Monday, October 1, 2012

അവള്‍

അവള് സുന്ദരിയാണോ എന്ന് ചോദിച്ചാല്‍.. അറിയില്ല. എനിക്കവളെ കണ്ടൂടാ, അസിക്ക് തീരെ പിടിക്കില്ല, പറഞ്ഞിട്ടെന്താ കാര്യം അവള്‍ക്കെന്നോട് ഇഷ്ടാണ്, എന്ത് പറഞ്ഞാലും അവള്‍ വിട്ടു പോവില്ല.

ഞാന്‍ പല പണിയും നോക്കി, നുള്ളി വേദനിപ്പിച്ച് നോക്കി, വളച്ച് ഒടിച്ചു നോക്കി, സൂചി കൊണ്ട് കുത്തി നോക്കി, കരഞ്ഞ് കാലു പിടിച്ചു നോക്കി, ഞാന്‍ വല്ലാതെ സീരിയസ് ആവുന്നു എന്ന് കണ്ടാല്‍ അവള്‍ ഒന്ന് പിന്‍വാങ്ങും, ദൂരെ ഒന്നും പോവില്ല, അടുത്ത് തന്നെ ഉണ്ടാവും, കണ്ണില്‍ പെടാതെ ഒളിക്കാന്‍ അവള്‍ക്ക് നല്ല കഴിവാണ്.

എപ്പോഴെങ്കിലും സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ എന്‍റെ ചെവിയില്‍ അവള്‍ കൊഞ്ചലോടെ മന്ത്രിക്കും 'മരിക്കോളം ഞാനും കൂടെണ്ടാവും..'. അത് കേള്‍ക്കുമ്പോള്‍ ദേഷ്യവും സങ്കടവും വന്ന് ഞാന്‍ മൌനിയാവും എന്‍റെ മൌനം ഞാന്‍ അറിയുന്നതിന് മുന്‍പ് തന്നെ അസി അറിയും, 'പിന്നേം വന്നൂല്ലേ..' കൂടുതല്‍ ഒന്നും അവള്‍ പറയില്ല. ഞങ്ങള്‍ക്കറിയാം എന്നേം കൊണ്ടേ ഇവള്‍ പോവൂ..



ചെറുപ്പത്തിന്റെ ബോധമില്ലായമ, അമിതമായ ആത്മവിശ്വാസം, ഇന്നത്തെ ജീവിതരീതി, അല്ലെങ്കില്‍ തിരക്കുകള്‍ - കാരണങ്ങള്‍ നമുക്ക് പലതു നിരത്താം എങ്കിലും ഒന്ന് കൂടി ശ്രദ്ധിക്കാമായിരുന്നു. ഇന്നെനിക്കറിയാം പത്തു പേരില്‍ എട്ടു പേര്‍ക്കും ഇത്തരം ബന്ധങ്ങള്‍ ഉള്ളവര്‍ ആണ്. നടുവേദന അത്രയ്ക്ക് സാധാരണമാണ്. ഇവള്‍ എന്‍റെ കൂടെ കൂടിയിട്ട് കാലം കുറച്ചായി. ഞാന്‍ ഒരുപാട് കാശും സമയവും രീതികളും പരീക്ഷിച്ചു കഴിഞ്ഞു. ഒരു കാര്യം എനിക്കുറപ്പായി എന്നേം കൊണ്ടേ ഇവള്‍ പോവൂ..

നടുവേദന പെണ്ണാണ് എന്ന് എനിക്കെങ്ങനെ അറിയാമെന്നോ, ഞാന്‍ സ്ട്രയിറ്റ്‌ ആണ്.. തിരിഞ്ഞാ..?

നടുവേദന മാറ്റാന്‍ ഞാന്‍ ആദ്യം അലോപ്പതി നോക്കി, അവര്‍ ഓരോ പൊതി മരുന്ന് തന്നു. ഗുളികയും, ക്രീമുകളും, ഇന്‍ജക്ഷനും എല്ലാം എടുത്ത് നല്ല മാറ്റം കണ്ടു പോക്കറ്റിന്, എന്‍റെതു കുറഞ്ഞു അവരുടെത് വീര്‍ത്തു. കുറച്ചു കാലം ആയുര്‍വേദം നോക്കി, പിന്നെ ഹോമിയോ, അത് കഴിഞ്ഞ് മര്‍മ്മ ചികിത്സ, പിന്നെ പ്രക്രതി ചികിത്സ, ഫിസിയോതെറാപ്പി, ഉഴിച്ചില്‍, പിഴിച്ചില്‍, കരച്ചില്‍, നിലവിളി എല്ലാം നടത്തി പക്ഷെ അവള്‍ മാത്രം പോയില്ല. കുറച്ചു സമയത്തേക്ക് ഒന്ന് മാറിനില്‍ക്കും ഒന്ന് മോളെ എടുത്താല്‍, ഇല്ലെങ്കില്‍ കുറച്ചു ദൂരം യാത്ര ചെയ്താല്‍, എന്തിന് ഒരു ബക്കറ്റ്‌ വെള്ളം മാറ്റിവെച്ചാല്‍ കൊഞ്ചി കൊണ്ട് അവള്‍ ചോദിക്കും മറന്നോ ന്നേ..

കഴിഞ ദിവസം ഒന്ന് മക്ക വരെ പോയി വന്നപ്പോള്‍ വഴിയില്‍ നിന്നും അവള്‍ കൂടെ കൂടി, പുറത്ത്‌ വിരലോടിച്ചു കണ്ണിറുക്കി അവള്‍ ചോദിച്ചു 'കള്ളന്‍ എന്നേ പറ്റിച്ച്‌ നടക്കാല്ലേ..' ഞാന്‍ ഒന്നും പറഞ്ഞില്ല, എനിക്കറിയാം ഇപ്പോള്‍ പൊരുതാന്‍ തുടങ്ങിയില്ലെങ്കില്‍ ഇവള്‍ കുറച്ച് ദിവസത്തേക്ക് എന്നേ കിടത്തിക്കളയും. അപ്പോള്‍ എനിക്ക് തോന്നി അവളെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതിക്കളയാം, അവള്‍ കാരണം കണ്ണീരു കുടിക്കുന്ന ആയിരങ്ങള്‍ക്ക് എന്‍റെ അനുഭവം ഉപകാരപ്രദമായേക്കും. നടുവേദന ഒരു പാട് തരം ഉണ്ട്. എനിക്ക് എന്റടുത്ത് ഉള്ളവളെ അല്ലെ നേരിട്ടറിയൂ. അവളെ അലോപ്പതിക്കാര്‍ ഓമനയോടെ ഡിസ്ക് പ്രോലാപ്സ്‌ എന്ന് വിളിക്കും. ഒരുമാതിരി എല്ലാ ചികിത്സാമുറക്കാര്‍ക്കും ഇവളെ വലിയ കാര്യാ, മറ്റൊന്നുമല്ല നമ്മളെ കുറച്ച് കാലത്തേക്ക് സ്ഥിരം കുറ്റിയായി കിട്ടും എന്നത് തന്നെ കാര്യം.

ആദ്യം അവളെ ഒന്ന് വര്‍ണ്ണിക്കാം. 36" 24" 36" ആണ് ബെസ്റ്റ്‌ പെണ്ണ് എന്നാ വെയ്പ്പ്. ഇവളെ പക്ഷെ അങ്ങനെ അല്ല അളക്കുന്നത്. നമ്മുടെ നട്ടെല്ല് ഒന്നിന് മേലെ ഒന്നായി വെച്ച ഒരുപാട് എല്ലുകള്‍ ചേര്‍ന്നതാണ്, ഓരോന്നിനും ഓരോ നമ്പര്‍ കൊടുത്തിരിക്കുന്നു. അതില്‍ L1 മുതല്‍ L5 വരെയും, S1 മുതല്‍ S5 വരെയും ഉള്ള സ്ഥലം നട്ടെല്ലിന്റെ താഴെ ഭാഗം ആണ്. ഓരോ എല്ലുകള്‍ക്ക് ഇടയിലും ഓരോ ഡിസ്ക്കുകള്‍ ഉണ്ട്, ഒരു റബ്ബര്‍ വാഷര്‍ പോലെ എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കാന്‍. ഈ ഡിസ്ക്കുകള്‍ എല്ലുകള്‍ക്ക് ഇടയില്‍ നിന്നും സ്ലിപ് ചെയ്തു വന്നാല്‍ പിന്നെ ഇവളെ നിങ്ങളുടെ കൂടെ എന്നെന്നേക്കുമായി കാണാം. നിങ്ങളുടെ കേട്ടിയോളുടെ ഇഷ്ടവും സമ്മതവും ഒന്നും അവള്‍ നോക്കില്ല, കേറിയങ്ങ് പൊറുതി തുടങ്ങും. എന്‍റെ രണ്ടു ഡിസ്ക് സ്ലിപ് ആയി L4,L5 ക്ക് ഇടയില്‍ ഉള്ളതും L5,S1 ന് ഇടയില്‍ ഉള്ളതും. വേദന എന്ന് പറഞ്ഞാല്‍ അമ്മച്ചിയാണേ സഹിക്കൂലാ ട്ടാ മോനെ..!



ഇനി ഇവളെ കൂടാതെ ജീവിക്കാനുള്ള ഒരേ ഒരു വഴി പറഞ്ഞു തരാം. സിമ്പിള്‍ - യോഗ പഠിക്കുക, അത്രേ ഉള്ളൂ, വേറെന്താ വിശേഷം.!

എനിക്കറിയാം എക്സര്‍സൈസ് മലയാളിക്ക്‌ പറഞ്ഞതല്ല അത് കൊണ്ട് എക്സര്‍സൈസ് എന്ന ഗണത്തില്‍ പെടുത്തേണ്ട അവശ്യം ഇല്ലാത്ത മൂന്ന് ചെറിയ.. കുച്ചിരി.. ചോട്ടാ എക്സര്‍സൈസുകള്‍ ഞാന്‍ നിങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടുത്തുകയാണ്.


ഇവനാണ് കൂട്ടത്തില്‍ കേമനും, എളുപ്പവും. ചുമ്മാ കമിഴ്ന്നു കിടന്ന് കാലും തലയും ഒരേ സമയം ഉയര്‍ത്തി ഒരഞ്ചു സെക്കന്റ്‌ പിടിച്ചു നില്‍ക്കുക. ഒരു പതിനഞ്ചു തവണ ചെയ്താല്‍ മതി.



ഇതും ചെയ്യാന്‍ എളുപ്പമാണ്. കൈകള്‍ തോളിനു താഴെ വെക്കുക. കൈ ഊന്നി ഉയര്‍ന്നു മേലേക്ക് നോക്കി ഒരഞ്ചു സെക്കന്റ്‌ നില്‍ക്കുക. ഇതും ഒരു പതിനഞ്ചു തവണ ചെയ്താല്‍ മതി.



ഇത് ആദ്യം ചെയ്യാന്‍ കുറച്ചൊരു ഭയവും, ബുദ്ധിമുട്ടും തോന്നും. പക്ഷെ സത്യത്തില്‍ വളരെ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ഇത് വഴങ്ങും. മലര്‍ന്നുകിടന്ന് കാലുകള്‍ മുട്ടുവരെ മടക്കി കൈ തറയില്‍ കുത്തി തലയും നെഞ്ചും നടുവും ഉയര്‍ത്തുക ഒരു പത്തു സെക്കന്റ്‌ ഈ നില്‍പ്പ് നില്‍ക്കുക. ഇങ്ങനെ ഒരു രണ്ടു പ്രാവശ്യം ചെയ്താല്‍ മതി.

മൂന്നും കൂടി ചെയ്യാന്‍ നിങ്ങള്‍ക്ക് അഞ്ചു മിനുട്ട് സമയം പോലും വേണ്ടി വരില്ല. നിങ്ങള്‍ക്ക് ഏതു തരം നടുവേദന ആയാലും ഇവ സ്ഥിരം ചെയ്യുന്ന ഒരാളെ ഒന്ന് കിടത്താന്‍ അവള്‍ കുറച്ച് പനിക്കും.

1 comment:

  1. വളരെ രസകരവും ഫലപ്രദവുമായ അനുഭവക്കുറിപ്പ് ഇത്തരത്തിലുള്ള നല്ല നല്ല കുറിപ്പുകൾ താങ്കളിൽ നിന്നും ഇനിയും ഉത്ഭവിക്കട്ടെ എന്ന് എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ഈ ഒരവസ്ഥ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
    ♥️♥️♥️

    ReplyDelete

Related Posts Plugin for WordPress, Blogger...