Friday, April 8, 2011

മനസാക്ഷി ഉള്ളവര്‍

കുറച്ചു വര്‍ഷം മുന്‍പ് നടന്ന കഥയാണ്, ഞാന്‍ ദുബൈയില്‍ ജോലി ചെയ്യുന്ന സമയം, ഒരു മലയാള പത്രത്തില്‍ ഒരു പരസ്യം കണ്ടു. "മനസാക്ഷി ഉള്ളവരെ ഇതിലെ" എന്നായിരുന്നു തലക്കെട്ട്.

ഒരു കുടുംബം നിരാലംബരായിരിക്കുന്നു ഭര്‍ത്താവിന്റെ മരണത്തോടെ.
അവര്‍ താമസിക്കുന്നത് റയില്‍വേ ലൈനിന്‍റെ സമീപത്തെ പുറമ്പോക്കില്‍ ആണ്, ഉമ്മ രോഗിയും, മക്കള്‍ പഠിക്കുകയും ആണ്. ഒരു വരുമാനവും ഇല്ല.. സ്ഥലത്തെ കുറച്ചു പ്രമാണിമാര്‍ ഒരു ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ എല്ലാം വെച്ചു കൊടുത്ത പരസ്യം. 

ഒരു ചെട്ടകുടിലിന്റെ മുന്നില്‍ നില്‍ക്കുന്ന കുടുംബം, 'കണ്ടാല്‍  ആരുടേയും കരള്‍ അലിയും' എന്നും എഴുതിയിട്ടുണ്ട്.

ഞാന്‍ ആണെങ്കില്‍ ആരേയെങ്കിലും സഹായിക്കാന്‍ മുട്ടി നടക്കുന്ന സമയം, പോരാത്തതിനു നാട്ടില്‍ പോവാനും നില്‍ക്കുകയാണ്. നാട്ടില്‍ എത്തി കുറച്ചു ദിവസങ്ങള്‍ക്കകം ഞാന്‍ അഡ്രെസ്സില്‍ കാണുന്ന മാന്യ വ്യക്തിയെ പോയി കണ്ടു.

അത്യാവശ്യം നല്ല നിലയില്‍ കച്ചവടം നടക്കുന്ന ഒരു തുണിക്കടയുടെ ഉടമയാണ് കുടുംബത്തിനു വേണ്ടി പരസ്യം ചെയ്തിരിക്കുന്നത്. കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹം വലിയ കാര്യമായി എന്നെ സ്വീകരിച്ചു, കുടുംബത്തിന്‍റെ ശരിയായ അവസ്ഥ എഴുതിയധിലും കഷ്ടമാണേ.. എന്നും എനിക്കു പറഞ്ഞു തന്നു.  

എനിക്ക് പണ്ടേ ഈ തേര്‍ഡ് പാര്‍ട്ടികളില്‍ വലിയ വിശ്വാസം ഇല്ല അത് കൊണ്ടു സഹായം പാര്‍ട്ടിക്ക് നേരിട്ടേ കൊടുക്കൂ എന്ന് ഞാന്‍ അറിയിച്ചു.   അദ്ദേഹം എന്നോട് സ്ഥലം കുറെ ഉള്ളോട്ട് ആണെന്നും, റോഡ്‌ ഇല്ല എന്നും, റെയില്‍വേ ട്രാക്കിലൂടെ കുറെ ദൂരം നടക്കണം, ആകെ ചെളിയാണ് എന്നെല്ലാം പറഞ്ഞു നോക്കി. ഞാന്‍ ഉണ്ടോ വിടുന്നു 'നേരിട്ട് സഹായിക്കണം' എന്ന് ഒറ്റക്കാലില്‍ നില്‍ക്കുകയാണ്. ചൊറിഞ്ഞിട്ടു പഠിച്ചോട്ടെ എന്ന് കരുതിയാവും അപ്പോള്‍ അദ്ദേഹം സ്ഥലത്തിന്റെ ഒരു ഏകദേശ  രൂപം നല്‍കി എന്നെ എന്‍റെ പാട്ടിനു വിട്ടു.

പറഞ്ഞത് അത്രയും സത്യമായിരുന്നു, കുറച്ചു ദൂരം കഴിഞ്ഞതും റോഡ്‌ തീര്‍ന്നു, പിന്നെ മഴയത്തെ നടത്തം, വൃത്തിഹീനമായ വഴികള്‍, കുറച്ച് മുന്നോട്ട് പോയപ്പോള്‍ പിന്നെ നടത്തം റെയില്‍വേ ട്രാക്കിലൂടെ ആയി. എന്‍റെ ഒരു കാര്യം!! ഇപ്പോള്‍ മാന്യ ദേഹത്തിനെ കണ്ടിരുന്നെങ്കില്‍ കൊടുക്കാനുള്ളതെല്ലാം  അദ്ദേഹത്തെ ഏല്‍പ്പിച്ചു തടി എടുക്കുമായിരുന്നു. എന്ത് ചെയ്യാം എന്നെ പോലുള്ളവര്‍ക്ക് ചൊറിഞാലെ അറിയൂ!. 

കുറച്ചു മുന്നില്‍ ഒരു ചെറിയ ഓടിട്ട വീടും അതിനോട് ചാരി ഒരു ഓലപ്പുരയും. അവിടെ കേറി വഴി ചോദിക്കാം എന്ന് കരുതി. വീട്ടുകാരുടെ മറുപടി കേട്ടപ്പോള്‍ ഞാന്‍ തരിച്ചു നിന്നു പോയി. 

ഞാന്‍ തിരഞ്ഞു നടക്കുന്ന വീട് തന്നെ ആയിരുന്നു ഞാന്‍ വഴി ചോദിച്ചു ചെന്നത്. ഫോട്ടോയില്‍ കാണുന്നത് പോലെ 'കരള്‍ അലിയുന്ന' ഓലപ്പുര ഒന്നും അല്ല, ചെറുതെങ്കിലും വൃത്തിയുള്ള ഓടിട്ട വീട്, 

'ഫോട്ടോയില്‍ കാണുന്ന ഓലപ്പുര?' ഞാന്‍ ചോദിച്ചു 
'അത് ഇവിടുത്തെ വിറകുപുരയാണ് വീടിന്‍റെ ഫോട്ടോ കൊടുത്താല്‍ ആരും സഹായിക്കില്ലെന്ന് അവര്‍ പറഞ്ഞു'.

'ഉമ്മാടെ അസുഖം.?' ഞാന്‍ ചോദിച്ചു 
'പ്രായത്തിന്റെ രോഗങ്ങള്‍ അല്ലാതെ മറ്റു പറയത്തക്ക രോഗങ്ങള്‍‍ ഒന്നും ഇല്ല'. 

'പരസ്യത്തില്‍ കൊടുത്ത അക്കൗണ്ട്‌ നമ്പര്‍ ആരുടേയാ..' 
'അത് അവരുടെ തന്നെ അക്കൗണ്ട്‌ ആണ്, ഇവിടാരാ മോനെ ബാങ്കില്‍ എല്ലാം പോവാന്‍ ഉള്ളത്' അവരുടെ മറുപടി. 

'കാശ് എത്ര കിട്ടി ഉമ്മാ ഇതുവരെ?' 
'ഒന്നും കിട്ടിയിട്ടില്ല മോനെ'. 

എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ കൊടുത്തു മടങ്ങുമ്പോള്‍ ഞാന്‍ ഓര്‍ത്തു 'മനസാക്ഷി ഉള്ളവര്‍ ചെയ്യുന്ന ഓരോ പണികളെയ്..!!'

1 comment:

  1. ഒരു പാട് ന്യൂസുകൾ ഇങ്ങനെ വരുന്നുണ്ട്

    ReplyDelete

Related Posts Plugin for WordPress, Blogger...