Sunday, December 18, 2011

മോന്‍റെ അച്ഛന് എന്തറിയാം

ഒരാഴ്ച്ച മുന്‍പാണ്‌ എന്‍റെ പഞ്ചാബി കൂട്ടുകാരന് ഒരു ആണ്‍കുട്ടി പിറന്നത്. ഒരു വര്‍ഷമേ ആയുള്ളൂ അവന്‍റെ കല്യാണം കഴിഞ്ഞിട്ട്. ഭാര്യക്ക് സഹായത്തിനു വേണ്ടി കഴിഞ്ഞ മാസമാണ് അവന്‍ അമ്മയെ വരുത്തിയത്‌.

എന്‍റെ കൂട്ടുകാരന് ഇന്‍റര്‍നെറ്റില്‍ വലിയ വിശ്വാസമാണ്. എന്തും നെറ്റില്‍ നോക്കി ഉറപ്പുവരുത്തിയേ ചെയ്യൂ. കുട്ടിയെ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ കുളിപ്പിച്ചാല്‍ മതി എന്നാ ഇന്റര്‍നെറ്റ്‌ അവനെ പഠിപ്പിച്ചത്. 

കുട്ടിക്ക്‌ അവന്‍റെ അമ്മ എന്തോ ഭഷണം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഉടനെ അവന്‍ നെറ്റിനോടു ചോദിച്ചു. നെറ്റ് പറഞ്ഞു 'ഒരിക്കലും പാടില്ല' എന്ന്. പിന്നെ പറയണോ പുകില്, നേഴ്സ് കൂടിയായ അവന്‍റെ അമ്മ ചൂടായി. 'നിന്നെ ഒക്കെ ഇതൊക്കെ തന്നാ ഞാന്‍ വളര്‍ത്തിയത് എനിക്ക് വയ്യാ നിന്‍റെ കുട്ടിയെ നോക്കാന്‍, നീ എന്തു പരീക്ഷണം വേണമെങ്കിലും നടത്തിക്കോ, ഞാന്‍ പോയിട്ട്!!' അതിന്‍റെ മുന്നില്‍ നമ്മുടെ നവ-പിതാവ് വായടക്കി.

അവന് കൂടുതല്‍ വിഷമമായത് അവന്‍റെ ഫാര്യ മറുകണ്ടം ചാടിയതാണ്. അവന്‍റെ വിഷമം അവന് ആരോടെങ്കിലും പങ്കു വെക്കണ്ടേ. പഴയ തലമുറയുടെ അറിവില്ലായ്മ കൊണ്ട് കഷ്ടപെടുന്ന അവനെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ഒരു പരമാര്‍ത്ഥം നല്‍കി 'എടൊ ഇതൊക്കെ ആദ്യത്തെ കുട്ടി ആയതുകൊണ്ട് ഉള്ള നിന്‍റെ ബേജാറുകള്‍ ആണ്. എന്നെ നോക്ക് നാല് കുട്ടികളാ എനിക്ക്, എന്തു തിന്നുന്നു എന്നല്ല എന്തെങ്കിലും തിന്നാന്‍ കിട്ടുന്നുടോ എന്നു പോലും ഞാന്‍ നോക്കാറില്ല'. അതൊന്നും പക്ഷെ ഏല്കുന്നില്ല. ഒന്നാമതായി അവനെ ചുറ്റിനില്കുന്നത് 'ഒറ്റ കുട്ടി തന്തമാര്‍' ആണ്. അവര്‍ക്കും ലെവന്റെ അതെ അഭിപ്രായങ്ങള്‍ തന്നെയാണ്.

അപ്പോള്‍ ദാ വരുന്നു അടുത്ത ചോദ്യം. 'കുട്ടിയെ കുളിപ്പിക്കുന്നതിനു മുന്‍പ്‌ മസ്സാജ് ചെയ്യാറില്ലേ?'. നമ്മുടെ നായകന്‍ ഉഷാര്‍ ആയി. 'പിന്നെ ഇല്ലേ, ഞാന്‍ നെറ്റില്‍ വായിച്ചു, മസ്സാജ് ചെയ്തു ടെമ്പറേച്ചര്‍ കൂട്ടാതെ വെള്ളമൊഴിച്ചാല്‍ കുട്ടിക്ക്‌ ഷോക്ക്‌ അടിക്കുന്ന മാതിരിയാണ്!'. ഉടനെ ചോദ്യകര്‍ത്താവ് ഉപദേശവും കൊടുത്തു. 'ഒലിവ്‌ ഓയിലും, വെളിച്ചെണ്ണയും ഒന്നും പാടില്ല, ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ ആണ് ബെസ്റ്റ്‌'. 'എന്തെങ്കിലും ഓയില്‍ ഒന്നും പറ്റില്ല, എന്‍റെ പൊന്നിന് ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ തന്നെ വേണം, മോന്‍റെ അച്ഛന് എന്തറിയാം' പഴയ ആ പരസ്യം എന്‍റെ മുന്നിലൂടെ മിന്നി മറഞ്ഞു. പഞ്ചാബിക്കും തമിഴനും തെലുങ്കനും എല്ലാം വിശ്വാസം ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ തന്നെ. പരസ്യങ്ങള്‍ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവ്‌!!.

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിക്ക് എതിരെ ഒരുപാട് പുകിലുകള്‍ കേരളത്തില്‍ ഉണ്ടായതാണ്. ടീവീ യില്‍ എല്ലാം അത്‌ ഉപയോഗിച്ചാല്‍ ഉള്ള ദോഷം കണ്ടതും ആണ്. അവയുടെ യുട്യൂബ് വീഡിയോകള്‍ ഞാന്‍ കണ്ടിട്ടും ഉണ്ട്. കുഞ്ഞുങ്ങള്‍ക്ക് അവ ഉപയോഗിക്കുന്നത് ദോഷകരമാണ് എന്ന വാര്‍ത്ത‍ മാധ്യമങ്ങളില്‍ വന്നത് ഞാന്‍ സൂചിപ്പിച്ചു 'ഓ അതെല്ലാം അവര്‍ ശരിയാക്കിയല്ലോ, അവരുടെ സൈറ്റില്‍ അവര്‍ കറക്റ്റ് ചെയ്തെന്ന് പറഞ്ഞിട്ടുണ്ട്' നമ്മുടെ നായകന്‍ വീഴുന്നില്ല.

ഞാന്‍ ചോദിച്ചു ബേബി ഓയില്‍ എന്ന് പറഞ്ഞു അവര്‍ ഇറക്കുന്ന സാധനം എന്തിന്‍റെ ഓയില്‍ ആണെന്ന് നിനക്കറിയോ. ഭാഗ്യം വായന അത്രക്ക് അങ്ങ് എത്തിയിട്ടില്ല. എന്നാല്‍ കേട്ടോ ഒന്നിന്റെയും ഓയില്‍ അല്ല, പെട്രോള്‍ ശുദ്ധീകരിക്കുമ്പോള്‍ കിട്ടുന്നതാണ് മണ്ണെണ്ണയും, ടാറും, റോക്ക് ഓയില്‍ എന്ന ഒരു ദ്രാവകവും. 

1800 കളില്‍ ഒരുപാട് ബാക്കി വരുന്ന റോക്ക് ഓയില്‍ എന്തു ചെയ്യാം എന്ന് വെള്ളക്കാരന്‍ ഗെവേഷണം നടത്തി. ഒരുപാട് ചെറിയ ഉപയോഗങ്ങള്‍ക്കായി അവരത് ഉപയോഗിച്ച് തുടങ്ങി. വിജാഗിരികള്‍ക്ക്‌ ലുബ്രികന്റ്റ്‌ ആയും, ഷൂ പോളിഷ് ആയും, ലതര്‍ പോളിഷ് ആയും, മറ്റും. അവര്‍ അതിന്റെ പേരൊന്നു മോഡിഫൈ ചെയ്തു 'മിനറല്‍ ഓയില്‍' എന്നാക്കി.

അവര്‍ മറ്റൊരു കാര്യം കൂടേ കണ്ടെത്തി ഇത് ശരീരത്തില്‍ തേച്ചാല്‍ ശരീരത്തിന്റെ സുഷിരങ്ങള്‍ അടയുന്നതിനാല്‍ ഒരു പ്ലാസ്റ്റിക്‌ പേപ്പര്‍ കൊണ്ട് പൊതിഞ്ഞത് പോലെ ശരീരത്തിന്റെ ചൂട്‌ നഷ്ടപെടുത്താതെ നിലനിര്‍ത്താം. അതിശൈത്യം പിടിച്ച അവരുടെ നാട്ടില്‍ അത്‌ വളരെ ഉപയോഗപ്രദമായ ഒരു കണ്ടെത്തല്‍ ആയിരുന്നു. 

അതോടെ മിനറല്‍ ഓയില്‍ വെച്ച് വെള്ളക്കാരന്‍ ഒരു കളിയങ്ങു കളിച്ചു. ഒന്നുകൂടി ശുദ്ധീകരിച്ചു അവനതു കൊണ്ട് ബേബി ഓയില്‍, സണ്‍ സ്ക്രീന്‍ ഓയില്‍, ബാത്ത് ഓയില്‍, ബോഡി ഓയില്‍, മസ്സാജ് ഓയില്‍ തുടങ്ങി പടച്ചു വിടാവുന്ന എല്ലാ ഓയില്‍ഉം ഉണ്ടാക്കി. 

മാത്രമല്ല മെയ്ക്ക് അപ്പ്‌ റിമൂവര്‍, നെയില്‍ പോളിഷ്, യുകാലിപ്ടസ്, കര്‍പൂര ഓയില്‍, ഗ്രാമ്പൂ എണ്ണ തുടങ്ങി ചേര്‍ക്കാന്‍ പറ്റുന്ന എല്ലാത്തിലും ചേര്‍ത്തു. ഇതിന്‍റെ ഒക്കെ Ingredients നീ ഒന്ന് നോക്ക് മിനറല്‍ ഓയില്‍ എല്ലാത്തിലും കാണും.

നമ്മുടെ നായകന് ആകെ ഒരു വിമ്മിഷ്ടം. 'അപ്പോ എന്ത് ഓയില്‍ ആണ് ഞാന്‍ കുട്ടിക്ക്‌..' അവനെ വിക്കാന്‍ വിടാതെ ഞാന്‍ പറഞ്ഞു 'നിങ്ങള്‍ ആദ്യം തന്നെ പേരു വെട്ടിയില്ലേ വെളിച്ചെണ്ണയും ഒലിവ് ഓയിലും എല്ലാം അതാണ് ബേബി ഓയില്‍നേക്കാള്‍ എത്രയോ നല്ലത്'. 

ഉടന്‍ തന്നെ ഒരുത്തന്‍ ഉടക്കിട്ടു 'അതിന് അതിലെല്ലാം മായമല്ലേ.?'. അതാ വരുന്നു അടുത്ത ഉപദേശം 'ഏറ്റവും നല്ലത് ആയുര്‍വേദ എണ്ണകള്‍ ആണ്, അതാണെങ്കില്‍ ഇവിടെ കിട്ടുകയും ഇല്ല'. 'പേടിക്കണ്ടട്ടോ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ അത്യാവശ്യം എണ്ണകള്‍ എല്ലാം നിനക്ക് ശരഫിയയില്‍ തന്നെ കിട്ടും' എന്നും പറഞ്ഞു അഡ്രസ്സും പറഞ്ഞു കൊടുത്തു മടങ്ങുമ്പോള്‍ മനസ്സില്‍ നെറ്റുകാരന് നെറ്റില്‍ നിന്നും തന്നെ ഒരു ഉഷാറ് മറുപടി തിരയണം എന്നായിരുന്നു.

ബേബി ഓയില്‍ കൊണ്ടുള്ള അപകടങ്ങള്‍ എന്ന ഈ പേജ് അവനു മെയില്‍ ചെയ്തു. അതില്‍ പറഞ്ഞിരിക്കുന്നത് ബേബി ഓയില്‍ കുട്ടികള്‍ കഴിച്ചാല്‍ മരണമല്ലാതെ മറ്റു വഴിയൊന്നും ഇല്ല എന്നാണ്. അമേരിക്കയില്‍ കുട്ടികള്‍ എന്തെങ്കിലും കുടിച്ചു മരിക്കുന്നതില്‍ 20 ഇല്‍ 5 മരണങ്ങള്‍ക്കും കാരണം ബേബി ഓയില്‍ അകത്തു ചെല്ലുന്നതാണത്രേ. 18 മാസം പ്രായമുള്ള ജെയ്ടന്‍ എന്ന കുട്ടി മരിച്ചത് 28 ദിവസം നീണ്ടുനിന്നു ശ്വാസംമുട്ടല്‍ലോട് കൂടി അതി ദയനീയമായിട്ട് ആയിരുന്നു. ബേബി ഓയില്‍ ഉപയോഗം കൊണ്ട് പാണ്ട്ടുകള്‍, തൊലിക്ക് വാര്‍ധക്യം, വിറ്റാമിന്‍ കുറവുകള്‍ തുടങ്ങിയ വരാം.

ബേബി ഓയില്‍ കൊണ്ട് 10 ഉപയോഗങ്ങള്‍ മറ്റൊരിടത്ത് വായിച്ചു. അധികവും മേലെ എഴുതിയതാണ് എങ്കിലും ഒരു ലിസ്റ്റ് ആയി ഒന്ന് കൂടേ കാണാം.

1) തണുപ്പുള്ള സമയത്ത് ശരീരത്തിലെ ചൂട് നഷ്ടമാവാതിരിക്കാന്‍ തേക്കാം
2) ഷേവിംഗ് ക്രീമിനു പകരമായി നല്ലതാണ്
3) വിജാഗിരികള്‍ നിശബ്ദം ആക്കാന്‍ നല്ലതാണ്
4) കൊതുക് പോലുള്ള പ്രാണികള്‍ കടിക്കാതിരിക്കാന്‍ നല്ലതാണ്
5) ലെതര്‍ ഷൂ, ബെല്‍റ്റ്‌, ബാഗ്‌ തുടങ്ങിയവയുടെ തിളക്കം കൂട്ടാം
6) പിച്ചള, സ്റ്റീല്‍ തുടങ്ങിയവ തിളങ്ങിടും, തേച്ച് ഉരതിയാല്‍
7) ഐ ലൈനെര്‍, മേക്‌ അപ്പ്‌ തുടങ്ങിയവ തുടച്ചു കളയാന്‍
8) ഒട്ടിയ ബബിള്‍ഗം കളയുന്നുതിന്, മുടിയില്‍ ആണങ്ങില്‍ പോലും നല്ലതാണ്. മാത്രമല്ല മുടിക്ക് നല്ല തിളക്കവും കിട്ടും
9) ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തുടച്ചാല്‍ ഫര്‍ണിച്ചറുകള്‍ തിളങ്ങും
10) സിബ്ബ്‌ കുടിങ്ങിയാല്‍ ബേബി ഓയിലില്‍ തേച്ചാല്‍ പഴയ പോലെ സ്മൂത്താവും

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിക്കാരന്റെ വാക്കും കേട്ടു കുഞ്ഞിനു റോക്ക് ഓയില്‍ തേച്ചു കൊലയ്ക്ക് കൊടുക്കുന്നു. മോന്‍റെ അച്ഛന് എന്തറിയാം.?

1 comment:

  1. കൊട്  അനിയാ കൈ.....

    ReplyDelete

Related Posts Plugin for WordPress, Blogger...