
അവള് സുന്ദരിയാണോ എന്ന് ചോദിച്ചാല്‍.. അറിയില്ല. എനിക്കവളെ കണ്ടൂടാ, അസിക്ക് തീരെ പിടിക്കില്ല, പറഞ്ഞിട്ടെന്താ കാര്യം അവള്‍ക്കെന്നോട് ഇഷ്ടാണ്, എന്ത് പറഞ്ഞാലും അവള്‍ വിട്ടു പോവില്ല.
ഞാന്‍ പല പണിയും നോക്കി, നുള്ളി വേദനിപ്പിച്ച് നോക്കി, വളച്ച് ഒടിച്ചു നോക്കി, സൂചി കൊണ്ട് കുത്തി നോക്കി, കരഞ്ഞ് കാലു പിടിച്ചു നോക്കി, ഞാന്‍ വല്ലാതെ സീരിയസ് ആവുന്നു എന്ന് കണ്ടാല്‍ അവള്‍ ഒന്ന് പിന്‍വാങ്ങും, ദൂരെ ഒന്നും പോവില്ല, അടുത്ത് തന്നെ ഉണ്ടാവും, കണ്ണില്‍ പെടാതെ ഒളിക്കാന്‍ അവള്‍ക്ക് നല്ല കഴിവാണ്.
എപ്പോഴെങ്കിലും സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ എന്‍റെ ചെവിയില്‍ അവള്‍ കൊഞ്ചലോടെ മന്ത്രിക്കും 'മരിക്കോളം ഞാനും കൂടെണ്ടാവും..'. അത് കേള്‍ക്കുമ്പോള്‍ ദേഷ്യവും സങ്കടവും വന്ന് ഞാന്‍ മൌനിയാവും എന്‍റെ മൌനം ഞാന്‍ അറിയുന്നതിന് മുന്‍പ് തന്നെ അസി അറിയും, 'പിന്നേം വന്നൂല്ലേ..' കൂടുതല്‍ ഒന്നും അവള്‍ പറയില്ല. ഞങ്ങള്‍ക്കറിയാം എന്നേം കൊണ്ടേ ഇവള്‍ പോവൂ..