Monday, May 16, 2011

പ്രാര്‍ത്ഥന


'മോനെ ആ ക്രിസ്ത്യാനി കുട്ടീടെ കല്യണം കഴിഞ്ഞില്ലേ..?'

'കഴിഞ്ഞു ഉമ്മാ'. ഞാന്‍ ആ ചുളിവുകള്‍ വീണ വലിയുമ്മാനെ അതിശയത്തോടെ നോക്കി. ആയിശുതാക്ക് എഴുപത് എങ്കിലും ആയി കാണും, എങ്കിലും മുഖത്ത് നല്ല തേജസ്സാണ്.

അതിപ്പോ ഏകദേശം ഒരു മൂന്ന് മാസം ആയി കാണോ.? അവര്‍ ചോദിച്ചു.
'അതെ ഏകദേശം അത്രയും ആയികാണും' ഞാന്‍ പറഞ്ഞു.

ആ മുഖം കൂടുതല്‍ വിടര്‍ന്നു. വീട്ടിന്നുള്ളിലേക്ക് തല തിരിച്ചു അവര്‍ വിളിച്ചു പറഞ്ഞു 'എടീ ഞാന്‍ പറഞ്ഞില്ലേ നിന്നോട്.. ആ കുട്ടിടെ കല്യാണം കഴിഞ്ഞത്രേ..'

അതിനു മറുപടിയെന്നവണ്ണം അവരുടെ മകള്‍ കയ്യില്‍ ഒരു ഗ്ലാസ്‌ ചായയുമായി പുറത്തേക്കു വന്നു.

'പഞ്ചാര തീര്‍ന്നു..' ഒട്ടൊരു മടിയോടെ അവര്‍ ഗ്ലാസ്‌ നീട്ടുമ്പോള്‍ പറഞ്ഞു.
'സാരമില്ല ഞാന്‍ മധുരം ഉപയോഗിക്കാറില്ല' എന്‍റെ മറുപടി അവര്‍ വിശ്വസിച്ചിട്ടില്ല എന്ന് ഉറപ്പ്‌..

'കഴിക്കാന്‍ ഒന്നും എടുത്തില്ലെടി' ആയിശുതാക്ക് എന്നെ മധുരം ഇല്ലാത്ത കാലിച്ചായ കഴിപ്പിക്കുന്നതിന്‍റെ വിഷമമാണ്.

മകള്‍ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഞാന്‍ കട്ടന്‍ചായ ചുണ്ടോടു അടുപ്പിച്ചു.

അതൊരു വളരെ ചെറിയ വീടാണ്. ലക്ഷം വീട് കോളനിയില്‍ ഒരു മുറിയും ഒരു അടുക്കളയും ഒരു കൊച്ചു കോലായും മാത്രം ഉള്ള ഒരു കൊച്ചു വീട്. അവരുടെ ജീവിതം ഒരു കൊച്ചു നൊമ്പരം ആയി ഇന്നും എന്റെ മനസ്സില്‍ നിറയാറുണ്ട്. 

ആയിശുതാക്ക്  ഒരു ആണും രണ്ട് പെണ്ണും ആണ് മക്കളായുള്ളത്. 50 വയസ്സോടടുത്ത മകന് ഹൃദയത്തില്‍ ഒരു ദ്വാരമാണ്. ഭാരമുള്ള ജോലികള്‍ ഒന്നും ചെയ്യരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ബസ്‌സ്റ്റാന്‍ഡില്‍  കടല വറുത്തു കൊടുക്കുകയാണ് ജോലി. മകന് നാല് മക്കള്‍ ഉണ്ട്.

ആയിശുതാന്‍റെ മൂത്ത മകളുടെ ഭര്‍ത്താവ് അവരെ ഒഴിവാക്കി പോയിട്ട് ഏകദേശം 10 വര്‍ഷത്തോളം ആയി. സ്ത്രീധനം ആയിരിക്കണം വില്ലന്‍ എന്ന് തോന്നുന്നു. അതില്‍ രണ്ടു മക്കള്‍ ഉണ്ട്. രണ്ടാമത്തെ കുട്ടിക്ക് അപസ്മാരം ആണ്. ഏകദേശം 15 വയസ്സായി. എല്ലാവരെയും ഉപദ്രവിക്കും, കിട്ടിയതെല്ലാം എടുത്തെറിയും, പാത്രങ്ങള്‍ പൊട്ടിക്കും, അതിനാല്‍ സ്കൂളില്‍ ഒന്നും പോയിട്ടില്ല..

അവന് എപ്പഴും വിശപ്പാണ്, പലപ്പോഴും മറ്റുള്ള കുട്ടികളുടെ ഭക്ഷണം കൂടി അവന്‍ കഴിക്കും അന്ന് വീട്ടിലുള്ള കുട്ടികള്‍ക്ക് പട്ടിണിയാണ്. അവന്‍റെ ഉമ്മ അതായതു ആയിശുതാന്‍റെ മകള്‍, വയറ്റാട്ടിയുടെ ജോലിക്ക് പോവാറുണ്ട്. അതാകുമ്പോള്‍ അത്യാവശ്യം കാശും കിട്ടും, ചിലവും കഴിഞ്ഞു പോവും..

ആയിശുതാന്റെ രണ്ടാമത്തെ മകളെ ഒരു അന്ധനാണ് കൊടുത്തിരിക്കുന്നത്‌.  സ്ത്രീധനം കൊടുക്കാതെ   കൊണ്ടുപോവാന്‍ ആരും തയ്യാര്‍ ആയിക്കാണില്ല. അവര്‍ ഭര്‍ത്താവിന്‍റെ കൈ പിടിച്ചു ബസ്‌സ്റ്റാന്‍ഡില്‍  ഇരക്കാന്‍ പോവും. അവര്‍ക്കാണ് എന്തെങ്ങിലും വരുമാനം ഉള്ളത്. അവര്‍ക്ക് ഏഴു മക്കള്‍ ഉണ്ട്. ഈ പറഞ്ഞ ആളുകള്‍ എല്ലാം ഈ ഒരു ചെറിയ വീട്ടില്‍ ആണ് താമസിക്കുന്നത്!!!

ആയിശുതാക്ക് പറ്റെ വയ്യ, പോരാത്തതിനു ഇടക്കൊന്നു വീണു കാലും ഒടിഞ്ഞു. നടക്കാന്‍ പറ്റിയാല്‍ ആയിശുത്ത പോവും പരിചയമുള്ള വീടുകളിലേക്ക്.. ഇരക്കാറില്ല അറിഞ്ഞു കൊടുക്കുന്നത് വാങ്ങും..   

ഇത്രയും പറഞ്ഞതിന് വിപരീതമാണ്‌ പക്ഷെ വീടിനകത്തെ അന്തരീക്ഷം. അവിടെ നിറയെ സന്തോഷം ആണ് ഞാന്‍ കണ്ടിട്ടുള്ളത്. ആര്‍ക്കും ഒരു പരാതിയും ഇല്ല. ആയിശുത്ത പറയും 'ഞങ്ങള്‍ക്ക് നല്ല സുഖമാ മോനെ,  തല ചായ്ക്കാന്‍ ഒരു വീടില്ലേ, എന്തായാലും പട്ടിണി കിടക്കേണ്ടി വരുന്നില്ല, ആകെ ഉള്ള ഒരു വിഷമം ആ ചെക്കന്‍റെ അപസ്മാരം ആണ്, അത് കൂടി ഒന്ന് മാറിയാല്‍ അല്‍ഹംദുലില്ലാഹ്, വേറെ ഒരാവശ്യവും ഞങ്ങള്‍ക്കില്ല'. അത് കേള്‍ക്കുമ്പോള്‍ ആണ് 'തവക്കല്‍ ആക്കുക**' എന്നാല്‍ എന്താണെന്നു ഞാന്‍ ഉള്‍ക്കൊള്ളുന്നത്. 

'മോനറിയോ, ഒരു ദിവസം എനിക്ക് തോന്നി ആ കുട്ടീടെ കല്യാണം കഴിഞ്ഞു എന്ന്, ഞാന്‍ ഇവളോട്‌ പറഞ്ഞു, നിര്‍ത്തിക്കോ ഇനി പ്രാര്‍ത്ഥിക്കണ്ടാ, അവളുടെ കല്യാണം കഴിഞ്ഞിരിക്കും ന്ന്..
അതിപ്പോ ഒരു മൂന്ന് മാസം ആയി കാണും, അല്ലെടീ' അവര്‍ മകളോട് ചോദിച്ചു. മകള്‍ അനുകൂലിച്ചു തല കുലുക്കി..

മുന്‍പൊരു വട്ടം മടിച്ചു മടിച്ചാണ് ആയിശുത്ത പറഞ്ഞത് 'മോനോട് ചെയ്യാനല്ലട്ടോ, മോന്‍റെ പരിചയത്തില്‍ ആരോടെങ്കിലും പറയാന്‍ പറ്റോ, ഇത് പോലെ മാസത്തില്‍ എന്തെങ്ങിലും ഒരു തുക, ചെറുത്‌ മതിട്ടോ.. ബസ്സില്‍ നിന്നൊന്നും ഇപ്പൊ ഒന്നും കിട്ടാറില്ല, എനിക്കാണെങ്കില്‍ പഴയ പോലെ.., ദൂരെ ഒന്നും പോകാറും ഇല്ല, തന്നവരോട് തന്നെ പിന്നീം എങ്ങനാ..'.

'ഞാന്‍ ഒന്ന് നോക്കട്ടെ  ഉമ്മാ' എന്ന് പറഞ്ഞു മടങ്ങുമ്പോള്‍ അവര്‍ എന്നില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയുടെ വലിപ്പം എനിക്ക് നന്നായി അറിയാമായിരുന്നു.

ചിമ്മു ഭംഗിയുള്ള കുട്ടി ആയിരുന്നു. എപ്പോഴും പുഞ്ചിരിക്കുമെങ്കിലും ഒരു വിഷാദഭാവം അവളില്‍ സ്ഥായിയായിരുന്നു. പിതാവിന്റെ അവഗണയും, സഹോദരന്‍റെ പഠനവും, വീട്ടിലെ ചിലവുകളും.. തുടങ്ങിയ പ്രാരാബ്ദങ്ങള്‍ തന്നെ ആയിരുന്നു ഇത്ര ചെറുപ്പതില്ലേ അവളെ പ്രവാസി ആക്കിയത്. അവള്‍ക്കു പുരുഷന്മാരോട് പൊതുവേ വെറുപ്പായിരുന്നു. കാമത്തിനപ്പുറം ചിന്തിക്കാന്‍ അവര്‍ക്കാവില്ലെന്ന് അവള്‍ വിശ്വസിച്ചു.  ജന്മം തന്നവന്‍ സ്വന്തം സുഖം നോക്കി മറ്റൊരു സ്ത്രീയുടെ കൂടെ പോയപ്പോള്‍ വിവാഹ ജീവിതം വെടിഞ്ഞു കന്യാസ്ത്രീ ആകുന്നതിനെകുറിച്ചും, ഇനിയുള്ള കാലം ആതുര സേവനത്തിനു അര്‍പ്പിക്കുന്നതിനെ കുറിച്ചും  ചിന്തിച്ചു തുടങ്ങി അവള്‍. 

എല്ലാവരുമായും വ്യക്തമായ അകലം സൂക്ഷിച്ച അവള്‍ എന്നോട് അടുത്തത് ഞാന്‍ പോലും അറിയാതെയാണ്. 'എന്റെ അപ്പന്‍റെ സ്ഥാനത്ത്‌ കണ്ടോട്ടെ ഞാന്‍' അവളെന്നോട് ചോദിച്ചു. അങ്ങനെ ഞാന്‍ എന്നേക്കാള്‍ പത്തോ പന്ത്രണ്ടോ വയസ്സ് ചെറുപ്പമുള്ള മകളുടെ പിതാവായി. അവളുടെ മനസ്സിനെ ഞാന്‍ സാവധാനം മാറ്റിയെടുത്തു. ഒരു വിവാഹ ജീവിതത്തെ കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്യുന്ന ഒരു പെണ്‍കുട്ടി ആയവള്‍ മാറി.

'പാവങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലേ നീ, ഈ കേസ് ഒന്ന് കേള്‍ക്ക്‌..' ഞാന്‍ ചിമ്മുവിനു ആയിശുതാടെ  അവസ്ഥ വിവരിച്ചു കൊടുത്തു. ഞാന്‍ മാസാമാസം എന്‍റെ അക്കൌണ്ടില്‍ നിന്നും അവരുടെ അക്കൌണ്ടിലേക്ക് ഒരു തുക അയക്കുന്നുണ്ട് നിനക്ക് താത്പര്യം ഉണ്ടോ കൂടാന്‍' ഞാന്‍ ചോദിച്ചു.

ആദ്യമെല്ലാം വളരെ താല്‍പര്യത്തില്‍ കേട്ടിരുന്ന അവള്‍ തുകയുടെ ഒരു ധാരണ ആയി തുടങ്ങിയപ്പോള്‍ പിന്‍വലിഞ്ഞത് പോലെ ആയി.       
'ഞാന്‍ ഒന്ന് ആലോചിച്ചിട്ട് നാളെ പറയാം' അവള്‍ പറഞ്ഞു. 

ആ മറുപടി സത്യത്തില്‍ എനിക്കത്ര ഇഷ്ടമായില്ല. 'എനിക്ക് കഴിയില്ല' എന്നവള്‍ക്ക് നേരിട്ട് പറയാമായിരുന്നു. ഒരു പിതാവിന്‍റെ അധികാരങ്ങള്‍ ഞാന്‍ ആസ്വദിച്ചു തുടങ്ങിയിരുന്നു. എന്‍റെ മക്കള്‍ക്ക്‌ അങ്ങനെ  'ആലോചിച്ച്‌ പറയാനുള്ള' സ്വാതന്ത്ര്യം ഒന്നും ഞാന്‍ കൊടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അടുത്ത ദിവസം കടന്നുപോയത് ഞാന്‍ അവളെ അവഗണിച്ചു കൊണ്ടായിരുന്നു.

'എന്നോട് ദേഷ്യമാണോ' വാടിയ മുഖവുമായി ചിമ്മു എന്റെ മുന്നിലെത്തി. 
'ദേഷ്യം തന്നെയാ, നിനക്കെന്താ  കഴിയില്ല എന്ന് നേരിട്ടു പറഞ്ഞാല്‍,  ഇതിലെന്താ ഇത്രയ്ക്കു ആലോചിക്കാന്‍' ഞാന്‍ എന്റെ ദേഷ്യം മറച്ചു വെച്ചില്ല.
'ഞാന്‍ അമ്മയോട് വിളിച്ചു ചോദിച്ചിട്ട് പറയാം എന്ന് കരുതിയാ അങ്ങനെ പറഞ്ഞത്'. 
ആ മറുപടി എന്നെ ഒന്ന് തണുപ്പിച്ചു. 'എന്നിട്ട് അമ്മ എന്തു പറഞ്ഞു?' ഞാന്‍ ചോദിച്ചു.

അവള്‍ മറുപടി പറയാതെ ഒരു പൊതി എടുത്തു എനിക്ക് നീട്ടി. ഞാന്‍ അത് തുറന്നു നോക്കി, അതില്‍ 72000 രൂപക്കു തുല്യമായ ദിര്‍ഹം ഉണ്ടായിരുന്നു. മൂന്നു വര്‍ഷത്തേക്ക്   ആയിശുതാക്ക് മാസാമാസം കൊടുക്കാനുള്ള തുക മുന്‍‌കൂര്‍ ആയി. 

'ഇതൊന്നും വേണ്ട, നീ ഒരു വര്‍ഷത്തേക്ക് ഉള്ള കാശ് തന്നാല്‍ മതി, അത് കഴിഞ്ഞു മതി അടുത്ത വര്‍ഷത്തേക്ക്' ഞാന്‍ പറഞ്ഞു
'അത് വേണ്ട, അടുത്ത വര്‍ഷം എനിക്ക് ഇതിനു കഴിയണം എന്നില്ല, ഇത് നിങ്ങള്‍ സൂക്ഷിച്ചു വെച്ച് അവര്‍ക്ക് കൊടുത്താല്‍ മതി' അവള്‍ പറഞ്ഞു.

'അവരോടു എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയണം'.
'അത് പ്രത്യേഗം പറയേണ്ടതില്ല, അവര്‍ നിനക്ക് വേണ്ടി എന്നും പ്രാര്‍ത്ഥിക്കും' ഞാന്‍ അവള്‍ക്കു ഉറപ്പു കൊടുത്തു.
'അതല്ല, എനിക്ക് ഒരു നല്ല ജീവിതം കിട്ടാനും, നല്ല ഭര്‍ത്താവിനെ കിട്ടാനുമായി അവരോടു പ്രാര്‍ത്ഥിക്കാന്‍ പറയണം'.

അത് ഞാന്‍ ചെയ്യാമെന്നേറ്റു ഞാന്‍ ആയിശുതനോടെ ഉടനെ അടുത്ത വീട്ടിലേക്കു ഫോണ്‍ വിളിച്ച് ഈ സന്തോഷ വിശേഷം അറിയിച്ചു. 

അതെല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തോളം ആയിരിക്കുന്നു. 
ചിമ്മു ഇന്ന് വിവാഹിതയാണ്. ആ വിവരം ആയിശുതനെ ഞാന്‍ അറിയിച്ചില്ല. പക്ഷെ അവര്‍ അത് അറിഞ്ഞിരിക്കുന്നു. ഞങ്ങള്‍ അവരെ ഓര്‍ത്തില്ല, പക്ഷെ അവര്‍  ഞങ്ങളെ  മറന്നില്ല.
അല്ലാഹു അവരുടെ പ്രാര്‍ത്ഥനക്ക്‌ ഉത്തരം നല്‍കിയിരിക്കുന്നു.  

ചിമ്മുവിന്റെ ഭര്‍ത്താവ് വളരെ സ്നേഹമുള്ളവന്‍ ആണെന്ന് അവള്‍ പറഞ്ഞു, അവള്‍ നല്ല സന്തോഷവതി ആയിരുന്നു.

നിറഞ്ഞ മനസ്സുമായി ആയിശുതാന്റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ഞാന്‍ ഓര്‍ത്തു നോക്കി ഇതറിയുമ്പോള്‍ ചിമ്മൂന്‍റെ പ്രതികരണം എന്തായിരിക്കും!!     


അനുബന്ധം :  ചിമ്മു ഇന്ന് ഖത്തറില്‍  ഭര്‍ത്താവിന്‍റെ കൂടെ സസുഖം കഴിയുന്നു. അവള്‍ക്കൊരു ഓമന മകന്‍ പിറന്നു. ജോലിക്ക് പോകുന്നത് നിര്‍ത്താന്‍ ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വീട്ടമ്മ ആയി കഴിയുന്നു.
                   
** - ഭാരങ്ങള്‍ ദൈവത്തില്‍ അര്‍പ്പിക്കുക.

3 comments:

  1. valare nannayittundu.............
    ..vishakkunnavanu oru neratthe bhakshanatthinulla sahayam cheyyunnathinekkalum valiya punniyam vere ella...aareyum sahayikkathe kure ambalatthilo,palliyilo poyi praartthichittu oru kaariyavum ella...

    ReplyDelete
  2. Assalam Alaikkum
    Sarva shakthanaaya Allahuvinodulla prarthana orikkallum pazhayi pokhilla ennu nammukku idhil ninnum kannavunnadhannu, Adhupole dhaanam ennadhu mahathaaya oru punnyavumannu.

    ReplyDelete

Related Posts Plugin for WordPress, Blogger...