Monday, July 16, 2012

വെറുതെ ഒരു എസ്റ്റൂ

ലേഖകന്‍ ഒരു ഗ്യാലക്സി എസ്റ്റൂ വാങ്ങാന്‍ ദാഹിച്ചു മോഹിച്ചു നടന്ന കഥയുടേ ഒന്നാം ഭാഗം ഇവിടെ വായിക്കാം. കയ്യെത്തുന്ന ദൂരത്തില്‍ നിന്നും എസ്റ്റൂ വഴുതിപ്പോയ കദനകഥ രണ്ടാം ഭാഗം ഇവിടെ വായിക്കാം.

'നീ വിശേഷം അറിഞ്ഞില്ലേ..' അഭി ഫോണില്‍ നല്ല ഫോമിലാ.
'ഇല്ല.. എന്താടാ പ്രശ്നം..' ഞാന്‍ ചോദിച്ചു.
'നിനക്ക് ഞങ്ങള്‍ ഒരു എസ്റ്റൂ തരാന്‍ തീരുമാനിച്ചു..'

പാവങ്ങള്‍ എന്‍റെ ബ്ലോഗ്‌ വായിച്ച് പാട്ട പിരിവ് എടുത്ത് കാണും, അസി അറിയണ്ട അവള്‍ മാനക്കേട് കൊണ്ട് ഇപ്പോള്‍ തന്നെ എന്‍റെ ബ്ലോഗ്‌ വായിക്കുന്ന ഒരുത്തനുമായും  മിണ്ടാറില്ല.

അഭി നല്ലോനാ, സ്നേഹമുള്ളോനാ - പിരിവ് നടത്തിയിട്ടാണ്, എങ്കില്‍ പോലും..അവനു മാത്രമല്ലേ എനിക്കിത് വാങ്ങിത്തരാന്‍ തോന്നിയത്..

ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു ഫോണ്‍ റോമിങ്ങിലാണ്. ഇവന്‍റെ ഒക്കെ താമാശക്കും എനിക്ക് കാശ് ചിലവാകും എന്നുള്ളത് കൊണ്ട് ഞാന്‍ ചോദിച്ച്‌.

'എടാ ശരിക്കും തരുമോ അതോ എന്നെ കളിപ്പിക്കാണോ.. എനിക്ക് വയ്യ.. മാനക്കേടായി.. ബോസ്സിന്റെ മുഖത്തു ഞാന്‍ ഇനി.. ആരോട് പറഞ്ഞിട്ടാ എന്‍റെ പേരില്‍ നീ പിരിവ് നടത്തിയത്.. ഇത്തവണത്തേത് ഞാന്‍ ക്ഷമിക്കുന്നു ഇനി എന്നോട് ചോദിക്കാതെ എനിക്ക് വേണ്ടി പിരിവ്‌ നടത്തിയാലുണ്ടല്ലോ..'

'അയ്യടാ.. പിരിക്കാന്‍ പറ്റിയ ഒരു ചരക്കേയ്‌..' അവന്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.

അത് ശരി എന്നെ കളിയാക്കാന്‍ വിളിച്ചതാണ് അതിന് റോമിംഗ് ചാര്‍ജ് ഞാന്‍ തന്നെ കൊടുക്കണം. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

വൃത്തികെട്ടവന്‍ വെറുതെ മോഹിപ്പിച്ചു.. നാറിയാ അവന്‍.. എനിക്ക് പണ്ടേ അവനെ കണ്ടൂടാ.. കാശ് കടം ചോദിയ്ക്കാന്‍ ഇങ്ങ് വരട്ടെ.. തെണ്ടി.

ഫോണ്‍ വീണ്ടും റിംഗ് ചെയ്തു ഇത്തവണ ബോസ്സിന്റെ ലാന്‍ഡ്‌ലൈന്‍ ആണ്. ബോസ് ആവും, എന്‍റെ സേവനങ്ങള്‍ കമ്പനിക്ക് കിട്ടാതെ കുടുങ്ങിക്കിടക്കുകയാവും, തമാശയിലൂടെ ശമ്പളം കൂട്ടിത്തരാന്‍ ഒന്ന് പറഞ്ഞു നോക്കണം. ഇങ്ങനത്തെ ചാന്‍സുകള്‍ എപ്പഴും കിട്ടില്ല..

'താഹിര്‍ സ്പീകിംഗ്‌.. മെയ്‌ ഐ ഹെല്‍പ്‌ യു..' ഇനിയിപ്പോ പ്രൊഫഷണല്‍ ആയില്ല എന്ന് വേണ്ടാ.

'എന്താടോ കട്ട് ചെയ്തത്' ഓ ആ നാറി തന്നെയാണ് - അഭി.

എനിക്കങ്ങ് ചൊറിഞ്ഞു വന്നു പറ്റുന്ന മയത്തില്‍ ഞാന്‍ പറഞ്ഞു 'റോമിംഗ് അല്ലെ അഭീ കട്ടായി പോയതാ. താമാശ ഒക്കെ ഞാന്‍ മടങ്ങി വന്നിട്ട് ഇപ്പൊ നീ ആളെ വിട്ടേ..'

'എടോ ഞാന്‍ കാര്യം പറഞ്ഞതാ, നിനക്ക് കമ്പനി ഒരു എസ്റ്റൂ തരുന്നുണ്ട്'


കമ്പനിയേയ്..!, കമ്പനി എനിക്കെന്തിനാ എസ്റ്റൂ തരുന്നത്. ഞാന്‍ ഓഫീസ് സമയത്ത് ബ്ലോഗ്‌ എഴുതുന്നത് കമ്പനി അറിഞ്ഞാല്‍ എസ്റ്റൂ അല്ല എന്‍റെ ചീട്ടുകീറി അതാവും തരിക. ഇവന്‍ എന്നെ വിടുന്ന ലക്ഷണമില്ല. ഇനി കട്ട് ചെയ്‌താല്‍ അവന്‍ അതും പറഞ്ഞ് നടക്കും, സഹിക്കുക തന്നെ..

'കമ്പനിക്ക്‌ എന്തേ ഇപ്പൊ അത്രയ്ക്ക് സ്നേഹം നാല് വര്‍ഷമായി ഒറ്റ ചില്ലി ശമ്പളം കൂട്ടിതരാത്തവരാ, നീ ഒന്ന് പോടാ..'

'ഇല്ലെടാ സത്യമായും, നിനക്ക് മാത്രമല്ല വേറെയും നാല് പേര്‍‍ക്കുണ്ട്, നമ്മുടെ ആക്കിഫിനും, സില്‍വക്കും, രണ്ടെണ്ണം നമ്മുടെ ദമ്മാം ബ്രാഞ്ചില്‍ ഉള്ളവര്‍ക്കും. നിനക്കോര്‍മയില്ലേ കുറച്ച് മുന്‍പ് ഇവര്‍ നടത്തിയ ഒരു സര്‍വേ, അതിന് ആദ്യമായി അറ്റന്‍ഡ് ചെയ്ത അഞ്ചു പേര്‍ക്കാണത്രേ സമ്മാനം.

ഓ അപ്പൊ അവന്‍ കാര്യമായി തന്നെയാണ്, അഭി നല്ലോനാ വിളിച്ച് പറയാന്‍ തോന്നിയല്ലോ, സ്നേഹം ഉള്ളവനാ, നമുക്കൊരു സന്തോഷം വന്നപ്പോ അതില്‍ പങ്കു ചേരാന്‍ വന്നല്ലോ.


'താങ്ക്യൂ ഡാ, വലിയ സന്തോഷായി, കുറേ ആയി വാങ്ങണം എന്ന് കരുതി നടക്കുന്നു, അസിയെ വിളിച്ചു പറയട്ടേ അവള്‍ക്കാവും എന്നേക്കാള്‍ സന്തോഷം' ഞാന്‍ പറഞ്ഞു.

'അത് പിന്നെ നീ പ്രത്യേകം പറയണോ, ആട്ടേ എപ്പഴാ പാര്‍ട്ടി..'

'ഹലോ, ഹലോ, നാശം കട്ടായി എന്നാ തോന്നുന്നത്, ഈ റോമിംഗ് കൊണ്ട് ഒരു കാര്യവും ഇല്ല..' അവന് വ്യക്തമാവാന്‍ ദൂരത്തില്‍ മൊബൈല്‍ പിടിച്ച് ഇതുംപറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ഇവനൊക്കെ പാര്‍ട്ടി കൊടുത്താല്‍ എസ്റ്റൂ വാങ്ങുന്നതിനേക്കാള്‍ കാശ് ചിലവാകും, വെറുതെയല്ല.. അവന്‍റെ വിളികണ്ടപ്പഴേ തോന്നിയിരുന്നു.. എന്നെ തെണ്ടിക്കണം, പാര്‍ട്ടിയാണ് പോലും, പാര്‍ട്ടി..

ഉടനെ തന്നെ ഞാന്‍ അസിയേ വിളിച്ചു 'എടീ എനിക്കൊരു എസ്റ്റൂ അടിച്ചു, കമ്പനി നടത്തിയ സര്‍വേയില്‍ അഞ്ചു പേര്‍ക്ക് എസ്റ്റൂ കൊടുത്തു അതില്‍ ഒന്ന് നമുക്കാണ്..'

'പടച്ച റബ്ബ് എന്‍റെ പ്രാര്‍ത്ഥന കേട്ടു, എനിക്കൊരുപാട് സന്തോഷായി, എന്‍റെ പ്രാര്‍ത്ഥന കൊണ്ടാ നിങ്ങള്‍ക്ക് എസ്റ്റൂ കിട്ടിയത്, ചെലവ് ചെയ്യണം..'

ഹും ഞാന്‍ ചാടിപിടിച്ച് സര്‍വ്വേ ചെയ്തിട്ടൊന്നും അല്ല എനിക്ക് എസ്റ്റൂ കിട്ടിയത്‌ അവളുടെ പ്രാര്‍ത്ഥനയാ ത്രേ എന്നാ പിന്നെ അവളല്ലേ എനിക്ക് ചിലവ് തരേണ്ടത്, ഈ മനുഷ്യന്മാര്‍ക്കെല്ലാം എന്‍റെ പോക്കറ്റ്‌ എങ്ങനെ കാലിയാക്കണം എന്ന ഒറ്റ ചിന്ത മാത്രേ ഉള്ളൂ.

റോമിംഗില്‍ നിന്ന് കാശും ചിലവാക്കി അവളെ ഫോണ്‍ ചെയ്ത് പറഞ്ഞ ഞാന്‍ പൊട്ടന്‍ അല്ലാതെന്താ.. തരുന്നുണ്ട് നിനക്ക് ഞാന്‍ പാര്‍ട്ടി..

5 comments:

  1. അഭിയുടെ കാര്യത്തിലുള്ള ആ ഒന്തോഫീലിയ ഇശ്ശി ഇഷ്ടായി.. ഇങ്ങള് ആളൊരു മലയാളി തന്നെ :)

    ReplyDelete
  2. "ഫോണ്‍ വീണ്ടും റിംഗ് ചെയ്തു ഇത്തവണ ബോസ്സിന്റെ ലാന്‍ഡ്‌ലൈന്‍ ആണ്. ബോസ് ആവും, എന്‍റെ സേവനങ്ങള്‍ കമ്പനിക്ക് കിട്ടാതെ കുടുങ്ങിക്കിടക്കുകയാവും, തമാശയിലൂടെ ശമ്പളം കൂട്ടിത്തരാന്‍ ഒന്ന് പറഞ്ഞു നോക്കണം."

    ദേ, ഇപ്പൊ കൂട്ടും. നന്നായി മാഷേ...

    ReplyDelete
  3. >>>ഓഫീസ് സമയത്ത് ബ്ലോഗ്‌ എഴുതുന്നത് കമ്പനി അറിഞ്ഞാല്‍ എസ്റ്റൂ അല്ല എന്‍റെ ചീട്ടുകീറി അതാവും തരിക.<<<

    ഈ ഓഫീസ്‌ ഇല്ലായിരുന്നേല്‍ ബ്ലോഗ്‌ ഉണ്ടാവുമായിരുന്നോ ആവോ? ആര്‍ക്കറിയാം അല്ലേ :)

    ReplyDelete
  4. എസ്സ് ടു കയ്യില്‍ കിട്ടും മുന്‍പേ ഇങ്ങിനെ അപ്പോള്‍ കിട്ടിയാല്‍ എന്താ കഥ .

    ReplyDelete
  5. ഉം ,തുടര്ക്കതയാ അല്ലെ ?ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...