന്‍റെ ആവശ്യകതയെ കുറിച്ച് ഞാന്‍ രണ്ടു വാക്ക് പറഞ്ഞോട്ടെ..

നിങ്ങളുടെ ശരീരം ഫിറ്റ്‌ ആയിരിക്കുമ്പോള്‍, അഥവാ ശരിയായ ഭാരത്തില്‍ ആയിരിക്കുമ്പോള്‍ ശരീരത്തിന്റെ അസ്ഥികള്‍ക്ക് അമിതമായ ഭാരം താങ്ങി നടക്കേണ്ടതായി വരുന്നില്ല. നമ്മുടെ ശരീരത്തില്‍ ഉള്ള വേദനകള്‍ക്ക്‌ പ്രധാന കാരണം അസ്ഥികള്‍ക്ക് അമിതമായ വഹിക്കേണ്ടി വരുന്ന ഭാരമാണ്. അമിതമായ ഈ ഭാരം ശരീരം കൊഴുപ്പായി ആണ് സൂക്ഷിക്കുന്നത്.

നമ്മുടെ അവയവങ്ങള്‍ക്ക് പലപ്പോഴും രോഗങ്ങള്‍ക്ക് കാരണം, അതിനെ പൊതിഞ്ഞു നില്‍ക്കുന്ന കൊഴുപ്പിന്‍റെ ആവരണമാണ്. ഉദാഹരണം - ഹൃദയസംബന്ധമായ രോഗങ്ങള്‍..

നമ്മള്‍ കഴിക്കുന്ന അമിതമായ കൊഴുപ്പിനെ കത്തിച്ചു കളയുകയും, ഭക്ഷണത്തില്‍ കുറച്ച് മിതത്വം പാലിക്കുകയുമാണ് നമ്മുടെ ശരീരത്തിന്റെ ഭാരം ക്രമീകരിച്ചു നിര്‍ത്താന്‍ ഉള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. കൊഴുപ്പിനെ കത്തിച്ചു കളയാന്‍ ജോഗ്ഗിംഗ് വളരെ ഉത്തമമാണ്..

ജോഗ്ഗിംഗ് ചെയ്യാന്‍ പ്രായത്തേക്കാളും, ശരീരത്തെക്കാളും വയ്യായ്ക മനസ്സിനാണ് എന്നാണു എന്‍റെ വ്യക്തിപരമായ അഭിപ്രായം..

(രണ്ടാമത്തെ വരിയില്‍ ഇടത്തെ അറ്റത്ത് ഇരിക്കുന്ന കോമു ഒരു ചോദ്യത്തിനായി കൈ ഉയര്‍ത്തുന്നു)

യെസ് മിസ്റ്റര്‍ കോമു, എന്താണ് താങ്കളുടെ സംശയം..

അല്ല മിസ്റ്റര്‍ താഹിര്‍, നടത്തവും നീന്തലും ആണ് ഏറ്റവും നല്ല വ്യായാമങ്ങള്‍ എന്നാണല്ലോ വിവരമുള്ളവര്‍ പറഞ്ഞിട്ടുള്ളത്.. അതിനെ കുറിച്ച് താങ്കളുടെ..

ലുക്ക്‌ മിസ്റ്റര്‍ കോമു, വിവരമുള്ളവര്‍ എന്ന് പറയപ്പെടുന്നവര്‍ പറയുന്നത് പഴയ വിവരങ്ങള്‍ ആണ്, സീ.. മുന്‍പ്‌ അവര്‍ പറഞ്ഞു മുട്ടയും പാലും വളരെ ഹെല്‍ത്തിയാണ് എന്ന്, ഇന്നവര്‍ എന്താ പറയുന്നത്..അതിന്‍റെ ഓപ്പോസിറ്റ് അല്ലെ..

നടത്തവും നീന്തലും വളരെ നല്ല വ്യായാമങ്ങള്‍ തന്നെയാണ്. പക്ഷെ അവ വളരെ കുറച്ച് കൊഴുപ്പ് മാത്രമാണ് ശരീരത്തില്‍ നിന്നും കളയുന്നത്. നിങ്ങള്‍ നടക്കുകയും, നീന്തുകയും ചെയ്യുന്നവരെ നോക്കൂ, അവര്‍ക്ക്‌ നിങ്ങള്‍ കുടവയര്‍ കാണുന്നില്ലേ..

ഒരു ലിറ്റര്‍ ഓക്സിജന്‍ നമ്മള്‍ ശ്വസിക്കുമ്പോള്‍ ഒരു കലോറി നമ്മള്‍ കത്തിച്ചു കളയുന്നു എന്നത് ശാസ്ത്രീയമായി തെളിയിപ്പിക്കപെട്ട കാര്യമാണ്. ജോഗ്ഗിംഗ് പോലെ ഹൃദയമിടിപ്പ് കൂടിയ എക്സര്‍സൈസ് ചെയ്യുമ്പോള്‍ മാത്രമാണ് നമുക്ക്‌ കൂടുതല്‍ ശ്വസിക്കാന്‍ ആവുന്നത്. ജോഗ്ഗിംഗ് ചെയ്യുമ്പോള്‍ ഓരോ മിനിറ്റിലും പത്തു കലോറി വരെ കത്തിച്ചു കളയാന്‍ നമുക്കാവുന്നത് അതിനാലാണ്.

(ഒന്നാമത്തെ വരിയില്‍ നടുവില്‍ ഇരിക്കുന്ന പറങ്ങോടന്‍സ് കൈ ഈസ്‌ പൊന്തിങ്ങ് നൌ..)

യെസ് മിസ്റ്റര്‍ പറങ്ങു താങ്കള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത്..

ജോഗ്ഗിംഗ് പോലെ ഹൈ ഇമ്പാക്റ്റ് ആയ വ്യായാമങ്ങള്‍ മുട്ടുകള്‍ക്കും, ഇടുപ്പിനും മറ്റു ജോയിന്‍റ്കള്‍ക്കും വളരെ ദോഷകരമാണ് എന്നാണല്ലോ ഞാന്‍ നാഷണല്‍ ജിയോഗ്രഫി ചാനലില്‍ കണ്ടിട്ടുള്ളത്.. അതും പഴയ അറിവാണ് എന്നാണോ..

അല്ല മിസ്റ്റര്‍ പറങ്ങു, അത് പഴയ അറിവല്ല ശരിയായ അറിവ് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഞാന്‍ എങ്ങനെ ജോഗ് ചെയ്യണം എന്ന ഈ ക്ലാസ്സ്‌ നടത്തുന്നത്..

പ്രിയപ്പെട്ടവരെ ഇനി നമുക്ക്‌ ശരിയായ രീതിയില്‍ എങ്ങനെ ജോഗ്ഗിംഗ് ചെയ്യണം എന്ന് നോക്കാം..

മിസ്റ്റര്‍ പറങ്ങു പറഞ്ഞത് പോലെ ജോഗ്ഗിംഗ് ഒരു ഹൈ ഇമ്പാക്റ്റ് ആയ വ്യായാമമാണ്. അതിനാല്‍ അത് ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ മുട്ടുകളുടെ കാര്യം ഗോപ്യേയ് എന്ന് പറയേണ്ടിവരും..

ജോഗ്ഗിങ്ങിനു മുന്‍പ്‌ പ്രധാനമായും വേണ്ടത് ശരീരം ചൂടാക്കുകയാണ്, അത് ശരീരത്തിന് ക്ഷതം ഏല്‍ക്കുന്നതില്‍ നിന്നും നിങ്ങളെ തടയാന്‍ സഹായിക്കും. അതിനായി നിങ്ങള്‍ക്ക് കഴിയുന്നത്ര വേഗത്തില്‍, വിയര്‍ക്കുന്ന രീതിയില്‍, ഒരു പത്തു മിനിറ്റ് നടന്നാല്‍ മതിയാവും. ഈ അവസരത്തില്‍ ശ്വാസം ശക്തിയായി വലിച്ചു വിടുന്നത് ജോഗ്ഗിങ്ങിന് വേണ്ടി ശ്വാസകോശത്തെ സജ്ജമാക്കാന്‍ ഉപകരിക്കും.

ജോഗ്ഗിംഗ് ചെയ്യുമ്പോള്‍ കാലടികള്‍ തമ്മില്‍ ഒരുപാട് അകലം നല്‍കി ഓടരുത്. ചെറിയ സ്റ്റെപ്സ് എടുക്കുകയാണ് ഉത്തമം. മാത്രമല്ല മുന്നോട്ടു വെയ്ക്കുന്ന അടികള്‍ ലാന്‍ഡ്‌ ചെയ്യുന്നത് ഉപ്പൂറ്റിയിലോ അഥവാ മടമ്പിലോ അല്ലെങ്കില്‍ പാദത്തിനു മുന്‍വശമോ ആവാതെ നടുവില്‍ ആവുന്നതാണ് മുട്ടുകള്‍ക്ക് ഏറ്റവും കുറവ് ഇമ്പാക്റ്റ് നല്‍കുന്നത്. ഓടുമ്പോള്‍ തല നിവര്‍ത്തി, നെഞ്ചു വിരിച്ചു കൈകള്‍ അയച്ചു പിടിച്ചു ഓടണം, തല കുനിച്ച് ഓടുന്നത് കഴുത്ത് വേദനയ്ക്ക് കാരണമാവും.

ജോഗ്ഗിംഗ് ചെയ്യുമ്പോള്‍ അധികമായി ശ്വാസം വലിച്ചു വിടുന്നതിനാല്‍, പലരും ഉള്ളിലേക്ക് മൂക്കിലൂടെ വലിച്ച് എടുക്കുകയും, പുറത്തേക്ക് വായിലൂടെ വിടുകയും ചെയ്യുന്നത് കാണാറുണ്ട്, പക്ഷെ ജോഗ്ഗിംഗിനു വേഗത കൂടുമ്പോള്‍ ഇത് മതിയാവാതെ വരികയും അപ്പോള്‍ മൂക്കിലൂടെയും കൂടെ വായിലൂടെയും ശ്വാസം ഉള്ളില്‍ എടുക്കുകയും പുറത്ത് വിടുകയും ചെയ്യേണ്ടി വന്നേക്കാം.

ജോഗ്ഗിങ്ങില്‍ ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ച്ച വളരെ പ്രധാനമാണ്, നല്ല മുട്ടു വേദനയും, കാലു വേദനയും എല്ലാം കാണും. പലരും സുല്ലിടുന്നത് ഈ കാലയളവില്‍ ആണ്. അത് മറികടക്കാന്‍ നിങ്ങള്‍ക്കായാല്‍ മാത്രമേ ജോഗ്ഗിംഗ് മുന്നോട്ട് കൊണ്ടു പോവാന്‍ ആവൂ. മൂന്നാഴ്ചക്ക് മേലേ മുന്നേറാന്‍ നിങ്ങള്‍ക്കായാല്‍ ഒരു ലൈറ്റ് വെയിറ്റ് ആയ നല്ലൊരു റണ്ണിംഗ് ഷൂ വാങ്ങുന്നത് കാലുകളുടെ ആരോഗ്യത്തിനു നന്നായിരിക്കും..

ജോഗ്ഗിംഗ് തുടങ്ങുമ്പോള്‍ ആദ്യ ദിനത്തില്‍ ഒരു മിനിറ്റ്‌ ജോഗ് ചെയ്യുകയും അഞ്ചു മിനിറ്റ്‌ വിശ്രമാവസ്ഥയില്‍ നടക്കുകയും ചെയ്യുക. ഇങ്ങനെ ഒരു ആറോ ഏഴോ ആവര്‍ത്തി തുടരുക. രണ്ടാമത്തെ ദിനം ഒന്നര മിനിറ്റ് ജോഗ് ചെയ്യുകയും അഞ്ചു മിനിറ്റ് നടക്കുകയും ചെയ്യുക, ഇങ്ങനെ ഓരോ ദിവസവും അരമിനിറ്റ്‌ വീതം കൂട്ടികൊണ്ടു വരികയും കുറച്ച് ദിവസങ്ങള്‍ക്കകം വിശ്രമമില്ലാതെ അഞ്ചു മിനിറ്റ് ജോഗ് ചെയ്യാവുന്നതാണ്. ആദ്യ രണ്ടു മൂന്ന് ആഴ്ച്ച ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുട്ടുകളെയും, കാലിന്‍റെ മസിലുകളും മറ്റും ഉറയ്ക്കാന്‍ സഹായിക്കും. അതിനു ശേഷം ജോഗ് ചെയ്യുന്ന ദൈര്‍ഘ്യം കൂട്ടികൂട്ടി കൊണ്ടു വന്ന് രണ്ടു മാസത്തിനുള്ളില്‍ അര മണിക്കൂര്‍ നിര്‍ത്താതെ ജോഗ് ചെയ്യാന്‍ നിങ്ങള്‍ക്കാവും.

ഒരേ വേഗത്തില്‍ ജോഗ് ചെയ്യുന്നതിനേക്കാള്‍ ഇടയില്‍ ഒരു മിനിറ്റ് അതിവേഗത്തില്‍ സ്പ്രിന്‍റ് ചെയ്യുന്നത് വളരെ നല്ലതാണ്. അമ്പതു ശതമാനത്തോളം കൂടുതല്‍ കലോറി കളയാന്‍ ഇതിനാവും.

പുലര്‍കാലത്തിലാണ് നമുക്ക്‌ പലപ്പോഴും ജോഗ്ഗിങ്ങിന് സൌകര്യപ്പെടുക. പക്ഷെ ജോഗ്ഗിങ്ങിന് ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരങ്ങളില്‍ ആണ്. അപ്പോഴാണ്‌ നമ്മുടെ ശരീരോഷ്മാവ് ഏറ്റവും കൂടി നില്‍ക്കുന്നത്, നമ്മുടെ മസിലുകള്‍ നല്ല ഫോമില്‍ ഇരിക്കുന്നത്. ആദ്യത്തെ ഒരു മാസത്തേക്കെങ്കിലും ഓരോ ഇടവിട്ട ദിനങ്ങളില്‍ ജോഗ് ചെയ്യുന്നതാണ് നല്ലത്.

ജോഗ്ഗിങ്ങിന് പോവുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം, അരമണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിച്ചിരിക്കണം. നിറഞ്ഞ വയറില്‍ ജോഗ് ചെയ്യരുത്. അത് വളരെ അസൌകര്യപ്രദവും, അനാരോഗ്യകരവുമാണ്.

ഇത്രയും പറഞ്ഞ് കൊണ്ടു ഞാന്‍ എന്‍റെ ബിഗിന്നേഴ്സ് ജോഗ്ഗിംഗ് ക്ലാസ്സ്‌ ഇവിടെ അവസാനിപ്പിക്കുകയാണ്. ജയ് ജോഗ്ഗിംഗ്..

വാല്‍ക്കഷണം
എന്താ കുരുപ്പിന്റെ ഒരു വിവരം എന്ന് അസൂയപ്പെടുകയൊന്നും വേണ്ടാ.. കൊച്ചിലേ കളക്റ്റര്‍ ആവാന്‍ ആയിരുന്നു മോഹം, പ്രീഡിഗ്രി എല്ലാം പാസാവണം എന്ന് കേട്ടപ്പോള്‍ ആ പൂതി നാലായി മടക്കി തീകൊടുത്തതാണ്. കുടുംബത്തിലെ എല്ലാവരും വിവരത്തിന്‍റെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചാ..


No comments:

Post a Comment

Related Posts Plugin for WordPress, Blogger...