Saturday, November 26, 2011

ഇഷ്ടമല്ല നിന്നേ

"സ്വന്തം കാര്യം നോക്കി നിങ്ങള്‍ അങ്ങനെ പോകുന്നതല്ല അതിന്‍റെ ശരി" അസിയെ പറഞ്ഞു മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ ഞാന്‍ പറഞ്ഞു "ഇതു വരെ വെള്ളം കോരി നീ ഇപ്പൊ കുടം അങ്ങ് ഉടച്ചുല്ലേ..". മറുപടിക്ക് കാത്തു നിലക്കാതെ ഞാന്‍ ദേഷ്യത്തില്‍ കുളിമുറിയില്‍ കയറി. 

കുളിച്ചു വന്നപ്പോള്‍ മാറ്റാനുള്ള വസ്ത്രങ്ങളുമായി അവള്‍ മുന്നിലുണ്ടായിരുന്നു. മുഖം കറുപ്പിച്ച് വസ്ത്രം മാറി ഞാന്‍ ഓഫീസില്‍ പോയി. ഇനി ഞാന്‍ വലിയ ഗൌരവത്തില്‍ ആയിക്കും രണ്ടു ദിവസത്തേക്ക്. തെറ്റ് ആരുടെ ആയാലും അവള്‍ ഒരു നൂറു സോറി പറഞ്ഞു പിന്നാലെ നടക്കാതെ എന്‍റെ ഗൌരവം പോകുന്ന പ്രശ്നമില്ല..!


മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ എനിക്ക് സമയമില്ലാത്ത പ്രശ്നമാണ് ഇന്നത്തെ തിരക്കിനു ഹേതു. ഞാനും അസിയും വല്ലപ്പോഴുമേ പിണങ്ങാറുളളൂ. എന്‍റെ താളത്തിനൊത്ത്‌ തുള്ളി തുള്ളി അവള്‍ക്കത് ശീലമായി. 

ഞങ്ങളുടെ വിവാഹം നടന്ന സമയത്ത് ഞാന്‍ ഒരു നമ്പര്‍ വണ്‍ ചൂടനായിരുന്നു. ഭാര്യ എന്ന സ്ഥാനത്തേക്കാള്‍ എന്‍റെ ഏറ്റവും നല്ല കൂടുകാരിയായിരുന്നു അവള്‍ എനിക്കെന്നും, എങ്കിലും എന്നോട് ചോദിക്കാതെ അവള്‍ക്ക്‌ ഒന്നിനും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. 

ഇന്ന് ഞാന്‍ അങ്ങനെ ഒന്നും അല്ല. പക്ഷേ അന്നത്തെ ട്രെയിനിംഗ് ഇന്നെന്‍റെ ജീവിതത്തില്‍ ഒരുപാട് ഗുണംചെയ്തു. ഞങ്ങള്‍ക്ക് ഇടയില്‍ ഇന്നു നല്ല ഒരുമയുണ്ട്. ഞാന്‍ അവളെയും അവള്‍ എന്നെയും ബഹുമാനിക്കുന്നു.

എനിക്ക് പറയാനുള്ളത് പിണക്കങ്ങളെ കുറിച്ചല്ല പകരം അതിനു ശേഷം ഉണ്ടാവുന്ന മാറ്റത്തെക്കുറിച്ച് ആണ്. അസിയുമായി പിണങ്ങി ഓഫീസില്‍ വന്നാല്‍ പിന്നെ എന്‍റെ ചിന്ത അതിനെ കുറിച്ച് മാത്രമായിരിക്കും. 

അവള്‍ക്ക് ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും, അവളുടെ വാക്കുകള്‍ക്ക് ഉണ്ടാവാന്‍ 'സാധ്യത' ഉള്ള മറ്റ് അര്‍ത്ഥങ്ങളും തിരയുമ്പോള്‍ എന്‍റെ ഉള്ളംകൈയോളം ഞാന്‍ അറിഞ്ഞ എന്‍റെ കൂടുകാരിയെ മറന്ന് ഞാന്‍ അവളെ ഒരു 'വ്യക്തി' ആയി മാത്രം കാണും. 

കുറച്ച് സമയത്തേക്കെങ്കിലും എനിക്ക് ഇഷ്ടമില്ലാത്ത 'മറ്റൊരു വ്യക്തി' എന്‍റെ മനസ്സില്‍ അങ്ങനെ വളര്‍ന്നു വരാന്‍ തുടങ്ങും. അതിന്‍റെ കൂടെ 'ഇതിനു മുന്‍പും അവള്‍ അങ്ങനെ പറഞ്ഞു.. ഇങ്ങനെ ചെയ്തു..' എന്നെങ്ങാനും ചേര്‍ത്തു വായിക്കാന്‍ എനിക്കായാല്‍ പിന്നെ പറയാനുമില്ല പൂരം. 

ഇത് എന്‍റെ മാത്രം കാര്യമല്ല. നമ്മള്‍  ഓരോരുത്തരും ചെയ്യുന്നതാണ്. നമ്മുടെ മനസ്സിലേക്ക്‌ പതിയെ നമ്മള്‍ തന്നെ വിഷം കുത്തിവെച്ച് നമ്മള്‍ നമ്മളെയും നമുക്ക് പ്രിയപ്പെട്ടവരുടെയും സന്തോഷം കളയുന്നത് നമ്മള്‍ അറിയാറുണ്ടോ. 

എങ്ങനെ അത് നിര്‍ത്താം എന്ന് എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ. പ്രയാസമാണ് അത്, നമുക്ക് പിടിതരാത്ത ഒരു വസ്തുവാണ് മനസ്സ്. എന്തു മറക്കാന്‍ ശ്രമിക്കുന്നു അത്‌ മാത്രം കൂടുതല്‍ തെളിവോടെ വരും.. 

വളരെ ചെറിയ ഈ ജീവിതത്തിലേ, വളരെ കുറഞ്ഞ സന്തോഷങ്ങള്‍ നമ്മള്‍ തന്നെ ഇല്ലാതാക്കുന്നു, എന്നിട്ട് സന്തോഷം ഇല്ലാത്ത ഈ ജീവിതത്തെ പഴിച്ചു സമധാനം തേടി ഓണ്‍ലൈന്‍ കൂട്ടുകാരേ തിരയുന്നു (അതും ഫേക്ക് ഐഡി ഉണ്ടാക്കി), മദ്യം, മയക്കുമരുന്ന് പലര്‍ക്കും പലരീതിയില്‍ ആണ്‌ 'സമാധാനം' കിട്ടുന്നത്. 

തെറ്റ് അവളുടെ ആണെന്ന് പറഞ്ഞു വിരല്‍ ചൂണ്ടുമ്പോള്‍ എനിക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്ന മൂന്നു വിരലുകള്‍ സൂക്ഷിച്ചു നോക്കിയാല്‍ പോലും എനിക്ക് കാണാന്‍ കഴിയാതെയായിരിക്കുന്നു.

നമുക്ക്‌ പ്രിയപ്പെട്ടവരെ 'പ്രിയപ്പെട്ടവര്‍' ആയി തന്നെ നിലനിര്‍ത്തി 'സമാധാനം' തിരിച്ചു പിടിക്കാന്‍ ഞാന്‍ ഒരു വഴി പറഞ്ഞു തരാം. നിങ്ങള്‍ പക്ഷേ ഒരു കാര്യം ഉറപ്പു തരണം ഇത് വായിച്ചു കഴിഞ്ഞു കമന്റ്‌ നല്‍കി അടുത്ത പേജ് തിരഞ്ഞു പോകുന്നതിനു മുന്‍പ് നിങ്ങള്‍ ഇനി പറയുന്ന കാര്യം ഒരാഴ്ചയെങ്കിലും ചെയ്തു നോക്കാന്‍ ശ്രമിക്കണം. 

'അവന്‍ ആദമിന് എല്ലാ വസ്‌തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു' - ദൈവ വചനമാണ് ഇത്. വസ്തുക്കള്‍ക്ക് പേരുകള്‍ നല്‍കുന്നത്‌ വളരെ പ്രധാനമാണ്. മനസ്സ് പേരുകളേ ചിത്രങ്ങളുമായി ബന്ധിക്കുന്നു. 'ക്രോധം' എന്ന് വായിച്ചാല്‍ പോലും മനസ്സ്‌ അശുഭ ചിന്തകളാല്‍ നിറയുന്നു. പുഴയോരം, ഇളംപൈതല്‍ എന്നെല്ലാം കേള്‍ക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. 

മനസ്സിനുള്ള ഒരു പ്രത്യേകത അതിനെ 'ത്രസിപ്പിയ്ക്കാത്ത' ചിന്തകളെ പിന്തള്ളി അവ പുതിയ ത്രസിപ്പിക്കുന്ന ചിന്തകളുടെ പിന്നാലെ പോകുന്നു എന്നതാണ്. 'ദേഷ്യം', 'പക', 'വെറുപ്പ്' ഇതെല്ലാം മനസ്സിനെ ത്രസിപ്പിക്കുന്ന ചിന്തകളാണ്. ഇത്തരം വിഷയങ്ങളില്‍ മനസ്സ്‌ ഒരുപാട് നേരം കുടിങ്ങി കിടക്കുന്നു. ഫലമോ നമ്മള്‍ ദുഷിച്ച ഒരു മനസ്സിന്‌ ഉടമയും.

ഇവിടെയാണ്‌ പേരുകള്‍ നല്‍കുന്നതിന്‍റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഞാന്‍ ചിന്തകള്‍ക്ക് രണ്ടില്‍ ഒരു പേരു നല്‍കുന്നു. 'നല്ലത്‌'  അല്ലെങ്കില്‍  'ഉപയോഗമില്ലാത്തത്'.  'ഉപയോഗമില്ലാത്ത' ചിന്തകള്‍ മനസ്സിനെ  ത്രസിപ്പിക്കുന്നില്ല അഥവാ ഉപയോഗമില്ലാത്തതിനെ മനസ്സിന്‌ പോലും വേണ്ടാ. 

മനസ്സ്‌ ആ ചിന്തയില്‍ കുടുങ്ങി കിടക്കാതെ മറ്റൊരു ചിന്തയില്‍ വ്യാപ്രതമാവുന്നു. തുടക്കത്തില്‍ ഇത് ചെയ്യാന്‍ കുറച്ചു  കടുപ്പമാണ് പക്ഷെ കുറച്ചു പ്രാക്ടീസ് ചെയ്താല്‍ നമ്മുടെ മനസ്സ് കൂടുതല്‍ സമയം ചിലവഴിക്കുന്ന ചിന്തകളെ നമുക്ക് എളുപ്പം 'ഉപയോഗമില്ലാത്ത'താക്കാന്‍ കഴിയും. 

ഇതിന്‍റെ ഏറ്റവും നല്ല വശം എന്താണെന്നാല്‍ മനസ്സില്‍ കൂടുതല്‍ കൂടുതല്‍ നല്ല ചിന്തകള്‍ നിറയുന്നത് നമുക്ക് തന്നെ പെട്ടെന്ന് അനുഭവപ്പെടും.

ഇത് ശ്രമിച്ചു നോക്കാന്‍ ഞാന്‍ ഒന്ന് കൂടി ഓര്‍മിപ്പിക്കുകയാണ് എന്തു കൊണ്ടാണെന്നോ ഇത്തരം ശുഭചിന്തകള്‍ മനസ്സില്‍ കൂടുതല്‍ നേരം നില്‍ക്കില്ല. ഒരാഴ്ച ശ്രമിക്കും എന്ന് നിങ്ങള്‍ എനിക്ക് ഉറപ്പു തന്നാല്‍ നല്ല മനസ്സിന് നിങ്ങള്‍ക്ക് ഉടമയാവാം എന്ന ഉറപ്പ്‌ എന്‍റെ അനുഭവത്തില്‍ നിന്ന് ഞാനും നല്‍കാം..!

2 comments:

  1. നന്നായിട്ടുണ്ട് ...ആശംസകള്‍...

    ReplyDelete
  2. നോക്കട്ടെ, എളുപ്പമല്ല !

    ReplyDelete

Related Posts Plugin for WordPress, Blogger...