Monday, January 2, 2012

ഗുഡ്ബൈ 2011 ഗുഡ്ബൈ ഫേസ്ബുക്ക്

പോയ വര്‍ഷം എനിക്കേറ്റവും സന്തോഷം തന്ന ഒരു കാര്യമാണ് ഫേസ്ബുക്കിനോട് ഗുഡ്ബൈ പറഞത്.

ഫേസ്ബുക്ക് ഒരു വലിയ ചോര്‍ച്ച ആണെന്ന് മനസ്സിലാക്കി അതില്‍നിന്നും ഞാന്‍ കഴിവതും ഒഴിഞ്ഞു നില്ക്കാറുണ്ടായിരുന്നുവെങ്കിലും എപ്പോഴെങ്കിലും കുറച്ച് സമയം അതിന് വേണ്ടി ചിലവഴിച്ചാല്‍ അത് മണിക്കൂറുകള്‍ എന്നില്‍ നിന്നും അടര്‍ത്തി മാറ്റുന്നതു എന്നെ അലോസരപ്പെടുത്താര്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. 

'എത്ര സമയമാ ഒരു കാര്യവുമില്ലാതെ..' എന്ന് ചിന്തിക്കാതെ ഒരിക്കലും അതിന് മുന്നില്‍ നിന്നും എഴുന്നേല്ക്കാറില്ല. ഇതെല്ലാം ആയിട്ടും ഫേസ്ബുക്ക് ഇത്രയും കാലം കടിച്ചു തൂങ്ങി പിടിച്ച്‌ നിന്നു എന്‍റെ ജീവിതത്തില്‍, അവള്‍ വിളിക്കുന്നത്‌ വരെ..

'ആപ്പാ ഫേസ്ബുക്ക് നല്ലതല്ല എന്ന് ചിലര്‍ പറഞ്ഞു, എന്താ ആപ്പാന്‍റെ അഭിപ്രായം.?' ഇന്നത്തെ കാലത്ത് ഒരു പതിനെട്ടുകാരി ചോദിക്കാത്ത ചോദ്യം ആണത്. ചെറുപ്പത്തിന്‍റെ തുടിപ്പില്‍ വളര്‍ന്ന്, ജനിക്കുന്ന കുഞ്ഞിനു പോലും സ്വന്തം പ്രൊഫൈല്‍ നല്‍കി, ഫോട്ടോകളും വീഡിയോകളും വിതറി പരിലസിക്കുന്ന ഫേസ്ബുക്ക് 'നല്ലതല്ല' എന്ന് കരുതുന്നത് പോയിട്ട് അങ്ങനെ ഒരു ചിന്ത മുളക്കാന്‍ പോലും, ചെറുപ്പം പോയിട്ട് കുഴിയില്‍ കാലു നീട്ടി ഇരിക്കുന്നവര്‍ പോലും കരുതാത്ത സമയത്താണ് എന്‍റെ സഹോദരന്‍റെ മകള്‍ എന്നോട് ഈ അഭിപ്രായം ചോദിച്ചത്‌.

'അത് നീ എങ്ങനെ ഉപയോഗിക്കും എന്നതിന് അനുസരിച്ച് ഇരിക്കും, എല്ലാത്തിലും നല്ലതും ചീത്തതും ഉണ്ട്..' തുടങ്ങിയ ഒരു ഗീര്‍വാണവും ഞാന്‍ വിട്ടില്ല. 'ഒരു ഉപയോഗവും ഇല്ലാത്ത ഒരു സാധനമാണ് ഫേസ്ബുക്ക്, ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്' രണ്ടാമത്‌ ഒന്ന് ആലോചിക്കാതെ ഞാന്‍ ഉപദേശിച്ചു. 'ഉപയോഗം ഇല്ലാത്ത ഒരു സാധനം പിന്നെ ആപ്പാക്കെന്തിനാ' എന്ന ഒരു ചോദ്യം അവളുടെ മനസ്സില്‍ മുളക്കാന്‍ അനുവദിക്കാതെ ഞാന്‍ കൂട്ടിച്ചേര്‍ത്തു 'നിന്നോട് ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്‍റെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുകയാണ്'.

കുറച്ച് സമയം കഴിഞ്ഞ് അവളുടെ മെയില്‍ വന്നു 'ഞാന്‍ എന്‍റെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തു ഇപ്പൊ നല്ല സമാധാനം തോന്നുന്നു' എന്ന്. എനിക്കും തോന്നി ആ സമാധാനം, സത്യം.



ഫേസ്ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങിയ കാലത്ത് എനിക്ക് വ്യക്തമായ ഒരു ഉദ്ദേശം ഉണ്ടായിരുന്നു. 'കൂടെ പഠിച്ച (പെണ്‍)പിള്ളേര്‍ എപ്പോള്‍ എന്തൊക്കെ ആയി എന്നറിയണം, ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ പോലെ നാട്ടില്‍ പോവുമ്പോള്‍ പഴയ സൌഹൃദങ്ങള്‍ എല്ലാം പൊടിതട്ടി തുടച്ചെടുത്ത് കൂട്ട് കൂടണം, ഫാമിലികള്‍ തമ്മില്‍ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കണം'. അതൊന്നും നടന്നില്ല പകരം ഇന്ന് കൂടെ ജോലിചെയ്യുന്നവര്‍, കണ്ടാല്‍ വഴിമാറി നടക്കുന്നവര്‍, ആദ്യമായി കാണുന്നവര്‍ എല്ലാം 'ഫ്രണ്ട്സ് റിക്വസ്റ്റ്' ചെയ്തു. ഞാന്‍ അവരുടെ എല്ലാം ഫോട്ടോകളും വീഡിയോകളും കണ്ടു. ലൈക്‌ ചെയ്തും ഷെയര്‍ ചെയ്തും എന്‍റെ സമയം കളഞ്ഞു.

ഫേസ്ബുക്ക് ഇത്രകാലം കൊണ്ട് എനിക്ക് തന്നത് പത്താം ക്ലാസ്സില്‍ ഒന്നിച്ചു പഠിച്ച ഒരു കൂട്ടുകാരനെ മാത്രമാണ്. ഫേസ്ബുക്ക് വഴി ദുബൈയില്‍ ഉള്ള അവനും ജിദ്ദയില്‍ ഉള്ള ഞാനും ഒരേ സമയം ലീവിന് നാട്ടില്‍ കാണാം എന്ന് ഉറപ്പിച്ചു. എന്‍റെ കുടുംബത്തില്‍ നടക്കുന്ന ഒരു കല്യാണത്തില്‍ വെച്ചാണ്‌ പ്രതീക്ഷിക്കാതെ ഞാന്‍ അവനെ കണ്ടത്. അല്ല സത്യത്തില്‍ അവന്‍ എന്നെ കണ്ടെത്തിയത്. അവന്‍ എന്‍റെ ഒരു ബന്ധുവിനോട് ഞാന്‍ വന്നാല്‍ കാണിച്ച് കൊടുക്കണം എന്ന് പറഞ്ഞു. 

ഊണ് കഴിക്കുന്ന എന്‍റെ മുന്നില്‍ അവന്‍ വന്നിരുന്നു. 'എത്ര കാലായെടാ നിന്നെ കണ്ടിട്ട്, എവിടെ നിന്‍റെ കുട്ടികള്‍, നിന്‍റെ കെട്ടിയോള്‍ വന്നിട്ടില്ലേ, നീ എന്നാ വന്നത്, എന്നാ പോണത്‌,,' തുടങ്ങി ഒരു നൂറു ചോദ്യങ്ങള്‍ ഒന്നിച്ചു വന്നു. ഒരു വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍, കഷണ്ടിയും കുടവയറും ഉള്ള ഈ പാര്‍ട്ടി ആരാ എന്ന് എന്‍റെ അസാധാരണമായ ഓര്‍മശക്തി വെച്ച് എനിക്ക് ഒരു രീതിയിലും പിടികിട്ടിയില്ല. മുക്കിയും മൂളിയും ഒരുവിധം ഞാന്‍ പിടികൊടുക്കാതെ നിന്നു. എന്‍റെ തണുപ്പന്‍ പ്രതികരണം ആശാന്‍റെ ഉത്സാഹം എല്ലാം കെടുത്തി, അവന്‍ എന്നെ ഊണ് കഴിക്കാന്‍ വിട്ടിട്ട് പോയി.

ഊണ് കഴിഞ്ഞു ഞാന്‍ മറ്റുള്ളവരില്‍ നിന്നും അവന്‍ ആരാണെന്ന്‌ മനസ്സില്‍ ആക്കി, പത്താം ക്ലാസ്സില്‍ എന്‍റെ കൂടെ ഒരേ ബഞ്ചില്‍ ഇരുന്ന കൂട്ടുകാരനോടു ഞാന്‍ പറഞ്ഞു 'എടാ നിന്നെ സത്യത്തില്‍ എനിക്ക് മനസ്സില്‍ ആയില്ല ട്ടോ, ഫേസ്ബുക്കില്‍ ഉള്ള ഫോട്ടോകളില്‍ എല്ലാം നീ മെലിഞ്ഞു നല്ല സ്മാര്‍ട്ട്‌ ആയാണ്'. 'അത് പിന്നെ ഈ കഷണ്ടിയും കുടവയറും എല്ലാം അതില്‍ ഇടാവോ, അത് എല്ലാം പഴയ ഫോട്ടോയാ..' അവന്‍റെ മറുപടി കേട്ട് ഞാന്‍ അന്തിച്ചു നിന്നു.

കുടുംബങ്ങള്‍ തമ്മില്‍ കൂടണമെന്നും, ഞങ്ങള്‍ നിര്‍മിക്കുന്ന വീടുകള്‍ കാണണം എന്നും മറ്റും തീരുമാനിച്ചുറച്ച് പിരിഞ്ഞ ഞങ്ങള്‍ക്ക് പക്ഷെ അതിന് സമയം കണ്ടെത്താന്‍ ആയില്ല. ആ കൂടിക്കാഴ്‌ചയില്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. പത്താം ക്ലാസ്സില്‍ പഠിച്ച ആളല്ല ഇന്ന് ഞാന്‍. അന്നുള്ള രസങ്ങള്‍ ഇന്ന് എനിക്ക് രസകരം ആവില്ല, അന്നത്തെ കൂട്ടുകാര്‍ ഇന്ന് എനിക്ക് കൂട്ടുകാര്‍ ആവണം എന്നില്ല.

എന്‍റെ വായനക്കാരില്‍ ഇത് ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ കുറവായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് പക്ഷെ ഫേസ്ബുക്ക് കൊണ്ട് എന്തെങ്ങിലും ഉപയോഗം ഉണ്ടായിട്ടുണ്ടോ എന്ന ഒരു വിശകലനം നടത്താന്‍ എപ്പോഴെങ്കിലും നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ. അതിന് മുന്നില്‍ നമ്മള്‍ ചിലവഴിക്കുന്ന സമയവും അതില്‍നിന്നും നമുക്കുള്ള ലാഭവും തുലനം ചെയ്താല്‍ ഫേസ്ബുക്ക് ഒരു നഷ്ടക്കച്ചവടം ആവാനേ തരമുള്ളൂ.

ഫേസ്ബുക്ക് എന്തു കൊണ്ടു നല്ലതല്ല എന്ന് നമുക്ക് പരിശോധിക്കാം..

സമയം - ഇന്ന് ആളുകള്‍ ഫേസ്ബുക്ക് സൈറ്റില്‍ ആണ് ഏറ്റവും കൂടുതല്‍ സമയം ചിലവിടുന്നത്. മറ്റുള്ളവരുടെ വിശേഷങ്ങള്‍ അറിയുന്നതിനേക്കാള്‍ തമാശ നിറഞ്ഞ വീഡിയോകളും, പരിഹാസ്യമായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാനും, ഫാര്‍ംവില്ലേ, മാഫിയ വാര്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ ഗെയിംസ് കളിക്കാനും വേണ്ടിയാണ് ഇത്. പല നല്ല കമ്പനികളും ഫേസ്ബുക്ക് സൈറ്റ് തന്നെ ബാന്‍ ചെയ്യുകയോ അല്ലെങ്ങില്‍ ജോലിസ്ഥലത്ത് വെച്ച് ഫേസ്ബുക്ക് കാണുന്നത് പിടിക്കപെട്ടാല്‍  പിരിച്ചു വിടുകയോ ആണ് ചെയ്യുന്നത്. ഫേസ്ബുക്ക് സൈറ്റില്‍ ചിലവിടുന്ന സമയം നിങ്ങള്‍ മറ്റു കാര്യങ്ങള്‍ക്കായി തിരിച്ചു വിട്ടാല്‍ നിങ്ങള്‍ക്ക് ഒരുപാട് പോസിറ്റീവ് ആയ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താം.

പ്രൈവസി - ഫേസ്ബുക്കില്‍ നിങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ക്ക് ഒരു രഹസ്യ സ്വഭാവവും ഇല്ല എന്ന് മാത്രമല്ല അവരുടെ പ്രൈവസി പോളിസിക്ക് കുറുപ്പിന്റെ ഉറപ്പുപോലും ഇല്ല. ഫേസ്ബുക്കില്‍ നല്ലൊരു ശതമാനവും മറ്റുള്ളവരുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്ള, കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ പ്രൊഫൈലും ഫോട്ടോകളും നോക്കി നടക്കുകയാണ് എന്ന് നമുക്കറിയാം. 

നമ്മോട് ഫ്രണ്ട്സ് റിക്വസ്റ്റ് ചെയ്യുന്ന അധികപേരും ഫ്രണ്ട് എന്ന കൂട്ടത്തില്‍ പെടുന്നവര്‍ ആകാറില്ല അവര്‍ക്ക് മുന്നില്‍ നിങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ളവരുടെ ഫോട്ടോകളും വീഡിയോകളും ആണ് ഷെയര്‍ ചെയ്യുന്നത്. ഇവരില്‍ എത്രപേരെ നിങ്ങള്‍ക്ക്  നിങ്ങളുടെ കുടുംബത്തിന് പരിജയപെടുത്താവുന്നവര്‍ (പച്ചക്ക് പറഞ്ഞാല്‍ 'വീട്ടീ കേറ്റാന്‍ കൊള്ളാവുന്നവര്‍') ആണെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ട്, നിങ്ങളുടെ പ്രിയപെട്ടവരുടെ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ അറിയാതെ അതാണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനത്തിനും പ്രൈവസി എങ്ങനെ സെറ്റ്‌ ചെയ്യണം എന്ന് പോലും അറിയില്ല.

മൂടുപടം - ജീവിതത്തില്‍ മാന്യന്‍മാര്‍ ആയ പലരും ഇന്റര്‍നെറ്റില്‍ അങ്ങനെ അല്ല. അതുപോലെതന്നെ ഇന്‍റര്‍നെറ്റില്‍ വളരെ സ്മാര്‍ട്ട്‌ ആണെന്ന് നമുക്ക് തോന്നാറുള്ള പല കൂട്ടുകാരും ജീവിതത്തില്‍ ഉള്‍വലിഞ്ഞ് കഴിയുന്നവരും, പരാജിതരും ആയിരുന്നുവെന്ന് പലപ്പോഴും നമ്മള്‍ കാണുന്ന കാര്യമാണ്. ആരും കാണുന്നില്ലെങ്കില്‍ അടുത്ത പറമ്പിലേക്ക്‌ കുപ്പ വലിച്ചെറിയുന്ന ഒരു മനസ്സ് നമുക്കെല്ലാം ഉണ്ട്. കീബോര്‍ഡിനു പിന്നില്‍ ഇരുന്നു ടൈപ്പ് ചെയ്യുമ്പോള്‍ അത്തരം ഒരു മിഥ്യാധാരണ നമ്മെ പിടികൂടാരുണ്ട്. അതു കൊണ്ട് തന്നെ കൂടുകാരന്റെ മകളെയും, ഭാര്യയെയും നോക്കി ഇരിക്കാന്‍ 'ആരും കാണില്ലല്ലോ' എന്ന വിശ്വാസം പലര്‍ക്കും പ്രേരണയാകുന്നു. നമ്മള്‍ വഞ്ചിക്കുന്നത് നമ്മെയും നമുക്ക്‌ പ്രിയപ്പെട്ടവരെയും ആണ്.

മാനഹാനി - നമ്മുടെയോ, നമുക്ക് വേണ്ടപെട്ട മറ്റൊരാളുടെയോ പ്രൊഫൈലില്‍ ഒരു അപമാനകരമായ കമന്റ്‌ വന്നാല്‍ അത് നമ്മുടെ കൊച്ചു ലോകത്തില്‍ ഉള്ള എല്ലാവരും പെട്ടെന്ന് അറിയുന്നു. മറ്റൊരു വില്ലന്‍ നമ്മള്‍ ഷെയര്‍ ചെയതത് എന്ന പേരില്‍ പ്രത്യക്ഷപെടുന്ന സെക്സ് വീഡിയോകള്‍ ആണ്. കുറച്ച് പേരെങ്കിലും 'ഇവന്‍ ഇത്തരക്കാരന്‍ ആണോ' എന്ന് സംശയിക്കും. നമ്മള്‍ പോസ്റ്റ്‌ ചെയ്തത്‌ ആണെന്ന പേരില്‍ വരുന്ന ലിങ്കുകളില്‍ പലതും മറ്റുള്ളവര്‍ക്ക് വൈറസുകള്‍ സമ്മാനമായി നല്‍കും. ക്ഷണിക്കപ്പെടാതെ കയറിവരുന്ന ഫോട്ടോകളിലെ ടാഗുകള്‍ പലപ്പോഴും നമുക്ക്‌ അപമാനകരമായി പോവുന്നു.

ആരോഗ്യം - കൂടുതല്‍ സമയം കമ്പ്യൂട്ടറിനു മുന്നില്‍ ചിലവഴിക്കുന്നവര്‍ക്ക്‌ RSI പോലുള്ള അസുഖങ്ങള്‍ എളുപ്പം വരുന്നു. കൂടുതല്‍ സമയം ഫേസ്ബുക്ക് പോലുള്ള സൈറ്റ്കളില്‍ ചിലവിടുമ്പോള്‍ ഉന്മേഷ കുറവ്, വിശപ്പില്ലായ്മ, തലവേദന, കാഴ്ച കുറവ്, നടുവേദന തുടങ്ങിയ അസുഖങ്ങള്‍ വളരെ ചെറുപ്പത്തില്‍ വന്നു ചേരുന്നു. ഇന്ന്  നടുവേദന  സര്‍വ സാധാരണമായിരിക്കുന്നു, ഞാന്‍ അതിന്‍റെ നല്ല അനുഭവസ്ഥന്‍ ആണ്. കമ്പ്യൂട്ടറും നടുവേദനയും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു.

പ്രിയപ്പെട്ടവരേ 1000 ഓണ്‍ലൈന്‍ കൂടുകാരെക്കളും നല്ലത് ഒന്നോ രണ്ടോ വിശ്വസ്തരായ കൂടുകാരാണ്, ഓണ്‍ലൈന്‍ ഗെയിംസ്കലെക്കാളും നല്ലത് ശരിക്കുമുള്ള കളികള്‍ ആണ്. ജിംനേഷ്യമോ, ഫുട്ബോള്‍, നീന്തല്‍ എന്തുമാകട്ടെ അവ നിങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യവും ഉന്‍മേഷവും നല്‍കുന്നു.

ഒരാഴ്ചയായി ഞാന്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിട്ട് ജീവിതത്തില്‍ ഒന്നും നഷ്ടമായതായി എനിക്ക് തോന്നുന്നില്ല മറിച്ച് ഞാന്‍ ഇന്ന് കൂടുതല്‍ തൃപ്തനാണ്. നിങ്ങളും ഫേസ്ബുക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം എന്നാണ് എന്‍റെ എളിയ അഭിപ്രായം.   

6 comments:

  1. Njaaanum Ippol Chinthichu thudangunnu.

    ReplyDelete
  2. ചെറിയൊരു  മിന്നല്‍...മനസ്സില്‍

    ReplyDelete
  3. ഈ  മനുഷ്യര്‍ നന്നാകുന്ന ഒരു വഴിയേ ...നല്ല  സമയത്ത് നല്ലത് തോന്നും...

    ReplyDelete
  4. നിങ്ങള്‍  ആദ്യം എഴുതിയ  വരികള്‍   ആവര്‍ത്തിക്കുന്നു ,  എല്ലാ കാര്യത്തിലും  ഫസ്ബൂക്  മാത്രം   അല്ല   " നല്ലത്  മാത്രം  സ്വീകരിക്ക ".

    ReplyDelete
  5. Face book is a kind of addiction to many. My nephew who is studying in 8th Standard in a village school is accessing facebook regularly and is having 300+ so called 'friends' and now a days his parents are comlaining that he is eating less and not interested in studying at all. He is advised to see an educational counseller. There are many victims to facebook and poeple are not aware how vulnerable is facebook

    ReplyDelete
  6. മറ്റുള്ളവരുടെ വിശേഷങ്ങള്‍ അറിയുന്നതിനേക്കാള്‍ തമാശ നിറഞ്ഞ വീഡിയോകളും, പരിഹാസ്യമായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാനും, ഫാര്‍ംവില്ലേ, മാഫിയ വാര്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ ഗെയിംസ് കളിക്കാനും വേണ്ടിയാണ് ഇത്.
    .
    ജീവിതത്തില്‍ മാന്യന്‍മാര്‍ ആയ പലരും ഇന്റര്‍നെറ്റില്‍ അങ്ങനെ അല്ല, തിരിച്ചും!
    .
    സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെല്ലാത്തിലും ഇതെന്ന്യാണ് സ്ഥിതി.

    ReplyDelete

Related Posts Plugin for WordPress, Blogger...