Monday, October 15, 2012

ഐക്യമത്യം മഹാ ചൊറ

ഈ പെണ്‍വര്‍ഗ്ഗങ്ങളെ കൊണ്ട് ഞാന്‍ വശംകെട്ടു കഴിയുകയാണ്. ഒരു ഭാഗത്ത് അവളും രണ്ടു പെണ്‍മക്കളും മറുഭാഗത്ത് ഞാനും എന്‍റെ രണ്ടു ആണ്‍മക്കളും, ഒറ്റ നോട്ടത്തില്‍ സമാസമം ആണെന്ന് തോന്നും പക്ഷെ കാര്യങ്ങളുടെ കിടപ്പ് അങ്ങനല്ല.

എന്‍റെ മൂത്ത മകന്‍ ചേരിചേരാ നയം ആണ്, രണ്ടാമത്തവന് അവന്‍റെ ഉപ്പ കഴിഞ്ഞേ എന്തും ഉള്ളൂ എങ്കിലും അസിയോട് അവനൊരു പൊക്കിള്‍ക്കൊടി കടപ്പാടുണ്ടോ എന്നൊരു സംശയം എനിക്കില്ലാതില്ല. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു പെണ്ണുങ്ങളുടെ ഇടയില്‍ ഞാന്‍ സഹനത്തിന്റെ ഉത്തമ ഉദാഹരണമായി കഴിഞ്ഞു പോവുകയാണ്.!


അവളുടെ ടീം ആണെങ്കില്‍ ഒറ്റക്കെട്ടാ, ഉപ്പാനേ ആക്രമിക്കാന്‍ പ്രത്യേകിച്ചും. എന്‍റെ മൂത്തവള്‍ എന്‍റെത്രേം വളര്‍ന്നു, തന്നോളം വളര്‍ന്നാല്‍ താനെന്ന് വിളിക്കണം എന്നാ എന്നൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് അവള്‍, ഞാന്‍ കേട്ട ഭാവം കൊടുക്കാറില്ല.

ചിന്ന ജോ ആണെങ്കിലോ ദേഷ്യത്തിന്‍റെ കാര്യത്തില്‍ എന്‍റെ എളാപ്പയായി വരും, ഞാനാണോ അവള്‍ ആണോ വീട് ഭരിക്കുന്നത് എന്ന് എനിക്കെന്നെ സംശയമാ.!

ചുരുക്കി പറഞ്ഞാല്‍ ജീവിതം റൊമ്പ ഞെരുക്കം ഹൈ. ഞാന്‍ ആരുമായും ഒരു കച്ചറയ്ക്കും ഇല്ലാതെ ഒരു മൂലയില്‍ ഒതുങ്ങിക്കൂടി പേപ്പര്‍ വായിക്കുമ്പോഴാണ്..

ഉപ്പാ മ്മച്ചി ഓള് ചുല്ലാഡാനാ കൈയ്യ്..

ജോ ക്രുദ്ധയായി കൈ നീട്ടി വന്നു. ജോ സൗദിയില്‍ ജനിച്ചതാ എനിക്കാണെങ്കില്‍ ഈ ഭാഷ വലിയ പിടിയും ഇല്ല, ഉമ്മ അവളെ കയ്യില്‍ എന്തോ ചെയ്തിരിക്കുന്നു, അടിക്കുകയോ പിച്ചുകയോ ആവാം. ഇത്രയും വലിയ അനീതി നടക്കുമ്പോള്‍ ഞാന്‍ പത്രവും നോക്കി ഇരിക്കാന്‍ പാടില്ല, ഇടപെട്ടേ മതിയാവൂ.

'എടീ..' ഞാന്‍ വളരെ ഉച്ചത്തില്‍ വിളിച്ചു, ഈ ബില്‍ഡിംഗ്‌ മുഴുവന്‍ കേട്ടുകാണണം അത്ര ശബ്ദമുയര്‍ത്തി ആണ്, അടുത്ത വീട്ടിലെ വല്ല എടികളും വന്ന് എന്തേ എന്ന് ചോദിക്കുന്നത് അസാദ്യമായി തള്ളിക്കളയാന്‍ ആവില്ല അത്ര ഉച്ചത്തില്‍ ആണ്, എന്നിട്ടും അവള്‍ വിളികേള്‍‍ക്കുന്നില്ല.

സമാധാനം.. അതാണ് നമ്മുടെ വഴി, ഞാന്‍ ജോയോട് പറഞ്ഞു നമുക്ക് പിന്നെ ചോദിക്കാം അവള്‍ അടുക്കളയില്‍ എന്തോ തിരക്കിലാണ്.

ഉപ്പാ ന്ച്ചും ജൂല്ല നൂലാലാ ടാണ്ടാഡാ..

കൈ മലര്‍ത്തി ശക്തിയായി കുലുക്കികൊണ്ട് അവള്‍ എന്നോട് ചോദിച്ചു. മറ്റുള്ള സംസാരം പോലെയല്ല ഇത്, ഇതെനിക്ക് മനസ്സിലാവും അവള്‍ ഏതു ഭാഷയില്‍ ഇത് ചോദിച്ചാലും ഈ ഒരൊറ്റ കാര്യം എനിക്ക് തിരിയും..

'ഉപ്പാ, ഇയാള്‍ എന്ത് പിണ്ണാക്കിലേ കെട്ടിയോനാടോ..?' എന്നാ ആ ചോദിച്ചതിന്‍റെ അര്‍ത്ഥം.

ഇച്ചിരി പോന്ന ഈ ഞാഞ്ഞൂല് എന്‍റെ പരമാധികാരത്തെയാണ് വെല്ലുവിളിക്കുന്നത്. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല ഇതിന് കാരണക്കാരിയെ കൊണ്ട് സമാധാനം പറയിപ്പിച്ചിട്ട് തന്നെ കാര്യം.

'എടീ അസീ..' ഞാന്‍ കൊലവിളിക്കുന്ന പോലെ വിളിച്ചു ഒരിക്കലല്ല മൂന്നുവട്ടം, പ്രപഞ്ചം കിടുങ്ങി, വൃക്ഷലതാതികള്‍ വിറച്ചു, സംഹാരദുര്‍ഗ്ഗനായി ഞാന്‍ നില്‍ക്കുകയാണ്, കണ്ണുകള്‍ ജ്വലിക്കുന്നുണ്ട്, ജോ പോലും ശ്വാസം പിടിച്ചു നില്‍ക്കുകയാണ്, എന്തും സംഭവിക്കാം.

ഒരൊച്ചയും കേള്‍ക്കുന്നില്ല, ഭൂരിപക്ഷവും അസി അടുക്കളയില്‍ ബോധംകെട്ടു വീണു കാണണം, ഞാന്‍ വിളിച്ചിട്ട് മല വന്നില്ലെങ്കില്‍ മലയുടെ അടുത്തേക്ക് ഞാന്‍ ചെല്ലും എനിക്കാ പേടിയൊന്നും ഇല്ല, എനിക്കിതൊക്കെ പുല്ലാ ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ, ഞാന്‍ ജോയുടെ കൈയ്യും പിടിച്ച് അടുക്കളയിലേക്ക് ചെന്നു.

വെറുതെയല്ല വിളികേള്‍ക്കാത്തത്.. അസിയും മോളും ഫോണില്‍ പാട്ടും വെച്ച് വാതിലും അടച്ച് ഫ്രൂട്ട് സലാഡ്‌ ഉണ്ടാക്കി, പഠിക്കാണ് എന്ന് പറഞ്ഞാല്‍ ഇനി ഇജ്ജന്മത്തില്‍ എനിക്കത് തിന്നാന്‍ കിട്ടില്ല, അതുകൊണ്ട് നല്ല ഒന്നാം നമ്പര്‍ ഫ്രൂട്ട്സലാഡ്‌ ഉണ്ടാക്കുകയാണ് എന്ന് നമുക്ക്‌ അഭിപ്രായപ്പെടാം..

ഹൈ ഡാഡ് വാട്ട്‌സ് അപ്പ്‌.. ഫ്രൂട്ട്സ് നുറുക്കി നില്‍ക്കുന്ന മൂത്തവളാണ്..

'വാട്ട്‌സ് അപ്പ്‌' അതും സ്വന്തം അപ്പനോട്, പെണ്ണിന്റെ നെഗളിപ്പ് കണ്ടോ, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ആദ്യം ഇതൊന്നു തീര്ത്തോട്ടെ..

എന്താടീ ഞാന്‍ വിളിച്ചാല്‍ വിളികേട്ടൂടെ നിനക്ക്, ചെന്ന പാടേ ഞാന്‍ ചോദിച്ചു..
വിളിച്ചോ.. കേട്ടിട്ടില്ല ഇവളുടെ പാട്ടും ഒക്കെകൂടി, എന്തെ വിളിച്ചത്..

നീ എന്താ ജോയെ ചെയ്തത് അവളുടെ കൈയ്യിന്മേല്‍ ചുല്ലാഡാനാ ആക്കിയോ..
ഓ അതോ, അത് പിന്നെ അനങ്ങിയാ സ്റ്റൌ ഓഫ്‌ ചെയ്യാന്‍ പോയാല്‍.. കയ്യിന് ഒന്ന് കൊടുത്ത് പുറത്താക്കി വാതിലടച്ചതാണ്..

അത് ശരി അതാണ്‌ പ്രശ്നം, കൈയ്യിന് ഒരു ചുല്ലാഡാനാ കിട്ടിയില്ലെങ്കില്‍ ഫ്രൂട്ട്സലാഡ്‌ ഞമ്ഞ്ഞാം കിട്ടൂല, രമ്യമായി പരിഹരിക്കേണ്ട വിഷയം..

എടീ നിന്നെ എന്തിനാ വിസയെടുത്തു ഇവിടെ കൊടുന്നിരിക്കുന്നത്..ഞാന്‍ ചോദിച്ചു
നിങ്ങക്കിപ്പോ ചായ വേണ്ടിവരും അല്ലെ..

കണ്ടോ കണ്ടോ.. ഇതാണ് ഞാന്‍ പറഞ്ഞത്‌ നമുക്ക്‌ ഒന്നും പറയാന്‍ പറ്റില്ല, തോക്കില്‍ കേറി വെടിവെയ്ക്കുന്ന ജാതി..

എനിക്ക് ചായ ഉണ്ടാക്കാനല്ല ഇത്രേം കാശും ചിലവാക്കി നിനക്ക് വിസയെടുത്തു കൊണ്ട് വന്നത്, ജോയേ നോക്കാന്‍ ആണ്, മനസ്സില്‍ ആയോ..
ഓ മനസ്സിലായി.. എന്നാ ജോയും ഉപ്പയും ഒന്ന് വിട്ടേ, എനിക്കിവിടെ പണിയുണ്ട്..

പാവങ്ങള്‍ ഫ്രീ ടൈം എന്തെങ്കിലുമൊക്കെ ഉണ്ടാക്കി എന്ജോയ്‌ ചെയ്യാണ്, ഇത്തവണ വെറുതെ വിട്ടേക്കാം. ഞങ്ങള്‍ അവിടെ തന്നെ ചുറ്റിപറ്റി നിന്ന്, ഫ്രൂട്ട്സലാഡിന് അരിഞ്ഞു വെച്ച ഫ്രൂട്ട്സ് ഓരോന്നും രുചി കറക്റ്റ് അല്ലെ എന്ന് ഉറപ്പു വരുത്തി കൊണ്ടിരുന്നു.

അങ്ങനെ ചുറ്റിപ്പറ്റി നടക്കുമ്പോഴാണ് ഇളയവന്‍ അടുക്കളയിലെക്ക് വന്നത്.

ഉപ്പാ ക്ലാസ്സില്‍ ഒരു പുതിയ കുട്ടി വന്നു, ആ കുട്ടിയുടെ പേര് ആഖില്‍ എന്നാണ്.
നല്ലത്, ക്ലാസ്സില്‍ പുതിയ കുട്ടികള്‍ ഇനിയും വരട്ടെ, നല്ല കാര്യം.!
അതല്ല ഉപ്പാ അവന്‍ ഹിന്ദു കുട്ടിയാണ്..

അതാണ്‌ പ്രശ്നം, അവന്‍റെ ഇക്കയുടെ പേരില്‍ ഒരു ഹിന്ദുകുട്ടി വന്നിരിക്കുന്നു ക്ലാസ്സില്‍. എന്നേ അറിയിക്കുക മാത്രമല്ല ലക്‌ഷ്യം കൂട്ടത്തില്‍ അതും പറഞ്ഞ് ഇക്കയെ ഒന്ന് ചൂടാക്കാം. രമ്യമായി പരിഹരിക്കേണ്ട മറ്റൊരു പ്രശ്നം കൂടി..

പേരില്‍ അങ്ങനെ വേര്‍തിരിവെല്ലാം കൊടുക്കണോ, നല്ല പേരാണ് ആഖില്‍ അവര്‍ക്കും ഇഷ്ടമായിക്കാണും.. ഞാനത് ലഘൂകരിക്കാന്‍ ശ്രമിച്ചു.

ആഖില്‍ മാത്രമല്ല ഹിന്ദുപ്പേര് നിമ്മി എന്നത് ഹിന്ദുപ്പേരല്ലേ.. അക്കി കിട്ടിയ അവസരത്തില്‍ മൂത്തവളെ ഒരു കുത്തു കൊടുത്തു.

ശരിയാണ് നിമ്മി ഒരു ഹിന്ദുകുട്ടിയുടെ പേരാണ്, ഒരു നാല് വയസ്സുകാരി നിമ്മിയെ ഒരു കാലത്ത് എനിക്ക് വലിയ ഇഷ്ടമായിരുന്നു, എനിക്ക് സ്വന്തമായി ഒരു കുഞ്ഞു പിറന്നപ്പോള്‍ അവളെ നിമ്മി എന്ന് വിളിക്കണം എന്ന് മോഹിച്ചു, വിളിച്ചു. ഹിന്ദുപ്പേരാണോ എന്നൊന്നും നോക്കിയിട്ടില്ല.

ഇതാപ്പോ വലിയ കാര്യം, എണ്ണം തികയ്ക്കാന്‍ നമുക്ക്‌ ഒരു ക്രിസ്ത്യന്‍ പേരും ഉണ്ടല്ലോ ജോ, ഇത്തവണ കുത്തിയത് അസിയാണ്.

അത് ശരി എല്ലാവരും കൂടി കൂട്ടം ചേര്‍ന്നുള്ള ആക്രമണമാണ്, വേണ്ട വേണ്ട എന്ന് കരുതുമ്പോള്‍ കേറി കേറി അപ്പന്‍റെ..

എടീ നിന്നെ വിസ എടുത്ത് കൊടുന്നത് എന്തിനാടീ..
ജോയേ നോക്കാനല്ലേ..
അല്ല എന്നേ അനുസരിച്ച് അടങ്ങി ഒതുങ്ങി ഒരു മൂലയ്ക്കിരിക്കാനാണ്..

ഒറ്റ മിനിട്ട് ഈ കയില്‍ ഒന്ന് പിടിച്ചേ..
എന്തിനാ..
ചുമ്മാ അതും പിടിച്ച് ഇവിടെ ഇങ്ങനെ നിന്നാ മതി ഭക്ഷണം താനേ ഇങ്ങ് ഇറങ്ങി വന്ന് കൊള്ളും, മൂലക്ക് നിര്‍ത്താന്‍ വന്നിരിക്കുന്നു, ഇതിപ്പോ ജോയേപോലെ ഈ ഉപ്പയെയും പുറത്താക്കി കുറ്റിയിടണം എന്ന് തോന്നുന്നു.

ശ്ശെടാ ഇവള്‍ ഇങ്ങനെ സീരിയസ് ആവാന്‍ പാടുണ്ടോ, അതും പിള്ളേരുടെ മുന്നില്‍ വെച്ച്, ഇതിനാണോ ഇത്രയും കാശ് ചിലവാക്കി ഇവളെ ഞാന്‍ വിസ എടുത്ത്‌ കൊടുന്നത്..!

സൈലന്‍സ് സൈലന്‍സ്.. മൂത്തവള്‍ നിമ്മിയാണ്, എല്ലാവരും നിശ്ശബ്ദരായി, അവള്‍ തുടര്‍ന്നു

ഇപ്പൊ, നമുക്ക് ഹിന്ദുപ്പേരും, ക്രിസ്ത്യന്‍ പേരും ആയി, ഇനി ഞാന്‍ ഒരു പുത്തന്‍ കാര്യം പറഞ്ഞു തരാം നമ്മുടെ ബാച്ചുവിന്‍റെ ഈ പേരുണ്ടല്ലോ അതൊരു ജൈനന്‍മാരുടെ പേരാണ്. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ വീട് മത മൈത്രിയുടെ മുകുടോദാഹരണമാണ്..

അവള്‍ ഈ പറഞ്ഞത് കളിയാക്കിയാണെങ്കിലും എനിക്കത് ഇഷ്ടപ്പെട്ടു. എന്‍റെ മോളായത് കൊണ്ട് പറയല്ല, ബുദ്ധിയുണ്ട് പെണ്ണിന്..!

ഇനി മറ്റൊരു കാര്യം കൂടി.., അവള്‍ തുടര്‍ന്നു, ജോ എന്നത് ക്രിസ്ത്യന്‍ പേരാണ് എന്ന് മാത്രമല്ല അത് ആണ്‍ കുട്ടികള്‍ക്ക് ഇടുന്ന പേരാണ്.

അഡപ്പാവി.. പത്ത് കൂര്‍ത്ത കണ്ണുകള്‍ എനിക്ക് ചുട്ട നോട്ടം തന്നു. ഇവളെ ഞാനിന്ന് കൊല്ലും, തല്ലുകൊള്ളി..

ഇതില്‍ നിന്നും നിങ്ങള്‍ക്ക്‌ എന്ത് മനസ്സില്‍ ആയി.. അവളുടെ ചോദ്യത്തിന് ആരും ഒന്നും മിണ്ടിയില്ല..

നാടകീയമായി അവള്‍ തുടര്‍ന്നു.. നമ്മുടെ ഉപ്പാക്ക് വിദ്യാഭ്യാസമേ ഉള്ളൂ, വിവരം കുറവാണ്..!

കഴുവേറിടെ മകള്‍ സ്വന്തം ഉപ്പയെ കുപ്പയാക്കിയിരിക്കുന്നു

നിന്നെ ഞാന്‍.. എന്നും പറഞ്ഞ് ഞാന്‍ അവളെ അടിക്കാന്‍ കൈ ഓങ്ങിയതും എനിക്ക് അടികിട്ടി, പിന്നില്‍ നിന്നും, കാലിന്..

തിരിഞ്ഞു നോക്കിയപ്പോള്‍ ജോയാണ്.. വിരല്‍ ചൂണ്ടി അവള്‍ പറഞ്ഞു
ഉപ്പാ ലുച്ചാന നിമ്മിത്ത ആ.!

ഈ പറഞ്ഞത് ഏതു പോലീസുകാരനും മനസ്സില്‍ ആവും,
നിമ്മിത്തയെ തൊട്ടാ, ആ കൈ ഞാന്‍ വെട്ടും, ആ..!

ഇല്ല ഈ പെണ്‍പടക്ക് മുന്നില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ ആവില്ല, പോവുന്ന പോക്കില്‍ ഞാന്‍ അസിയോട് ചോദിച്ചു..

നിനക്ക് വിസ എടുത്തത്‌ എന്തിനാ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നീ ആദ്യം പറഞ്ഞ മറുപടി ഇല്ലേ..
എന്ത് ജോയെ നോക്കാന്‍ എന്നോ..?
അതല്ല, അതിന് മുന്‍പ്‌ പറഞ്ഞതില്ലേ..

ചായ വേണോ എന്നോ..?
അതന്നെ, അതെങ്ങാനും..ഇനി..
പരിഗണിക്കാം, എന്നാ ഉപ്പ പോയി പേപ്പര്‍ വായിച്ചോ, ഈ കുട്ടികളെയും കൂട്ടിക്കോളൂ, ഇവിടെ ഞാനും നിമ്മിയും മാത്രം മതി.

കുട്ടികളെയും കൂട്ടി പുറത്ത് കടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു ഇന്ന് തന്നെ നെറ്റില്‍ പുരുഷ വിമോചന സംഘടനകളുടെ അഡ്രസ്‌ ഒന്ന് തപ്പണം.
എന്‍റെ അവസ്ഥ കണ്ട് എനിക്ക് തന്നെ സങ്കടം തോന്നി..എങ്ങനെ കഴിഞ്ഞ ഞാനാ..!

വാല്‍ക്കഷ്ണം: അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന് പറഞ്ഞ് ബാക്കിയുള്ളവരെ വിറപ്പിച്ച് നിര്‍ത്തുന്നത് അങ്ങ് വെളിയില്, വീട്ടീ വന്നാല്‍ മൂപ്പര്‍ക്കും എന്‍റെ ഗതി തന്നാ, ഫോട്ടോ കണ്ടില്ലേ, കണ്ണൊക്കെ നിറച്ച്, പാവം.!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...